Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിക്കുന്നത് ഇടതിന്റെ ദിനങ്ങൾ തന്നെ! വീരേന്ദ്രകുമാറും പിജെ ജോസഫും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയിൽ എത്തും; ആർഎസ്‌പിയും സാധ്യത തള്ളിക്കളഞ്ഞില്ല; അരുവിക്കരയിൽ തോറ്റാൽ ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തിരിക്കും

കാത്തിരിക്കുന്നത് ഇടതിന്റെ ദിനങ്ങൾ തന്നെ! വീരേന്ദ്രകുമാറും പിജെ ജോസഫും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണിയിൽ എത്തും; ആർഎസ്‌പിയും സാധ്യത തള്ളിക്കളഞ്ഞില്ല; അരുവിക്കരയിൽ തോറ്റാൽ ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തിരിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ മുന്നണികളുടെ നിലവിലെ ഭൂരിപക്ഷം വ്യക്തമായി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ 73 വോട്ടുകളാണ് ഭരണമുന്നണിക്ക് കിട്ടിയത്. 66 പ്രതിപക്ഷത്തിനും. യുഡിഎഫിൽ പിസി ജോർജ് ഇനി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി സർക്കാരിന്റെ നിയമസഭയിലെ അംഗബലം 72 ആണെന്ന് ഉറപ്പിക്കാം. ഇവിടെയാണ് വീരേന്ദ്ര കുമാറിന്റെ ജനതാദൾ യുണൈറ്റഡിന്റെ മുന്നണി മാറ്റ സൂചന ശ്രദ്ധേയമാകുന്നത്. വീരനൊപ്പമുള്ള രണ്ട് പേർ കൂറുമാറിയാൽ ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള അംഗസംഖ്യ 70 ആകും. പ്രതിപക്ഷത്ത് 69ഉം. കാർത്തികേയന്റെ മരണത്തോടെ ഒഴിവ് വന്ന അരുവിക്കരയിലെ ഫലം ഇടത്തോട്ടായാൽ നിയമസഭയിൽ അംഗബലം കുറുകൃത്യമാകും. ഇത്രയും കാര്യം ഉറപ്പിക്കാവുന്ന സാഹചര്യത്തിലാണ് ഇപ്പോൾ.

യു.ഡി.എഫിൽ തൃപ്തരല്ലെന്ന് തന്നെയാണ് ജെ.ഡി.യു നേതൃയോഗത്തിന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ പോകുന്നതിനുള്ള തടസ്സവും അവർ പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, ദേശീയതലത്തിൽപോലും ജനതാദളിന്റെ സ്വാഭാവിക മിത്രം ഇടതുപാർട്ടികളാണ്. ആ സാഹചര്യത്തിൽ പാർട്ടിരൂപീകരണ പ്രക്രിയ പൂർത്തിയായലുടൻ തന്നെ മുന്നണിമാറ്റ പ്രഖ്യാപനം ദേശീയതലത്തിൽ ഉണ്ടാകും. ഇതോടൊപ്പം ദേശീയസംസ്ഥാന തലങ്ങളിൽ സിപിഐ(എം). നേതൃത്വത്തിലുണ്ടായിട്ടുള്ള മാറ്റവും ജെ.ഡി.യുവിന് ആശ്വാസം പകരുന്നുണ്ട്. യെച്ചൂരി നേതൃത്വത്തിൽ വന്നതുകൊണ്ടുതന്നെ സിപിഎമ്മുമായി ഇനി സഹകരിക്കുന്നതിൽ വലിയ പ്രശ്‌നമുണ്ടാവില്ലെന്നാണ് ദേശീയതലത്തിലുള്ള നിലപാട്.

ഇതിനൊപ്പമാണ് ആർഎസ്‌പിയുടേയും കേരളാ കോൺഗ്രസിലെ പിജെ ജോസഫിന്റേയും ചാഞ്ചാട്ടം. ഇടതിനൊപ്പം ചേരില്ലെന്ന് ഉറപ്പിച്ച് പറയാൻ ആർഎസ്‌പി തയ്യാറല്ല. എൻകെ പ്രമേചന്ദ്രനും എഎ അസീസും യുഡിഎഫിൽ നിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആർഎസ്‌പിയുടെ പൊതു വികാരം അങ്ങനെയല്ല. ദേശീയ സെക്രട്ടറി ചന്ദ്രചൂഡനും കൂട്ടരും പരസ്യമായി ഇടതുപക്ഷത്തെ അനുകൂലിച്ച് രംഗത്തുണ്ട്. സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒത്തുപിടിച്ചാൽ ആർഎസ്‌പി വലതിനെ കൈവിടുമെന്ന് എല്ലാർക്കും അറിയാം. അത് സാധ്യവുമാണ്. ഷിബു ബേബി ജോൺ ഉൾപ്പെടെ മൂന്ന് എംഎൽഎമാരാണ് ആർഎസ്‌പിയിലുള്ളത്. ഈ ഒറ്റ നീക്കം കൊണ്ട് തന്നെ ഇടതു മുന്നണിക്ക് ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെ വീഴ്‌ത്താം.

ഇതിനൊപ്പമാണ് കേരളാ കോൺഗ്രസിലെ പിജെ ജോസഫിന്റെ നിലപാട്. ബാർ കോഴയിൽ വിവാദ ചുഴിയിൽ നിന്ന് രക്ഷപ്പെടാൻ കെ എം മാണിയെ കൈവിടുന്നതിനെ കുറിച്ചാണ് ജോസഫിന്റെ ചിന്ത. മാണിയുമൊത്ത് ഇടത് പക്ഷത്ത്് എത്തി സർക്കാരിനെ വീഴ്‌ത്തുകയെന്ന തന്ത്രം ഇനി നടക്കില്ല. മാണിയെ ഇടതു പക്ഷത്ത് എടുക്കാനാകില്ലെന്ന് കോടിയേരി വ്യക്തമാക്കി കഴിഞ്ഞു. ജോസഫും മോൻസ് ജോസഫും പിന്നെ ടിയു കുരുവിളയും ബാർകോഴയിലെ അപമാനഭാരത്താൽ കേരളാ കോൺഗ്രസ് വിടാൻ തയ്യാറെടുക്കുകയാണ്. ഇടതു പക്ഷത്തുള്ള സ്‌കറിയാ തോമസാണ് ഈ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. പിസി തോമസുമായി തെറ്റിയ സ്‌കറിയയ്ക്ക് ജോസഫ് മികച്ച പിടിവള്ളിയുമാണ്. ഈ നീക്കങ്ങൾ ഫലം കണ്ടാൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ന്യൂനപക്ഷമാകും.

എല്ലാത്തിനേയും സ്വാധീനിക്കുക അരുവിക്കരയിലാണ്. അരുവിക്കരയിൽ കാർത്തികേയന്റെ സഹാതാപതംരഗത്തിൽ ജയിക്കാനായാൽ ജനമനസ്സ് തനിക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയും. അങ്ങനെ വന്നാൽ വീരനും ആർഎസ്‌പിയും ജോസഫുമെല്ലാം മുന്നണി മാറുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കും. എന്ത് വിലകൊടുത്തും അരുവിക്കരയിൽ ജയിക്കാൻ ഉമ്മൻ ചാണ്ടി തന്ത്രങ്ങൾ മെനയുന്നത് അതുകൊണ്ടാണ്. ജനസമ്പർക്ക പരിപാടിയിൽ പോലും ഇതിന്റെ സാധ്യതകളാണ് സർക്കാർ തേടുന്നത്. വികസന വിഷയത്തിൽ മാത്രം ഇടപെടുന്ന സർക്കാരാകാൻ ശ്രമിക്കും. സോളാർ കമ്മീഷനിൽ നടക്കുന്ന സംഭവങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. കമ്മീഷന്റെ തീരുമാനം എതിരായാൽ ഈ സമവാക്യങ്ങൾ ഒന്നുമില്ലാതെ തന്നെ രാജിവയ്‌ക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടിക്ക് അറിയാം.

അരുവിക്കരയിൽ രാഷ്ട്രീയ കാലാവസ്ഥ സർക്കാരിന് ഒട്ടും ഗുണകരമല്ല. കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കി സഹതാപം ഉയർത്താൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി അരുവിക്കര പിടിക്കാൻ സിപിഐ(എം) ശ്രമിക്കും. തിരുവനന്തപുരത്തെ ഏറ്റവും പ്രമുഖനായ എം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നതും അതുകൊണ്ടാണ്. കരുനീക്കങ്ങൾ കരുതലോടെയായാൽ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളെ തോൽപ്പിക്കാൻ കഴിയുമെന്ന് കോടിയേരിക്ക് അറിയാം. ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി എത്തിയതും കോടിയേരിക്ക് ഈ കരുനീക്കങ്ങളിൽ കരുത്താണ്. യെച്ചൂരിയുടെ സ്വന്തം വി എസ് അച്യുതാനന്ദൻ രാഷ്ട്രീയ നീക്കങ്ങളിൽ സിപിഎമ്മിനെ ഇനി ഒറ്റുകൊടുക്കില്ല. അരുവിക്കരയിലെ പ്രധാന പ്രചാരകനായി പ്രതിപക്ഷത്തെ നയിക്കാൻ വി എസ് ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP