Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കളാര്? രാജനെ കണ്ണൂരിലൊതുക്കാൻ നിയമസഭാസീറ്റ് മോഹികൾ രാഷ്ട്രീയനീക്കം നടത്തിയോ...കാരായി രാജന്റെ ഫേസ് ബുക് പോസ്റ്റ് ഉയർത്തുന്ന സംശയങ്ങൾ

വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കളാര്? രാജനെ കണ്ണൂരിലൊതുക്കാൻ നിയമസഭാസീറ്റ് മോഹികൾ രാഷ്ട്രീയനീക്കം നടത്തിയോ...കാരായി രാജന്റെ ഫേസ് ബുക് പോസ്റ്റ് ഉയർത്തുന്ന സംശയങ്ങൾ

രഞ്ജിത് ബാബു

കണ്ണൂർ: വേട്ടയുടെ സുഖമനുഭവിക്കുന്നവർക്ക് ആശംസകൾ നേർന്ന് കാരായി രാജൻ ഫേസ് ബുക്ക് പോസ്റ്റിട്ടതിനു പിന്നിൽ സിപിഐ.(എം) ലെ ചില നേതാക്കളോടുള്ള അമർഷമാണോ?

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതിനു ശേഷമാണ് 'വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കൾക്ക് സുഖവും തൃപ്തിയുമുണ്ടാകട്ടെ'യെന്നു കുറിച്ചത്. ഫസൽ വധക്കേസിൽ ഇരയാക്കപ്പെട്ടതിന്റെ രോഷവും ദുഃഖവും എല്ലാം പോസ്റ്റിൽ അടങ്ങിയിട്ടുണ്ട്. തന്നെ ആരാണ് ഇരയാക്കിയതെന്ന് രാജൻ എടുത്തു പറഞ്ഞിട്ടുമില്ല. കൊല്ലപ്പെട്ട ഫസൽ പ്രവർത്തിച്ചിരുന്ന എൻ.ഡി.എഫോ കോൺഗ്രസ്സോ കോടതിയോ സിബിഐയോ എന്നൊന്നും ഇപ്പോൾ അദ്ദേഹം പറയുന്നില്ല.

കഴിഞ്ഞ കാലങ്ങളിൽ കണ്ണൂരിൽ രാഷ്ട്രീയകൊലപാതകമുണ്ടാകുമ്പോൾ യഥാർത്ഥ കൊലയാളികൾ പിടിക്കപ്പെടാറുണ്ടായിരുന്നില്ല. സിപിഐ.(എം).യും ആർ.എസ്.എസ്സും നേർക്കുനേർ പോരിനിറങ്ങിയ കണ്ണൂരിലെ മിക്ക കേസുകളിലും യഥാർത്ഥത്തിൽ രണ്ടോ മൂന്നോ ക്രിമിനൽ സംഘങ്ങളാണ് അക്രമികളായിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഇവരുടെ ക്രിമിനൽ സേവനം അനിവാര്യമായതിനാൽ ഇവർ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്ക് നേതൃത്വങ്ങൾ മറ്റു ചിലരെ പ്രതികളാക്കി നിയോഗിക്കും.

ലോക്കൽ പൊലീസ് അന്വേഷണമൊന്നുമില്ലാതെ തന്നെ പ്രാഥമികവിവരം രേഖപ്പെടുത്തുകയും ചെയ്യും. നേതാക്കൾ കൊടുക്കുന്ന ലിസ്റ്റ് പ്രകാരം തുടർന്ന് ഇവരായിരിക്കും കേസിലെ പ്രതികളാവുക. തുടർന്ന് അതുപ്രകാരം തന്നെ അന്വേഷണവും കേസും നടക്കും. അങ്ങനെ കൊലക്കേസുകൾ ഉൾപ്പെടെയുള്ള അക്രമക്കേസുകളിൽ കുടുങ്ങിയ പാർട്ടി പ്രാദേശിക നേതാക്കൾ നിരവധിയാണ്. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയാ സെക്രട്ടറി വരെ ഇത്തരം കേസുകളിൽ അക്രമികളുടെ പകരക്കാരായി ജയിലിലും പുറത്തും കഴിയുന്നുണ്ട്.

ഇത്തരമൊരു അവസ്ഥക്ക് കണ്ണൂർ ജില്ലയിൽ ഗവേഷണം നടത്തി വിജയിച്ചവരാണ് സിപിഐ.(എം)യുടെയും ആർ.എസ്.എസ്സ്- ബിജെപി. സംഘടനകളുടേയും നേതൃത്വം. ഈ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിൽ പോയി പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയിൽനിന്നും വ്യതിചലിച്ച് പാർട്ടികൾ നൽകുന്ന ലിസ്റ്റ് പ്രകാരം പ്രതികളാക്കപ്പെടുന്ന നിരവധി സംഭവങ്ങൾ കണ്ണൂർ ജില്ലയിൽ അരങ്ങേറിയിട്ടുണ്ട്. യുവമോർച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലാണ് ഇത്തരം പ്രതികളെ മാറ്റൽ പ്രക്രിയ കാര്യമായി നടന്നത്. ടി.പി. കൊലക്കേസ് അന്വേഷണ സംഘത്തിന് ഒരു പ്രതിയിൽ നിന്നും ലഭിച്ച മൊഴി പ്രകാരം യഥാർത്ഥ പ്രതികളല്ല ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ജയിലിൽ കഴിയുന്നതെന്ന വിവരം ലഭിച്ചിരുന്നു. മനോജ് എബ്രഹാം കണ്ണൂർ എസ്‌പി.ആയിരുന്ന കാലത്താണ് ധാരണാപ്രതികളെ ഒഴിവാക്കിയുള്ള കേസന്വേഷണം അവസാനിച്ചത്. എ കെ ആന്റണിയായിരുന്നു അന്നു മുഖ്യമന്ത്രി.

പാർട്ടി നൽകുന്ന പ്രതികളുടെ ലിസ്റ്റ് അവഗണിച്ചു പൊലീസ് സ്വതന്ത്രമായി അന്വേഷിച്ചു കണ്ടെത്തുന്ന പ്രതികളെ നിയമത്തിനു കീഴിൽ കൊണ്ടുവരികയും അതോടൊപ്പം എവിടെയെങ്കിലും രാഷ്ട്രീയ കൊലപാതകമുണ്ടായാൽ അവിടത്തെ ഏരിയാ സെക്രട്ടറിയെയോ മണ്ഡലം പ്രസിഡന്റിനേയോ ഗൂഢാലോചനക്കേസിൽപ്പെടുത്തുകയോ ചെയ്തപ്പോഴാണ് കണ്ണൂരിൽ രാഷ്ട്രീയകൊലപാതകങ്ങൾക്ക് താത്കാലികമായെങ്കിലും അറുതി വന്നത്. ഇപ്പോൾ പക്ഷേ പഴയ രീതി പുനഃസ്ഥാപിക്കപ്പെട്ടുതുടങ്ങി. രാഷ്ട്രീയ അക്രമങ്ങളുണ്ടാകുമ്പോൾ ധാരണാപ്രതികളെ കൊടുക്കുകയും പൊലീസ് രണ്ടുകൈയും നീട്ടി അതു സ്വീകരിക്കുകയും ചെയ്യുകയാണിപ്പോൾ.

എന്നാൽ കാരായി രാജന്റെ കാര്യത്തിൽ മറ്റൊരു സംശയം കൂടി നിലവിലുണ്ട്. ഏരിയാ സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കാരായി രാജനെ നിയമസഭയിൽ മത്സരിപ്പിക്കാൻ സംസ്ഥാനനേതൃത്വം പ്രാഥമിക ആലോചന നടത്തിയിരുന്നു. തലശ്ശേരി മേഖലയിലെ സീറ്റ് നൽകി നിയമസഭാംഗമാകാൻ എളുപ്പമായിരുന്നു. എന്നാൽ കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കി കണ്ണൂരിൽ ഒതുക്കുക എന്ന തന്ത്രമായിരുന്നു ജില്ലയിലെ ചില ഉന്നത നേതാക്കൾ നടത്തിയത്.

ഇതിന്റെ പിന്നിൽ ചിലരുടെ നിയമസഭാംഗമോഹം എന്ന അജൻഡയും ഉണ്ടായിരുന്നു. ഫസൽക്കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം ദീർഘകാലം എറണാകുളത്ത് കഴിയുന്ന രാജനെ കണ്ണൂർ ജില്ലയിൽ എത്തിക്കാനുള്ള തന്ത്രമെന്ന നിലയിൽ ജില്ലാ പഞ്ചായത്തിൽ മത്സരിപ്പിക്കുകയായിരുന്നു. തലശ്ശേരി മേഖലയിലെ സീറ്റ് മോഹികളുടെ ലക്ഷ്യമായിരുന്നു ഇത്. കണ്ണൂർ ജില്ലയിൽ കാരായി രാജന് പ്രവേശനത്തിനുള്ള എളുപ്പവഴി അതാകാമെന്ന് ധരിപ്പിച്ചാണ് ഈ രാഷ്ട്രീയനീക്കം പിന്നാമ്പുറത്ത് അരങ്ങേറിയത്. ചിലരുടെ പാർലമെന്ററി വ്യാമോഹത്തിനേറ്റ തിരിച്ചടി കൂടിയായിരിക്കയാണ് കാരായിമാർക്കുള്ള ജാമ്യവ്യവസ്ഥയിൽ ഇളവു നൽകാത്ത കോടതി വിധി.

 

 

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷൻ കൊടുക്കുകയും മത്സരിക്ക...

Posted by Karayi Rajan on Saturday, February 6, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP