Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമരാമത്ത് - ജലസേചന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് നടപടി എടുക്കാമോ? ചെന്നിത്തല സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന് ആരോപണം; വീണു കിട്ടിയ അവസരം മുതലെടുത്ത് മുഖ്യമന്ത്രിയും; യുഡിഎഫിൽ വീണ്ടും പൊട്ടലും ചീറ്റലും

പൊതുമരാമത്ത് - ജലസേചന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് നടപടി എടുക്കാമോ? ചെന്നിത്തല സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന് ആരോപണം; വീണു കിട്ടിയ അവസരം മുതലെടുത്ത് മുഖ്യമന്ത്രിയും; യുഡിഎഫിൽ വീണ്ടും പൊട്ടലും ചീറ്റലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രിമാർ അറിയാതെ സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തരലയുടെ നിലപാടിൽ യുഡിഎഫിനകത്ത് കടുത്ത അമർഷം പുകയുന്നു. വിജിലൻസ് വകുപ്പ് കൈയാളുന്ന ചെന്നിത്തല സൂപ്പർമുഖ്യമന്ത്രി ചമയുന്നു എന്ന ആരോപണം ഉയർത്തിയാണ് ഘടകക്ഷികൾ ഇത്തവണ രംഗത്തെത്തിയത്. അഴിമതി ആരാപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി നടപടി സ്വീകരിച്ചത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർമാരെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

തങ്ങളുടെ വകുപ്പിന്മേൽ ആഭ്യന്തര വകുപ്പ് കൈകടത്തിയതിൽ മന്ത്രിമാരായ പി.ജെ. ജോസഫും പി.കെ. ഇബ്രാഹിംകുഞ്ഞും മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതോടെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയും വ്യക്തമാക്കി. നടപടിയെ കുറിച്ച് പരിശോധിക്കണെന്ന ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിനുള്ളിലും ഗ്രൂപ്പു യുദ്ധങ്ങൾക്ക് പുതിയ തുടക്കമായി. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ആഭ്യന്തര വകുപ്പിന് അധികാരമുണ്ടെന്നതും ശരിയാണ്. പക്ഷേ ബന്ധപ്പെട്ട മന്ത്രിമാരോട് ആലോചിച്ച് നടപടി സ്വീകരിക്കാതിരുന്നതിന്റെ പേരിലാണ് ചെന്നിത്തല വിമർശിക്കപ്പെടുന്നത്.

നേരത്തെ ബാർകോഴ കേസിൽ അടക്കം ചെന്നിത്തലയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ച കേരളാ കോൺഗ്രസിനെ ചൊടിപ്പിക്കുന്നതാണ് പുതിയ സംഭവം. മന്ത്രിമാർ ചെന്നിത്തല സൂപ്പർ മുഖ്യമന്ത്രി ചമയുന്നു എന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. യു.ഡി.എഫിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി ഐ ഗ്രൂപ്പ് നടത്തിയ ഈ നീക്കമായിട്ടാണ് കേരളാ കോൺഗ്രസും മുസ്ലിംലീഗും ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ വകുപ്പുകളിൽപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാത്തതിൽ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും പി.ജെ. ജോസഫും രോഷത്തിലാണ്. ഇക്കാര്യം ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാൽ, എൻജിനീയർമാരെ തങ്ങളറിയാതെ സസ്‌പെൻഡ് ചെയ്തതിലുള്ള പരാതിയല്ല മുഖ്യമന്ത്രിയെ അറിയിച്ചതെന്നും ആഭ്യന്തരവകുപ്പ് നടപടിക്രമങ്ങളിൽ വരുത്തിയ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടുകയാണെന്നുമാണു വിശദീകരണം. ബന്ധപ്പെട്ട വകുപ്പ് അറിയാതെ ആരെയെങ്കിലും സസ്‌പെൻഡ് ചെയ്താൽ അത് പ്രാബല്യത്തിൽ വരില്ലെന്ന കാര്യം ആഭ്യന്തരവകുപ്പ് മാനിക്കാത്തതും മുഖ്യമന്ത്രിയോടു സൂചിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് ഇവരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ ഇറങ്ങാത്തതെന്നും അവർ പറയുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏത് ഉദ്യോഗസ്ഥനെതിരേയും നടപടിയെടുക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയെക്കുറിച്ചാണു പറയുന്നതെന്നു ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതു

രാഷ്ട്രീയപ്രശ്‌നമായി വളരാനും യു.ഡി.എഫിലും കോൺഗ്രസിനകത്തും പുതിയ പോർമുഖം തുറക്കാനുമുള്ള സാധ്യതയിലേക്കും വിരൽചൂണ്ടുന്നു. മുമ്പും മന്ത്രി രമേശ് ചെന്നിത്തല തങ്ങളുടെ വകുപ്പുകളിൽ ഇടപെട്ടതും ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്നാൽ എതിർപ്പുകളോട് വഴങ്ങില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും. നേരത്തേ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധനീക്കത്തെയും രഹസ്യമായി ഘടകകക്ഷികൾ എതിർത്തിരുന്നു.

ഭരണത്തുടർച്ചയെക്കുറിച്ച് പറയുമ്പോൾ അഴിമതിവിരുദ്ധ നീക്കമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്നും ഐ ഗ്രൂപ്പ് ചോദിക്കുന്നു. ആസന്നമായ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്. അഭിമുഖീകരിക്കാൻ പോകുന്ന പ്രധാനപ്രശ്‌നം അഴിമതിയായിരിക്കും. സോളാർ, ബാർക്കോഴ ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനും അഴിമതി വിരുദ്ധ മുഖം അനിവാര്യമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.അതുകൊണ്ടുതന്നെ പൊതുജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളും ആയുധമാക്കി മുന്നോട്ടുപോകാനാണു തീരുമാനവും. ഘടകകഷികളുടെ വകുപ്പുകളിൽ മാത്രമല്ല, തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട മന്ത്രിമാർ ഭരിക്കുന്ന ആരോഗ്യ, റവന്യൂ വകുപ്പുകളിലും ഇത് നടപ്പാകും.
മാണിക്കെതിരേ പരാതി ലഭിച്ചപ്പോൾ അത് ത്വരിതാന്വേഷണത്തിനു വിട്ടതിനു പിന്നിലും അഴിമതിക്കെതിരാണ് സർക്കാർ എന്ന് അടയാളപ്പെടുത്താൻ കൂടി വേണ്ടിയായിരുന്നു.

എന്നാൽ, യു.ഡി.എഫിന്റെ നിലനിൽപ്പിനായി മാണിയെ രക്ഷിക്കേണ്ടിവരുമെങ്കിലും മറ്റുള്ളവർക്ക് നേരെ സ്വീകരിക്കുന്ന നടപടികളിലൂടെ ബാർക്കോഴ മറികടക്കാനാണു ശ്രമം. ഇതു മുന്നിൽകണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായി ആഭ്യന്തര മന്ത്രി പൊലീസ് നിയമനങ്ങളിലും സ്ഥലംമാറ്റത്തിലും മറ്റും മാനദണ്ഡങ്ങൾ നിശ്ചയിച്ച് ചില സർക്കുലറുകൾ ഇറക്കിയതും. ഇതിലൂടെ തന്റെ നിലപാട് വ്യക്തമാക്കി ഭരണപരമായ നടപടികളിലൂടെ ഒരു പുതിയ രാഷ്ട്രീയവേദി സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.

ഈ വേദിയിലേക്ക് വകുപ്പുകൾ സ്വന്തം സാമ്രാജ്യമായി വച്ചിരിക്കുന്ന ഘടകകക്ഷികളെക്കൂടി കൊണ്ടുവരാനാണ് അവർക്കെതിരെയുള്ള നടപടികൾ കർശനമാക്കിയത്. എന്നാൽ ഏകപക്ഷീയമായ ഈ നിലപാടിലേക്ക് വരാൻ മറ്റു മന്ത്രിമാർ തയാറല്ലെന്ന സൂചനയാണുള്ളത്. പക്ഷേ അഴിമതിയായതുകൊണ്ടുതന്നെ ഇതിനെതിരേ പരസ്യനിലപാട് എടുക്കാൻ കഴിയാത്ത വിഷമവും അവർക്കുണ്ട്. അതുകൊണ്ടാണ് സൂക്ഷ്മമായി നടപടിക്രമങ്ങളെയും മാനദണ്ഡങ്ങളെയും കുറിച്ച് പറഞ്ഞ് ഈ നീക്കത്തെ എതിർക്കുന്നതും.

തങ്ങളെയെല്ലാം മോശക്കാരാക്കിയിട്ട് ഒരാൾ മാത്രം മഹാനാകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ടി.ഒ. സൂരജിന്റെ കേസിൽ സ്വീകരിച്ച നടപടിയിലും ലീഗിന് അതൃപ്തിയുണ്ട്. തെറ്റുകാർക്കെതിരേ നടപടി സ്വീകരിക്കാം. എന്നാൽ തങ്ങളെല്ലാം തെറ്റിന്റെ ഭാഗമാണെന്ന് വരുത്തിതീർത്ത് സ്വയം മഹാനാകുന്നത് അംഗീകരിക്കില്ലെന്നാണു ഘടകകക്ഷികളുടെ നിലപാട്.

കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലുള്ള പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജാണ് ഒന്നാം പ്രതി.

എട്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകാതെ കരാർ നൽകിയത് നിയമപ്രകാരമല്ലെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ ശുപാർശ ചെയ്തതു പ്രകാരമാണ് ചീഫ് സെക്രട്ടറി നടപടിയെടുത്തത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമോ എന്ന തന്റെ ചോദ്യത്തിനും നടപടി വേണമെന്ന മറുപടിയാണ് ലഭിച്ചത്.

കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനും പങ്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നേരത്തേ സസ്‌പെൻഷനിലായി. ആരോപണവിധേയരായ മറ്റു രണ്ടുപേർ വിരമിക്കുകയും ചെയ്തു.വിജിലൻസിനുള്ള അധികാരമുപയോഗിച്ചാണ് നടപടി ശുപാർശ ചെയ്തത്. ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടായെന്ന് വ്യക്തമായാൽ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ുഠണ്ട്.

എന്തായാലും അഴിമതി വിരുദ്ധ നടപടിയുടെ പേരിൽ ആഭ്യന്തര മന്ത്രി വീണ്ടും പോർമുഖം തുറന്നിരിക്കുന്നു എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP