Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഘടകകക്ഷിയാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടില്ലെന്നു മാണിയോടു ജോസഫ്; എല്ലാം സ്റ്റോറികളെന്നു വിശദീകരിച്ചു കെ എം മാണിയും; സീറ്റില്ലെങ്കിൽ ഇടതുപക്ഷത്തേക്കു മാറാനുറച്ചു ഫ്രാൻസിസ് ജോർജും കൂട്ടരും; കേരളാ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം

ഘടകകക്ഷിയാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടില്ലെന്നു മാണിയോടു ജോസഫ്; എല്ലാം സ്റ്റോറികളെന്നു വിശദീകരിച്ചു കെ എം മാണിയും; സീറ്റില്ലെങ്കിൽ ഇടതുപക്ഷത്തേക്കു മാറാനുറച്ചു ഫ്രാൻസിസ് ജോർജും കൂട്ടരും; കേരളാ കോൺഗ്രസിൽ സർവത്ര ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയോഗ്യതാ പ്രശ്‌നം മാറിയതോടെ കെഎം മാണിയുടെ കേരളാ കോൺഗ്രസിനെ വിടാനുറച്ച് പിജെ ജോസഫ് വിഭാഗത്തിലെ ഒരു കൂട്ടർ നീക്കം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരള കോൺഗ്രസ് (എം) പിളർപ്പിലേക്കെന്നാണ് സൂചന. അതിനിടെ മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണം. ഫ്രാൻസിസ് ജോർജ്, കെസി ജോസഫ്, ആന്റണി രാജു എന്നിവർക്ക് സീറ്റ് നൽകാനാവില്ലെന്ന മാണി വിഭാഗത്തിന്റെ നിലപാടാണ് ഇതിന് കാരണം.

അതിനിടെ ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പിജെ ജോസഫും മുഖ്യമന്ത്രിയും രംഗത്തു വന്നു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഘടകകക്ഷിയായി നിൽക്കണമെന്ന ആവശ്യം ജോസഫ് മുന്നോട്ട് വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനിടെ പിളർപ്പുമായി ബന്ധപ്പെട്ട വാർത്തകൾ കെഎം മാണിയും നിഷേധിച്ചു. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും എല്ലാം കൂട്ടായി മാത്രമേ തീരുമാനിക്കൂവെന്നും മാണി പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്നും മാണി ഡൽഹിയിൽ പ്രതികരിച്ചു.

എന്നാൽ നിയമസഭയിൽ വച്ച് പിജെ ജോസഫുമായി സംസാരിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്. എന്നാൽ പാർട്ടി വിഷയങ്ങളൊന്നും സംസാരിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. അതിനിടെ ജോസഫ് ഗ്രൂപ്പിലെ പിളർപ്പൊഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പിജെ ജോസഫ് എന്നും വ്യക്തമാണ്. ഒത്തുപോകാനാകാത്ത വിധം മാണിയുമായി അകന്നെന്നും മൂന്ന് എംഎൽഎമാരുള്ളതിനാൽ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പിജെ ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

പാർട്ടിക്കകത്തോ മുന്നണിക്കകത്തോ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചർച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിർത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പിജെ ജോസഫിന്റെ നിലപാട്. ഇത്തരം വാർത്ത വന്നതോടെ കെഎം മാണി നേരിട്ട് ജോസഫിനെ ഫോണിൽ വിളിച്ചിരുന്നു. ഡൽഹിയിലെ റബ്ബർ വിലത്തകർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് ആരും പങ്കെടുക്കുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ഇതെന്ന് മാണി വിശദീകരിക്കുകയും ചെയ്തു. അതിനിടെയാണ് പാർട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയെ ജോസഫ് അറിയിച്ചെന്ന അഭ്യൂഹമെത്തിയത്. ഇതോടെയാണ് ജോസഫിനെ മാണി വിളിച്ചത്. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രതികരണം.

കെ.എം മാണി രണ്ടു സീറ്റുകൾ മാത്രമേ ജോസഫ് വിഭാഗത്തിന് നൽകൂ എന്ന് വാർത്തകളുണ്ടായിരുന്നു. പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനുള്ള മാണി വിഭാഗത്തിന്റെ നീക്കം ജോസഫ് വിഭാഗത്തിന് അംഗീകരിക്കാനും കഴിയില്ല. ഡൽഹിയിൽ നടക്കുന്ന റബ്ബർ സമരത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോൾ തന്നെ പാർട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു. അതിന് ശേഷമാണ് ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടത്. എൽ.ഡി.എഫിലേക്ക് പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് പി.ജെ ജോസഫ് പ്രത്യേക ഘടകകക്ഷിയായി തങ്ങളെ പരിഗണിക്കാൻ സാധിക്കുമോ എന്നറിയാൻ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അറിയുന്നത്. ഈ കൂടിക്കാഴ്ച ജോസഫ് തന്നെ തള്ളിയതോടെ അഭ്യൂഹങ്ങൾ വേറെ വഴിക്കായി. ജോസഫ് മാണിയെ വിടില്ലെന്നും മാണിയോട് അതൃപ്തിയുള്ള ബാക്കി നേതാക്കൾ മുന്നണി വിടുമെന്നുമാണ് പക്ഷം.

കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം. ബാർ കോഴയിൽ മാണി രാജിവയ്ക്കുമ്പോൾ മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജോസഫിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോസഫ് ഇതിന് തയ്യാറായിരുന്നില്ല. അന്നുമുതൽ തുടങ്ങിയതാണ് ഭിന്നത്. ഡൽഹിയിൽ കെ.എം. മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജോസഫ് വിഭാഗം പങ്കെടുത്തില്ല. ഇതോടെ അകൽച്ച കൂടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പിൽനിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫിൽ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇത് അംഗീകരിക്കരുതെന്ന് യുഡിഎഫിനോട് മാണിയും ആവശ്യപ്പെടും.

ജോസഫിന് യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകാൻ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക ഘടകകക്ഷിയാക്കണമെന്ന ആവശ്യം. ഇതിലൂടെ കൂടുതൽ സീറ്റുകൾ വാങ്ങിയെടുക്കാമെന്നാണ് പ്രതീക്ഷ. ഇത് നടന്നില്ലെങ്കിൽ മറുപക്ഷത്തേക്ക് പോകാമെന്നും കണക്ക് കൂട്ടുന്നു. ജോസഫിന്റെ അടുപ്പക്കാർ പലരും ഇടതുപക്ഷവുമായി ചർച്ച നടത്തിയിട്ടുമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുന്നണി മാറുന്നുവെന്ന സ്ഥിരം പരാതി ജോസഫിനെതിരെയുണ്ട്. ഇത്തവണ ഇത് ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്നമാണ് ജോസഫിന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് യുഡിഎഫിൽ നിന്ന് മത്സരിക്കാൻ കൂടുതൽ സീറ്റുകൾ വാങ്ങി അവിടെ തന്നെ തുടരാൻ ശ്രമം. ഇത് നടന്നില്ലെങ്കിൽ മാത്രമേ ജോസഫ് മറ്റ് വഴികൾ തേടൂ.

അതിനിടെ നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടുണ്ടാകുമെന്നാണ് ഫ്രാൻസിസ് ജോർജും കെസി ജോസഫവും ആന്റണി രാജുവും നൽകുന്ന സൂചന. ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയും കെസി ജോസഫ് കുട്ടനാടോ ചങ്ങനാശ്ശേരിയോ ആന്റണിരാജു തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ പിജെ ജോസഫിന്റെ പിന്തുണ ഇവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ യുഡിഎഫിൽ തുടരാമെന്ന സൂചന ഫ്രാൻസിസ് ജോർജിൽ നിന്ന് കിട്ടിയതോടെ ജോസഫ് സമ്മതം മൂളുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരെങ്കിലും മുന്നണിയിൽ നിന്ന് പുറത്തുപോകുന്നത് യുഡിഎഫിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി കൂടുതൽ സീറ്റുകളാണ് ജോസഫിന്റെ ലക്ഷ്യം. നിലവിൽ മൂന്ന് എംഎൽഎമാരാണ് ജോസഫിനുള്ളത്. ഇതിനൊപ്പം മൂന്ന് സീറ്റുകൾ കൂടിയാണ് ജോസഫ് യുഡിഎഫിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

എന്നാൽ യുഡിഎഫ് വിട്ട് ഒരുകളിക്കും ജോസഫ് തയ്യാറല്ല. ഇത് ഫ്രാൻസിസ് ജോർജിനേയും കൂട്ടരേയും അലട്ടുന്നുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫ് വിട്ട് ഇടതുപാളയത്തിലേക്ക് അവർ മാറും. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP