Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി 'കണ്ണൂരിലെ പുലി'; പരസ്യ കശാപ്പിന്റെ ചൂടാറും മുൻപേ നെഹ്‌റു ഗ്രൂപ്പിനെതിരായ പരാതി ഒതുക്കാൻ കെ സുധാകരൻ എത്തിയത് പാർട്ടിക്ക് നാണക്കേടാകുന്നു; തളയ്ക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കാനുറച്ച് എതിരാളികൾ

കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി 'കണ്ണൂരിലെ പുലി'; പരസ്യ കശാപ്പിന്റെ ചൂടാറും മുൻപേ നെഹ്‌റു ഗ്രൂപ്പിനെതിരായ പരാതി ഒതുക്കാൻ കെ സുധാകരൻ എത്തിയത് പാർട്ടിക്ക് നാണക്കേടാകുന്നു; തളയ്ക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കാനുറച്ച് എതിരാളികൾ

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അവമതിപ്പുണ്ടാക്കുന്നതിൽ കണ്ണൂർ പുലിയെന്ന് വിശേഷിപ്പിക്കുന്ന കെ.സുധാകരനും അനുയായികളും മത്സരിക്കുകയാണ്. ജിഷ്ണു പ്രണോയ് സംഭവത്തിൽ നെഹ്റു ഗ്രൂപ്പ് മാനേജുമെന്റുമായി മധ്യസ്ഥശ്രമം നടത്താൻ പാലക്കാട്ടെത്തിയതാണ് സുധാകരനെ വെട്ടിലാക്കിയത്. ഈ സംഭവത്തിൽ ജിഷ്ണുവിന്റെ മാതാപിതാക്കൾ സുധാകരനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതിൽ കെ.സുധാകരന് പങ്കുണ്ടെന്ന ആരോപണം പിതാവ് അശോകനും മാതാവ് മഹിതയും ഉന്നയിച്ചു കഴിഞ്ഞു. കേസ് അട്ടിമറിക്കാൻ സുധാകരൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.

പാലക്കാട് ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠനും സംഭവത്തിൽ സുധാകരൻ ഇടപെട്ടതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡി.സി.സി.യെ അറിയിക്കാതെ സുധാകരൻ രഹസ്യ ചർച്ചയ്ക്ക് എത്തിയത് ദുരൂഹമാണ്. സുധാകരന്റെ നടപടിക്കെതിരെ വിശദമായ റിപ്പോർട്ട് കെപിസിസിക്ക് നൽകിയിട്ടുണ്ടെന്നും മറുനാടൻ മലയാളിയോട് ഡി.സി.സി. പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

അടുത്ത കാലത്തുണ്ടായ രണ്ട് സംഭവങ്ങൾ കോൺഗ്രസ്സിനെ ചില്ലറയൊന്നുമല്ല പ്രതിക്കൂട്ടിലാക്കിയത്. ദേശീയ തലത്തിൽ ബീഫ് നിരോധനം കത്തിപ്പടരുമ്പോഴാണ് ആദ്യ സംഭവം അരങ്ങേറിയത്. ബിജെപി. സർക്കാറിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ സംസ്ഥാന -ജില്ലാ- പ്രാദേശിക ഘടകങ്ങളും ശക്തമായി പ്രതിരോധിക്കുമ്പോഴാണ് കണ്ണൂരിൽ സുധാകരന്റെ വിശ്വസ്തർ പരസ്യമായി കന്നുക്കുട്ടിയെ നടത്തിച്ചു കൊണ്ടുപോയി അറുത്തത്. ഈ വിഷയം ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് അവമതിപ്പുണ്ടാക്കുകയും ഒടുവിൽ ബീഫ് വിരുദ്ധ സമരം തന്നെ തണുക്കുകയും ചെയ്തു. സുധാകരന്റെ വലം കൈയായി അറിയപ്പെടുന്ന യൂത്ത് കോൺഗ്രസ് കണ്ണൂർ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയായിരുന്നു ഈ പരസ്യ അറവിന്റെ സൂത്രധാരകൻ.

പ്രശ്നം രൂക്ഷമായതോടെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് എ.ഐ.സി.സി. കമ്മീഷനെ നിയോഗിക്കുകയും റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ചൂടാറും മുമ്പ് തന്നെ കെ.സുധാകരൻ ജിഷ്ണു പ്രണോയ് സംഭവത്തിൽ അകപ്പെട്ടിരിക്കയാണ്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരെ നിയമവിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്ത് അലി നൽകിയ പരാതി പിൻവലിപ്പിക്കാനായിരുന്നു സുധാകരനെത്തിയതെന്നായിരുന്നു ആരോപണം.

പാലക്കാട് ചെർപ്പുളശ്ശേരിയിലെ ബന്ധു വീട്ടിൽ വച്ചാണ് ചർച്ചയ്ക്ക് വേദി നിശ്ചയിച്ചത്. അതിനായി ചെർപ്പുളശ്ശേരിയിലെത്തും മുമ്പ് തന്നെ ഡിവൈഎഫ്ഐ, സിപിഐ.എം നേതാക്കൾ സുധാകരനെ തടഞ്ഞുവച്ച് ബഹളമുണ്ടാക്കി. ഒടുവിൽ പൊലീസ് എത്തിയാണ് സുധാകരനെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. ജിഷ്ണു പ്രണോയ് വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെപിസിസി. ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് കെ.സുധാകരനെന്ന സീനിയർ നേതാവിൽ നിന്നും മറിച്ചൊരു സമീപനമുണ്ടാകുന്നത്. സുധാകരന്റെ നീക്കത്തെ കോൺഗ്രസ് തള്ളി പറഞ്ഞിരിക്കയാണ്.

പാലക്കാട് ഡി.സി.സി. ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലയിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്ന സംഭവമാണ് സുധാകരനിൽ നിന്നും ഉണ്ടായതെന്ന് ഡി.സി.സി. പ്രസിഡന്റ് ശ്രീകണ്ഠൻ പറയുന്നു. കണ്ണൂരിലെ കോൺഗ്രസിലും ഇതിന്റെ അലയടികൾ രൂപപ്പെട്ടു കഴിഞ്ഞു. സുധാകരന്റെ എതിരാളികൾ അണിയറയിൽ സജീവ ചർച്ചകൾ ആരംഭിച്ചു.

കിട്ടിയ അവസരം ഉപയോഗിച്ച് സുധാകരനേയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരേയും ഒതുക്കാനുള്ള പുറപ്പാടിലാണ് അവർ. എന്നാൽ പരസ്യപ്രസ്താവന നടത്തി കെപിസിസി. യുടെ കണ്ണിലെ കരടാവാൻ ആരും തയ്യാറല്ല. കണ്ണൂരിൽ നിന്നു തന്നെ എതിരാളികളെ തളക്കാനാണ് അവരുടെ നീക്കം. അതേസമയം ഈ പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ട് വരാൻ സുധാകരൻ ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP