Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്തെയും മലബാറിലെയും മദ്യനിരോധനം മാറ്റിയത് ഇ എം എസും ലീഗും ചേർന്ന്; ഈ കുഴപ്പമെല്ലാം ഉണ്ടാക്കിയത് മൂവാറ്റുപുഴയിലെ ബാറുടമ

തിരുവനന്തപുരത്തെയും മലബാറിലെയും മദ്യനിരോധനം മാറ്റിയത് ഇ എം എസും ലീഗും ചേർന്ന്; ഈ കുഴപ്പമെല്ലാം ഉണ്ടാക്കിയത് മൂവാറ്റുപുഴയിലെ ബാറുടമ

തിരുവനന്തപുരം: മദ്യനിരോധനം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറിലും മലബാറിലും ഇത് പിൻവലിച്ചത് 1967ലെ ഇ എം എസ് സർക്കാർ. മുസ്ലിം ലീഗ് കൂടി ഉൾപ്പെട്ടതായിരുന്നു അന്നത്തെ ഇ എം എസ് സർക്കാർ. ചാരായത്തിന്റെയും വിഷക്കള്ളിന്റെയും ഉപയോഗം നിരോധിതമേഖലകളിൽ വ്യാപകമാവുകയും ക്രമസമാധാനപ്രശ്‌നമായി വളരുകയും ചെയ്തപ്പോഴാണ് മദ്യനിരോധനം പിൻവലിക്കാൻ ഇ എം എസ് സർക്കാർ തീരുമാനിച്ചത്. തിരുവിതാംകൂർ തിരു-കൊച്ചിയുടെയും മലബാർ മദ്രാസ് പ്രവിശ്യയുടെയും ഭാഗമായിരുന്നു.

മദ്യം കഴിച്ച് അർദ്ധബോധാവസ്ഥയിൽ കിടക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ പൊലീസിന് പണികൂടി. ഇത് തലവേദനയായി മാറിയതോടെ മറ്റ് മേഖലകളിലേതിന് സമാനമായി ഇവിടെയും നിരോധനം ഒഴിവാക്കാൻ ഇ എം എസ് സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇക്കുറി ബാർ ലൈസൻസ് പ്രശ്‌നത്തിൽ വഴിത്തിരിവായത് മൂവാറ്റുപുഴ സ്വദേശി തനിക്ക് ലൈസൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ്. മൂവാറ്റുപുഴ സ്വദേശിയാണ് ആദ്യമായി ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്. വിവരാവകാശ നിയമപ്രകാരം ബാർ വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ രേഖകളെല്ലാം സംഘടിപ്പിച്ചാണ് മൂവാറ്റുപുഴക്കാരൻ കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന് അനുകൂലമായി ഹൈക്കോടതി വിധി വന്നെങ്കിലും സർക്കാർ അപ്പീൽ നൽകി. പക്ഷേ പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചു. മതിയായ നിലവാരമില്ലാത്ത ബാറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴും ത്രീസ്റ്റാർ സൗകര്യമുള്ള തന്റെ ഹോട്ടലിന് ലൈസൻസ് നൽകുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചു.

അങ്ങനെയാണ് നിലവാരമില്ലാത്ത ബാറുകളുള്ളപ്പോൾ ത്രീ സ്റ്റാർ സംവിധാനമുള്ള ഹോട്ടലിനെ ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചത്. മേലിൽ ഫോർ സ്റ്റാർ ഹോട്ടലുകൾക്കേ ബാർ ലൈസൻസ് നൽകൂവെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 418 എണ്ണത്തിന്റെ ലൈസൻസ് പുതുക്കുന്ന കാര്യം തത്കാലത്തേക്കു തടഞ്ഞുംവച്ചു. ഇതിനിടെ മറ്റു പലരും വിവിധ പരാതികളുമായി കോടതിയെ സമീപിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പു കൂടി വന്നപ്പോൾ തീരുമാനം നീണ്ടു. തുടർന്നാണ് ബാറിന്റെ പേരിൽ യുഡിഎഫിലും കോൺഗ്രസിലും ഭിന്നത രൂക്ഷമായത്. ഇ എം എസിനൊപ്പം നിന്ന് നിരോധനം പിൻവലിക്കുന്നതിൽ പങ്കാളികളായ മുസ്‌ളിംലീഗ് ഇന്ന് മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്നതിനെയാണ് കഴിഞ്ഞദിവസം വരെയും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾ രഹസ്യമായെങ്കിലും ആക്ഷേപിച്ചത്.

എക്‌സൈസ് കമ്മിഷണറായിരുന്ന ഡോ. വേണുവാണ് ആദ്യമായി ബാർ മേഖലയിൽ 418 എന്ന കണക്കിന് കാരണക്കാരനായത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാറുകളുടെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ 2007ൽ അദ്ദേഹം കണക്കെടുപ്പ് നടത്തി. തുടർന്നാണ് ടൂ സ്റ്റാർ സംവിധാനമില്ലാത്ത 418 ബാറുകളുടെ കണക്ക് എക്‌സൈസ് വിഭാഗം കൊടുത്തത്. വി എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ എക്‌സൈസ് കമ്മിഷണറായി സുബ്ബയ്യ ചുമതലയേറ്റു. അദ്ദേഹമാണ് സർക്കാരിന്റെ പക്കൽ ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 418 ബാറുകൾക്ക് മതിയായ നിലവാരമില്ലെന്ന് എജിക്കു റിപ്പോർട്ടു കൊടുത്തത്.

ബാറുടമകളുടെ സംഘടനയുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലായിരുന്നു ഇതെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. കാലങ്ങളായി പ്രവർത്തിച്ചു വന്ന ബാറുകൾക്കു സ്ഥിരം ലൈസൻസ് പുതുക്കാനുള്ള അനുമതി നൽകാൻ 2007 ൽ ഇടതു സർക്കാർ തീരുമാനിച്ചു. 418 എണ്ണവും ഇക്കൂട്ടത്തിലുൾപ്പെട്ടു. മേലിൽ ത്രീ സ്റ്റാറിന് മാത്രം ലൈസൻസ് നൽകിയാൽ മതിയെന്നും ഇടതു സർക്കാർ തീരുമാനിച്ചു. ഓരോ വർഷവും നിലവാരം മെച്ചപ്പെടുത്താമെന്നു മുദ്രപത്രത്തിൽ കരാറുകാർ എഴുതി നൽകുന്ന ഉറപ്പിന്റെ പേരിലാണ് ലൈസൻസ് പുതുക്കി നൽകി വന്നത്.

നിലവിലെ യു.ഡി.എഫ് സർക്കാർ മദ്യ നയം പ്രഖ്യാപിച്ചപ്പോൾ ആദ്യ വർഷം ത്രീസ്റ്റാറിനും അടുത്ത വർഷം ഫോർ സ്റ്റാറിനും അതിനടുത്ത വർഷം ഫൈവ് സ്റ്റാറിനും പുതിയ ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനം വന്നു. അതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ ത്രീസ്റ്റാർ സംവിധാനമുള്ള ചില ഹോട്ടലുകൾക്ക് ബാർ അനുവദിക്കുകയും ചെയ്തു. കൂട്ടത്തിൽ പലവിധ കാരണങ്ങളാൽ ചിലർ ഒഴിവാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP