Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോൽവിക്കു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടെന്നു വിമർശനം; ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു; തോൽവിയെക്കുറിച്ച് പഠിക്കാൻ മുസ്‌ലിം ലീഗിൽ മൂന്ന് അന്വേഷണ കമ്മിഷൻ; കാന്തപുരം വിഭാഗം ബിജെപിയെ സഹായിച്ചുവെന്നും വിലയിരുത്തൽ

തോൽവിക്കു കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടെന്നു വിമർശനം; ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു; തോൽവിയെക്കുറിച്ച് പഠിക്കാൻ മുസ്‌ലിം ലീഗിൽ മൂന്ന് അന്വേഷണ കമ്മിഷൻ; കാന്തപുരം വിഭാഗം ബിജെപിയെ സഹായിച്ചുവെന്നും വിലയിരുത്തൽ

കെ സി റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വേരുകൾ കണ്ടെത്താൻ മുസ്‌ലിംലീഗിൽ അന്വേഷണ കമ്മിഷൻ. ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തോൽവിയെക്കുറിച്ച് പഠിക്കാൻ മൂന്ന് അന്വേഷണ കമ്മിഷനുകളെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിയോഗിച്ചത്.

അതിനിടെ, ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ യു ഡി എഫ് പരാജയപ്പെട്ടതാണ് ഭരണത്തുടർച്ചയ്ക്കു പ്രധാന തടസ്സമായതെന്നും പാർട്ടിക്ക് ചെറിയൊരു നോട്ടപ്പിശക് സംഭവിച്ചിരുന്നില്ലെങ്കിൽ തിളക്കമാർന്ന നേട്ടം ഉണ്ടാകുമായിരുന്നുവെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, തിരുവമ്പാടി സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടത് ആശ്രിത വാത്സല്യത്തിന്റെ ഫലമാണെന്നും പാർട്ടി നേതൃത്വം കണ്ണു തുറക്കണമെന്നും വിമർശമുണ്ടായി. പ്രവർത്തകരുടെ വികാരം മാനിക്കാതെ എടുത്ത തീരുമാനം മാറ്റാനാകില്ലെന്ന നേതൃതത്തിന്റെ വാശിയാണ് ഇരു സിറ്റിങ് സീറ്റുകളും നഷ്ടമാക്കിയത്. കൊടുവള്ളിയിൽ നിന്ന് വി എം ഉമ്മർ മാസ്റ്ററെ തിരുവമ്പാടിയിലേക്കു പറിച്ചുനട്ടതിന്റെ സാംഗത്യം പ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന പ്രാദേശിക ഘടകങ്ങളുടെ വികാരം പൂർണ്ണമായും ശരിവെക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് യോഗത്തിലുയർന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചതിൽ അത്ഭുമില്ലെങ്കിലും മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കുന്ന നിലപാടെടുത്തത് ആത്മഹത്യാപരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ണാർക്കാട്, അഴീക്കോട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ കാന്തപുരം വിഭാഗം അതിശക്തമായ ഇടപെടൽ നടത്തിയെങ്കിലും നാണംകെട്ട് പിന്മാറേണ്ട സ്ഥിതിയാണുണ്ടായത്. ഇത് പാർട്ടിയുടെ മാത്രമല്ല, മതനിരപേക്ഷ കക്ഷികൾ സിറ്റിങ് എം എൽ എമാരിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. കാന്തപുരം വിഭാഗത്തോട് ഭാവിയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായി. നേമത്ത് കോൺഗ്രസിൽ വൻ വോട്ട് ചോർച്ച ഉണ്ടായി. വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ് ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കി യു ഡി എഫിന് നേട്ടമുണ്ടാക്കുമെന്നുള്ള കണക്കൂകൂട്ടൽ പിഴച്ചതായും കണക്കുകൾ വച്ച് അംഗങ്ങൾ വിശദീകരിച്ചു. വെള്ളാപ്പള്ളിയുടെ ഗുണം കിട്ടാതായതോടൊപ്പം യു ഡി എഫിന് കിട്ടാറുള്ള മുസ്‌ലിം-ക്രിസ്ത്യൻ മതനൂപക്ഷ വിഭാഗങ്ങളുടെ വോട്ടിൽ ഏറിയ കൂറും സി പി എമ്മിന് ലഭിക്കുകയും ചെയ്തു.

ഫാസിസ്റ്റ് ശക്തികളോടുള്ള മൃദുസമീപനങ്ങളും വിനയായി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുന്നണിക്കു കഴിയുമെന്ന പ്രതീക്ഷ ഉണ്ടാക്കിയെടുക്കാൻ നേതൃത്വത്തിനായില്ല. ഇത് തിരുത്തേണ്ടതുണ്ട്. പാർട്ടിക്കും മുന്നണിക്കും പൊതുവെ വോട്ട് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റിയും ലീഗ് സ്ഥാനാർത്ഥികൾക്കുണ്ടായ തോൽവിയെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പാർട്ടി ട്രഷറർ പി കെ കെ ബാവ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പി എം എ സലാം, കുട്ടി അഹമ്മദ് കുട്ടി എന്നിവർ അംഗങ്ങളായ പ്രത്യേക കമ്മിഷനെ നിയോഗിച്ചു. കനത്ത തോൽവിയുണ്ടായ കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അഡ്വ. കെ എൻ എ ഖാദർ, അഡ്വ. എം റഹ്മത്തുല്ല, അഡ്വ. യു എ ലത്തീഫ് എന്നിവരടങ്ങിയ കമ്മിഷനെയും ഗുരുവായൂർ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, അഡ്വ. എൻ ശംസുദ്ധീൻ എംഎൽഎ, ടി എം സലീം എന്നിവരടങ്ങിയ കമ്മിഷനെയും ചുമതലപ്പെടുത്തി. എന്നാൽ താനൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടില്ല. അവിടെ പാർട്ടി വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന പ്രവർത്തക സമിതി യോഗം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. തോൽവിക്ക് പുറമേ പെരിന്തൽമണ്ണ, മങ്കട അടക്കമുള്ള മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയും സമഗ്രമായ അന്വേഷണം നടത്തി തെരഞ്ഞെടുപ്പ് രംഗത്ത് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കും. അന്വേഷണ കമ്മിഷൻ ജൂലൈ 15-നകം റിപ്പോർട്ട് സമർപ്പിക്കണംപാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി, ട്രഷറർ പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീർ എം പി, എം പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ്, വിപ്പ് അടക്കമുള്ള സ്ഥാനങ്ങൾ യു ഡി എഫുമായി ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP