Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴ വിവാദം ചൂടുപിടിച്ചതോടെ ആരും മൈൻഡ് ചെയ്യാതെ പിസി ജോർജ്ജ്; തന്റെ കൈയിൽ ബോംബില്ലെന്ന് പ്രഖ്യാപിച്ച് തടിതപ്പാൻ നീക്കം; പുറത്താക്കലിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മാണി

ബാർ കോഴ വിവാദം ചൂടുപിടിച്ചതോടെ ആരും മൈൻഡ് ചെയ്യാതെ പിസി ജോർജ്ജ്; തന്റെ കൈയിൽ ബോംബില്ലെന്ന് പ്രഖ്യാപിച്ച് തടിതപ്പാൻ നീക്കം; പുറത്താക്കലിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മാണി

തിരുവനന്തപുരം: ബാർകോഴ വിവാദം ചൂടുപിടിക്കുന്നു. ബാർക്കേസിൽ സർക്കാരിന് അനുകൂലമായി വിധിയും വന്നു. ഇവിടെ ധനമന്ത്രി കെഎം മാണി ശക്തനാവുകയാണ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ ബാബുവും ശിവകുമാറും കോഴ ആരോപണത്തിൽ വന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. എല്ലാം നേരെയാക്കേണ്ടത് അവരുടെ ബാധ്യതയുമായി. അതുകൊണ്ട് തന്നെ മാണിക്ക് ആശ്വാസത്തിന്റെ ദിനങ്ങളാണ്. തനിക്കെതിരെ ഗൂഡാലോചന നടത്തിയ പിസി ജോർജ്ജിനെതിരെ കടുത്ത നടപടികളും ഉണ്ടാകും. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോർജ്ജിനെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് മാണി. സാഹചര്യമാറിയതോടെ ജോർജ്ജ് കരുതലിലേക്ക് മാറുകയും ചെയ്തു.

ഒരു വശത്ത് പഴയ കേരളാ കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിക്കാൻ ഭാരവാഹി യോഗം നടത്തിയ ജോർജ്ജ് പക്ഷേ പരസ്യമായി സെക്യുലർ യോഗത്തെ തള്ളിപ്പറഞ്ഞു. തന്റെ കൈയിൽ ആർക്കെതിരെയും ബോംബില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത് തന്ത്രപരമായ നിലപാടാണ് പി.സി. ജോർജ് ഇന്നലെ സ്വീകരിച്ചത്. ഇടതു മുന്നണിയിലേക്കുള്ള പോക്ക് എളുപ്പമാകില്ലെന്ന തിരിച്ചറിയാവായിരുന്നു ഇതിന് കാരണം. എങ്ങനേയും മാണിയെ പിണക്കാതെ പുതിയ പാർട്ടിയുമായി യുഡിഎഫിൽ നിൽക്കണം. അതിന് പ്രശ്‌നക്കാരന്റെ റോളിൽ പറ്റില്ല. ഈ സാഹചര്യത്തിലാണ് പുതിയ തകരുനീക്കം

പി.സി. ജോർജിന്റെ സെക്യുലർ പാർട്ടിയുടെ മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ടി.എസ്. ജോണിന്റെ അദ്ധ്യക്ഷയിൽ പഴയ സെക്യുലർ നേതാക്കളുടെ യോഗം ഇന്നലെ നടന്നു. ഏപ്രിൽ ആറിനു മുമ്പ് നീതിപൂർവ്വകമായ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു എന്നും ഏകപക്ഷീയവും നീതി രഹിതവുമായ തീരുമാനം ഉണ്ടായാൽ ഭാവി പരിപാടികൾ പ്രഖ്യാപിക്കാൻ സെക്യുലർ മുൻ ചെയർമാൻ ടി.എസ്. ജോണിനെ ചുമതലപ്പെടുത്തി. ഒരു കാരണവശാലും പാർട്ടിയെ പിളർപ്പിലേക്ക് നയിക്കരുതെന്നും പാർട്ടിയിൽ വിഘടനവാദം പാടില്ലെന്നുമാണ് തന്റെ നിലപാടെന്നും അത് പ്രവർത്തകരെ അറിയിച്ചിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടിട്ടുണ്ട്. അവരുടെ തീരുമാനത്തിന് കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം വിട്ടുവീഴ്ചയുടെ സ്വരമാണ്. എല്ലാ അർത്ഥത്തിലും യുഡിഎഫ് കൈവിട്ടാൽ മാത്രമേ പൊട്ടിത്തെറിക്ക് ജോർജ്ജ് എത്തൂ. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മാണി നിലപാട് കടുപ്പിക്കുമ്പോൾ ജോർജ്ജിന്റെ പ്രതിസന്ധിയും കൂടും. ഏന്തുവന്നാലും സെക്യുലറുമായി ജോർജിനെ യുിഡഎഫിൽ തുടരാൻ അനുവദിക്കില്ല. ചീഫ് വിപ്പായി തോമസ് ഉണ്ണിയാടൻ എത്തുമ്പോൾ നിയമസഭയിലെ മുൻനിരയിലെ സീറ്റ് പോലും ജോർജ്ജിന് പോകും. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് ഇക്കാര്യങ്ങളിൽ മാണി തയ്യാറല്ലെന്നാണ് സൂചന. എങ്ങനെയെങ്കിലും മാണിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജോർജ്ജിനോട് പറഞ്ഞിട്ടുള്ളത്.

എന്തായാലും ചീഫ് വിപ്പ് സ്ഥാനം ജോർജ്ജിന് നഷ്ടമാകുമെന്ന സൂചനയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയിട്ടുണ്ട്. അതുകൊണ്ട് ആ മോഹം ജോർജ്ജ് കൈവിട്ടു കഴിഞ്ഞു. എങ്ങനേയും യുഡിഎഫിൽ നിൽക്കാനാണ് ഇപ്പോഴത്തെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP