Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള കോൺഗ്രസുകളിൽ കൊഴിഞ്ഞുപോക്ക്; അസംതൃപ്തർ സംയുക്തമായി ജനതാദൾ- എസിലേക്കു ചേക്കേറാൻ ശ്രമം

കേരള കോൺഗ്രസുകളിൽ കൊഴിഞ്ഞുപോക്ക്; അസംതൃപ്തർ സംയുക്തമായി ജനതാദൾ- എസിലേക്കു ചേക്കേറാൻ ശ്രമം

കൊച്ചി :വൺമാൻഷോ നടത്തുന്ന പി സി ജോർജിനോടും ബാർക്കോഴയിൽ ഊർധ്വശ്വാസം വലിക്കുന്ന കെ എം മാണിയോടും തരാതരം ചുവടുമാറ്റം നടത്തുന്ന പി സി തോമസിനോടും സി പി എമ്മിന്റെ നിഴലിൽ ഞെളിയുന്ന സ്‌കറിയാ തോമസിനോടും അതൃപ്തിയുള്ള കേരള കോൺഗ്രസുകാർ ജനതാദൾ- സെക്കുലറിലേക്കു ചേക്കേറുന്നു. സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിനുശേഷം കേരള കോൺഗ്രസുകളിൽ ശക്തമായ കൊഴിഞ്ഞുപോക്കിന് ഇടയുണ്ടെന്ന രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലുകൾ ശരിവയ്ക്കുന്ന തരത്തിലാണ് വിവിധ കേരള കോൺഗ്രസുകളിൽ അസംതൃപ്തരുടെ കൂട്ടായ്മ രൂപപ്പെടുന്നത്.

പുതിയ രാഷ്ടീയ ചേരി ലക്ഷ്യമിട്ട് നീങ്ങുന്ന അസംതൃപ്തർ ജനതാദൾ- എസ്സിൽ ലയിക്കാനാണ് തീരുമാനം. ഇതിനായുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. രഹസ്യ ചർച്ചകളും തന്ത്രപ്രധാനയോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതായാണ് അറിയുന്നത്. വിവിധ കേരള കോൺഗ്രസുകൾ വിട്ടുവരുന്നവരെ സ്വീകരിക്കാൻ ജനതാദൾ- എസും തയ്യാറെടുപ്പ് തുടങ്ങി.

മാത്യു ടി തോമസ് നയിക്കുന്ന ജനതാദളിലേക്ക് ലയിക്കാൻ അസംതൃപ്തരുടെ കൂട്ടായ്മ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. പ്രവർത്തകമാന്ദ്യം അനുഭവിക്കുന്ന ജനതാദൾ അസംതൃപ്തരുടെ നീക്കം പൂർണമായും മുതലാക്കാനാണ് നീക്കം നടത്തുന്നത്. ജനതാദൾ സംസ്ഥാനനേതൃത്വത്തിൽനിന്നും ലയനത്തിന് പച്ചക്കൊടി ലഭിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും അസംതൃപ്തരുടെ ഒഴുക്ക് വർധിച്ചുതുടങ്ങി.

ഇവർ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ജനതാദൾ - എസിന്റെ ഉത്തരവാദപ്പെട്ട പ്രതിനിധികൾ സംബന്ധിച്ചുതുടങ്ങി. നേരത്തെ അതത് ജില്ലാ കമ്മിറ്റികളിൽനിന്നും നേതാക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ നീക്കം ശക്തി പ്രാപിച്ചതോടെ സംസ്ഥാന നേതാക്കൾ തന്നെ നേരിട്ടെത്തുകയാണ്. ഇപ്പോൾ മണ്ഡലം തല കൂട്ടായ്മകളാണ് രൂപപ്പെടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ജില്ലകളിൽനിന്നുള്ള അസംതൃപ്തരായ നേതാക്കൾ ജനതാദൾ നേതൃത്വവുമായി ചർച്ച നടത്തും. ഉപാധികളില്ലാതെ ലയിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും സർക്കാർ സഹായവും പാർട്ടിയിൽ വ്യക്തമായ സ്ഥാനവും നേടിയെടുക്കാനാണ് അസംതൃപ്തവിഭാഗത്തിന്റെ തീരുമാനം.

ഇടതുമുന്നണിയിൽ മന്ത്രിസ്ഥാനവുമായി തുടരുന്ന ജനതാദളിൽ കയറിപ്പറ്റിയാൽ സർക്കാരിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് അസംതൃപ്തർ കരുതുന്നത്. ഭരണത്തുടർച്ചയുണ്ടായാൽ മാന്യമായ പദവി ലഭിക്കുമെന്നു കരുതിയ വിവിധ കേരള കോൺഗ്രസ് നേതാക്കൾക്കുണ്ടായ കടുത്ത നിരാശയാണ് കൊഴിഞ്ഞുപോക്കിന് ആക്കം വർധിപ്പിച്ചത്. ഭരണമാറ്റം സംഭവിച്ചതോടെ മാണിയും വൺ മാൻ ഷോയിൽ ഒറ്റപ്പെട്ടുപോയ പി സി ജോർജും താഴേത്തട്ടിലുള്ള പ്രവർത്തകരെയും നേതാക്കളെയും പരിഗണിക്കാതായതും കൂടൊഴിയലിന് മറ്റൊരു കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP