Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനൂപും ജോണി നെല്ലൂരും മത്സരിക്കും; പാർട്ടിയുടെ നിയന്ത്രണം ഡെയ്‌സിക്ക്; ജേക്കബ് വിഭാഗം അന്യം നിന്നു പോകാതിരിക്കാൻ യാക്കോബായ സഭ ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുല വിജയിക്കാൻ യുഡിഎഫ് ഒരു സീറ്റ് കൂടി നൽകി കനിഞ്ഞേ പറ്റൂ

അനൂപും ജോണി നെല്ലൂരും മത്സരിക്കും; പാർട്ടിയുടെ നിയന്ത്രണം ഡെയ്‌സിക്ക്; ജേക്കബ് വിഭാഗം അന്യം നിന്നു പോകാതിരിക്കാൻ യാക്കോബായ സഭ ഇടപെട്ടുണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുല വിജയിക്കാൻ യുഡിഎഫ് ഒരു സീറ്റ് കൂടി നൽകി കനിഞ്ഞേ പറ്റൂ

മറുനാടൻ മലയാളി ബ്യൂറോ

മുവാറ്റപുഴ: കേരളാ കോൺഗ്രസ് ജേക്കബ് പിളരില്ലെന്ന് ഉറപ്പാക്കാൻ യാക്കോബായ സഭയുടെ ഇടപെടൽ. ജോണി നെല്ലൂർ പിളർന്ന് പോയാൽ കേരളാ കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുടെ പ്രസക്തി തന്നെ പോകുമെന്നാണ് സഭയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സഭയോട് അടുപ്പം പുലർത്തുന്ന പാർട്ടിയുടെ നിലനിൽപ്പിനായുള്ള ധാരണകളിൽ നേതൃത്വം സജീവമായത്. ഇതോടെ ജേക്കബ് ഗ്രൂപ്പിലെ ഭിന്നതകളും ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. അങ്കമാലിക്കായുള്ള പിടിവലി പാർട്ടി ചെയർമാൻ കൂടിയായ ജോണി നെല്ലൂർ അവസാനിപ്പിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന സീറ്റ്് നൽകണമെന്ന് ജോണി നെല്ലൂർ യുഡിഎഫിനോട് ആവശ്യപ്പെടാനും ഇതിന് പിന്തുണ നൽകാമെന്ന് അനൂപ് ജേക്കബും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റാണ് ജേക്കബ് ഗ്രൂപ്പിന് നൽകിയത്. ഇത് നിലനിർത്താനാകും നേതൃത്വം ശ്രമിക്കുക. രണ്ട് സീറ്റ് കൊണ്ടും തൃപ്തിപ്പെടും. പാർട്ടി വൈസ് ചെയർമാൻ ഡെയ്‌സി ജേക്കബ് മുൻകൈയെടുത്താണ് അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലെ തർക്കങ്ങൾ പറഞ്ഞു തീർത്തത്. ഇതിനൊപ്പം പാർട്ടിയുടെ നേതൃത്വം താൻ ഏറ്റെടുക്കുമെന്നും ഡെയ്‌സി ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ ചെയർമാൻ സ്ഥാനം ജോണി നെല്ലൂരിന് നഷ്ടമായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ജേക്കബിന്റെ കുടുംബത്തിലേക്ക് ചെയർമാൻ പദവി വരണമെന്നാണ് സഭയുടേയും ആഗ്രഹം. ഇത്തവണ മത്സരത്തിനില്ലെന്ന ഡെയ്‌സി ജേക്കബിന്റെ തീരുമാനത്തേയും സഭ അംഗീകരിച്ചിട്ടുണ്ട്.

അങ്കമാലി സീറ്റ് നൽകില്ലെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. ജോണി നെല്ലൂർ ഔഷധി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിയിരുന്നില്ല. പിറവം സീറ്റിൽ താൻ മത്സരിക്കില്ലെന്നും ഡെയ്‌സി ജേക്കബ് പറഞ്ഞു. പിറവത്ത് അനൂപ് ജേക്കബിന്റെ വിജയത്തിനായി സഭ ഒറ്റക്കെട്ടായി നിൽക്കും. കോൺഗ്രസിനുള്ളിലെ അതൃപ്തരെ അനുനയിപ്പിക്കാനും ശ്രമം നടക്കും. പിറവത്ത് മത്സരിക്കുന്നത് അനൂപ് ജേക്കബ് ആണെങ്കിലും വോട്ട് ചോദിക്കാനെത്തുക ഡെയ്‌സി തന്നെയാകും. അതിനിടെ മൂന്ന് സീറ്റുകൾ യുഡിഎഫ് അനുവദിച്ചാൽ ഡെയ്‌സി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഡെയ്‌സി തന്നെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് ജോണി നെല്ലൂരിന് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

അങ്കമാലി സീറ്റിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് പാർട്ടി സ്ഥാപകൻ ടി.എം ജേക്കബിന്റെ ഭാര്യ കൂടിയായ ഡെയ്‌സി ജേക്കബ് രംഗത്തെത്തിയത്. സീറ്റ് വിഭജനത്തിൽ യു.ഡി.എഫ് പാർട്ടിയെ അവഗണിക്കുന്നത് ചർച്ച ചെയ്യാൻ ചേരുന്ന യോഗത്തിൽ ഒരു വിഭാഗം പിളർപ്പെന്ന തീരുമാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു സൂചന. പാർട്ടിയിൽ ജോണി നെല്ലൂരും അനൂപ് ജേക്കബും തമ്മിൽ മാസങ്ങളായി അനൈക്യത്തിലാണ്. ഉഭയകക്ഷി ചർച്ചകളിൽ അങ്കമാലി നൽകാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് ഭിന്നത പരസ്യമായത്. സീറ്റ് നിഷേധിക്കുന്നതിലെ അതൃപ്തി ജോണി നെല്ലൂർ വ്യക്തമാക്കിയപ്പോൾ ഉഭയകക്ഷി ചർച്ച പോസിറ്റീവാണെന്ന നിലപാടാണ് മന്ത്രികൂടിയായ അനൂപ് ജേക്കബ് കൈക്കൊണ്ടത്.

ഇതിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിലേക്ക് മാറാൻ ജോണി നെല്ലൂർ ശ്രമം നടത്തി. ഇത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കഥ കഴിക്കുമെന്നും ഇതിനായാണ് അങ്കമാലിയിൽ കടുംപിടത്തമെന്നും വിലയിരുത്തലെത്തി. ഇതോടെയാണ് യാക്കോബായ സഭയും ഡെയ്‌സി ജേക്കബും പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. ജോണി നെല്ലൂരൂമായി ഒത്തുതീർപ്പിൽ എത്തണമെന്ന് സഭ തന്നെ ഇടപെട്ട് നിർദേശിക്കുകയായിരുന്നു.

പിറവത്ത് ഡെയ്‌സി മത്സരിച്ചാൽ ജയസാധ്യത കൂടുതലാണ്. എന്നാൽ അനൂപിനെതിരെ ശക്തമായ വികാരവുമുണ്ട്. ഈ സാഹചര്യവും ചർച്ചയായിരുന്നു. എന്നാൽ മകൻ മത്സരിക്കാൻ ആഗ്രഹിക്കുന്നതിനാൽ പിറവത്ത് സ്ഥാനാർത്ഥിയാകില്ലെന്ന് ഡെയ്‌സി തറപ്പിച്ചു പറഞ്ഞു. മകന് വേണ്ടി അവസരം ഒരുക്കുന്ന ഡെയ്‌സി അനൂപിന് വേണ്ടി ഒരിക്കൽ കൂടി വോട്ട് ചോദിച്ചെത്തും.

എന്നാൽ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സജ്ജയുമായി. കോൺഗ്രസ് നേതൃത്വവുമായും ഡെയ്‌സി അനൗപചാരിക ചർച്ചകൾ നടത്തി. പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഈ നിർദ്ദേശം കോൺഗ്രസും അംഗീകരിച്ചു. അങ്ങനെയാണ് ജേക്കബ് വിഭാഗത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത്. എ കെ ആന്റണിയും പ്രശ്‌നത്തിൽ ഇടപെട്ടു. യാക്കോബയ സഭയും ജേക്കബ് ഗ്രൂപ്പിലെ പിളർപ്പൊഴിവാക്കാൻ എത്തിയതോടെ സമവായം അംഗീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തയ്യാറായി. ഇതോടെയാണ് പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത്.

കുട്ടനാടോ മറ്റോ ആവശ്യപ്പെട്ട് ജോണി നെല്ലൂരിനെ അവിടെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ഫ്രാൻസിസ് ജോർജിനൊപ്പം ഡോക്ടർ കെസി ജോസഫ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതിനാൽ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്കമാലി സീറ്റിന് പകരം ജോണി നെല്ലൂരിനായി മറ്റേതെങ്കിലും സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വവും തീരുമാനം കൈക്കൊണ്ടേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP