Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിമത നേതാക്കളെ ഇനി വേണ്ടെന്ന് കെഎം മാണിയുടെ നിലപാട്: ഇടതുമായി വിലപേശിയതിൽ ജോസഫിനും പ്രതിഷേധം; ഫ്രാൻസിസ് ജോർജിനും ആന്റണിരാജുവിനും ഇനി ഇടതുമുന്നണിയല്ലാതെ മറ്റൊരു വഴിയില്ല; വിലപേശലിൽ വീഴാതെ സിപിഐ(എം)

വിമത നേതാക്കളെ ഇനി വേണ്ടെന്ന് കെഎം മാണിയുടെ നിലപാട്: ഇടതുമായി വിലപേശിയതിൽ ജോസഫിനും പ്രതിഷേധം; ഫ്രാൻസിസ് ജോർജിനും ആന്റണിരാജുവിനും ഇനി ഇടതുമുന്നണിയല്ലാതെ മറ്റൊരു വഴിയില്ല; വിലപേശലിൽ വീഴാതെ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസഫ് വിഭാഗത്തെ പിളർത്തി ഇടതുപക്ഷത്തേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിന് ശക്തികൂടി. ഇടതു മുന്നണിയുമായി ഇവർ അനൗദ്യോഗിക ചർച്ച നടത്തിയതോടെ വിട്ടു വീഴ്ചയോടെ രണ്ട് സീറ്റ് നൽകാനുള്ള നീക്കം കെഎം മാണി വേണ്ടെന്ന് വച്ചു. ഇടതുമുന്നണിയുമായി ചർച്ച ചെയ്തു എന്ന വിവരം പുറത്തുവന്നതോടെ ജോസഫും വിമതർക്കായുള്ള ശ്രമം അവസാനിപ്പിച്ചിരിക്കുകയാണ്. ഇനിയിപ്പോൾ ഇടത് മുന്നണിയിലേക്ക് പോവുകയല്ലാതെ ഫ്രാൻസിസ് ജോർജിനും കൂട്ടുകാർക്കും വേറെ വഴിയില്ലാ എന്നതാണ് അവസ്ഥ.

ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും സീറ്റ് നൽകി പ്രശ്‌നപരിഹാരത്തിന് കെഎം മാണിയും ജോസഫും ശ്രമിച്ചിരുന്നു. ഫ്രാൻസിസ് ജോർിജന് പൂഞ്ഞാർ നൽകുക. ഇതിനൊപ്പം ആന്റണി രാജുവിനായി സീറ്റ് കോൺഗ്രസിൽ നിന്ന് നേടിയെടുക്കുകയുമായിരുന്നു മാണിയുടെ പദ്ധതി. ഇതിനായുള്ള ഉയഭകക്ഷി ചർച്ചകളം അനൗപചാരികമായി തുടങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പാതി മനസ്സിൽ എത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് സിപിഎമ്മുമായി ഫ്രാൻസിസ് ജോർജും സംഘവും ചർച്ച നടത്തിയത് പുറത്തായത്. ഇതോടെ ഇക്കൂട്ടരെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മാണി എത്തി. സീറ്റല്ല പ്രശ്‌നമെന്നും മറ്റ് കാര്യങ്ങളാണ് ഭിന്നതയ്ക്ക് കാരണമെന്നും ഫ്രാൻസിസ് ജോർജ്ജും പ്രതികരിച്ചു. ഇതും മാണിയെ ചൊടിപ്പിച്ചു.

ഇടതുപക്ഷവുമായുള്ള ചർച്ച ജോസഫിനും പിടിച്ചിട്ടില്ല. മാണിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഫ്രാൻസിസ് ജോർജിനും ആന്റണി രാജുവിനും സീറ്റ് നൽകാനായിരുന്നു ജോസഫിന്റെ ശ്രമം. ഇതിന് സമ്മർദ്ദവും ചെലുത്തി. ഇതിനിടെയിൽ തന്നെ അപമാനിക്കാനാണ് ഫ്രാൻസിസ് ജോർജും ആന്റണി രാജുവും ശ്രമിച്ചതെന്നാണ് ജോസഫിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി ജോസഫും ഒത്തുതീർപ്പ് ശ്രമത്തിനില്ല. പുകഞ്ഞ കൊള്ളി പുറത്ത് പോട്ടെ എന്നാണ് ജോസഫിന്റെ പക്ഷം. എന്തുവന്നാലും താനും മോൻസ് ജോസഫും ടിയു കുരുവിളയും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് ജോസഫും വ്യക്തമാക്കി. ഇതോടെ ഫ്രാൻസിസ് ജോർജിന് കേരളാ കോൺഗ്രസിൽ തുടരാനാകില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

ഇടതുപക്ഷത്ത് നിന്ന് ചില സൂചനകൾ ലഭിച്ചതിന് ശേഷമാണ് ഫ്രാൻസിസ് ജോർജ് വിമത നീക്കം തുടങ്ങിയത്. മൂവാറ്റുപുഴയിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കാമെന്നും പറഞ്ഞിരുന്നു. ഇതിനൊപ്പം ആറു സീറ്റുകളുടെ വാഗ്ദാനവും ഉണ്ടായിരുന്നുവെന്നാണ് ഫ്രാൻസിസ് ജോർജ് കേരളാ കോൺഗ്രസിലെ നേതാക്കളെ അറിയിച്ചത്. ഇത് പറഞ്ഞാണ് പലരേയും ചാടിക്കാൻ ശ്രമിച്ചത്. എന്നാൽ ആറ് സീറ്റുകൾ നൽകാനാവില്ലെന്നാണ് സിപിഐ(എം) പറയുന്നത്. പരമാവധി മൂന്ന് സീറ്റ് മാത്രമേ നൽകൂ. ഫ്രാൻസിസ് ജോർജിനും കെസി ജോസഫിനും സീറ്റ് ഉറപ്പ്. ആന്റണി രാജുവിന് ഏതെങ്കിലും ഒരു സീറ്റ് എന്നാണ് സിപിഐ(എം) പക്ഷം. ആറു സീറ്റ് കൊടുക്കാമെന്ന് പറഞ്ഞത് ഫ്രാൻസിസ് ജോർജിന് അല്ല പിജെ ജോസഫിനാണെന്നും വിശദീകരിക്കുന്നു. പിജെ ജോസഫില്ലാതെ വന്നാൽ വ്യക്തികളെ സ്വതന്ത്രരായി മത്സരിപ്പിക്കും. അല്ലാതെ പാർട്ടിയായി പോലും അംഗീകരിച്ച് മുന്നണിയിൽ എടുക്കാൻ സിപിഎമ്മിന് താൽപ്പര്യക്കുറവുണ്ട്.

അതിനിടെ കെസി ജോസഫിനും മുന്നണി മാറ്റത്തോട് താൽപ്പര്യക്കുറവുണ്ട്. മാണിയ്‌ക്കൊം നിന്നാലും കെസി ജോസഫിന് കുട്ടനാട് സീറ്റിൽ മത്സരിക്കാം. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് ജോർജിനൊപ്പം ചേരണമോ എന്ന് കെസി ജോസഫ് ചിന്തിക്കുന്നത്. എന്നാൽ ഇടതു പക്ഷത്ത് പോയാൽ ചങ്ങനാശ്ശേരി കിട്ടും. ഇതും വിജയസാധ്യത ഏറെയുള്ള സീറ്റാണ്. എന്നാൽ ജോസഫിനെ പിണക്കാൻ കെസിയുടെ മനസ്സ് അനുവദിക്കുന്നുമില്ല. വിമത ശബ്ദമുയർത്തുന്ന പിസി ജോസഫിന് ഇടുക്കി സീറ്റിൽ കണ്ണുണ്ട്. എന്നാൽ ഇത് നൽകാൻ സിപിഐ(എം) തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പാർട്ടിക്കാരെ ഇടുക്കിയിൽ മത്സരിപ്പിക്കണമെന്നാണ് സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം. ഇതും പിസി ജോസഫിന് വെല്ലുവിളിയാണ്.

ഏതായാലും പിജെ ജോസഫില്ലാതെ വരുന്ന ഫ്രാൻസിസ് ജോർജിന്റെ വിലപേശലിന് നിൽക്കേണ്ടതില്ലെന്ന് സിപിഐ(എം) തീരുമാനിച്ചു കഴിഞ്ഞു. ആന്റണി രാജുവിന് മത്സരിക്കാൻ കുണ്ടറ സീറ്റ് വേണമെന്നാണ് ആവശ്യം. നിലവിൽ എംഎ ബേബിയാണ് കുണ്ടറയിൽ നിന്നുള്ള എംഎൽഎ. ഇത്തരത്തിലൊരു സിറ്റിങ് സീറ്റ് മറ്റാർക്കെങ്കിലും നൽകാൻ സിപിഐ(എം) തയ്യാറല്ല. തിരുവനന്തപുരം സീറ്റിൽ ആന്റണി രാജുവിനെ മത്സരിപ്പിക്കുന്നതിനോടും യോജിപ്പില്ല. ഈ സീറ്റിലെ തീരമേഖലയിൽ ആന്റണിരാജുവിന് പിന്തുണയുണ്ട്. പക്ഷേ ആന്റണി രാജു ഇവിടെ മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കും. ഇത് ബിജെപിയുടെ വിജയത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ 5000 വോട്ടിന് മുന്നിലെത്തിയ സീറ്റാണ് ഇത്. അതുകൊണ്ട് തന്നെ ആന്റണിരാജുവിന് ഏത് സീറ്റ് നൽകണമെന്നതിൽ കടുത്ത ആശയക്കുഴപ്പം സിപിഎമ്മിനുണ്ട്.

ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ ഇടതു മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം എടുക്കുമെന്നാണ് സൂചന. സിപിഐ(എം) നേതൃയോഗങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. കോട്ടയ, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സിപിഐ(എം) നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP