Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ സിപിഐ(എം) വിഭാഗീയത ശക്തം; ജില്ലാ പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി; നടപടി ഉപരികമ്മറ്റിയംഗത്തെ പൂട്ടിയിട്ടതിന്റെ പേരിൽ

പത്തനംതിട്ടയിൽ സിപിഐ(എം) വിഭാഗീയത ശക്തം; ജില്ലാ പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി; നടപടി ഉപരികമ്മറ്റിയംഗത്തെ പൂട്ടിയിട്ടതിന്റെ പേരിൽ

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. ലോക്കൽ സമ്മേളനത്തിനിടെ ഉപരി കമ്മറ്റിയംഗങ്ങളെ പൂട്ടിയിട്ടതിന്റെ പേരിൽ ജില്ലാ പഞ്ചായത്തംഗം അടക്കം മൂന്നുപേരെ പുറത്താക്കാൻ പാർട്ടി ജില്ലാ കമ്മറ്റി നടപടി ആരംഭിച്ചു. 

സംസ്ഥാന കമ്മറ്റിയുടെ എതിർപ്പ് മറികടന്നാണിതെന്ന് അറിയുന്നു. സിപിഐ(എം) കുന്നന്താനം ലോക്കൽ കമ്മറ്റി സമ്മേളനത്തിനിടെയാണ് ഉപരി കമ്മറ്റിയംഗങ്ങളെ പൂട്ടിയിടുകയും അസഭ്യം വിളിക്കുകയും ചെയ്തത്. ഇതിന്റെ പേരിൽ ജില്ലാ പഞ്ചായത്തംഗം അടക്കം മൂന്നു പേർക്കെതിരേ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് നോട്ടീസ് നൽകി. നിലവിൽ ജില്ലാ പഞ്ചായത്തംഗവും സംഭവം നടക്കുമ്പോൾ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയും സിപിഐ(എം) ഏരിയാ കമ്മറ്റിയംഗവുമായിരുന്ന എസ്.വി. സുബിൻ, മല്ലപ്പള്ളി എരിയാ കമ്മറ്റിയംഗം എം ടി. വിജയൻ, കുന്നന്താനം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

സിപിഐ(എം) പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കുന്നന്താനം ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ജില്ലാ കമ്മറ്റിയംഗം ഫിലിപ്പ് കോശിയടക്കമുള്ള ഉപരി കമ്മറ്റി നേതാക്കളെയാണ് സമ്മേളനഹാളിൽ പൂട്ടിയിടുകയും അസഭ്യം പറയുകയും ചെയ്തത്. കൈയാങ്കളി ഒഴികെയെല്ലാം നടന്നിരുന്നു. സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഔദ്യോഗിക പാനലിനെതിരേ അഞ്ചുപേർ മത്സരിക്കാനെത്തിയിടത്താണ് കുഴപ്പം ആരംഭിച്ചത്. ഇവരോട് ഫിലിപ്പ് കോശിയടക്കമുള്ള നേതാക്കൾ പി•ാറാൻ ആവശ്യപ്പെട്ടു. തയാറാകാതെ വന്നപ്പോൾ സമ്മേളനം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചു.

ഇതിൽ പ്രതിഷേധിച്ചാണ് ഉപരി കമ്മറ്റി നേതാക്കളെ തടഞ്ഞു വച്ച് പൂട്ടിയിട്ടത്. സംഭവം പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചു. ഇതോടെ എസ്.വി. സുബിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. എന്നാൽ, സമ്മേളന കാലയളവിൽ പുറത്താക്കുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്നും വിഭാഗീയതയായി വ്യാഖ്യാനിക്കപ്പെടുമെന്നും കണ്ട് ജില്ലാ കമ്മറ്റിയുടെ തീരുമാനം സംസ്ഥാന കമ്മറ്റി താൽകാലികമായി മരവിപ്പിച്ചു.

എന്നാൽ ഇതേപ്പറ്റി അന്വേഷിക്കാൻ ജില്ലാ കമ്മറ്റി കമ്മിഷനെ നിയോഗിച്ചു. അന്വേഷണം നടത്തിയ കമ്മറ്റി മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. മൂവർക്കുമെതിരേ നടപടിയുണ്ടാകുമെന്ന കാര്യം ചില ജില്ലാ നേതാക്കൾ ഉറപ്പു നൽകുന്നു. സംസ്ഥാനത്ത് സിപിഐ(എം) സമ്മേളനങ്ങളിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ നിലനിൽക്കേയാണ് എസ്.വി.സുബിനെ പാർട്ടി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിൽ നിർത്തി മത്സരിപ്പിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പിസവും സിപിഐ(എം) നടത്തിയ വോട്ടുകച്ചവടവും കാരണം കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.കെ. സജീവിനെതിരേ സുബിൻ അട്ടിമറി വിജയം നേടുകയും ചെയ്തു. സുബിന്റെ നിലവിലെ പദവിയൊന്നും പരിഗണിക്കാതെ നടപടി വേണമെന്നാണ് മല്ലപ്പള്ളിയിലെ വലിയൊരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP