Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോൽവിയിൽ മുസ്ലിം ലീഗിനെ പഴിച്ച് ജനതാദൾ; യുഡിഎഫ് ഘടകകക്ഷികൾ നേതൃത്വത്തിന്റെ വാക്കു കേട്ടില്ലെന്നു വീരേന്ദ്രകുമാർ; നേമത്തു മൂന്നാമതായ സുരേന്ദ്രൻ പിള്ള ഇനി ജെഡിയു വൈസ് പ്രസിഡന്റ്

തോൽവിയിൽ മുസ്ലിം ലീഗിനെ പഴിച്ച് ജനതാദൾ; യുഡിഎഫ് ഘടകകക്ഷികൾ നേതൃത്വത്തിന്റെ വാക്കു കേട്ടില്ലെന്നു വീരേന്ദ്രകുമാർ; നേമത്തു മൂന്നാമതായ സുരേന്ദ്രൻ പിള്ള ഇനി ജെഡിയു വൈസ് പ്രസിഡന്റ്

കോഴിക്കോട്ട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദളിന്റെ തോൽവിക്കു കാരണമായതു യുഡിഎഫിലെ ഘടകകക്ഷികളെന്ന് ജെഡിയു അധ്യക്ഷൻ എം പി വീരേന്ദ്രകുമാർ. മുസ്ലിം ലീഗിനെ വിമർശിച്ചായിരുന്നു വീരേന്ദ്രകുമാറിന്റെ പരാമർശം.

കോൺഗ്രസ്,മുസ്ലിം ലീഗ് പ്രവർത്തകർ നേതൃത്വത്തിന്റെ വാക്ക് കേട്ടില്ല. അതിനാലാണ് പരാജയം സംഭവിച്ചത്. നേമം,കൽപ്പറ്റ,വടകര എന്നീ മണ്ഡലങ്ങളിൽ സംഭവിച്ചതാണിതെന്നും ജെഡിയു സംസ്ഥാന ഭാരവാഹി യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് വീരേന്ദ്രകുമാർ പറഞ്ഞു.

സംഘപരിവാറിനെതിരായ ജനവികാരമാണ് എൽഡിഎഫിനെ വിജയിപ്പിച്ചതെന്നും വീരേന്ദ്രകുമാർ പറഞ്ഞു. പരാജയം സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കളായ വറുഗീസ് ജോർജ്, ഷെയ്ക്ക് പി ഹാരിസ് എന്നിവർ രാജി വച്ചെങ്കിലും നേതൃത്വം ഇടപെട്ട് പിൻവലിക്കാൻ ആവശ്യപ്പെട്ടു. അതിനിടെ, ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റായി വി. സുരേന്ദ്രൻ പിള്ളയെ നിയമിച്ചു.

ജെഡിയു അധ്യക്ഷൻ വീരേന്ദ്രകുമാറിന്റെ നിലപാടുകൾക്കും ആലപ്പുഴ ഡിസിസിക്കും എതിരെ രൂക്ഷ വിമർശനവും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ ചേർന്ന ജനതാദൾ യുണൈറ്റഡ് സംസ്ഥാന യോഗത്തിൽ ഉയർന്നു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷെയ്ഖ് പി ഹാരീസാണ് കോൺഗ്രസിനെതിരെ വിമർശനവുമായി എത്തിയത്. ആലപ്പുഴ ഡിസിസിയും ഡിസിസി പ്രസിഡന്റും തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചില്ല എന്ന ആരോപണമാണ് ഷെയ്ഖ് പി ഹാരിസ് ഉയർത്തിയത്.

കോൺഗ്രസ് മത്സരിച്ചുകൊണ്ടിരുന്ന അമ്പലപ്പുഴ സീറ്റ് ഇത്തവണ ജനതാദളിന് കൈമാറുകയായിരുന്നു. ജനതാദൾ സ്ഥാനാർത്ഥിയായ ഷെയ്ഖ് പി ഹാരിസാകട്ടെ സിറ്റിങ് എംഎൽഎയായ ജി. സുധാകരനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന സമിതിയിൽ കോൺഗ്രസിന്റെ ആലപ്പുഴ നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർന്നത്.
അതേസമയം രാജ്യസഭാ സീറ്റ് എന്ന യുഡിഎഫിന്റെ വാഗ്ദാനത്തിൽ അധ്യക്ഷൻ വീരേന്ദ്രകുമാർ അടക്കമുള്ള നേതൃത്വം കീഴ്പ്പെട്ടു എന്ന വിമർശനവും സംസ്ഥാന യോഗത്തിൽ ഉയർന്നു. യുഡിഎഫ് മുന്നണി വിട്ട് ജനതാദൾ പോകരുതെന്ന ഏതാനും പേരുടെ സമ്മർദ്ദത്തിന് നേതൃത്വം കീഴടങ്ങിയെന്നും സമിതിയിൽ ആരോപണം ഉയർന്നു. നേമത്തെ തോൽവിയിൽ കോൺഗ്രസിനും പങ്കുണ്ടെന്ന ആരോപണവും സമിതിയിൽ ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP