Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യവസായ വകുപ്പ് ജയരാജന് തിരികെ നൽകും; അഴിച്ചു പണിയിൽ കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും കിട്ടും; എസി മൊയ്ദീന് തദ്ദേശ സ്വയം ഭരണം; കടകംപള്ളിക്ക് നഷ്ടമുണ്ടാകില്ല; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുകയുമില്ല; അഴിച്ചു പണിയിൽ നേട്ടം കൊയ്ത് ജലീലും; ഇപിയെ രണ്ടാമനാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് സിപിഎമ്മിന്റെ അനുമതി

വ്യവസായ വകുപ്പ് ജയരാജന് തിരികെ നൽകും; അഴിച്ചു പണിയിൽ കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും കിട്ടും; എസി മൊയ്ദീന് തദ്ദേശ സ്വയം ഭരണം; കടകംപള്ളിക്ക് നഷ്ടമുണ്ടാകില്ല; ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുകയുമില്ല; അഴിച്ചു പണിയിൽ നേട്ടം കൊയ്ത് ജലീലും; ഇപിയെ രണ്ടാമനാക്കാനുള്ള പിണറായിയുടെ തീരുമാനത്തിന് സിപിഎമ്മിന്റെ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് തന്നെ തിരിച്ചു നൽകും. ഇതോടെ എസി മൊയ്ദിന് തദ്ദേശ ഭരണ വകുപ്പും കിട്ടും. കെടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകാനും സിപിഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന് സിപിഎം സംസ്ഥാന സമിതിയും അംഗീകാരം നൽകും. ഇതോടെ ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും. നാലരമണിക്ക് ഇതിനായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ട്.

സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും തീരുമാനമായി. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെയാണ് സിപിഐ അവകാവശ വാദം ഉന്നയിച്ചത്. സിപിഎം-സിപിഐ അനൗദ്യോഗിക നേതൃതല ചർച്ചയിലാണ് ചീഫ് വിപ്പ് നൽകാൻ തീരുമാനിച്ചത്. ഇതും സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ചീഫ് വിപ്പിനെ തീരുമാനിക്കാൻ സിപിഐ എക്സിക്യുട്ടീവ് ഈ മാസം 20-ന് ചേരും. പ്രധാന വകുപ്പുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ സിപിഐ തീരുമാനിച്ചത്. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഇ.പി.ജയരാജനെ മടക്കി കൊണ്ടുവരാൻ നേരത്തെ ധാരണയായിരുന്നു. ജയരാജൻ തിരിച്ചെത്തുന്നതോടെ അഴിച്ചുപണയിൽ തങ്ങൾക്കും ഒരു കാബിനറ്റ് പദവി നൽകണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് സിപിഎം നേരത്തെ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്.

അതിനിടെ ജയരാജനെ മന്ത്രിസഭയിലേക്കു തിരികെ കൊണ്ടുവരാനുള്ള നീക്കം അധാർമികമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. ഇ.പി.ജയരാജൻ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തിയതാണ്. അതിനാലാണല്ലോ സിപിഎം കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെയും പി.കെ.ശ്രീമതിയെയും താക്കീത് ചെയ്തത്. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെറ്റു സമ്മതിച്ചതായി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. ഇപ്പോൾ വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണു പറയുന്നത്. പാർട്ടി അന്വേഷിച്ചപ്പോൾ തെറ്റുകാരനായി കണ്ടെത്തിയ ആൾ വിജിലൻസ് അന്വേഷിച്ചപ്പോൾ എങ്ങനെ തെറ്റുകാരനല്ലാതായി ? വിജിലൻസ് എന്ന സാധനം ഇപ്പോൾ ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയ ജയരാജനെ മന്ത്രിയാക്കാമെന്ന തീരുമാനത്തിലാണ് സിപിഎമ്മിലെ ചർച്ചകൾ എത്തിയത്.

മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസയ്ക്ക് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ജയരാജനെ രണ്ടാമനാക്കുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ചുമതലയും ജയരാജന് ലഭിക്കും. കണ്ണൂർ ലോബിയിൽ നിന്ന് ഭരണ നിയന്ത്രണം പോകാതിരിക്കാൻ കൂടിയാണ് ഇത്. ജയരാജൻ പോയതോടെ എകെ ബാലനായിരുന്നു മന്ത്രിസഭയിലെ രണ്ടാം സ്ഥാനം. എന്നാൽ ബാലനോട് മുഖ്യമന്ത്രിക്ക് പൂർണ്ണ തൃപ്തിയില്ല. ഈ സാഹചര്യത്തിലാണ് ജയരാജനെ മന്ത്രിയാക്കുന്നത്. ജയരാജനെ രാജിവയ്‌പ്പിച്ചപ്പോൾ നേട്ടമുണ്ടായത് കടകംപള്ളിക്കായിരുന്നു.

മൊയ്ദീനെ വ്യവസായ മന്ത്രിയാക്കിയപ്പോൾ സഹകരണം അധികമായി കടകംപള്ളിക്ക് കിട്ടി. അതുകൊണ്ട് തന്നെ ജയരാജൻ മന്ത്രിയായി തിരിച്ചെത്തുമ്പോൾ കടകംപള്ളിയിൽ നിന്ന് വകുപ്പുകൾ എടുത്തു മാറ്റുമെന്ന സൂചനയും കിട്ടി. എന്നാൽ നഷ്ടമുണ്ടായത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് മാത്രമാണ്. രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യാസം എടുത്ത് ജലീലിന് നൽകി. പകരം ജലീലിൽ നിന്ന് തദ്ദേശ ഭരണം മൊയ്ദീനും. ഇതിലൂടെ ജലീലിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന ചർച്ചയുണ്ടാക്കാനും കഴിഞ്ഞു.

ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത് തിങ്കളാഴ്ച എൽ.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്. ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതൽ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.

ഇ.പി പുറത്ത് പോയപ്പോൾ പകരം സിപിഎം നേതാവായ എം.എം മണി മന്ത്രിസഭയിലെത്തി വൈദ്യുതി മന്ത്രിയായി. നിലവിൽ മന്ത്രിസഭയിൽ 19 മന്ത്രിമാരാണ് ഉള്ളത്. ആരെയും ഒഴിവാക്കാതെ പുതിയ മന്ത്രിയെ സിപിഎം കൊണ്ടുവന്നാൽ സിപിഐ മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ സമവായത്തിനാണ് ചീഫ് വിപ്പ് സ്ഥാനം നൽകുന്നത്.

മന്ത്രി സഭാ പുനഃസംഘടന സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനം

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി വേണം.എൽഡിഎഫിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കണം. തുടർ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇ.പി ജയരാജൻ മന്ത്രി സഭയിൽ ഉൾപ്പെടുമ്പോൾ നിലവിലുള്ള സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലാണ് ചില മാറ്റം വരുത്താൻ സിപിഎം നിർദ്ദേശിക്കുന്നത്. സിപിഎമ്മിന് ഭാഗമായി മന്ത്രിസഭയിൽ പന്ത്രണ്ടു പേരാണ് ഉള്ളത്. 12 എന്നത് 13 ആയി വർധിക്കും. സിപിഎമ്മിന്റെ മന്ത്രിമാർ വഹിക്കുന്ന വകുപ്പുകളിൽ മാറ്റം വരുത്തണമെന്നാണ് നിർദ്ദേശം. ഇ.പി ജയരാജന് വ്യവസായവും വാണിജ്യവും യുവജനക്ഷേമവും കായികവും വകുപ്പ് കൈമാറണമെന്നാണ് സിപിഎം നിർദ്ദേശിക്കുന്നത്. ഇന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ കൈകാര്യം ചെയ്യുന്നത് ഈ വകുപ്പുകളാണ് ഇ.പി ജയരാജന് കൈമാറണമെന്ന് സിപിഎം നിർദ്ദേശിച്ചത്. ഈ സന്ദർഭത്തിൽ വകുപ്പുകൾ മാറുമ്പോൾ എ.സി മൊയ്തീന് തദ്ദേശഭരണ വകുപ്പ് നൽകണമെന്നാണ് പാർട്ടി നിർദ്ദേശിച്ചത്.

കെ.പി ജലീൽ ഇന്ന് കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകൾ വെൽഫെയർ ഓഫ് മൈനോറിറ്റീസും, വഖഫ്, ഹജ്ജ് പിൽഗ്രിമേജും കെ.ടി ജലീൽ തന്നെ കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളും കെ.ടി ജലീലിന് നൽകണമെന്നാണ് പാർട്ടി അഭിപ്രായം. പൊതു വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ പുനക്രമീകരണം വേണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് കേരളത്തിൽ പ്രത്യേക കേന്ദ്രീകരണം വരണമെന്നുമുള്ളതുകൊണ്ട് ഒരു മന്ത്രി പ്രത്യേകമായി അത് ശ്രദ്ധിക്കണം എന്ന കാഴ്‌ച്ചപ്പാടിലാണ് ഇത്തരം ഒരു വിഭജനവും വകുപ്പുകളിൽ മാറ്റവും വരുത്തി ഒരു പുനഃസംഘടന വരുത്തണമെന്ന നിർദ്ദേശം സിപിഎം തയാറാക്കി എൽഡിഎഫിന് മുന്നിൽ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിൽ ചർച്ച ചെയ്യുന്നതനുസരിച്ച് മറ്റ് ക്രമീകരണങ്ങൾ മുഖ്യമന്ത്രി ഏർപ്പെടുത്തുന്നതായിരിക്കും. ഇതാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎം നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP