Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരായി സഖാക്കളോട് നീതി പുലർത്തിയത് ജയരാജൻ മാത്രം; ഇടത് സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷവും ചെറുവിരൽ പോലും അനക്കുന്നില്ല; ഫസൽ വധക്കേസ് പ്രതികൾക്ക് സമ്മേളന നഗരിയിൽ കൂറ്റൻ കട്ടൗട്ടും; പ്രസംഗിക്കുമ്പോൾ മുദ്രവാക്യവും കരഘോഷവും; തലശ്ശേരിയിൽ കോടിയേരി എത്തിയെങ്കിലും താരമായത് ജയരാജനും കാരായിമാരും തന്നെ

കാരായി സഖാക്കളോട് നീതി പുലർത്തിയത് ജയരാജൻ മാത്രം; ഇടത് സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷവും ചെറുവിരൽ പോലും അനക്കുന്നില്ല; ഫസൽ വധക്കേസ് പ്രതികൾക്ക് സമ്മേളന നഗരിയിൽ കൂറ്റൻ കട്ടൗട്ടും; പ്രസംഗിക്കുമ്പോൾ മുദ്രവാക്യവും കരഘോഷവും; തലശ്ശേരിയിൽ കോടിയേരി എത്തിയെങ്കിലും താരമായത് ജയരാജനും കാരായിമാരും തന്നെ

അർജുൻ സി വനജ്

കൊച്ചി: കണ്ണൂരിലെ സി.പി.എം സമ്മേളനങ്ങളിലെ പി ജയരാജൻ ഭക്തി നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വേദിയിൽ ഇരുത്തിക്കൊണ്ട് പി ജയരാജനെ പുകഴ്‌ത്തി തലശ്ശേരി ഏരിയ സമ്മേളനം.

ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട കാരായിമാർക്കായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ അല്ലാരെ മറ്റാരും ശബ്ദിക്കുന്നില്ലെന്ന് തലശ്ശേരി ഏരിയ സമ്മേളനത്തിൽ വിമർശനം. വളരെ വൈകാരികമായാണ് വഷയത്തെ പല ലോക്കൽ കമ്മിറ്റി പ്രതിനിധികളും പൊതുചർച്ചയിൽ അവതരിപ്പിച്ചത്. പാർട്ടി നേതൃത്വം നൽകുന്ന സർക്കാരും, പാർട്ടി നേതൃത്വവും തികഞ്ഞ അലംഭാവത്തോടെയാണ് കാരായിമാരെ നോക്കിക്കാണുന്നതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. വിവാദ വിഷയങ്ങളിൽ സർക്കാരിനെ ന്യായീകരിക്കാൻ മാത്രം മതിയോ പാർട്ടിയെന്നും വിമർശനമുയർന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, തലശ്ശേരി ഏരിയ കമ്മിറ്റി അംഗം ചന്ദ്രശേഖരൻ എന്നിവർ നീതി നിഷേധം അനുഭവിക്കുബോൾ നേതൃത്വം നിസംഗത പുലർത്തി. ഈ സമയം പി ജയരാജൻ മാത്രമാണ് കാരായി സഖാക്കളോട് നീതി പുലർത്തിയിട്ടുള്ളുവെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കാരായിമാരെ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി നഗരസഭയിലേക്കും മത്സരിപ്പിച്ചതിനെ പ്രതിനിധികൾ പൊതുചർച്ചയിലുടനീളം അഭിനന്ദിച്ചു. ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിട്ടും, ഇത് യഥാവിധി ഉപയോഗിക്കാനോ ഇരുവരെയും ജില്ലയിലേക്ക് തിരിച്ചുകൊണ്ടുവരാനോ സംസ്ഥാന നേതൃത്വം ശ്രമിച്ചില്ലെന്ന് കുറ്റപ്പെടുത്തി. കതിരൂർ ലോക്കൽ കമ്മിറ്റിയിലെ പ്രതിനിധികളാണ് വിഷയം മുഖ്യമായും ഉന്നയിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കാരായിമാരുടെ കാര്യത്തിലുണ്ടായതെന്ന് പാർട്ടി നേതാക്കൾ എല്ലാ വേദികളിലും പ്രസംഗിക്കുമ്പോഴും, ഇടത് സർക്കാർ അധികാരത്തിലെത്തി രണ്ടാം വർഷത്തിലും കാരായി സഖാക്കൾക്കായി ചെറുവിരൽ അനക്കിയിട്ടില്ലെന്നും തലശ്ശേരിയിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കണ്ണൂർ ജില്ലയിൽ പ്രവേശനാനുമതി ഇല്ലാതെ എറണാകുളത്തും തിരുവനന്തപുരത്തുമായി കഴിയുന്ന കാരായിമാർ പ്രത്യേക അനുമതിയോടെ തലശ്ശേരി ഏരിയ സമ്മേളനത്തിൽ എത്തിയിരുന്നു. പ്രതിനിധി സമ്മേളനത്തിനായി ടൗൺ ഹാളിന് സമീപത്തെ ഗ്രൗണ്ടിൽ തയ്യാറാക്കിയ കൂറ്റൻ പന്തലിന്റെ പ്രവേശന കവാടത്തിലായ് കാരായിമാരുടെ കൂറ്റൻ കട്ട്ഔട്ടുകൾ സ്ഥാപിച്ചിരുന്നു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാരായിമാരുടെ പേര് പരാമർശിച്ചപ്പോളൊക്കെ വലിയ ഹർഷാരവത്തോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്.

സിബിഐ അന്വേഷിച്ച കേസായതിനാൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിലെ പരിമിതി സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം ചൂണ്ടിക്കാട്ടി. കുപ്പി സുബിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് വീണ്ടും അന്വേഷിക്കണമെന്ന് സിബിഐയോട് സർക്കാർ ആവശ്യപ്പെട്ടതാണ്. കാരായിമാരുടെ സ്വാതന്ത്രത്തിനായ് ജില്ലാ കമ്മിറ്റിയക്ക് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണപിന്തുണയുണ്ടെന്നും സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകി. കാരായി രാജനും ചന്ദ്രശേഖരനും സമ്മേളനത്തിൽ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ഏറെ വൈകാരികമായാണ് ഈ സമയം പ്രതിനിധികൾ മുദ്രാവാക്യം മുഴക്കിയത്. നിലയ്ക്കാത്ത കരഘോഷമായിരുന്നു ഇരുവരുടേയും വാക്കുകൾക്ക് വേദിയിൽ ലഭിച്ചത്. ആറാം തിയതി ആരംഭിച്ച സമ്മേളനം പൊതുസമ്മേളനത്തോടെ ഇന്നലെയാണ് അവസാനിച്ചത്.

അതേസമയം,ഒക്ടോബർ ഏഴിന് ഒക്ടോബർ വിപ്ലവത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ജയരാജൻ സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇകെ നയനാർ സ്മാരക അക്കാദമിയിൽ അനുവാദമില്ലാതെ ഉയർത്തിയ പതാക കഴിഞ്ഞ ദിവസം അഴിച്ചുമാറ്റി. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. കണ്ണൂരിൽ പി ജയരാജൻ സ്വയം പ്രഖ്യാപിത രാജാവായി വാഴുന്നുവെന്ന ആരോപണം കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു. സംഗീത ശിൽപവും വീഡിയോ ആൽബവും, ജീവിത രേഖയും പുറത്തിറക്കിയതും സെക്രട്ടറിയേറ്റിൽ ചർച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് പി ജയരാജൻ ഉയർത്തിയ കൊടി അഴിച്ചുമാറ്റിയത്. ഇനി പൂർത്തിയാകാനുള്ള ഏരിയ സമ്മേളനങ്ങളിലും ജനുവരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലും ജയരാജൻ ഭക്തി പ്രതിഫലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP