Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവരും ജോർജ്ജിനെ കൈവിട്ടു; മുന്നണി ഒറ്റക്കെട്ടായി മാണിയുടെ ആവശ്യം അംഗീകരിച്ചു; മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ചീഫ് വിപ്പിനെ മാറ്റും; ജോർജ്ജിനെ സെക്യുലറായി തുടരാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി കേരളാ കോൺഗ്രസ്; ഇനി അനുനയ ചർച്ചകൾക്കുമില്ല

എല്ലാവരും ജോർജ്ജിനെ കൈവിട്ടു; മുന്നണി ഒറ്റക്കെട്ടായി മാണിയുടെ ആവശ്യം അംഗീകരിച്ചു; മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ചീഫ് വിപ്പിനെ മാറ്റും; ജോർജ്ജിനെ സെക്യുലറായി തുടരാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി കേരളാ കോൺഗ്രസ്; ഇനി അനുനയ ചർച്ചകൾക്കുമില്ല

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോർജ്ജിനെ മാറ്റണമെന്ന കെഎം മാണിയുടെ ആവശ്യം യുഡിഎഫ് അംഗീകരിച്ചു. മുസ്ലിം ലീഗും മാണിക്ക് പിന്തുണയുമായി എത്തിയതോടെ പിസി ജോർജ്ജിന് അനുകൂലമായി കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ നീക്കങ്ങൾ പൊളിഞ്ഞു. കേരളാ കോൺഗ്രസിന് നൽകിയ ചീഫ് വിപ്പ് സ്ഥാനത്തിലും മുന്നണി യോഗത്തിനുള്ള പ്രതിനിധികളുടെ കാര്യത്തിലും തീരുമാനം എടുക്കാനുള്ള അവകാശം കേരളാ കോൺഗ്രസിന് ഉണ്ടെന്ന മാണിയുടെ അവകാശവാദം ലീഗ് അംഗീകരിച്ചതോടെയാണ് തീരുമാനം ആയത്. വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മടങ്ങിയെത്തുന്ന വ്യാഴാഴ്ച നടപടി ഉണ്ടാകണമെന്നാണ് മാണിയുടെ ആവശ്യം. അതിനു മുമ്പ് ജോർജ്ജിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ കോൺഗ്രസ് നേതൃത്വം എല്ലാ ശ്രമവും നടത്തും.

എന്നാൽ അപമാനിതനായി യുഡിഎഫിൽ ജോർജ്ജ് തുടരില്ലെന്നാണ് സൂചന. ഇടതു മുന്നണിയിലേക്ക് മാറാനുള്ള എല്ലാ സാധ്യതയും ആരായുന്നുണ്ടെന്ന് ജോർജ്ജിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി. മുഖ്യമന്ത്രിയും കൈവിട്ടാൽ കടുത്ത പ്രതികരണങ്ങൾ ജോർജ്ജ് നടത്തും. അതിന് യുഡിഫിൽ നിന്നുകൊണ്ട് കഴയില്ല. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ താൻ വരാതിരിക്കുന്നതിനുള്ള സാധ്യതയും തേടും. അതിനിടെ പൂഞ്ഞാറിൽ വീണ്ടും തെരഞ്ഞെടുപ്പ് എന്ന സാധ്യത പോലും തേടുന്നുണ്ട്. ഇടതു പിന്തുണയുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പൂഞ്ഞാറുകാർ തന്നെ കൈവിടില്ലെന്നാണ് പിസിയുടെ നിലപാട്. ഏതായാലും നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനാണ് ജോർജ്ജിന്റെ തീരുമാനം.

ജോർജ്ജിന്റെ കാര്യത്തിൽ ഇന്നും യുഡിഎഫിൽ അനുരജ്ഞന ശ്രമങ്ങൾ നടന്നു. എന്നാൽ വിട്ടുവീഴ്ചകൾക്ക് മാണി തയ്യാറായില്ല. ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. കേരളാ കോൺഗ്രസ് സെക്യൂലർ പുനർജീവിപ്പിച്ച് യുഡിഎഫിന്റെ മുന്നണി യോഗത്തിലെത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വേഗത്തിൽ തീരുമാനം വേണമെന്നും മാണി പറഞ്ഞു. ഈ ഘട്ടത്തിലാണ് ഗൾഫ് യാത്ര കഴിഞ്ഞ താൻ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ മാണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാമെന്ന സൂചനയും നൽകി. പക്ഷേ അടുത്ത വ്യാഴാഴ്ചയ്ക്ക് ശേഷവും മാണി ചീഫ് വിപ്പായി തുടർന്നാൽ കടുത്ത നടപടികൾ കേരളാ കോൺഗ്രസ് എടുക്കുമെന്നും വിശദീകരിച്ചു. മാണിയുടെ നിലപാട് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയേയും മുഖ്യമന്ത്രി അറിയിച്ചു. മാണി പറയുന്നതിനൊപ്പമാണ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിന്റെ പുറത്താകൽ സുനിശ്ചിതമായി.

ഒരു പാർട്ടിയുമായി തെറ്റുന്നവരെ ഘടകകക്ഷിയായി അംഗീകരിക്കുന്നത് മോശം കീഴ് വഴക്കമാകും. ഏത് സാഹചര്യത്തിലും അത് അംഗീകരിക്കാൻ കഴിയില്ല. അതിനൊപ്പം ധനമന്ത്രി മാണിയെ അപമാനിക്കുന്ന തരത്തിൽ ജോർജ് പരസ്യപ്രസ്താവനകൾ തുടരുന്നു. അതുകൊണ്ട് കേരളാ കോൺഗ്രസ് സെക്കുലർ ബാനറിൽ ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിനെ മുസ്ലിംലീഗ് പിന്തുണയ്ക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ മാണിയുടെ നിലപാട് ലീഗും അംഗീകരിക്കും. അതുകൊണ്ട കേരളാ കോൺഗ്രസിന്റെ തീരുമാനത്തിന് വഴങ്ങി തൽക്കാലം ജോർജ്ജിന് സാധാരണ എംഎൽഎയായി തുടരണ്ടി വരുന്ന സ്ഥിതിയാണ് യുഡിഎഫ് നേതൃത്വം ഉണ്ടാക്കുന്നത്. ഇതിന് ജോർജ് വഴങ്ങില്ല. മുന്നണിയിൽ ജോർജ്ജിെ ഉൾക്കൊള്ളാൻ തയ്യാറാകുന്ന മറ്റ് രാഷ്ട്രീയ പാർട്ടികളുമില്ല. അങ്ങനെ മാറിയാലും കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നാണ് മാണിയുടെ നിലപാട്.

പിസി ജോർജ്ജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് അതുകൊണ്ടാണ്. ഇങ്ങനെ നിയമപരമായ പഴുതെല്ലാം അടച്ചാണ് മാണിയുടെ നീക്കം. വെറുമൊരു എംഎ‍ൽഎയായി മാത്രം മാണിഗ്രൂപ്പിൽ തുടരാൻ ജോർജ് തയാറാകില്ല. പഴയ സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫിൽ നിൽക്കാനാണ് ജോർജിന്റെ ആഗ്രഹം. അക്കാര്യത്തിലായിരുന്നു ഇന്നലെ ചർച്ച നടന്നതും. സ്വയം പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ കൂറുമാറ്റത്തിൽപ്പെടും. അതറിയാവുന്നതുകൊണ്ടാണ് മാണി ഗ്രൂപ്പ് പുറത്താക്കില്ല എന്ന നിലപാട് സ്വീകരിച്ചത്.

അതേസമയം, ഏതുവിധേനയും മാണിയെക്കൊണ്ട് തന്നെ പുറത്താക്കിക്കാനുള്ള ശ്രമമാണ് ജോർജ് പയറ്റുന്നത്. അതിനായി മാണിയെ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിലൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് മാണി ഗ്രൂപ്പ്. ജോർജിന്റെ അടവ് ഇനിയും തങ്ങളുടെയടുത്ത് ചെലവാകില്ലെന്നാണ് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. അതേസമയം ഇനി ജോർജിന്റെ നീക്കം എന്താണെന്ന് വ്യക്തമല്ല. അടങ്ങിയിരിക്കാൻ എന്തായാലും ജോർജ് തയാറാകില്ല.

എന്നെ ചീഫ്‌വിപ്പ് സ്ഥാനത്തു നിന്നും മാറ്റാൻ ധാരണയായിട്ടില്ല: പി സി ജോർജ്ജ്

തന്നെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസിൽ ധാരണയായെന്ന വാർത്ത തെറ്റാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ പി.സി.ജോർജ് പറഞ്ഞു. എപ്പോൾ വേണമെങ്കിലും സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് ആവശ്യപ്പെട്ടാൽ ചീഫ് വിപ്പ് സ്ഥാനം രാജിവക്കാമെന്നും മാണിക്ക് രാജി ആവശ്യപ്പെടാൻ ധാർമികമായ അവകാശമില്ലെന്നും ജോർജ്ജ് പറഞ്ഞു.

തന്നെ മാറ്റുന്ന കാര്യത്തിൽ ചർച്ച നടക്കുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. വിദേശത്ത് നിന്ന് വ്യാഴാഴ്ച മടങ്ങിയെത്തിയ ശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് തനിക്ക് അദ്ദേഹത്തെ കാണാൻ കഴിയുമോയെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു. മാണിയോട് വൈരാഗ്യമൊന്നുമില്ല. എന്നാൽ സ്വഭാവത്തെ കുറിച്ച് പരാതിയുണ്ട്. കളങ്കിതനാണെങ്കിൽ വിശുദ്ധവാരം കഴിയുമ്പോൾ മാണി മാറട്ടെ. താൻ വലിയ നേതാവൊന്നുമല്ല, എന്നാൽ മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യില്ലെന്നും ജോർജ് പറഞ്ഞു. ഇടുക്കി ലോക്‌സഭാ സീറ്റ് വേണ്ടെന്ന് പറഞ്ഞത് കെ എം മാണി പറഞ്ഞിട്ടാണെന്നും ജോർജ്ജ് പറഞ്ഞു.

അന്തിമ തീരുമാന മുഖ്യമന്ത്രിയുടേതെന്ന് വി എം സുധീരൻ

പി.സി. ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ ഇടപെടലുകൾക്കും പാർട്ടിയുടെ പിന്തുണയുണ്ട്. മാണിയുടെയും ജോർജിന്റെയും നിലപാടുകൾ പരിഗണിച്ചാവും തീരുമാനമെന്നും സുധീരൻ പറഞ്ഞു. ജോർജിന്റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. യുഡിഎഫിൽ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP