Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി തരംഗത്തെ മറികടക്കാൻ മറുതന്ത്രം; കന്നടയും തുളുവും കൊങ്കിണിയും ബേരിയും പറഞ്ഞ് വോട്ട് പിടിത്തം; കാസർഗോഡ് പിടിക്കാൻ കർണ്ണാടക നേതാക്കളെ എത്തിച്ച് കോൺഗ്രസ്

മോദി തരംഗത്തെ മറികടക്കാൻ മറുതന്ത്രം; കന്നടയും തുളുവും കൊങ്കിണിയും ബേരിയും പറഞ്ഞ് വോട്ട് പിടിത്തം; കാസർഗോഡ് പിടിക്കാൻ കർണ്ണാടക നേതാക്കളെ എത്തിച്ച് കോൺഗ്രസ്

രഞ്ജിത് ബാബു

കാസർഗോഡ്: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രചാരണം കൊണ്ട് ഇളക്കി മറിച്ച കാസർഗോഡ് ജില്ലയിൽ എൻ.ഡി.എ. ക്ക് തടയിടാൻ ദേശീയ നേതാക്കൾ ഉൾപ്പെട്ട കോൺഗ്രസ്സിന്റെ കർണ്ണാടക സംഘം ജില്ലയിലെത്തി പ്രചാരണം ആരംഭിച്ചു. മോദിയുടെ വരവിൽ ഹൈന്ദവ വോട്ടുകൾ ഭിന്നിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കർണ്ണാടകത്തിലെ നേതാക്കളെ കാസർഗോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിച്ചിട്ടുള്ളത്

കന്നടയും തുളുവും കൊങ്കിണിയും സങ്കര ഭാഷയായ ബേരിയും അനായാസം സംസാരിക്കാനറിയാവുന്ന കർണ്ണാടക നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം മോദിയുടെ പ്രചാരണത്തിന് പകരം വെക്കാനാവുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്. അതിർത്തി പ്രദേശമായ മഞ്ചേശ്വരം, കാസർഗോഡ്, എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ്. അനുകൂലികളുടെ ഇടയിൽ നേരിട്ട് ചെന്ന് പ്രവർത്തിക്കാനാണ് എ.ഐ.സി.സി.യിൽ നിന്നും സംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുള്ളത്.

മുൻ കേന്ദ്ര മന്ത്രിയും എ.ഐ. സി.സി. നിർവ്വാഹക സമിതി അംഗവുമായ ഓസ്‌ക്കാർ ഫെർണാണ്ടസ്സ് ആണ്്് കർണ്ണാടക മന്ത്രിമാർ കൂടി ഉൾപ്പെടുന്ന സംഘവുമായി ഉത്തര കേരളത്തിൽ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളത്. കർണ്ണാടക വനം മന്ത്രി ബി. രാമനാഥ റായ്്് , ആരോഗ്യ മന്ത്രി യു.ടി. ഖാദർ, നഗര കാര്യ മന്ത്രി വിനയകുമാർ സൊർക്കെ, യുവജന ക്ഷേമ മന്ത്രി കെ. അഭയ ചന്ദ്ര, എ.ഐ. സി.സി. അംഗം പി.വി. മോഹനൻ, ഐസൻ ഡിസൂസ, എന്നിവരാണ് സംഘത്തിലുള്ളത്. മഞ്ചേശ്വരം കാസർഗോഡ് മണ്ഡലങ്ങളിൽപ്പെട്ട വോട്ടുകൾ ചോർന്നു പോകാതെ യു.ഡി.എഫിന് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നത സംഘം പ്രവർത്തിച്ചു വരുന്നത്.

ബിജെപി. രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന മണ്ഡലങ്ങളാണ ്മഞ്ചേശ്വരവും കാസർഗോഡും. ബിജെപി. ഈ മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാതിരിക്കണമെങ്കിൽ യു.ഡി.എഫിന് പരമ്പരാഗതമായി ലഭിക്കുന്ന ഭാഷാ മത ന്യൂന പക്ഷങ്ങളുടെ വോട്ടുകളിൽ ചോർച്ചയുണ്ടാവരുത്. മഞ്ചേശ്വരത്ത് താമര വിരിയരുതെന്ന ലക്ഷ്യത്തോടെ കോൺഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധി മുൻകൈയെടുത്താണ് വിവിധ ജനവിഭാഗങ്ങളിൽ സ്വാധീനമുള്ള കോൺഗ്രസ്സ് നേതാക്കളെ തന്നെ എൻ.ഡി.എ. ക്കെതിരെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

മഞ്ചേശ്വരം മണ്ഡലത്തിലെ എന്മകജെ, വോർക്കാഡി, പൈവളിക, തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം അരിച്ചു പെറുക്കിയുള്ള പ്രചാരണമാണ് എ.ഐ.സി.സി. നിയോഗിച്ചിട്ടുള്ള സംഘം നടത്തുന്നത്. സിറ്റിങ് എംഎ‍ൽഎ. യായ പി.വി. അബ്ദുൾ റസാക്കിന് കനത്ത ഭീഷണിയുമായി എൻ.ഡി.എ. സ്ഥാനാർത്ഥി കെ.സുരേന്ദ്രനും എൽ.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പുവും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. നിലവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 5828 വോട്ടുകളാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ഈ അക്കം മാറിയിട്ടില്ല. ഈ ഭൂരിപക്ഷത്തിൽ വിള്ളലുകൾ സംഭവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. എന്നാൽ ഇത്തവണ മഞ്ചേശ്വരത്ത് ചെങ്കൊടി പാറിക്കുമെന്ന് സിപിഐ.(എം). സ്ഥാനാർത്ഥിയും ഉറപ്പിക്കുന്നു. ഒരു കാരണവശാലും ബിജെപി.ക്ക് അക്കൗണ്ട് തുറക്കാൻ സാഹചര്യമുണ്ടാവരുതെന്ന് കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിർദേശമുണ്ട്.

കോൺഗ്രസ്സെിന്റെ മതേതര നിലപാടുകൾ ഉയർത്തിക്കാട്ടി വോട്ടുകൾ തേടാനുള്ള തന്ത്രങ്ങൾ ആവിഷ്്്ക്കരിക്കാനും കണ്ണാടക സംഘത്തിന് പ്രത്യേക നിർദേശമുണ്ട്. മഞ്ചേശ്വരം പോലെ കാസർഗോഡും ബിജെപി. രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കാസർഗോട്ടും പോളിങ് ശതമാനം കുറഞ്ഞതും യു.ഡി.എഫിനെ ബാധിച്ചിട്ടുണ്ട്. യു.ഡി.എഫ് അനുകൂലികളുടെ മുഴുവൻ വോട്ടുകളും ചെയ്യിക്കാൻ കനത്ത സമ്മർദ്ദം ചെലുത്തണം. മഞ്ചേശ്വരത്ത് ലോകസഭാ തെരഞ്ഞെടുപ്പിൽ 71.7 % വും കാസർഗോട്ട് 73.4 % വും വോട്ടുകളാണ് പോൾ ചെയ്തത്.

ഇത് ജില്ലയിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ്. എൽ.ഡി.എഫ്്് കേന്ദ്രങ്ങളിൽ 82 % ത്തിലധികം വോട്ടുകൾ പോൾ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പോളിങ് കഴിയുന്നതുവരേയും ഓസ്‌ക്കാർ ഫർണാണ്ടസ്സിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് ജില്ലയിൽ തന്നെ പ്രവർത്തിക്കും. 12 ാം തീയ്യതി രാഹുൽ ഗാന്ധി പ്രചരണത്തിനെത്തുമ്പോൾ അതുവരെയുള്ള പ്രചാരണ വിവരങ്ങൾ അദ്ദേഹത്തിനെ അറിയിക്കേണ്ടതുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP