Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവ്രവാദത്തെ പാലൂട്ടി വളർത്തിയത് സിപിഎമ്മെന്ന് മുസ്ലിം ലീഗ്; നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങൾ മാത്രം; ഇവർ ജീവിക്കുന്നത് ഇരവാദ മുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അൽപ്പ വികാരജീവികളുടെ മനസ്സുകളിൽ മാത്രം; സിപിഎമ്മിനെയും പോപ്പുലർ ഫ്രണ്ടിനെയും രൂക്ഷമായി വിമർശിച്ച് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്

തീവ്രവാദത്തെ പാലൂട്ടി വളർത്തിയത് സിപിഎമ്മെന്ന് മുസ്ലിം ലീഗ്; നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങൾ മാത്രം; ഇവർ ജീവിക്കുന്നത് ഇരവാദ മുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അൽപ്പ വികാരജീവികളുടെ മനസ്സുകളിൽ മാത്രം; സിപിഎമ്മിനെയും പോപ്പുലർ ഫ്രണ്ടിനെയും രൂക്ഷമായി വിമർശിച്ച് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്

കെ വി നിരഞ്ജൻ

കോഴിക്കോട്:പോപ്പുലർ ഫ്രണ്ട്പോലുള്ള തീവ്രാദ സംഘടനകളെ പാലൂട്ടി വളർത്തിയത് സിപിഎം ആണെന്നും , ഇരവാദ മുദ്രാവാക്യങ്ങളുടെ മറപിടിച്ച് ചില അല്പവികാരജീവികളുടെ മനസ്സുകളിൽ ഇടം പിടിക്കാൻ ഈ തീവ്രവാദിസംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുസ്ലീലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്.എന്നാലും കേരള ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ പൊതുധാരയിൽ വിശ്വാസ്യത നേടിയെടുക്കാൻ പതിറ്റാണ്ടുകളായിട്ടും ഇവർക്കായിട്ടില്ലെന്നും കെപിഎ മജീദ് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങൾ മാത്രമാണ് നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകൾ. പ്രവർത്തിക്കാനുള്ള സൗകര്യത്തിനനുസരിച്ച് ഇക്കൂട്ടർ പലരൂപങ്ങളിൽ പലനാമങ്ങളിൽ മാറുന്നു. തിരുവില്വാമലയിലെ സിദ്ധനെ വധിച്ചതുമുതൽ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകംവരെ പല പേരുകളിലാണ് ഈ തീവ്രവാദസംഘടനയുടെ ഓപ്പറേഷനുകൾ.

കേരളത്തിൽ കഴിഞ്ഞ 20 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന മേൽസംഘടനകൾക്ക് പൊതുസമൂഹത്തിന്റെ ഹൃദയാന്തരങ്ങളിൽ ഒരുതരത്തിലുള്ള സ്ഥാനവും നേടിയെടുക്കാൻ സാധിച്ചിട്ടില്ലെന്നത് പച്ചയായ യാഥാർഥ്യം മാത്രമാണ്. എങ്കിലും വിരലിലെണ്ണാവുന്ന ഏതാനും മേഖലകളിൽ ഇക്കൂട്ടർക്ക് നേടാനായിട്ടുള്ള തിരഞ്ഞെടുപ്പുവിജയം സിപിഎമ്മിന്റെ തീവ്രവാദത്തോടുള്ള സന്ധിചേരലും അവസരവാദനയവും കൊണ്ടാണ്. ബഹുസ്വരസമൂഹത്തിനും മുസ്ലീങ്ങൾക്കും മുസ്ലിം ലീഗിനുമെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സിപിഎം. ഈ സംഘടനകളെ ആവുംവിധം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടാണ് തീവ്രവാദത്തിനെതിരേ സിപിഎം. വാചാലരാകുന്നത്. ഇത് ശുദ്ധകാപട്യമല്ലാതെ എന്താണ്? മജീദ് ചോദിക്കുന്നു.

സിപിഎമ്മാണ് ഈ സംഘടനകളെ പാലും തേനും ഊട്ടിവളർത്തുന്നതെന്ന് കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വന്തമായ രാഷ്ട്രീയസംഘടനയും പത്രവും അതിലൂടെ നേടിയെടുക്കുന്ന ബുദ്ധിജീവി പരിവേഷവുംകൊണ്ട് പൊതുസമൂഹത്തിനിടയിൽ മാന്യമായ ഇടം നേടിയെടുക്കാനുള്ള തന്ത്രത്തിന് അരുനിന്നുകൊടുക്കുകയാണ് സിപിഎം. പോലൊരു ഇടതുപക്ഷകക്ഷി ചെയ്യുന്നതെന്നതാണ് പുരോഗമനകേരളത്തിന്റെ ദുഃഖം. കേരളത്തിൽ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ നഖശിഖാന്തം എതിർത്തുകൊണ്ടിരിക്കവേ തന്നെ ഇക്കഴിഞ്ഞ ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. കൈമെയ് മറന്ന് പ്രവർത്തിച്ചത് ആർക്കുവേണ്ടിയായിരുന്നുവെന്ന് സിപിഎം. നേതൃത്വം തുറന്നുപറയണം.

സംസ്ഥാനത്ത് മുസ്ലിംലീഗിന്റെ പ്രബലശക്തിയെയും വേരോട്ടത്തെയും തടുത്തുനിർത്താൻ കിട്ടിയ ആയുധമെന്നു കരുതി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം. തിരഞ്ഞെടുപ്പുകളിൽ ഇവരെ വന്യമായി ഉപയോഗപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും അവർ എസ്.ഡി.പി.ഐ.യെ പരസ്യമായിതന്നെ ഉപയോഗിച്ചു. തദ്ദേശതിരഞ്ഞെടുപ്പുകളിൽ കേവലധാരണയ്ക്കപ്പുറം മുന്നണിബന്ധങ്ങൾ തന്നെ ഉപയോഗിച്ചു. ഇന്നും വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം. ഈ തീവ്രവാദസംഘടനകളുടെ പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കുന്നു. നിയമസഭയിലെ സിപിഎം. സ്വതന്ത്രർ പലർക്കും തള്ളിപ്പറയാൻ പറ്റാത്തവിധം താങ്ങുംതണലും നൽകുന്നതും ഇപ്പോൾ പാർട്ടിനേതാക്കൾ അപലപിക്കുന്ന തീവ്രവാദികൾക്കാണ്.കൊണ്ടോട്ടി നഗരസഭയിൽ സിപിഎമ്മും എസ്.ഡി.പി.ഐ.യും കൈകോർത്താണ് ചില കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരിച്ചത്.

മലപ്പുറം ജില്ലയിലെ പറപ്പൂരിൽ സിപിഎം.-എസ്.ഡി.പി.ഐ.-പി.ഡി.പി.-വെൽൽഫയർപാർട്ടി സാമ്പാർസഖ്യമാണ് ഇപ്പോൾ ഭരണം നടത്തുന്നത്. സിപിഎം. ലോക്കൽ കമ്മിറ്റിയംഗവും മുൻബ്രാഞ്ച് സെക്രട്ടറിയുമായ കാലൊടി ബഷീർ മാസ്റ്ററാണ് പ്രസിഡന്റ്. ഇവിടെ എസ്.ഡി.പി.ഐ.യുടെ അഡ്വ. സൈഫുന്നീസയ്ക്കാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപദവി. വിജയാഹ്ലാദപ്രകടനത്തിൽ സിപിഎം. നേതാക്കൾക്കൊപ്പം എസ്.ഡി.പി.ഐ. നേതാവ് കല്ലൻ അബൂബക്കർ പങ്കെടുത്തത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

1995-2000 കാലത്ത് എടരിക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൻ.ഡി.എഫ്. സുപ്രീംകൗൺസിൽ അംഗമായ വി.ടി. ഇക്രാമുൽഹക്കായിരുന്നു ഇടതുമുന്നണി ഭരണത്തിലെ ആദ്യ രണ്ടരവർഷത്തെ പ്രസിഡന്റ്. ഇപ്പോൾ സിപിഎം. കോട്ടയ്ക്കൽ ഏരിയാ സെക്രട്ടറി അലവിയാണ് പിന്നീട് പ്രസിഡന്റായത്. 2001-ൽ കാവനൂർ പഞ്ചായത്തിൽ സിപിഎം. ഏരിയാ കമ്മിറ്റിയംഗം ശ്രീധരൻ മാസ്റ്റർ പ്രസിഡന്റും എൻ.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി വൈസ് പ്രസിഡന്റുമായിരുന്നു. ഒതുക്കുങ്ങൽ, കണ്ണമംഗലം, എ.ആർ. നഗർ പഞ്ചായത്തുകളിൽ ലീഗ് സ്ഥാനാർത്ഥികൾക്കെതിരേ പരസ്യമായാണ് സിപിഎം.-തീവ്രവാദി കൂട്ടുകെട്ട്. പാലക്കാട് കൊപ്പത്ത് പതിനേഴാം വാർഡിൽ മുസ്ലിംലീഗിനെതിരേ ഇടതുസ്വതന്ത്രൻ വിജയിച്ചത് എസ്.ഡി.പി.ഐ. പിന്തുണയോടെയായിരുന്നു. ഇയാളിപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ഇവിടെ തിരഞ്ഞെടുപ്പ് കൺവീനറായിരുന്നു എൻ.ഡി.എഫ്. പ്രവർത്തകൻ. തിരുവേഗപ്പുറ അഞ്ചാംവാർഡിൽ ലീഗിനെതിരേ നടന്ന പൊതുയോഗത്തിൽ വേദിപങ്കിട്ടത് എസ്.ഡി.പി.ഐ. ജില്ലാ നേതാവും.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഏക എസ്.ഡി.പി.ഐ. അംഗം വിജയിച്ചത് സിപിഎം. പിന്തുണയോടെയാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി നഗരസഭയിൽ എസ്.ഡി.പി.ഐ. പിന്തുണയിലാണ് സിപിഎം. വിജയിച്ചത്. പരിയാരം ഗ്രാമപ്പഞ്ചായത്തിലും പിന്തുണ നൽകി. തീവ്രവാദ കൂട്ടുകെട്ടിനെതിരേ സിപിഐ. മലപ്പുറം ജില്ലാകമ്മിറ്റി പ്രമേയം പാസാക്കി. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി. ഐ.യുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സിപിഎം. അവരുടെ പക്ഷത്തായിരുന്നു. രണ്ടുകൊല്ലം മുമ്പ് കുറ്റ്യാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരേ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരുന്നതിനെത്തുടർന്ന് പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾ പുറത്തിറങ്ങി നടക്കുന്നു. ഒരു ഡസനിലധികം മുസ്ലിം ലീഗ് -യൂത്ത് ലീഗ് പ്രവർത്തകരാണ് പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ.ക്കാരുടെ ആക്രമണങ്ങൾക്ക് ഇരയായത്. ഇരിട്ടിയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരിയെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. കടങ്കോട് യൂത്ത്‌ലീഗ് ഭാരവാഹി ശരീഫിനും സമാനമായി വെട്ടേറ്റു. മുഴുപ്പിലങ്ങാട്, ചെങ്കള, മംഗലപ്പടി, മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിൽ ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ഇന്നും ഈ തീവ്രവാദികളുടെ ആക്രമണത്തിനിരകളായി വേദന തിന്നുകഴിയുന്നു, പലരും ആശുപത്രികൾ കയറിയിറങ്ങുന്നു. പാലക്കാട്ട് ഷൊർണൂരിൽ യൂത്ത്‌ലീഗ് നേതാവ് ഇബ്രാഹിം മേനക്കത്തെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു.

ചളവറ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ ലീഗ് പ്രവർത്തകർക്ക് നിരന്തരമായി എസ്.ഡി.പി.ഐ.ക്കാരുടെ മർദനമേൽക്കേണ്ടിവരുന്നു. പ്രതികൾക്ക് സായുധ-നിയമ സഹായം നൽകിയും പൊലീസിനെ ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതാണ് സിപിഎം. ശൈലി. ഇതുതന്നെയാണ് രാഷ്ട്രീയ പാർട്ടിയുടെ ബാനറുപയോഗിച്ച് തീവ്രവാദികൾ ലക്ഷ്യമിട്ടതും ഇടതുപക്ഷത്തെ ഉപയോഗിച്ച് അവർ നേടിയെടുത്തതും. ഇതെല്ലാമുള്ളപ്പോഴാണ് തീവ്രവാദികൾ കൊന്ന 31 രക്തസാക്ഷികളുടെ പട്ടികയുമായി സിപിഎം. നേതാക്കൾ വരുന്നത്.അഭിമന്യു കൊലക്കേസിൽ ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാത്തതിന് പിന്നിലും ഈ അവിശുദ്ധബന്ധം സംശയിക്കപ്പെടണം. ഹാദിയകേസിൽ കഴിഞ്ഞവർഷം നടന്ന ഹൈക്കോടതി മാർച്ചിലെ പ്രതികളെ ഓടിച്ചിട്ടുപിടിക്കുന്ന സിപിഎമ്മിന്റെ പൊലീസിന് എന്തുകൊണ്ട് ഇതുവരെയും അക്കാര്യം തോന്നിയില്ല. കഠുവ വധക്കേസിലെ വാട്‌സാപ്പ് ഹർത്താൽ പ്രതികളെ പിടികൂടാതിരുന്നതിനു പിന്നിലും ഈ ബന്ധം തന്നെ. -കെപി എ മജീദ് ലേഖനത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP