Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രപ്പൻ മരിച്ചപ്പോൾ കാനത്തെ സെക്രട്ടറിയാക്കാൻ അനുവദിച്ചില്ല; പാർട്ടി നേതൃത്വം കിട്ടിയപ്പോൾ മന്ത്രിയാക്കാതെ ഒതുക്കി കാനത്തിന്റെ പ്രതികാരവും; മലപ്പുറത്ത് ഇസ്മായിൽ വാളെടുത്തപ്പോൾ പഴയ ശത്രുവിനെ മിത്രമാക്കി ഒന്നാമന്റെ പദവിയിൽ രണ്ടാമൂഴം; ഇനി കാനവും ദിവാകരനും ഒരു ചേരിയിൽ; തിലോത്തമനെ മാറ്റി ഭക്ഷ്യവകുപ്പ് ദിവാകരന് നൽകുമെന്ന് സൂചന; സിപിഐയിൽ ഗ്രൂപ്പ് സമവാക്യം മാറുന്നു

ചന്ദ്രപ്പൻ മരിച്ചപ്പോൾ കാനത്തെ സെക്രട്ടറിയാക്കാൻ അനുവദിച്ചില്ല; പാർട്ടി നേതൃത്വം കിട്ടിയപ്പോൾ മന്ത്രിയാക്കാതെ ഒതുക്കി കാനത്തിന്റെ പ്രതികാരവും; മലപ്പുറത്ത് ഇസ്മായിൽ വാളെടുത്തപ്പോൾ പഴയ ശത്രുവിനെ മിത്രമാക്കി ഒന്നാമന്റെ പദവിയിൽ രണ്ടാമൂഴം; ഇനി കാനവും ദിവാകരനും ഒരു ചേരിയിൽ; തിലോത്തമനെ മാറ്റി ഭക്ഷ്യവകുപ്പ് ദിവാകരന് നൽകുമെന്ന് സൂചന; സിപിഐയിൽ ഗ്രൂപ്പ് സമവാക്യം മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി സ്ഥാനത്ത് നിന്ന് തിലോത്തമനെ മാറ്റാൻ സിപിഐയിൽ ധാരണ. മറ്റ് മന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല. വി എസ് സുനിൽകുമാറും കെ ചന്ദ്രശേഖരനും കെ രാജുവും ഭേദപ്പെട്ട പ്രവർത്തനമാണ് നടത്തുന്നതെന്നാണ് സിപിഐയുടെ വിലയിരുത്തൽ. തിലോത്തമനെ മാറ്റി സികെ ദിവാകരനെ മന്ത്രിയാക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്ത കാനം രാജേന്ദ്രന്റെ തീരുമാനം. സിപിഐയിൽ പിടിമുറുക്കാൻ സി ദിവാകരന്റെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് നീക്കം.

മലപ്പുറം സമ്മേളനത്തിൽ കാനം പ്രതീക്ഷിച്ചതിനേക്കാൾ കരുത്ത് കെ ഇ ഇസ്മായിൽ കാട്ടിയിരുന്നു. ഇത് കാനത്തെ ഞെട്ടിച്ചു. ഇതിനെ മറികടക്കാനാണ് ദിവാകരനെ സ്വന്തം ക്യാമ്പിലേക്ക് കാനം അടുപ്പിച്ചത്. കാനം രാജേന്ദ്രനെതിരായി കെ.ഇ ഇസ്മയിലിനൊപ്പം നില ഉറപ്പിച്ച വിമതപക്ഷത്തെ പ്രമുഖനായിരുന്നു ദിവാകരൻ. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു ഔദ്യോഗികപക്ഷം വിരൽ ചൂണ്ടിയിരുന്നത് ദിവാകരനിലേക്കായിരുന്നു. ഭക്ഷ്യ മന്ത്രിയായിരുന്ന പി.തിലോത്തമനെ മാറ്റി മന്ത്രിയാകാൻ ദിവാകരൻ ശ്രമിക്കുന്നതായി വ്യാപക ആരോപണം ഉയർന്നിരുന്നു. ഇതിനെ ചെറുക്കാൻ കാനവും ശ്രമിച്ചു. എന്നാൽ സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായി ജയിച്ചു കയറാൻ ദിവാകരനെ കാനം അടുപ്പിച്ചു. മന്ത്രിസ്ഥാനമാണ് ഓഫർ ചെയ്തത്.

അപ്രതീക്ഷിതമായണ് ദിവാകരൻ ഔദ്യോഗിക പക്ഷത്തിനൊപ്പം ചേർന്നത്. ഇത് ഇസ്മയിലിന് വൻതിരിച്ചടിയായി. വിമിതനീക്കത്തിന് ഇസ്മയിലിന്റെ വലം കൈയായിരുന്ന ദിവാകരനെ അടർത്തിയെടുക്കാൻ സാധിച്ചത് ഔദ്യോഗിക പക്ഷത്തിനു നേട്ടമായി. ഇമതാടെ കാനം രാജേന്ദ്രൻ പാർട്ടിയിൽ കൂടുതൽ കരുത്തനുമായി. കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവരെ സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കി ഇസ്മയിലിനെ ഒതുക്കാനും ഔദ്യോഗിക പക്ഷത്തിനായി. ഇതിനായി ചില വിശ്വസ്തരെ ബലിയാടാക്കാനും ഔദ്യോഗികപക്ഷത്തിനു മടിയുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമുള്ള ദിവാകരനെ മന്ത്രിസഭയിൽ എത്തിക്കുന്നതിൽ സിപിഎമ്മും എതിരല്ല. നിയമസഭയിൽ സിപിഐയുടെ നേതാവായും ദിവാകരനെ മാറ്റിയേക്കും.

കാനം രാജേന്ദ്രന്റെ വിശ്വസ്ഥൻ വാഴൂർ സോമൻ പുറത്തായതും ശ്രദ്ധേയമായി. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. ഇസ്മയിൽ പക്ഷക്കാരനായ എംപി അച്യുതനെയും മാറ്റിയിട്ടുണ്ട്. അതേസമയം നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഇ.എസ്. ബിജിമോൾ എംഎൽഎ തിരിച്ചെത്തിയതും ശ്രദ്ധേയമാണ്. പാലക്കാട് നിന്നുള്ള ആദിവാസി നേതാവ് ഈശ്വരി രേശനും പുറത്തായി. വോട്ടെടുപ്പിലൂടെയാണ് ഈശ്വരി രേശൻ പുറത്തായത്. സിപിഐ കൺട്രോൾ കമ്മീഷൻ ചെയർമാനും പുറത്ത്. വെളിയം രാജനെയും എ.കെ ചന്ദ്രനെയും മാറ്റി. ഇടുക്കി ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് വാഴൂർ സോമൻ. അതുകൊണ്ട് തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ അട്ടിമറിക്ക് സാധ്യതയുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ദിവാകരനെ കാനം അനുനയിപ്പിച്ചത്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കാനമായിരുന്നു ഭക്ഷ്യമന്ത്രി. സഭയിലെ പാർട്ടി നേതാവും ദിവാകരനായിരുന്നു. എന്നാൽ കാനം സെക്രട്ടറിയായതോടെ ദിവാകരന് കഷ്ടകാലം തുടങ്ങി. സികെ ചന്ദ്രപ്പന്റെ മരണത്തിന് ശേഷം പാർട്ടി സെക്രട്ടറിയാകാൻ കാനം ചരട് വലി നടത്തിയിരുന്നു. അന്ന് ദിവാകരനും അതിശക്തമായി സ്ഥാനത്തിനായി പൊരുതി. അങ്ങനെ സമവായ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രൻ സെക്രട്ടറിയുമായി. ഇതോടെ കാനവും ദിവാകരനും ശത്രുക്കളായി. കാനം സെക്രട്ടറിയായതോടെ ദിവാകരന് കരുനാഗപ്പള്ളിയെന്ന സുരക്ഷിത മണ്ഡലവും നഷ്ടമായി. നെടുമങ്ങാട് വീണ്ടും ജയിച്ച് ദിവാകരൻ എത്തിയങ്കിലും സംഘടനയിലെ കരുത്ത് ഉപയോഗിച്ച് ദിവാകരനെ കാനം മന്ത്രിയാക്കിയില്ല. ഇത് പ്രശ്‌നങ്ങൾക്ക് പുതുമാനവും നൽകി.

ഇതോടെയാണ് ഇസ്മായിലിനൊപ്പം നിന്ന് കാനത്തിനെതിരെ ദിവാകരൻ പ്രവർത്തനം തുടങ്ങിയത്. മലപ്പുറത്തെ സമ്മേളനത്തിൽ കാനത്തിനെതിരെ ദിവാകരനെ മത്സരിപ്പിക്കാനും ഇസ്മായിൽ തീരുമാനിച്ചു. എന്നാൽ കാനം മത്സരത്തിനില്ലെന്ന് അറിയിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന സൂചനകളുണ്ടായെങ്കിലും ഈ നീക്കം ഔദ്യോഗികപക്ഷം പൊളിച്ചത് ദിവാകരനെ ഒപ്പം നിർത്തിയാണ്. ഇസ്മയിൽ പക്ഷം ദിവാകരനോട് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ആവശ്യം നിരാകരിക്കുകയയയിരുന്നു. ഇത് ഇസ്മായിലിന് കടുത്ത തിരിച്ചടിയായി. കാനം രാജേന്ദ്രൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യതകൾ എന്നിരിക്കെ എതിരില്ലാതെ തിരഞ്ഞെടുക്കാപ്പെടുന്നത് ഒഴിവാക്കാനായിരുന്നു കെ.ഇ. ഇസ്മായിൽ വിഭാഗത്തിന്റെ ശ്രമം.

ത്രിപുരയിലടക്കം പാർട്ടി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരൻ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പാർട്ടിയിൽ കാനം വെട്ടിനിരത്തൽ നീക്കവുമായി മുന്നോട്ടു പോകുന്നതിനുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയിൽ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ ഐക്യമാണെന്ന് ചൂണ്ടിക്കാട്ടി വിമത നീക്കം ദിവാകരൻ നിരാകരിക്കുകയായിരുന്നു. താൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചാൽ പാർട്ടിയിൽ വിഭാഗിയത ഉണ്ടെന്ന് റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരൻ ഇസ്മയിൽ പക്ഷത്തെ അറിയിച്ചു. ദിവാകരനെ പിന്തിരിപ്പിക്കാൻ സിപിഐ കേന്ദ്രനേതൃത്വം ഇടപെട്ടതായാണു റിപ്പോർട്ടുകൾ. ഇതിന് പകരം ദിവാകരന് മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിമാരുടെ പ്രകടനം വിശകലനം ചെയ്ത് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും. സംസ്ഥാന സമ്മേളനത്തിൽ ഇസ്മായിലിന് സഹായം ചെയ്ത മറ്റൊരു മന്ത്രിക്കും സ്ഥാന ചലനം ഉണ്ടാകാൻ സാധ്യതയുണ്ട്.

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി മന്ത്രിമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. മന്ത്രിമാർക്കു പുറമേ കാനത്തിന്റെ നേതൃത്വത്തെ വരെ ചോദ്യം ചെയ്തിരുന്നു. മന്ത്രിമാരിൽ പി.തിലോത്തമനാണ് ഏറെ വിമർശനം ഏൽക്കേണ്ടി വന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് കൈയാളിയിരുന്നത് സി ദിവാകരനായിരുന്നു. ഇക്കുറിയും മന്ത്രിയാകാമെന്നും ഭക്ഷ്യവകുപ്പ് കിട്ടുമെന്നും ദിവാകരൻ കരുതിയിരുന്നു. ദിവാകരനു സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രതിനിധികളെക്കൊണ്ട് പാർട്ടി മന്ത്രിമാർക്കെതിരെയും സെക്രട്ടറിക്കെതിരെയും രൂക്ഷമായ വിമർശനം ഉന്നയിപ്പിച്ചതിനു പിന്നിൽ ദിവാകരനാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

ഇതെല്ലാം തനിക്കെതിരായ വിമത നീക്കമായി കാനം തിരിച്ചറിഞ്ഞു. ദിവാകരനെ ഒപ്പം കൂട്ടി എല്ലാ വിമർശനവും കാനം ഇല്ലാതാക്കി. അങ്ങനെ വീണ്ടും സെക്രട്ടറിയുമായി. തിലോത്തമനെ മാറ്റി ദിവാകരനെ മന്ത്രിയാക്കുന്നത് സിപിഐയിൽ പുതിയ ചേരികൾക്കും വഴിവയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP