Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ സ്ഥാനാർത്ഥി നിർണയയോഗത്തിൽ നിന്നു കെപിസിസി ജന സെക്രട്ടറി സജീവ് ജോസഫിനെ ഇറക്കിവിട്ടതും വിവാദമായി; പ്രമുഖ നേതാക്കളെല്ലാം വിരുദ്ധചേരിയിലേക്ക്, സുധാകരൻ ഒറ്റയാനായി

കണ്ണൂരിൽ സ്ഥാനാർത്ഥി നിർണയയോഗത്തിൽ നിന്നു കെപിസിസി ജന സെക്രട്ടറി സജീവ് ജോസഫിനെ ഇറക്കിവിട്ടതും വിവാദമായി; പ്രമുഖ നേതാക്കളെല്ലാം വിരുദ്ധചേരിയിലേക്ക്, സുധാകരൻ ഒറ്റയാനായി

രഞ്ജിത് ബാബു

കണ്ണൂർ: ദുർബലനായിരിക്കുമ്പോൾ എതിരാളിയെ കീഴടക്കുക എന്നതാണ് പഴയകാലത്തെ രാജാക്കന്മാരുടെ തന്ത്രം. കണ്ണൂരിലെ കോൺഗ്രസ്സിൽ കെപിസിസി. ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണനും സജീവ് ജോസഫും, കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടിനുമെതിരെ പോർവിളിച്ച്്് അങ്കത്തിനിറങ്ങി പുതിയ രാജതന്ത്രം പയറ്റുകയാണ്.

കെ.സുധാകരൻ ഡി.സി.സി. പ്രസിഡണ്ടായതു മുതൽ പി. രാമകൃഷ്ണൻ സുധാകരനെതിരെ പരസ്യമായിത്തന്നെ പോരിനിറങ്ങിയിട്ടുണ്ട്. ആദ്യമാദ്യം രാമകൃഷ്ണൻ നടത്തിയ ഒറ്റയാൾ പോരാട്ടം അണികൾ അനുകൂലിച്ചെങ്കിലും നേതാക്കൾ പരസ്യമായി രംഗത്തുവരാൻ തയ്യാറില്ലായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം സുധാകരൻ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതിന്റെ ദുരന്തഫലമുണ്ടായതോടെ സുധാകരന്റെ പത്തി താഴ്ന്നു. ഈ സമയംനോക്കി മറ്റു നേതാക്കൾ സുധാകരനെതിരെ പോരാട്ടത്തിന് അണിനിരന്നിരിക്കയാണ്. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും സുധാകരനെതിരെ തിരിഞ്ഞതോടെ ബലാബല ഗ്രൂപ്പ് പോരാട്ടമാണ് കണ്ണൂരിൽ അരങ്ങേറുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ യോഗത്തിൽ നിന്നും കെപിസിസി. ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ ഇറക്കി വിട്ടതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കവെയാണ് സുധാകര വിരുദ്ധർ കൂടുതൽ ശക്തിയാർജിച്ചതും നേരിട്ടുള്ള പോരിനിറങ്ങുന്നതും. സജീവ് ജോസഫിന് പിൻതുണയുമായി പി.രാമകൃഷ്ണൻ രംഗത്തിറങ്ങുകയും ചെയ്തതോടെ സുധാകരനും ഡി.സി.സി. നേതൃത്വത്തിനും നേരിടേണ്ടി വന്നിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ശക്തമായ ഗ്രൂപ്പു പോരാട്ടം. സജീവ് ജോസഫിനെ സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ നിന്നും ഇറക്കി വിട്ടത് ദൗർഭാഗ്യകരമാണെന്നും ഇത്തരം നടപടിക്രമമാണ് ജില്ലാ നേതൃത്വം കൈക്കൊള്ളുന്നതെന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. ജില്ലയിലെ കെപിസിസി. ഭാരവാഹി എന്ന നിലയിൽ പങ്കെടുത്ത സജീവിനെ യോഗത്തിൽ നിന്നും പുറത്താക്കുക മാത്രമല്ല സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ആവശ്യപ്പെട്ടെന്നും പറഞ്ഞ് അപമാനിക്കുക കൂടി ചെയ്‌തെന്ന് രാമകൃഷ്ണൻ പറഞ്ഞു. പ്രശ്‌നം രൂക്ഷമായപ്പോൾ താനടക്കമുള്ളവർ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

കെപിസിസി. പ്രസിഡണ്ടിന്റെ നിർദേശാനുസരണവും ഡി.സി.സി. പ്രസിഡണ്ട് ആവശ്യപ്പെട്ടതു പ്രകാരവുമാണ് താൻ യോഗത്തിൽ പങ്കെടുത്തതെന്ന് സജീവ് ജോസഫ് പറയുന്നു. ഇത് തെളിയിക്കാൻ തന്നെ ടെലിഫോൺ വിളിച്ച രേഖകൾ പരിശോധിക്കാമെന്നും സജീവ് ജോസഫ് ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. തന്നെ വിളിച്ചു വരുത്തി ഡി.സി. സി. പ്രസിഡണ്ടും സണ്ണി ജോസഫ് എം. എൽ.എ. യും അപമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് താൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാകാൻ യോഗത്തിൽ വച്ച് ആവശ്യപ്പെട്ടെന്ന് പ്രചാരണം. തന്നെ ഇകഴ്‌ത്തിക്കാട്ടാൻ കെ.സുധാകരന്റെ പിൻതുണയോടെ നടക്കുന്ന കുത്സിത ശ്രമമാണ് ഇതിന്റെ പിന്നിൽ. തന്നെ യോഗത്തിൽനിന്ന് ഇറക്കി വിട്ട സംഭവം മന്ത്രി കെ.സി. ജോസഫ് കെപിസിസി. യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു. നാല് കെപിസിസി. ജനറൽ സെക്രട്ടറിമാർ ഇക്കാര്യം കെ.പി.സി. പ്രസിഡണ്ടിനെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഡി.സി.സി. ക്കും സുധാകരനും കരിനിഴലായി പിൻതുടരുമ്പോൾ കെപിസിസി. ജനറൽ സെക്രട്ടറിയെ യോഗത്തിൽ നിന്നും ഇറക്കി വിട്ടത് മറ്റൊരു തിരിച്ചടി കൂടി ആവുകയാണ്. ജില്ലയിലെ സുധാകര വിരുദ്ധർ ഒന്നിച്ചുനിന്ന് പൊരുതാനൊരുങ്ങുകയാണ്. വിശാല ഐ. വിഭാഗത്തിലെ കെ.പി.സി. സി. ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫും വി.എ. നാരായണനും സുധാകരവിരുദ്ധ സേനയിലെത്തിയതോടെ പ്രവർത്തക പിൻതുണ ഏറിയിരിക്കയാണ്. സുധാകര ചേരിയിലെ സുമാ ബാലകൃഷ്ണനൊഴിച്ച് മറ്റെല്ലാ കെപിസിസി. ഭാരവാഹികളും ഒന്നിച്ച് അണിനിരക്കുകയാണ്. കണ്ണൂർ ജില്ലയിലെ സുധാകരയുഗത്തിന് അവസാനം കുറിക്കുമെന്ന ആവേശത്തോടെയാണ് എതിരാളികൾ പടനീക്കം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP