Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കമൽഹാസനും സിപിഎമ്മിലേക്കോ..? ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് മുഖ്യാതിഥിയായി എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമം; ഉലകനായകൻ കൊണ്ടുവരാൻ പാർട്ടി ദൗത്യമേൽപ്പിച്ചത് പി രാജീവിനെയും ബേബിയെയും

കമൽഹാസനും സിപിഎമ്മിലേക്കോ..? ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് മുഖ്യാതിഥിയായി എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമം; ഉലകനായകൻ കൊണ്ടുവരാൻ പാർട്ടി ദൗത്യമേൽപ്പിച്ചത് പി രാജീവിനെയും ബേബിയെയും

തിരുവനന്തപുരം: ഇടതുപക്ഷ രാഷ്ട്രീയകാഴ്ചപ്പാടുള്ളയാളാണ് താനെന്ന് ഉലകനായകൻ കമൽഹാസൻ പലവട്ടം തെളിയിച്ചെങ്കിലും ഏതു രാഷ്ട്രീയപാർട്ടിയോടൊപ്പം അടിയുറച്ചു നിൽക്കുന്നുവെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. രാജ്യത്തെ സിനിമക്കാരുടെ രാഷ്ട്രീയകാലമാണിത്. മോദി പ്രഭാവത്തിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ എംപിമാരും മന്ത്രിമാരും എംഎൽഎമാരുമായിരുന്നവർ പലരും ബിജെപിയിലേക്കു ചേക്കേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ പരിസരം വൃത്തിയാക്കിയ കമൽഹാസനും മോദി അനുഭാവമാണെന്നു പറഞ്ഞവരോട് താൻ ഇത് എന്നും ചെയ്യാറുള്ളതാണെന്നും മോദിയുടെ സ്വച്ഛഭാരതം പദ്ധതി വന്നതല്ല പ്രചോദനമെന്നും മറുപടി നൽകി. കമൽഹാസന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ബിജെപിക്കാർക്ക് ഏറെ വിഷമമുണ്ടാക്കുകയും ചെയ്തു. തങ്ങൾ വിശ്വസിച്ചിരുന്ന രാഷ്ട്രീയത്തെ മോദിപ്രഭാവത്തിൽ തള്ളിപ്പറഞ്ഞ് ബിജെപിയിലേക്കു ചേക്കാറാൻ തീരുമാനമെടുത്ത പല പ്രമുഖർക്കും സമ്മാനമായി പല സ്ഥാനങ്ങളും കൈവന്നിരിക്കുമ്പോഴാണ് കമൽഹാസൻ തന്റെ രാഷ്ട്രീയം വ്യക്തമാക്കാനിരിക്കുന്നത്.

തികഞ്ഞ നിരീശ്വരവാദിയായ കമൽഹാസന്റെ ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവ് ഇ എം എസ് ആണെന്നു പലപ്പോഴായി വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ സിപിഐ(എം)യോടാണ് തന്റെ ആഭിമുഖ്യമെന്ന് ഇതുവരെ വെളിപ്പെടുത്താത്ത കമൽഹാസൻ ഫെബ്രുവരി 20 മുതൽ 23 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എത്തുമെന്നാണ് സൂചന. ഇതിനുള്ള നീക്കങ്ങൾ കമൽഹാസന്റെ ആത്മസുഹൃത്തുക്കളായ നേതാക്കൾ ആരംഭിച്ചുകഴിഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ് എംപിയുമാണ് കമൽഹാസനെ കേരളത്തിലെത്തിക്കുക. ഇവരുടെ അഭ്യർത്ഥനപ്രകാരം പല പരിപാടികളിലും കമൽഹാസൻ പങ്കെടുത്തിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ ആലപ്പുഴയിൽ വരണമെന്നും സമ്മേളനത്തിൽ പങ്കെടുക്കണമെന്നുമുള്ള ആവശ്യം കമൽഹാസൻ നിരസിക്കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. കമൽഹാസന് വളരെയധികം ആരാധകരുള്ള കേരളത്തിൽ ആദ്ദേഹത്തിന്റെ വരവ് സമ്മേളനത്തിനുള്ള ജനപ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അങ്ങനെയാണെങ്കിൽ ഉദ്ഘാനസമ്മേളനത്തിനോ, സമാപന പൊതുസമ്മേളനത്തിനോ കമൽഹാസനെ മുഖ്യാതിഥിയാക്കാനാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇനി ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ അസൗകര്യമാണെങ്കിൽ വിശാഖപട്ടണത്ത് നടക്കുന്ന 21-ാം പാർട്ടി കോൺഗ്രസിനെങ്കിലും കമൽഹാസനെ പങ്കെടുപ്പിക്കുമെന്നാണ് സൂചന.

കേരളത്തിലെ തന്റെ പ്രിയപ്പെട്ട ലൊക്കേഷൻ ആലപ്പുഴയാണെന്ന് ഉലകനായകൻ പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെത്തിയാൽ ആലപ്പുഴയിലെ കായൽ ടൂറിസം ആസ്വദിക്കാതെ കമൽഹാസൻ തിരിച്ചുപോകാറില്ല. അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന പ്രിയപ്പെട്ട നേതാവ് വി എസ് അച്യുതാനന്ദനോടുള്ള തന്റെ ആദരവ് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ നാടായ ആലപ്പുഴയിൽ തന്നെ വരുമെന്നുള്ള പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വത്തിന്.

തന്റെ അടുത്ത സിനിമ വാമഭാഗം(ഇടതുവശം) ആണെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെ പാർട്ടിയോടുള്ള അടുപ്പം തുറന്നുപറയുമെന്നുള്ള വിലയിരുത്തലിലാണ് സിപിഐ(എം). ഇടതുപക്ഷചായ്‌വ് വെളിവാക്കുന്ന സിനിമയാകുമിതെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ നായികയ്ക്കുകൂടി പ്രാധാന്യം നൽകുന്ന ഭാര്യാഭർതൃബന്ധത്തിന്റെ കഥപറയുന്ന സിനിമയാകുമെന്നാണ് തമിഴ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. ഏതായാലും കമൽഹാസന്റെ ഇടതു ചേർന്നുള്ള നീക്കങ്ങൾ കരുണാനിധിയും ജയലളിതയും തമിഴ്‌നാട്ടിൽ അനുവദിക്കുമോയെന്നു കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP