Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയും ജോസഫും ജോസ് കെ മാണിയും നോക്കി നിൽക്കേ മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകന് നേരേ കൈയേറ്റം; പുതുശേരി - വിക്ടർ പക്ഷങ്ങൾ ചേരിതിരിഞ്ഞപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിനിടെ രണ്ടു റൗണ്ട് അടി; നേതാക്കൾക്ക് നേരെയും ആക്രോശം

മാണിയും ജോസഫും ജോസ് കെ മാണിയും നോക്കി നിൽക്കേ മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകന് നേരേ കൈയേറ്റം; പുതുശേരി - വിക്ടർ പക്ഷങ്ങൾ ചേരിതിരിഞ്ഞപ്പോൾ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിനിടെ രണ്ടു റൗണ്ട് അടി; നേതാക്കൾക്ക് നേരെയും ആക്രോശം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ കേരളാ കോൺഗ്രസ് (എം)ലെ വിഭാഗീയത സ്ഥിരം കൈയാങ്കളിയിലേക്ക്. ചെയർമാൻ കെഎം മാണിയെയും ഡെപ്യൂട്ടി ചെയർമാൻ പിജെ ജോസഫിനെയും മറ്റു മുതിർന്ന നേതാക്കളെയും സാക്ഷിയാക്കി ഇന്നലെ നടന്ന കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് യോഗത്തിൽ പൊരിഞ്ഞ അടി. മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകനെ അടിച്ചാണ് കൂട്ടയടിക്ക് തുടക്കമായത്. പ്രശ്നക്കാരെ പുറത്തിറക്കി വിട്ടപ്പോൾ അവിടെയും നടന്നു രണ്ടാം റൗണ്ട് അടി.

ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. പാർട്ടി ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് ഇന്നലെ വൈകിട്ട് മൂന്നിന് ജില്ലാ കമ്മറ്റി ഓഫീസിലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി എംഎൽഎമാരായ കെ.എം മാണി, പിജെ ജോസഫ്, തോമസ് ഉണ്ണിയാടൻ, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവർ ഉച്ചയ്ക്ക് തന്നെ ഗസ്റ്റ് ഹൗസിൽ എത്തിച്ചേർന്നിരുന്നു. ജില്ലാ കമ്മറ്റിയിലേക്ക് 129 പേരുടെ പട്ടികയുമായിട്ടാണ് ഇവർ വന്നത്. അതേ സമയം, നിലവിലുള്ള ജില്ലാ കമ്മറ്റി തയാറാക്കിയ പട്ടികയിൽ 175 പേരെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പട്ടികയിലെ എണ്ണം കുറയ്ക്കുന്നതിനും തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനെയാക്കുന്നതിനുമായി വിക്ടർ ടി തോമസ്-ജോസഫ് എം പുതുശേരി വിഭാഗങ്ങളെ നേതാക്കൾ ചർച്ചയ്ക്കും വിളിച്ചിരുന്നു.

ആദ്യം ഗസ്റ്റ് ഹൗസിലും പിന്നീട് റെസ്റ്റ് ഹൗസിലുമായി രണ്ടു വട്ടം ചർച്ച നടന്നുവെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല. വിക്ടർ ടി തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി പകരം സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് സജി അലക്സിനെയോ, പാർട്ടി സംസ്ഥാന സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കലിനെയോ നിയമിക്കമെന്ന് പുതുശേരി പക്ഷം ആവശ്യപ്പെട്ടു. വിക്ടർ 14 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും അവർ ചൂണ്ടിക്കാട്ടി. ഇതും പട്ടികയിലെ എണ്ണത്തിൽ കുറവു വരുത്തുന്നതും അംഗീകരിക്കാൻ വിക്ടർ പക്ഷം തയാറായില്ല. സംസ്ഥാനത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് നടത്തിയതെന്നും ഇവിടെയും അങ്ങനെ തന്നെയാകണം എന്നാണ് ആഗ്രഹമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മറ്റി കൊണ്ടു വന്ന പട്ടിക അംഗീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

ഇക്കാര്യത്തിൽ സമവായത്തിൽ എത്താൻ കഴിയാതെ വന്നതോടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും അതിന് ഒരു തീയതി നിശ്ചയിക്കാമെന്നും കെഎം മാണി പറഞ്ഞു. ഇതിന് ശേഷം ജില്ലാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ സമ്മേളന ഹാളിൽ എത്തിയപ്പോഴേക്കും രാത്രി ഏഴു മണിയായിരുന്നു. നേതാക്കൾ വേദിയിൽ കയറിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് മാറ്റി വച്ചുവെന്ന് കെഎം മാണി അറിയിച്ചു. സമവായ സാധ്യത മങ്ങിയതു കൊണ്ടാണ് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് യൂത്ത്ഫ്രണ്ട് നേതാക്കളും ഇവരെ അനുകൂലിക്കുന്നവരും സമ്മേളന ഹാളിലേക്ക് വന്നു.

തങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പാർട്ടി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സസ്പെൻഷൻ പിൻവലിക്കാമെന്ന് വേദിയിലുണ്ടായിരുന്ന നേതാക്കൾ അറിയിച്ചു. എന്നാൽ, ഈ വേദിയിൽ വച്ചു തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്നായി പ്രവർത്തകർ. നിലവിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎ മാമ്മൻ മത്തായിയുടെ മകനുമായ ദീപു അത് നടക്കില്ലെന്ന് അറിയിച്ചു. പുതുശേരി പക്ഷത്ത് നിന്നുള്ളയാളാണ് ദീപു. ഇതിന് പിന്നാലെ വിക്ടറിനെ അനുകൂലിക്കുന്ന തിരുവല്ലയിൽ നിന്നുള്ള ദളിത് ഫ്രണ്ട് (എം) നേതാവ് രാജു ദീപുവിനെ മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.

ഇതോടെ കൂട്ടയടിയായി. പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ പികെ ജേക്കബിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നു. അടിയുണ്ടാക്കുന്നവർ സമ്മേളന ഹാൾ വിട്ടു പോകണമെന്ന് ജോസ് കെ മാണി എംപി അന്ത്യശാസനം നൽകിയതോടെ കൂട്ടയടിക്ക് വിരാമമായി. പ്രവർത്തകർ ഹാളിന് വെളിയിൽ പോവുകയും ചെയ്തു. തുടർന്ന് നേതാക്കളും സ്ഥലം വിട്ടു. ഇവർ പോയതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ വീണ്ടും കൂട്ടയടി നടന്നത്. മറ്റു പ്രവർത്തകർ എല്ലാം ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ ജോസഫ് എം പുതുശേരിയെ കാലുവാരിയെന്നാരോപിച്ചാണ് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശേരി, സംസ്ഥാന സെക്രട്ടറി വിആർ രാജേഷ്, അഡ്വ സന്തോഷ് ജേക്കബ് എന്നിവരെ സസ്പെൻഡ് ചെയ്തത്. വിക്ടർ പക്ഷക്കാരായ ഇവർ പുതുശേരിയുടെ പരാതി അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ ലഭിച്ചത്. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കെഎം മാണിക്കും അച്ചടക്ക നടപടി കമ്മറ്റി ചെയർമാൻ ജോയി തോമസിനും നിരവധി തവണ നിവേദനം നൽകിയിരുന്നു. ഉടൻ പിൻവലിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതു വരെ നടപ്പായില്ല. ഇതിന്റെ പേരിൽ മാസങ്ങൾക്ക് മുൻപും ജില്ലാ കമ്മറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP