Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ അകാലമൃത്യു വരിച്ചപ്പോൾ എംഎൻ 'ഈശ്വരാ' എന്നു വിളിച്ചു; മാർപ്പാപ്പയുടേത് കമ്മ്യൂണിസ്റ്റ് നിലപാട് അല്ല; ടിവിയുടെ മാനസാന്തരം ചരിത്ര വസ്തുത; ഇടതുപക്ഷത്തെ ദുർബ്ബലമാക്കാൻ ദീപികയിലൂടെ മാർ പവ്വത്തിൽ വീണ്ടും

മകൻ അകാലമൃത്യു വരിച്ചപ്പോൾ എംഎൻ 'ഈശ്വരാ' എന്നു വിളിച്ചു; മാർപ്പാപ്പയുടേത് കമ്മ്യൂണിസ്റ്റ് നിലപാട് അല്ല; ടിവിയുടെ മാനസാന്തരം ചരിത്ര വസ്തുത; ഇടതുപക്ഷത്തെ ദുർബ്ബലമാക്കാൻ ദീപികയിലൂടെ മാർ പവ്വത്തിൽ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായ ടി വി തോമസ് ദൈവവിശ്വാസിയായി കുർബാന കൈക്കൊള്ളാൻ ആഗ്രഹിച്ചിരുന്നുവെന്ന വിവാദ വെളിപ്പെടുത്തൽ ഉണ്ടാക്കിയ കോലാഹലമൊന്നും ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ബാധിക്കുന്നില്ല. തന്റെ ഭാഗത്തെ ന്യായീകരിച്ചും ടിവിയുടെ മാനസാന്തരം ചരിത്ര വസ്തുതയാണെന്നും വ്യക്തമാക്കി ആർച്ച് ബിഷപ്പിന്റെ അഭിമുഖം ദീപകയിൽ പ്രസിദ്ധീകരിച്ചു.

യാതൊരു ഓർമപ്പിശകുമില്ല. ഉത്തമബോധ്യത്തോടെയാണ് ഇക്കാര്യങ്ങൾ കുടുംബജ്യോതിയിൽ എഴുതിയിട്ടുള്ളത്. അന്നു ചങ്ങനാശേരി അതിരൂപതയുടെ ഹൗസ് പ്രൊക്യുറേറ്ററും ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനുമായ മാർ മാത്യു അറയ്ക്കൽ പിതാവും ലേഖനത്തിൽ പറഞ്ഞിട്ടുള്ള പല സംഭവങ്ങൾക്കും സാക്ഷിയാണെന്നും അഭിമുഖത്തിൽ പവ്വത്തിൽ വിശദീകരിക്കുന്നു. ഇതിനൊപ്പം മറ്റൊരു വിവാദത്തിനും ദീപികയിലൂടെ തുക്കമിടുന്നു. സിപിഐയുടെ മറ്റൊരു പ്രധാന നേതാവായ എംഎൻ ഗോവിന്ദൻ നായരെ കുറിച്ചാണ് അത്. ഗോവിന്ദൻ നായരും ദൈവ വിശ്വാസിയാണെന്ന് വരുത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് ആർച്ച് ബിഷപ്പ് നടത്തുന്നത്.

ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ടിവിയെക്കുറിച്ചുള്ള മറ്റു ചില പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ഈശ്വരചിന്ത പ്രകടിപ്പിക്കുന്നത് അപൂർവമൊന്നുമല്ല. തന്റെ മകൻ അകാലമൃത്യു വരിച്ചപ്പോൾ സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻനായർ 'ഈശ്വരാ' എന്നു പറഞ്ഞതിനെക്കുറിച്ചു ദിവംഗതനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നോടു പറഞ്ഞിട്ടുണ്ടെന്ന് അഭിമുഖത്തിൽ വിശദീകരിക്കുന്നു

ദീപിക പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണ രൂപം

ടി.വിയുടെ മാനസാന്തരം ചരിത്ര വസ്തുത

കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി. തോമസിന്റെ അന്ത്യകാലത്തെ മാനസാന്തരത്തെക്കുറിച്ച് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ തന്റെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തലിനെതിരേ ചിലർ ഒച്ചപ്പാടുണ്ടാക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മാർ പവ്വത്തിൽ ദീപിക പ്രതിനിധിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽനിന്ന്.

? എന്തുകൊണ്ടാണു പിതാവ് ഇക്കാര്യം ഇതുവരെ പറയാതിരുന്നതും ഇപ്പോൾ പറയുന്നതും.

= ടി.വി. തോമസിന്റെ മാനസാന്തരത്തെക്കുറിച്ച് ഇതിനുമുമ്പും പലപ്പോഴും സംഭാഷണമധ്യേ പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഇതു പറയുന്നതിൽ പ്രത്യേക താത്പര്യമൊന്നുമില്ല. ചങ്ങനാശേരി അതിരൂപതയുടെ കുടുംബ പ്രസിദ്ധീകരണമായ 'കുടുംബജ്യോതി'യിൽ എന്റെ ആത്മകഥാപരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവരുകയാണ്. അതിൽ 1972 കാലഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ കൂട്ടത്തിലാണ് വിദ്യാഭ്യാസസമരത്തെക്കുറിച്ചും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും എഴുതിയത്.

? 1972 കാലഘട്ടത്തെക്കുറിച്ചു മൂന്ന് അധ്യായങ്ങളിലായി വിശദീകരിച്ച് എഴുതാനുണ്ടായ സാഹചര്യം

= ആ കാലഘട്ടം കേരള സഭയെയും സംസ്ഥാനത്തെ വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളെയും സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായിരുന്നു. വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ടു വലിയ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയം, ചങ്ങനാശേരി അതിരൂപതയുടെ യുവജനപ്രസ്ഥാനമായ യുവദീപ്തിയുടെ പ്രാരംഭകാലം, പാസ്റ്ററൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിലയ്ക്കൽ തീർത്ഥാടനം ആരംഭിച്ചകാലം അങ്ങനെ പല പ്രത്യേകതകളുമുണ്ടായിരുന്നു. ഇതേക്കുറിച്ചൊക്കെ കഴിഞ്ഞ രണ്ടുലക്കങ്ങളിലായി കുടുംബജ്യോതിയിൽ ലേഖനഭാഗങ്ങൾ വന്നിരുന്നു. നവംബർ ലക്കത്തിലാണ് ഇതിന്റെ മൂന്നാം ഭാഗം ഉൾപ്പെടുത്തിയത്. അതിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചപ്പോഴാണ് അന്നു കേരളത്തിൽ മന്ത്രിയായിരുന്ന ടി.വി. തോമസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയേണ്ടിവന്നത്.

? ഈ വെളിപ്പെടുത്തലുകൾ പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കുമ്പോൾ വന്ന ഓർമപ്പിശകാണെന്നു ചിലർ വിമർശിക്കുന്നുണ്ടല്ലോ

= യാതൊരു ഓർമപ്പിശകുമില്ല. ഉത്തമബോധ്യത്തോടെയാണ് ഇക്കാര്യങ്ങൾ കുടുംബജ്യോതിയിൽ എഴുതിയിട്ടുള്ളത്. അന്നു ചങ്ങനാശേരി അതിരൂപതയുടെ ഹൗസ് പ്രൊക്യുറേറ്ററും ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനുമായ മാർ മാത്യു അറയ്ക്കൽ പിതാവും ലേഖനത്തിൽ പറഞ്ഞിട്ടുള്ള പല സംഭവങ്ങൾക്കും സാക്ഷിയാണ്. വിദ്യാഭ്യാസ സമരം കൊടുമ്പിരിക്കൊണ്ടിരിക്കേ ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി. താഴത്തെ നിലയിലുണ്ടായിരുന്ന ഹൗസ് പ്രൊക്യുറേറ്ററെയാണ് ആദ്യം കണ്ടത്. പവ്വത്തിൽ പിതാവിനു ഭീഷണിയുണെ്ടന്നും സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഫാ. അറയ്ക്കൽ ടിവിയെ എന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. വിദ്യാഭ്യാസ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞത് അപ്പോഴാണ്.

? ടിവിയുടെ മാനസാന്തരം ഇപ്പോൾ ഏറെ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ടാണ്

= ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ടിവിയെക്കുറിച്ചുള്ള മറ്റു ചില പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ഈശ്വരചിന്ത പ്രകടിപ്പിക്കുന്നത് അപൂർവമൊന്നുമല്ല. തന്റെ മകൻ അകാലമൃത്യു വരിച്ചപ്പോൾ സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻനായർ 'ഈശ്വരാ' എന്നു പറഞ്ഞതിനെക്കുറിച്ചു ദിവംഗതനായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നോടു പറഞ്ഞിട്ടുണ്ട്.

? മാർ പവ്വത്തിലിൽനിന്നു കമ്യൂണിസ്റ്റുകാരെക്കുറിച്ചു നല്ലതൊന്നും കേൾക്കില്ലെന്നു സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ടല്ലോ

=(പുഞ്ചിരിച്ചുകൊണ്ട്) ഇതു വ്യക്തിപരമായ യാതൊരു അഭിപ്രായവ്യത്യാസത്തിന്റെയും കാര്യമല്ല. നടന്ന സംഭവങ്ങൾ പറയുകമാത്രമാണു ഞാൻ ചെയ്തത്. കമ്യൂണിസ്റ്റ് നേതാക്കൾ പലരുമായും നല്ല ബന്ധമുണ്ടായിരുന്നു. ചങ്ങനാശേരി എംഎൽഎയായിരുന്ന കല്യാണകൃഷ്ണൻ നായരുമായി ഉറ്റ ബന്ധമാണുണ്ടായിരുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐ(എം) നേതാക്കൾ അരമനയിൽ പലപ്പോഴും വന്നിട്ടുണ്ട്. അവർക്ക് ഊഷ്മള സ്വീകരണമാണിവിടെ ലഭിച്ചിട്ടുള്ളത്. എം.എ. ബേബി മകന്റെ വിവാഹം ക്ഷണിക്കാൻ ഈയിടെ വന്നിരുന്നു. വ്യക്തിപരമായ ഇത്തരം ബന്ധങ്ങൾ ആശയപരമായ കാര്യങ്ങളെ സ്വാധീനിക്കില്ല. സഭയ്ക്കു വ്യക്തമായ ബോധ്യങ്ങളും പഠനങ്ങളുമുണ്ട്. വ്യക്തിപരമായി എനിക്കും അത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടുകളാണുള്ളത്. അതു കമ്യൂണിസ്റ്റ് വിരുദ്ധതയോ മറ്റേതെങ്കിലും കടുംപിടിത്തമോ അല്ല. സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധത മാത്രമാണത്.

? ഫ്രാൻസിസ് മാർപാപ്പയുടെ ചില ദർശനങ്ങളും അഭിപ്രായപ്രകടനങ്ങളും കമ്യൂണിസത്തോട് ആഭിമുഖ്യം കാട്ടുന്നതാണെന്നു പറയുന്നുണ്ടല്ലോ. അതേക്കുറിച്ചു പിതാവിന്റെ അഭിപ്രായമെന്താണ്

= 'ഓപ്ഷൻ ഫോർ ദി പുവർ'' എന്നതു ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സഭാനേതൃത്വം സ്വീകരിച്ചിട്ടുള്ള പൊതുനിലപാടാണ്. സഭയുടെ ആഗോള നിലപാടും അതിനോടു പൊരുത്തപ്പെടുന്നതാണ്. പാവപ്പെട്ടവരോടുള്ള ആഭിമുഖ്യത്തെ കമ്യൂണിസമായി കാണാനാവില്ല. താനൊരു സാമ്പത്തിക വിദഗ്ധനല്ലെന്നു മാർപാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവർക്കുവേണ്ടിയുള്ള ശബ്ദമാണു മാർപാപ്പയിലൂടെ മുഴങ്ങുന്നത്. അതു മാർക്‌സിസമല്ലെന്നു മാർപാപ്പ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ടി.വി. തോമസ് തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിയുമ്പോഴാണു മാർ ജോസഫ് പവ്വത്തിൽ അദ്ദേഹത്തെ സന്ദർശിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായിരുന്നു അന്ന് അദ്ദേഹം. രോഗി തന്റെ അതിരൂപതാംഗമാണെന്നതിനു പുറമേ, ടി.വി. തോമസിന്റെ ജ്യേഷ്ഠൻ ആലപ്പുഴ പള്ളിയിൽ കൈക്കാരനായിരുന്നുവെന്നതും ടിവിയുടെ മറ്റൊരു ജ്യേഷ്ഠന്റെ പുത്രനായ ടി.സി. വർഗീസ് തന്റെ സഹപാഠിയായിരുന്നുവെന്നതും സഹായമെത്രാൻ ഇത്തരമൊരു സന്ദർശനം നടത്തുന്നതിനു നിമിത്തമായി.

ആശുപത്രിയിൽ ടിവിയുടെ മുറിയിലേക്കു മാർ പവ്വത്തിൽ ഒറ്റയ്ക്കാണു കടന്നുചെന്നത്. രോഗവിവരങ്ങൾ ആരാഞ്ഞശേഷം കുമ്പസാരിക്കാൻ ആഗ്രഹമുണേ്ടാ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം അതിനു താത്പര്യം പ്രകടിപ്പിച്ചതെന്നു മാർ പവ്വത്തിൽ വിശദീകരിച്ചു. '''അത് എനിക്കറിയാം. സമയത്തു ഞാനതു ചെയ്തുകൊള്ളാം''' എന്നു ടിവി പറഞ്ഞതിനെ മറ്റുവിധത്തിൽ ചിലർ വ്യാഖ്യാനിക്കുന്നുണെ്ടങ്കിലും കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുന്നതിനുള്ള കലർപ്പില്ലാത്ത ആഗ്രഹമാണു ടി വിയുടെ വാക്കുകളിൽ തെളിഞ്ഞുനിന്നതെന്ന കാര്യത്തിൽ മാർ പവ്വത്തിലിനു തെല്ലും സംശയമില്ല.

ഉറച്ച ബോധ്യത്തിൽനിന്നും തെളിഞ്ഞ മനസിൽനിന്നും വരുന്ന വാക്കുകളാണ് മാർ പവ്വത്തലിന്റേത്. താൻ പറയാത്ത പല കാര്യങ്ങളും തന്റേതെന്നു തോന്നിക്കുന്ന രീതിയിൽ പലപ്പോഴും വാർത്തകളിൽ കാണാനിടയായതിൽ പവ്വത്തിൽ പിതാവിനു പരാതിയില്ല. ചില ചാനലുകൾ കുടുംബജ്യോതിയുടെ കവർ പേജിന്റെയും ലേഖനത്തിന്റെയും ക്ലിപ്പിങ്‌സ് കാണിച്ചതു കഴിഞ്ഞ ലക്കത്തിലേതാണ്. അതിൽ ഈ കാര്യങ്ങളൊന്നുമല്ല പറയുന്നത്. നവംബർ ലക്കം ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.

മാർ പവ്വത്തിലിന്റെ വാക്കുകൾക്ക് അടിവരയിടുന്നതാണു പ്രമുഖ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥ കർത്താവും ഈശോസഭ വൈദികനുമായ ഫാ. എ. അടപ്പൂർ നടത്തിയിരിക്കുന്ന വെളിപ്പെടുത്തൽ. ചില പഴയകാല കമ്യൂണിസ്റ്റ് നേതാക്കളുടെ പുസ്തകങ്ങളിലും ഇക്കാര്യം പരാമർശിക്കപ്പെട്ടിരുന്നു.

രോഗബാധിതനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുമ്പോൾ ടി.വി. തോമസ് കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനുമുള്ള താത്പര്യം അഡ്വ. ജോർജ് വർഗീസ് കണ്ണന്താനം മുഖേന അറിയിച്ചതായി ഫാ. അടപ്പൂർ പറയുന്നു. പരസ്യമായി അതു ചെയ്യാൻ കമ്യൂണിസ്റ്റ് നേതാവിനു താത്പര്യമില്ലായിരുന്നു. വൈദികനാണെന്നു തിരിച്ചറിയാത്ത വിധത്തിൽ ടിവി കിടക്കുന്ന മുറിയിലെത്തി കുമ്പസാരം കേൾക്കാമെന്നു ഫാ. അടപ്പൂർ സമ്മതിച്ചെങ്കിലും ഈ വിവരം എങ്ങനെയോ പുറത്തറിഞ്ഞതിനെത്തുടർന്നു പാർട്ടിക്കാർ ആശുപത്രിക്കു കാവൽനിന്നു പുറമേനിന്നുള്ളവരുടെ സന്ദർശനം കർശനമായി നിരോധിച്ചതിനാൽ ടിവിക്ക് അന്ത്യാഭിലാഷം നിറവേറ്റാൻ കഴിഞ്ഞില്ലെന്നു ഫാ. അടപ്പൂർ വിശദീകരിക്കുന്നു.

ആലപ്പുഴ ചക്കരക്കടവു പള്ളിയിൽ വികാരിയായിരുന്ന ഓണംകുളം അച്ചന്റെ അടുത്തും കുമ്പസാരിക്കാനുള്ള ആഗ്രഹം ടി.വി. തോമസ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പാർട്ടി അന്ന് അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഇക്കാര്യം ആലപ്പുഴയിലെ ഒരു പഴയകാല കമ്യൂണിസ്റ്റ് നേതാവിന്റെ പുസ്തകത്തിൽത്തന്നെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP