Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയ നേതാവ്; ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവാണെന്ന് പറഞ്ഞത് കേസായപ്പോൾ തിരുത്തിയത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന് വ്യാഖ്യാനിച്ച്; കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ വ്യക്തി അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു; കുടുംബമാണ് പാർട്ടി എന്ന് അണ്ണാദുരെ പറഞ്ഞത് പാർട്ടിയാണ് കുടുംബമെന്നാക്കി; കരുണാനിധിയുടെത് വൈരുധ്യങ്ങളുടെ രാഷ്ട്രീയ ജീവിതം

രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ ധൈര്യം കാട്ടിയ നേതാവ്; ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവാണെന്ന് പറഞ്ഞത് കേസായപ്പോൾ തിരുത്തിയത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന് വ്യാഖ്യാനിച്ച്; കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ വ്യക്തി അധികാരത്തിലെത്തിയപ്പോൾ അതെല്ലാം മറന്നു; കുടുംബമാണ് പാർട്ടി എന്ന് അണ്ണാദുരെ പറഞ്ഞത് പാർട്ടിയാണ് കുടുംബമെന്നാക്കി; കരുണാനിധിയുടെത് വൈരുധ്യങ്ങളുടെ രാഷ്ട്രീയ ജീവിതം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വൈരുധ്യങ്ങളുടെയും വൈപരീത്യങ്ങളുടെയും രാഷ്ട്രീയ ജീവിതം. മുത്തുവേൽ കരുണാനിധി എന്ന കലൈഞ്ജർ കരുണാനിധിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ വാചകമാണ്. കട്ട നാസ്തികനായ പെരിയാറിന്റെ കൂടെ ഭഗവദ്ഗീത കത്തിക്കാനും ഹിന്ദിവിരുദ്ധ സമരത്തിനും നേതൃത്വം നൽകിയ, ലാളിത്യത്തിന്റെ പ്രതീകമായ അണ്ണാദുരെയുടെ സന്തതസഹചാരിയുമായ ഒരാളൊക്കെ അങ്ങേയറ്റം പിന്നോക്കമായിരുന്നു തമിഴ്‌നാടിന്റെ തലപ്പത്ത് എത്തുമ്പോൾ എന്തെല്ലാം പ്രതീക്ഷകൾ ഉണ്ടാകും. പക്ഷേ കരുണാനിധിക്ക് അതൊന്നും പൂർത്തീകരിക്കാനായില്ല. പകരം പെരിയാർ കൾട്ടിന്റെ അടിസ്ഥാനമായ നാസ്തികതയിൽ വെള്ളം ചേർക്കുകയും ഭക്തിയെയും ബ്രാഹ്മണ്യത്തെയും ഡിഎംകെയിലേക്ക് ഒളിച്ചുകടത്തുകയുമായിരുന്നു ഫലത്തിൽ കരുണാനിധി ചെയ്തത്.

പാർട്ടിയാണ് കുടുംബം എന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന് കുടുംബമാണ് പാർട്ടി എന്ന അവസ്ഥ വന്നു. കരുണാനിധിയുടെ മക്കളെ അംഗീകരിക്കാത്തവർക്ക് പാർട്ടിയിൽ നിലനിൽപ്പില്ലാതെ വന്നു. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധി തന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്‌സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ അണ്ണാദുരെയുടെ ശിഷ്യന്റെ പാർട്ടി പിൽക്കാലത്ത് ഒന്നിന് പിറകിൽ എത്ര പൂജ്യങ്ങളുള്ള അഴിമതിയാണെന്ന് സാധാരണക്കാരന് നിശ്ചതമില്ലാത്ത വിധത്തിലുള്ള അഴിമതികളിൽ പെട്ടു. ഒരു വേള വേലുപ്പിള്ള പ്രഭാകരും തമിഴ്പുലികളുമായി കരുണാനധിക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ വൈരുധ്യങ്ങളുടെയും അപചയത്തിന്റെയും ഇടയിലും തമിഴ്മക്കൾക്കൊപ്പമാണെന്ന ധാരണ വരുത്താൻ കഴിഞ്ഞതും, അപ്പുറത്ത് ജയലളിതയുടെ നേതൃത്വത്തിൽ സമാനമായ അഴിമതി നടന്നതുമാണ് ഡി എം കെയെ സത്യത്തിൽ നിലനിർത്തിയത്.

എന്നെന്നും അൾക്കൂട്ടത്തിനൊപ്പം

ജയലളിതയും കരുണാനിധിയും തമിഴ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ മുഖങ്ങളാണ്. ജനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കാൻ ജയലളിത കരുതലെടുത്തപ്പോൾ കരുണാനിധി കുറേക്കൂടി തുറന്ന സമീപനമാണ് പുലർത്തിയത്. മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും കരുണാനിധി ആദ്യന്തം പാർട്ടിക്കാരനും പത്രപ്രവർത്തകനുമായിരുന്നു. പാർട്ടി പത്രമായ മുരശൊലിയിൽ പാർട്ടി പ്രവർത്തകരോട് സംവദിക്കുന്ന നിത്യേനയുള്ള കുറിപ്പ് എഴുതാതെ കരുണാനിധിയുടെ ദിവസം തുടങ്ങാറില്ല. എഴുതാൻ വയ്യാത്തപ്പോൾ സന്തത സഹചാരിയായ ഷൺമുഖനാഥന് പറഞ്ഞു കൊടുത്താണ് കരുണാനിധി ഈ കുറിപ്പ് തയ്യാറാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് കരുണാനിധിയെ കാണുന്നതിന് ഒരിക്കലും തടസ്സങ്ങളുണ്ടായിരുന്നില്ല. പത്രക്കാരോട് സംസാരിക്കുന്നതിനും കരുണാനിധി കാലഗണന പട്ടികകൾ തയ്യാറാക്കിയിരുന്നില്ല.

വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന നേതാവ്

തീക്ഷ്ണമായ വാക്കുകളായിരുന്നു എക്കാലവും കരുണാനിധിയുടെ ശക്തി. എംജിആറിനെ സൂപ്പർ സ്റ്റാർ ആക്കിയ വെടിമരുന്ന് ആവാഹിച്ചിരുന്നത്് ആ പേനയിൽ ആയിരുന്നു. എന്തിനേയും ഏതിനേയും ചോദ്യം ചെയ്യാൻ ലൈസൻസുള്ള നേതാവായിരുന്നു അദ്ദേഹം സേതുസമുദ്രം പദ്ധതിക്ക് വിഘാതമായി ശ്രീരാമൻ ലങ്കയിലേക്ക് തീർത്തതെന്ന് പറയപ്പെടുന്ന പാലം ഉയർത്തിക്കാട്ടിയവരോട് രാമൻ ഏത് കോളേജിൽ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാൻ കലൈഞ്ജർക്ക് മാത്രമേ ആവുമായിരുന്നുള്ളു.
ഹിന്ദു എന്ന വാക്കിന്റെ അർത്ഥം മോഷ്ടാവ് എന്നാണെന്ന കലൈഞ്ജറുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഹിന്ദുസംഘടനകൾ കേസ് കൊടുത്തപ്പോൾ കലൈഞ്ജർ പറഞ്ഞത് ഹൃദയങ്ങൾ കവരുന്നയാൾ എന്ന അർത്ഥമാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു. വാക്കുകൾ കൊണ്ട് കളിക്കാൻ ഇത്രമേൽ അറിയാവുന്ന മറ്റൊരു നേതാവ് തമിഴകത്തില്ല.

വിനയായത് പുലി ബന്ധം

തമിഴ്മക്കളുടെ ആവേശം ഉയർത്താനും തമിഴ് ദേശീയത ഉയർത്തിപ്പിടിക്കാനുള്ള കലൈഞ്ജറുടെ ശ്രമങ്ങൾ ഇടക്ക് പുലി പ്രശ്നത്തിൽ തട്ടി വല്ലാതെ പാളുകയും ചെയ്തു. വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സർക്കാറിനെതിരായ പോരാട്ടങ്ങൾക്ക് തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അനകൂലിച്ചിരുന്നെങ്കിലും രാജീവ് ഗാന്ധി വധത്തോടെ കാര്യങ്ങൾ അട്ടിമറിഞ്ഞു. ഒരു കണക്കാനാണ് അന്ന് കരുണാനിധിയും അദ്ദേഹത്തിന്റെ പഴയ ശിഷ്യനായ വൈകോയും തടിയൂരിയത്. പണ്ട് വേലുപ്പിള്ള പ്രഭാകരൻ നേരിട്ട് വന്ന് തമിഴ്‌നാട് മൂൻ മുഖ്യമന്ത്രി എംജി രാമചന്ദ്രനുമായി ചർച്ച നടത്തിയതിന്റെ കഥകൾ മറ്റും പറഞ്ഞാണ് കരുണാനിധി ഈ വിഷയത്തെ നേരിട്ടത്.

പെരിയാറിനെയും അണ്ണാദുരെയയും ചവറ്റ് കുട്ടയിലെറിഞ്ഞു

പ്രായോഗിക രാഷ്ട്രീയം പലപ്പോഴും അങ്ങനെയാണ്. അത് തുടങ്ങിയ കാലത്തെ ആശയങ്ങളുമായി പുലബന്ധംപോലും പിന്നീട് ഉണ്ടാകില്ല. പെരിയാറിന്റെ തത്വങ്ങളിൽ നാസ്തികതയും ഭഗവത്ഗീത കത്തിക്കലുമൊക്കെ കലൈഞ്ജർ പണ്ടേ കൈയാഴിഞ്ഞു. ഹിന്ദിവിരുദ്ധത മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പെരിയാറും അണ്ണാദുരെയും വെറുത്ത മക്കൾ രാഷ്ട്രീയം കരുണാനിധിതന്നെ അതിശക്തമായി തിരിച്ചുകൊണ്ടുവന്നു. മാർക്‌സിന്റെ ആരാധകനാണെന്നും ഒരു ഘട്ടത്തിൽ മാർക്‌സിസ്റ്റുമാണെന്ന് പറഞ്ഞ അതേ കലൈഞ്ജർ തന്നെ പിൽക്കാലത്ത് ഹിന്ദുത്വ ശക്തികളുമായി കൈകോർക്കുന്നത് കാലം കണ്ടു

പാർട്ടിയിൽ മകൻ സ്റ്റാലിനാണോ പിൻഗാമിയെന്ന ചോദ്യത്തിന് പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ ഡി.എം.കെ. ശങ്കരമഠമല്ല എന്ന് കരുണാനിധി പ്രതികരിച്ചത്. പക്ഷേ, കഴകമാണ് കുടുംബം എന്ന അണ്ണായുടെ നിലപാട് കലൈഞ്ജർ പിന്തുടർന്നില്ല. പകരം കുടുംബമാണ് കഴകം എന്ന പ്രതിലോമ സിദ്ധാന്തത്തിലേക്ക് കലൈഞ്ജർ എത്തിച്ചേരുകയും മക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവരെ പാർട്ടിയുടെ മുൻനിരയിലേക്ക് കൊണ്ടു വരികയും ചെയ്തു. അധികാരത്തോടുള്ള ആസക്തി ജിവിതസായാഹ്നത്തിലും കലൈഞ്ജർ മറച്ചുവെച്ചില്ല. വീണ്ടും യൗവ്വനം ആവശ്യപ്പെടുന്ന യയാതിയെപ്പോലെ കലൈഞ്ജർ മകൻ സ്റ്റാലിനോട് മുഖ്യമന്ത്രിക്കസേരയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

ചെന്നൈയിൽ മൈലാപൂരിലുള്ള കാവേരി ആശുപത്രിയിൽ കിടക്കുമ്പോഴും കലൈഞ്ജറുടെ കണ്ണുകൾ സെന്റ് ജോർജ് കോട്ടയിലെ ആ അധികാരപീഠം വിട്ടുപോയിരുന്നില്ല. അവസാന കാലം വരെ അധികാരം കലൈഞ്ജറെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.

അഴിമതിയുടെ യുപിഎക്കാലം

ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു കരുണാനിധിയുടെത്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ന് എത്രകോടിയുടെ സ്വത്തുണ്ടെന്ന് ചോദിച്ചാൽ ആർക്കും മറുപടി തരാൻ ആകില്ല. സിനിമ നിർമ്മാണം തൊട്ട് മാധ്യമങ്ങൾ വരെ, ആക്രിക്കച്ചവടം തൊട്ട് ഇരുമ്പുരുക്ക് വ്യവസായം വരെ.കരുണാനിധി കുടുംബത്തിന്റെ വകകൾ നീളുകയാണ്.

2004ലെ യുപിഎ സർക്കാറിലെ ഡിഎംകെയുടെ അഴിമതികൾ തീരാക്കളങ്കമാണ് കരുണാനിധി ക്ക് ഉണ്ടാക്കിക്കാടുത്തത്. ഈ അഞ്ചുകൊല്ലക്കാലം ഇന്ത്യയുടെ അച്ചുതണ്ട് കറങ്ങിയത് ഡി.എം.കെയ്ക്ക് ചുറ്റുമായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിൽ എ. രാജ, കപ്പൽ ഗതാഗതത്തിൽ ടി.ആർ ബാലു, ടെലികോം മന്ത്രാലയത്തിൽ ദയാനിധി മാരൻ .മാരനും രാജയുമൊക്കെ ചേർന്ന് തീർത്ത 2 ജി സ്പെക്ട്രത്തിന്റെ ആ കരിനിഴലിൽ നിനന് ഇപ്പോഴും പുറത്തുകടക്കാൻ ഡി.എം.കെയ്ക്കായിട്ടില്ല.

ഹിറ്റായത് ഒരു രൂപയ്ക്ക് ഒരു കിലോ അരി

ഞെട്ടിപ്പിക്കുന്ന വീഴ്ചകൾക്കിടയിലും കലൈഞ്ജറുടെ പ്ലസ് പോയിന്റുകൾ കാണാതിരിക്കാനാവില്ല. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ വേരുകൾ നിളുന്നത് കഴിഞ്ഞ ഡി.എം.കെ. ഭരണകാലത്തിലേക്കാണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരിയെന്ന കലൈഞ്ജറുടെ പദ്ധതി വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഡി.എം.കെ. സർക്കാർ എടുത്ത നടപടികളും ശ്രദ്ധേയമായിരുന്നു. സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും കലൈഞ്ജറുടെ സർഗ്ഗാത്മക നടപടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP