Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴ മുറുകിയപ്പോൾ എംഎൽഎമാരെ പിടിക്കാൻ ചാക്കുമായി മുന്നണികൾ; പരസ്യ പ്രസ്താവനകളിലൂടെ അവിശ്വാസം ജനിപ്പിക്കുക ലക്ഷ്യം; ആറ് എൽഡിഎഫ് എംഎൽഎമാർ യുഡിഎഫിൽ എത്തുമെന്ന് പറഞ്ഞ് ഒടുവിൽ വെടിപൊട്ടിച്ചത് ജോണി നെല്ലൂർ

ബാർകോഴ മുറുകിയപ്പോൾ എംഎൽഎമാരെ പിടിക്കാൻ ചാക്കുമായി മുന്നണികൾ; പരസ്യ പ്രസ്താവനകളിലൂടെ അവിശ്വാസം ജനിപ്പിക്കുക ലക്ഷ്യം; ആറ് എൽഡിഎഫ് എംഎൽഎമാർ യുഡിഎഫിൽ എത്തുമെന്ന് പറഞ്ഞ് ഒടുവിൽ വെടിപൊട്ടിച്ചത് ജോണി നെല്ലൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് എംഎൽഎമാരുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടിയുടെ നേൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയത്. അന്ന് തന്നെ രാഷ്ട്രീയ നിരിക്ഷകർ പറഞ്ഞത് ഈ സർക്കാറിൽ എന്തൊക്കെ കാണാൻ കിടക്കുന്നു എന്നാണ്. സർക്കാർ രണ്ട് വർഷം പിന്നിട്ടപ്പോൾ യുഡിഎഫ് കൂടുതൽ കരുത്താർജ്ജിക്കുകയും സിപിഐ(എം) എംഎൽഎ സെൽവരാജിനെ രാജിവെപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി വിജയിക്കാനും സർക്കാറിന് സാധിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് വർഷങ്ങൾ യുഡിഎഫ് സർക്കാറിൽ വിവാദങ്ങളുടെ തേരോട്ടമായിരുന്നു. കെ ബി ഗണേശ് കുമാറിനെതിരെ ഗാർഹിക പീഡന ആരോപണങ്ങളും ഇതിന് ശേഷമുണ്ടായ സോളാർ വിവാദവും ഉമ്മൻ ചാണ്ടി സർക്കാറിനെ ശരിക്കും പടിച്ചു കുലുക്കുക തന്നെ ചെയ്തു.

എന്നാൽ ഇങ്ങനെ വിവാദങ്ങൾ ഒന്നിനു പിറമേ മറ്റൊന്നായി ഉയർന്നപ്പോഴും യുഡിഎഫ് സർക്കാറിനെ മുന്നോട്ടു നയിച്ചുകൊണ്ട് സർക്കാർ ഉമ്മൻ ചാണ്ടി മുന്നോട്ടുപോയി. എന്നാൽ ബാർകോഴ വിവാദം മറുകിയതോടെ ഈ സർക്കാർ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനൊപ്പം വിവാദം മുറുകിയതോടെ സോഷ്യലിസ്റ്റ് ജനതയും സർക്കാറിനെതിരെ കടുത്തവിമർശനവുമായി രംഗത്തെത്തി. ഇങ്ങനെയുള്ള വിഷയങ്ങളെയെല്ലാം അതിജീവിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിടിനിടെ ഇരു മുന്നണികളും ഓരോ കക്ഷികളെയും അടർത്തിയെടുക്കാനുള്ള ശ്രമങ്ങളുമായി രംഗത്തെത്തി.

പ്രസ്താവനാ യുദ്ധങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തി അവിശ്വാസം സൃഷ്ടിക്കാനാണ് ഇപ്പോൾ മുന്നണി നേതാക്കളുടെ ശ്രമം. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ സിപിഐയ്ക്ക് വേണ്ടി ചൂണ്ടയെറിഞ്ഞ് മുസ്ലിംലീഗും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ജോണി നെല്ലൂരും ഈ പ്രസ്താവനാ യുദ്ധത്തിലേക്ക് എടുത്തുചാടി. അധികം താമസിക്കാതെ ആറ് എൽ.ഡി.എഫ് എംഎ‍ൽഎമാർ യു.ഡി.എഫിലെത്തുമെന്ന് പരഞ്ഞുകൊണ്ടാണ് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ വെടിപൊട്ടിച്ചിരിക്കുന്നത്.

ഇപ്പോൾ എൽ.ഡി.എഫിലുള്ള ഒരു പ്രമുഖകക്ഷിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. ചർച്ചയിൽ താനും പങ്കെടുത്തു. അടുത്ത നിയമസഭ സമ്മേളനം തീരുംമുമ്പ് ഇത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് കക്ഷിയുമായിട്ടാണ് ചർച്ച നടത്തിയതെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിയെ ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിന്റെ പ്രസത്ാവനകൾ എന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യം എൻ.സി.പി നേതാവും എംഎ‍ൽഎയുമായ എ.കെ ശശീന്ദ്രനും സിപിഐ നേതാവ് സി.കെ ചന്ദ്രനും നിഷേധിച്ചു. ചെറിയ പാർട്ടികളുടെ വലിയ മോഹങ്ങളാണിതെന്ന് ശശീന്ദ്രൻ പറഞ്ഞു. മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണിതെന്നാണ് ചന്ദ്രന്റെ പ്രതികരണം.

അതിനിടെ ഭിന്നിപ്പിനെ തുടർന്ന് അകന്നുനിന്ന എസ്‌ജെഡി നേതാവ് എം പി വീരേന്ദ്രകുമാറും ജനതാദൾഎസ് നേതാവ് കെ കൃഷ്ണൻക്കുട്ടിയും ഏറെക്കാലത്തിന് ശേഷം ഒരു വേദിയിൽ ഒരുമിച്ചും യുഡിഎഫിന് ആശങ്ക പകരുന്നതാണ്. ജനതാദൾസർവ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സെന്റർസംസ്ഥാന സമ്മേളന വേദിയാണ് ഇരുവരെയും ഏറെക്കാലത്തിന് ശേഷം ഒരുമിപ്പിച്ചത്. വീരേന്ദ്രകുമാർ വേദിയിലും കൃഷ്ണൻകുട്ടി സദസ്സിന്റെ മുൻ നിരയിലുമാണ് ഇരുന്നത്.

വീരേന്ദ്രകുമാർ എത്തിയത് ഉദ്ഘാടനം ചെയ്യാനാണെങ്കിൽ കൃഷ്ണൻകുട്ടി എത്തിയത് സെമിനാറിൽ പ്രഭാഷണം നടത്താനും ആയിരുന്നു.ഒരു വര്ഷം മുൻപ് സോഷ്യലിസ്റ്റ് ജനതയിൽ നിന്ന് രാജി വച്ച് പുറത്ത് പോയ കൃഷ്ണൻകുട്ടി എം പി വീരേന്ദ്രകുമാറിനെതിരെ പറഞ്ഞ ആരോപണങ്ങളും അതിനുള്ള മറുപടിയും എല്ലാം സദസിലുണ്ടായിരുന്ന എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തി.വീരേന്ദ്ര കുമാറും അതൊന്നും മറന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെപ്രസംഗവും വ്യക്തമാക്കി. ഉദ്ഘാടനത്തിനായി ആദ്യം നിലവിളക്ക് കൊളുത്തിയ വീരേന്ദ്രകുമാർ അടുത്തതായി ക്ഷണിച്ചത് കൃഷ്ണൻ കുട്ടിയെ ആയിരുന്നു എന്നത് ശ്രദ്ധേയമായി. സോഷ്യലിസ്റ്റ് ജനത ഒരുമിക്കുമ്പോൾ ഏകീകൃത ജനതാദൾ യുണൈറ്റഡ് ഇടതുമുന്നണിയിൽ നിൽക്കുമെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഇതിനിടെയാണ് ഇരുനേതാക്കളും ഒരു വേദിയിൽ എത്തിയതും.

എന്തായാലും മുന്നണി രാഷ്ട്രീയം കുഴഞ്ഞുമറിയുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് സജീവമായി നടക്കുന്നത്. യുഡിഎഫിൽ നിന്നും ഗണേശ് കുമാരിനെ അടർത്തിയെടുത്ത സിപിഐ(എം) അടുത്തതായി ലക്ഷ്യമിടുന്നത് ആർഎസ്‌പിയെയും ജനതാദളിനെയുമാണ്. ഇതിനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുമ്പോൾ തന്നെയാണ് ഇടതുമുന്നണിക്കൊപ്പമുള്ള എൻസിപിയെയും സിപിഐയെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ യുഡിഎഫ് നേതാക്കൾ നടത്തുന്നതും. കെ എം മാണി യുഡിഎഫ് വിടുമെന്ന സാഹചര്യം ഉയർന്നപ്പോഴാണ് അദ്ദേഹത്തെ വെട്ടിലാക്കിയ ബാർകോഴ വിവാദം ഉയർന്നതും. ഇപ്പോൾ യുഡിഎഫിനൊപ്പമുള്ള പി സി ജോർജ്ജ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എവിടെ ആയിരിക്കും എന്നകാര്യത്തിലും ഇനിയും ഉറപ്പായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP