Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമെന്ന് പിണറായി; ഗീതാ ഗോപിനാഥിന്റെ അഭിപ്രായം ആരായുന്നതിൽ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് ഭാഗ്യമെന്ന് പിണറായി; ഗീതാ ഗോപിനാഥിന്റെ അഭിപ്രായം ആരായുന്നതിൽ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തുപുരം: നവ ഉദാരീകരണനയത്തോട് അനുഭാവമുള്ള സാമ്പത്തികവിദഗ്ധ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെച്ചൊല്ലി സിപിഎമ്മിനുള്ളിൽ വിവാദം കൊഴുക്കുമ്പോഴും കുലുക്കമില്ലാതെ മുഖ്യമന്ത്രി. ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് തന്റെ ഭാഗ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്നു കണ്ണൂർ സ്വദേശിയായ ഗീത ഗോപിനാഥ്. സിപിഎമ്മിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുകയും ആഗോളവത്കരണനയങ്ങളെയും മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അനുകൂലിക്കുകയും ചെയ്തിരുന്ന ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി ആയിരുന്നു പിണറായിയുടെ പ്രതികരണം.

സർക്കാരിന്റെ സാമ്പത്തിക നിലപാട് വ്യക്തമാണ്. ലോക സാമ്പത്തിക സ്ഥിതികളുമായി ബന്ധപ്പെട്ട് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം ആരായുന്നതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നും അഭിമുഖത്തിൽ പിണറായി വ്യക്തമാക്കിയിട്ടുണ്ട്. നിർണായകവിഷയങ്ങളിൽ ഇടതുപക്ഷനയങ്ങൾക്ക് വിരുദ്ധമായി നിലപാടെടുത്തിട്ടുള്ള സാമ്പത്തികവിദഗ്ധയെ നിയമിച്ചത് പാർട്ടിക്കുള്ളിലും പുറത്തും രൂക്ഷവിമർശനമായ സാഹചര്യത്തിൽ ഈയാഴ്ച നടക്കുന്ന പൊളിറ്റ്ബ്യൂറോ യോഗത്തിൽ വിഷയം ഉയർന്നുവരാൻ ഇടയുണ്ട്.

നിയമനത്തിന്റെ കാരണത്തെക്കുറിച്ച് പിണറായിക്ക് പി.ബി.യിൽ വിശദീകരണം നൽകേണ്ടിവരുമെന്നും അറിയുന്നു. നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിക്കുകയും വിവാദത്തിനൊടുവിൽ അദ്ദേഹം ചുമതലയേൽക്കാതിരിക്കുകയും ചെയ്തത് പാർട്ടിക്കും സർക്കാറിനും ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗീതാ ഗോപിനാഥിന്റെ നിയമനത്തെച്ചൊല്ലിയുള്ള വിവാദം. സിപിഐ(എം). അനുകൂലികളായ സാമ്പത്തികവിദഗ്ദ്ധർക്കും ഗീതയുടെ നിയമനം ദഹിച്ചിട്ടില്ലെന്നതും എതിർപ്പ് രൂക്ഷമാക്കി.

പാർട്ടി നയത്തിനു വിരുദ്ധനിലപാടുള്ള ഒരാൾ ഇടതുപക്ഷ സർക്കാറിൽതന്നെ ഉപദേശകയായിവന്ന സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് സിപിഐ(എം). കേന്ദ്രനേതൃത്വം. സിപിഐ(എം). നേതൃത്വവുമായി കൂടിയാലോചന നടത്തിയിട്ടല്ല നിയമനമെന്നതാണ് ശ്രദ്ധേയമായകാര്യം. എന്നാൽ, അതൊക്കെ സർക്കാറിനു സ്വാതന്ത്ര്യമുള്ള വിഷയമാണെന്ന് പി.ബി. അംഗം എസ്. രാമചന്ദ്രൻ പിള്ള 'മാതൃഭൂമി'യോടു പറഞ്ഞു. ആരെ ഉപദേശകരായി നിയമിച്ചാലും അവരുടെ ഉപദേശം സ്വീകരിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യാം. നേരത്തേ ആവിഷ്‌കരിച്ചിട്ടുള്ളതാണ് പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നയം. അതിൽനിന്നു വ്യതിചലിച്ചുള്ള എന്തെങ്കിലും നയം ഇടതുസർക്കാർ സ്വീകരിച്ചെങ്കിലേ ചർച്ചചെയ്യേണ്ടതുള്ളൂ. എസ്.ആർ.പി. വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP