Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയരാജനെ മന്ത്രിസഭയിൽ എടുക്കാൻ സമ്മർദ്ദം ശക്തം; എതിർപ്പുമായി കോടിയേരി; ആരേയും ഒഴിവാക്കാതെ ഒരാളെ കൂടി എടുക്കാമെങ്കിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാൻ ആലോചന; വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമോ?

ജയരാജനെ മന്ത്രിസഭയിൽ എടുക്കാൻ സമ്മർദ്ദം ശക്തം; എതിർപ്പുമായി കോടിയേരി; ആരേയും ഒഴിവാക്കാതെ ഒരാളെ കൂടി എടുക്കാമെങ്കിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാൻ ആലോചന; വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബന്ധുത്വ നിയമന വിവാദത്തിൽ നിന്ന് കുറ്റവിമുക്തനായ ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കാൻ സമ്മർദ്ദം. എന്നാൽ ജയരാജനെ മന്ത്രിയാക്കുന്നതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുകൂലിക്കുന്നില്ല. കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തിൽ പിണറായി വിഭാഗത്തിന് കരുത്ത് കൂടുമെന്നതും കൊണ്ടാണ് അത്. ഇപി ജയരാജനായിരുന്നു കണ്ണൂരിലെ പിണറായിയുടെ അതിവിശ്വസ്തൻ. ഇപി മന്ത്രിസഭയിലെത്തിയാൽ ഈ ബന്ധം കൂടുതൽ ഊഷ്മളമാകും. ഇതോടെ പാർട്ടി സമ്മേളനത്തിൽ പിണറായി കണ്ണൂരിൽ കൂടുതൽ കരുത്തു കാട്ടും. ഇതിന് തടയിടാൻ ഇപിയെ പിണറായിയുമായി ആവുന്നത്ര അകറ്റാനുമാണ് നീക്കം. ഇതു കൊണ്ട് തന്നെ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇപിയെ അകറ്റി നിർത്താനാണ് കോടിയേരിയുടെ നീക്കം.

ബന്ധു നിയമന കേസ് അഴിമതി നിരോധനനിയമ പ്രകാരം കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥനു റിപ്പോർട്ട് നൽകി. ഇതു വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ അംഗീകരിച്ചാൽ കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കേസിന്റെ കുരുക്കു തീർന്നാൽ ജയരാജൻ മന്ത്രിസഭയിലേക്കു തിരിച്ചുവരാനുള്ള സാധ്യതയേറും. എന്നാൽ കേസുണ്ടായതിന്റെ പേരിലല്ല, പാർട്ടിയുടെ രീതിക്ക് ഇണങ്ങാത്ത നടപടി മന്ത്രിയെന്ന നിലയിൽ ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്ന് കോടിയേരി പറയുന്നു. അതുകൊണ്ടു തന്നെ ഇപിയെ മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് കോടിയേരിയുടെ വാദം.

എങ്കിലും ഇത്രയും കാലം മന്ത്രിസ്ഥാനത്തു നിന്നു മാറ്റിനിർത്തിയതു ശിക്ഷയായി കണക്കാക്കി തിരിച്ചെടുക്കാമെന്ന വാദം പിണറായി വിഭാഗം ശക്തമാക്കും. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. ഒരു മന്ത്രിയെ കൂടി നിയമിക്കാൻ കഴിയും. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളെ കുറച്ചത്. അതുകൊണ്ട് തന്നെ അഴിമതിക്കുരുക്കിൽപ്പെട്ട തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ച് ഇപിയെ മന്ത്രിയാക്കാനാണ് നീക്കം. ഭാവിയിൽ എൻസിപിക്ക് മന്ത്രിസ്ഥാനം നൽകുകയും ഇല്ല. ഇതാണ് പിണറായിയുടെ മനസ്സിലെ പദ്ധതി. പക്ഷേ കോടിയേരി അടുത്താൽ മാത്രമേ ഇതുമായി മുന്നോട്ട് പോവുകയുള്ളൂ. തോമസ് ചാണ്ടിക്കെതിരെ അതിശക്തമായ ആരോപണങ്ങളാണ് അനുദിനം ഉയരുന്നത്. അതുകൊണ്ടു തന്നെ ചാണ്ടിയെ മാറ്റണമെന്ന അഭിപ്രായം പിണറായി ക്യാമ്പിൽ സജീവമാണ്.

പിണറായി വിജയൻ മന്ത്രിസഭയിൽ ജയരാജൻ വ്യവസായ മന്ത്രിയായിരിക്കേ, കേരള സ്റ്റേറ്റ് ഇൻഡ്രസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി ബന്ധു കൂടിയായ പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീറിനു നിയമനം നൽകിയതുമായി ബന്ധപ്പെട്ടതായിരുന്നു ഇപി ജയരാജനെതിരായ കേസ്. ജയരാജൻ, അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, സുധീർ എന്നിവരാണു പ്രതികൾ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു റീസ്ട്രക്ചറിങ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) അഭിമുഖം നടത്തി നിയമനം നൽകണമെന്നായിരുന്നു സർക്കാർ സർക്കുലർ. എന്നാൽ അഭിമുഖത്തിൽ പങ്കെടുക്കാത്ത, യോഗ്യതയില്ലാത്തയാളെ മന്ത്രി നിയമിച്ചെന്നായിരുന്നു കേസ്.

റിസോട്ടിനായി അനധികൃതമായി ഭൂമി കൈയേറിയെന്ന കേസിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയെ തുടർന്നാണ് നടപടി. വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലൻസ് മേധാവികൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയത്.മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് പോകാൻ രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡ് നിർമ്മിച്ചെന്നും കായൽ നികത്തിയെന്നുമാണ് ആരോപണം.

മാർത്താണ്ഡം കായലിൽ മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചുനൽകിയ ഏക്കർ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം. എന്നാൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിട്ടിയില്ലെന്നുമാണ് മന്ത്രി തോമസ് ചാണ്ടിയുടെ നിലപാട്. ഇതു സംബന്ധിച്ച വാർത്തകൾ തോമസ് ചാണ്ടിക്ക് കടുത്ത വെല്ലുവിളിയാണ്. തോമസ് ചാണ്ടിക്ക് ഏത് നിമിഷവും രാജി വയ്‌ക്കേണ്ടിവരുമെന്ന വിലയിരുത്തൽ സജീവമാണ്. 

മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാർ മാത്രമേയുള്ളൂവെന്നതിനാൽ ജയരാജനെ തിരിച്ചെടുക്കാനായി ആരെയും ഒഴിവാക്കേണ്ടിവരില്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിൽ 21 മന്ത്രിമാർ വരെയാകാം. ഏതായാലും കോടതി നടപടി കൂടി പൂർത്തിയായാലേ ഇക്കാര്യം സി.പി.എം പരിഗണിക്കാനിടയുള്ളൂ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് ജയരാജനെ തിരികെയെടുക്കുമെന്ന പ്രചാരണം ശക്തമാണ്. പാർട്ടി സമ്മേളനങ്ങളെല്ലാം പൂർത്തിയായശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി മന്ത്രിസഭാ അഴിച്ചുപണി വരുമെന്നും അഭ്യൂഹവുമുണ്ട്. താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ ഹൈക്കോടതിയെ സമീപിച്ചു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു.

കേസിനു പിന്നിൽ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസാണെന്ന് ജയരാജൻ പറയുന്നു. കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചപ്പോൾ, അതു കോടതി നോക്കിക്കോളുമെന്നാണു ജേക്കബ് തോമസ് പറഞ്ഞത്. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒരു നീതീകരണവുമില്ലാതെ കേസെടുത്തതെന്ന് ഒരു ഉദ്യോഗസ്ഥൻ എന്റെ അഭിഭാഷകനോടു വെളിപ്പെടുത്തി. കേസിൽ പെട്ടപ്പോൾ ഇടതുപക്ഷ മാധ്യമങ്ങളുൾപ്പെടെ എന്നെ പിന്തുണച്ചില്ല. ബന്ധുനിയമനത്തിനു കേസെടുക്കണമെങ്കിൽ രക്തബന്ധം വേണം. സാമ്പത്തിക ലാഭവും ഉണ്ടാക്കണം. ഇതൊന്നുമില്ലാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്'' - ഇ.പി. ജയരാജൻ നിലപാട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് താൻ ചെയ്തതിൽ നിയമവും ചട്ടവും അനുസരിച്ച് തെറ്റില്ലെന്നും മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. നിരപരാധിത്വം ജനങ്ങളേയും പാർട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കേന്ദ്രകമ്മിറ്റി ചേർന്ന ദിവസമാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത്. ഇതിന് പിന്നിൽ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. തനിക്കെതിരെ കേസെടുത്ത ജേക്കബ് തോമസിനെ ഇന്നുവരെ ഫോണിൽ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല, ജയരാജൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP