Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാറുടമയുടെ കോഴ ആരോപണം യുഡിഎഫ് രാഷ്ട്രീയത്തിൽ കോളിളക്കമാകുന്നു; അഞ്ച് കോടിയുടെ കോഴ ആരോപണം ഗൂഢാലോചനയെന്ന് കെ എം മാണി; ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്ത്; ടി എൻ പ്രതാപന് രൂക്ഷ വിമർശനം; മാണിക്ക് പിന്തുണയുമായി സുധീരനും കുഞ്ഞാലിക്കുട്ടിയും

ബാറുടമയുടെ കോഴ ആരോപണം യുഡിഎഫ് രാഷ്ട്രീയത്തിൽ കോളിളക്കമാകുന്നു; അഞ്ച് കോടിയുടെ കോഴ ആരോപണം ഗൂഢാലോചനയെന്ന് കെ എം മാണി; ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്ത്; ടി എൻ പ്രതാപന് രൂക്ഷ വിമർശനം; മാണിക്ക് പിന്തുണയുമായി സുധീരനും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നു. കോൺഗ്രസിലെ ഒരു ഗ്രൂപ്പിന്റെ താൽപ്പര്യത്തോടെയാണ് ബിജു രമേശ് മാണിക്കെതിരെ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്നുവെന്നതെന്ന അഭിപ്രായെ ഉയർന്നു വന്നതോടെ വിവാദം കോൺഗ്രസ്-കേരളാ കോൺഗ്രസ് ഭിന്നതയെ രൂക്ഷമായി ഘട്ടത്തിലേക്ക് എത്തിക്കുകയാണ്. ആരോപണങ്ങൾ നിഷേധിച്ച് കെ എം മാണിയും മുഖ്യമന്ത്രിയും രംഗത്തെത്തി. വിഷയത്തിൽ പ്രതികരിച്ച ടി എൻ പ്രതാപൻ എംഎൽഎയെ മുഖ്യമന്ത്രി താക്കീത് നൽകുകയും ചെയ്തു.

ബിജു രമേശിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മാണി അവശ്യപ്പെട്ടു. ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ അമ്പത് വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഇന്നുവരെ ആരുടെയങ്കിലും കൈയിൽ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയിട്ടില്ല. ഈ വയസുകാലത്ത് കൈക്കൂലി വാങ്ങിയിട്ട് എന്തു ചെയ്യാൻ. ആരോപണങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസിനെയും തന്നെയും നിർവീര്യമാക്കാനുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്നും മാണി വ്യക്തമാക്കി.

ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. മുന്നണി മാറ്റം തടയാനുള്ള ശ്രമമാണോയെന്ന് ചോദിച്ചാൽ അതിന്റെ ചേതോവികാരത്തെ കുറിച്ചൊന്നും അറിയില്ല. ആരോപണം കേൾക്കുമ്പാൾ അത്ഭുതമാണ് തോന്നുന്നത്. ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും മാണി വ്യക്തമാക്കി.

അതേസമയം കേരള കോൺഗ്രസ് ചെയർമാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ ഇത്തരം ഒരാരോപണം ഉണ്ടായത് അങ്ങേയറ്റം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ബിജു രമേശ് ആരോപിച്ചത് പോലെ തന്നെ വന്ന് കണ്ടിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് എവിടെ വച്ച്, എപ്പോൾ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.തന്നെ എവിടെ വച്ച് കണ്ടെന്ന് ബിജു രമേശ് പറയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

50 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് കെ എം മാണി. മാണിക്കെതിരെ ഇതുപോലൊരു വെളിപ്പെടുത്തിയാൽ അത് പൊതുജനങ്ങൾ വിശ്വസിക്കില്ല. ഇക്കാര്യത്തിൽ കെ എം മാണി മറുപടി പറയണമെന്ന് പറഞ്ഞ് ടി എൻ പ്രതാപൻ തെറ്റുകാണിച്ചു. അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് കോൺഗ്രസ് എംഎ‍ൽഎ ടി.എൻ പ്രതാപൻ പ്രതികരിച്ച് വലിയ തെറ്റാണ്.ടി.എൻ പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാൻ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പറയാൻ പ്രതാപൻ ആരാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. എംഎൽഎ ചെയ്തത് അതീവ ഗുരുതരമായ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഡാലോചനയെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോർജ്ജ് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പി.സി ജോർജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കിൽ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി അറിയുന്ന സാഹചര്യത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നതാണ് തന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് നൽകിയ സൂചന. എന്നാൽ, അന്വേഷണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇരുമ്പ് മറക്കുള്ളിൽ നിന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയ ആളല്ല കെ.എം മാണിയെന്നും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തലുകൾ നടത്തിയാൽ അത് ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാണിക്ക് പണം നൽകാൻ പോയത് താനല്ലെന്ന് ബിജു രമേശ് പിന്നീട് പ്രതികരിച്ചു. കോഴ ആരോപണം അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 418 ബാറുകളുടെ ലൈസൻസ് പുതുക്കാൻ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാർ ഉടമയും അസോസിയേഷൻ നേതാവുമായ ഡോ. ബിജു രമേശ് ഇന്നലെയാണ് ആരോപിച്ചത്. പാലയിൽ മാണിയുടെ വീട്ടിൽവച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. അഞ്ചുകോടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു കോടി മാത്രമാണ് നൽകിയത്. ഇതിനിടെ വി എം സുധീരൻ ഇടപെട്ട് ബാർലൈസൻസ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നൽകിയാലും ഫലമില്ലെന്ന് വ്യക്തമായി. അതുകൊണ്ടാണ് നാലുകോടി പിന്നീട് നൽകാത്തതെന്നും ബിജു രമേശ് പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളിൽ ഏതു തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് എ വിഭാഗമാണെന്നുള്ള പി.സി ജോർജ്ജും ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് ബാർ അസോസിയേഷൻ നേതാവ് ഡോ ബിജു രമേശ് സംസാരിക്കുന്നതെന്ന് കരുതേണ്ടി വരുമെന്നായിരുന്നു പി.സി ജോർജ്ജിന്റെ പ്രതികരണം. അതേസമയം കോഴ ആരോപണം, അറിയാൻ വയ്യാത്ത വിഷയമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ബാർ ഉടമകൾ തന്നെ പ്രതികരിക്കട്ടെ, അവർ പറയുന്നത് പരസ്പരവിരുദ്ധം. ആരോപണപ്രത്യാരോപണങ്ങൾ പല മന്ത്രിമാരെക്കുറിച്ചുമുണ്ട്, കിംവദന്തികൾ പരത്തരുതെന്നും കോടതിവിധിയിലൂടെ ഇനിയെങ്കിലും നീതി നടപ്പാവട്ടെ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബാർ വിഷയത്തിൽ സർക്കാരിന് സംഭവിച്ചത് വൻപരാജയമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടച്ച ബാറുകൾ തുറന്നുതരാൻ ധനമന്ത്രി കെ.എം മാണി കൈക്കൂലി വാങ്ങി എന്ന ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും പ്രതികരിച്ചു. പ്രശ്‌നം യുഡിഎഫിൽ ഉന്നയിക്കില്ല. മാണി കൈക്കൂലി വാങ്ങുന്നയാളല്ല. അമ്പത് വർഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉള്ളയാളാണ് അദ്ദേഹമെന്നും തങ്കച്ചൻ പറഞ്ഞു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ കെ എം മാണിയെ പിന്തുണച്ച് രംഗത്തെത്തി. കെ എം മാണി കോഴ വാങ്ങുമെന്ന് കരുതുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ ഇത് തെളിയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജു രമേശിന്റെ ആരോപണം തള്ളിക്കളഞ്ഞ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. മദ്യനിരോധനത്തിന് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവ് കെ എം മാണി. അദ്ദേഹത്തിനെതിരായ ആരോപണം വിശ്വസിക്കാൻ സാധ്യമല്ലെന്നും സുധീരൻ പറഞ്ഞു. ആരോപണം സത്യമാണെന്ന് തെളിയിക്കേണ്ട ചുമതല ഉന്നയിച്ചവർക്കാണ്. അന്വേഷണം ആവശ്യപ്പെട്ട പ്രതാപന്റെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

ധനമന്ത്രി കെ എം മാണിക്കെതിരായി ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോട്ടയത്തുചേർന്ന നേതൃയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രസ്താവന. വിഷയത്തിൽ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നടത്തിയ പ്രസ്താവനകൾ സ്വാഗതാർഹമാണ്.

ആരോപണം എങ്ങനെ വന്നെന്ന് അന്വേഷിക്കും. ചില കേന്ദ്രങ്ങൾ കരുതിക്കൂട്ടി ഉന്നയിച്ച ആരോപണമാണിത്. അന്വേഷിക്കേണ്ടത് ആരോപണം ഉന്നയിച്ച ആളെക്കുറിച്ചാണ്. രാഷ്ട്രീയപരമായും നിയമപരമായും ആരോപണത്തെ നേരിടുമെന്ന് നേതാക്കൾ പറഞ്ഞു. കെ എം മാണിയും പി ജെ ജോസഫും പി സി ജോർജും ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP