Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കഴിയില്ല; കെട്ടിപ്പിടിക്കുമ്പോൾ തന്നെ കുതുകാലിന് വെട്ടുന്നവരാണ് പലരും; കുഞ്ഞാലിക്കുട്ടിയെ നമ്പാം, കൂടെ നിന്നാൽ ചതിക്കില്ല: കോൺഗ്രസിനെതിരെ ഒളിയമ്പുമായി കെ എം മാണി

രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കഴിയില്ല; കെട്ടിപ്പിടിക്കുമ്പോൾ തന്നെ കുതുകാലിന് വെട്ടുന്നവരാണ് പലരും; കുഞ്ഞാലിക്കുട്ടിയെ നമ്പാം, കൂടെ നിന്നാൽ ചതിക്കില്ല: കോൺഗ്രസിനെതിരെ ഒളിയമ്പുമായി കെ എം മാണി

കോട്ടയം: രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് മുന്മന്ത്രി കെ എം മാണി. ബാർ കോഴക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതിന്റെ വിവരങ്ങൾ പുറത്തു വരുന്നതിനിടെയാണ് കോൺഗ്രസിനു നേരെ ഒളിയമ്പുമായി കേരളാ കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി രംഗത്ത്. രാഷ്ട്രീയത്തിൽ പലരേയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ നമ്പാം. അദ്ദേഹം ചതിക്കില്ലെന്നും മാണി പറഞ്ഞു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുൻ ധനമന്ത്രി കൂടിയായ മാണി.

ബാർ കോഴ കേസിൽ മാണിയെ പുറത്താക്കാൻ ഗൂഢാലോചന നടന്നത് ഗൗരവമായി കാണണമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ വേദിയിലിരുത്തി മാണി ഇത്തരമൊരു പരാമർശം നടത്തിയത്. പലരും കൂടെ നിൽക്കുന്നു എന്ന പ്രതീതി ഉണ്ടാക്കും. കെട്ടിപ്പിടിക്കുകയും അതേസമയം കുതുകാലിന് വെട്ടുകയും ചെയ്യുന്നവരാണ് പലരും. ഇത്തരക്കാരുടെ കൂട്ടത്തിൽ നമ്പാവുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്. ചതിക്കില്ലെന്ന് ഉറപ്പുണ്ട്. മാത്രമല്ല അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ല മാണി പറഞ്ഞു. ഇക്കാര്യം തുറന്ന് പറയാൻ താൻ ആഗ്രഹിക്കുന്നു. എത്രയോ വർഷങ്ങളായി താനും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇതുവരെ അദ്ദേഹം ചതിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്‌പി: ആർ. സുകേശനും ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഉടമ ബിജു രമേശും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന പൊലീസ് റിപ്പോർട്ടുകളെച്ചൊല്ലി വിവാദം ശക്തമായിരുന്നു. ബാർ കേസിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന മാണിയുടെ മുൻ പ്രസ്താവനകൾ ശരിവയ്ക്കുന്ന തരത്തിലാണു വിജിലൻസ് ഡയറക്ടറും ക്രൈംബ്രാഞ്ച് മേധാവിയും സർക്കാരിനു റിപ്പോർട്ട് നൽകിയത്.

എന്നാൽ, കോൺഗ്രസ് മന്ത്രിമാർക്കെതിരെ ബിജു ആരോപണം ഉന്നയിക്കുന്നതു വരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പൂഴ്‌ത്തിയെന്ന ആരോപണം യുഡിഎഫിലും സർക്കാരിലും അസ്വാരസ്യം സൃഷ്ടിക്കുന്നതാണ്. ഇത്തരം വാർത്തകൾക്ക് പിന്നാലെയാണ് മാണിയുടെ പുതിയ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

അതേസമയം രാഷ്ട്രീയത്തിൽ പലരേയും വിശ്വസിക്കാൻ കഴിയില്ലെന്ന മുൻ മന്ത്രി കെ.എം. മാണിയുടെ പ്രസ്താവനക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മറുപടി നൽകി. മാണിയുടെ പ്രസ്താവന മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് സുധീരൻ പറഞ്ഞു. മുന്നണി ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP