Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ വൈരാഗ്യത്തിനു പിന്നിൽ സരിതയുടെ കത്തെന്ന് ജോർജ്; ജോർജ് രാഷ്ട്രീയ വഞ്ചകനെന്ന് ജോസ് കെ മാണി; കത്ത് സോളാർ കേസിൽ തെളിവാക്കണമെന്നു കോടിയേരി: കേരള രാഷ്ട്രീയത്തിൽ വീണ്ടും സോളാർ തരംഗം

മാണിയുടെ വൈരാഗ്യത്തിനു പിന്നിൽ സരിതയുടെ കത്തെന്ന് ജോർജ്; ജോർജ് രാഷ്ട്രീയ വഞ്ചകനെന്ന് ജോസ് കെ മാണി; കത്ത് സോളാർ കേസിൽ തെളിവാക്കണമെന്നു കോടിയേരി: കേരള രാഷ്ട്രീയത്തിൽ വീണ്ടും സോളാർ തരംഗം

പത്തനംതിട്ട: കേരള രാഷ്ട്രീയത്തിൽ വീണ്ടും സോളാർ കത്ത് ചർച്ചയാകുന്നു. ജയിലിൽ വച്ച് സരിതാ എസ് നായർ എഴുതിയെന്ന പരാമർശവുമായി കത്തിന്റെ കൂടുതൽ ഭാഗങ്ങൾ പുറത്തുവരുന്നതോടെ വിവാദം കത്തുകയാണ്. അതിനിടെ ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ചീഫ് വിപ്പ് പിസി ജോർജിനെ കടന്നാക്രമിച്ച് സരിതയും രംഗത്ത് വന്നു. പ്രചരിക്കുന്നത് തന്റെ കത്തല്ലെന്നാണ് സരിതയുടെ വാദം. അതിനിടെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ജോസ് കെ മാണിയും നിലപാട് എടുക്കുന്നു. ഏതായാലും സരിതയുടെ കത്തിലും ജോർജിന് നേരെയാണ് സംശയമുന നീളുന്നത്. കത്ത് പുറത്തുവിട്ടത് താനല്ലെന്ന് ആർ ബാലകൃഷ്ണ പിള്ളയും വ്യക്തമാക്കി. നേരത്തെ പിള്ളയാകാം കത്ത് പുറത്ത് വിട്ടതെന്ന സൂചനയുമായി ജോർജ് വാർത്താ സമ്മേളനം നടത്തിയിരുന്നു.

ജോസ് കെ മാണിയെ കുടുക്കാനാണ് സോളാർ കത്ത് പുറത്ത് വിട്ടതെങ്കിൽ ഇന്ന് ചാനലുകളിൽ വന്നത് കോൺഗ്രസ് നേതാക്കൾക്ക് എതിരായ ആക്ഷേപങ്ങളാണ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കത്തിൽ സരിത വിശദീകരിക്കുന്നതായാണ് കത്തിലുള്ളത്. ഇതിനിടെയാണ് കത്ത് വ്യാജമാണെന്ന ആരോപണവുമായി സരിതാ എസ് നായർ രംഗത്ത് എത്തിയത്. തന്റെ പേരിൽ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ.എസ്.നായർ പറഞ്ഞു. കത്ത് വ്യാജമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അവർ പറഞ്ഞു.

തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വലിച്ചിഴക്കുകയാണെന്നും സരിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കത്തിനെ കുറിച്ചുള്ള അന്വേഷണം സ്വാഗതം ചെയ്യുന്നു. അങ്ങനെയെങ്കിലും സത്യം പുറത്തുവരട്ടെ. കത്ത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ്. ജോസ്.കെ മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ആരോപണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സരിത വ്യക്തമാക്കി. ക്ഷോഭത്തോടെയാണ് മാദ്ധ്യമ പ്രവർത്തകരെ നേരിട്ടത്. താൻ ഒരു നേട്ടവുമുണ്ടാക്കിയില്ലെന്നും പറഞ്ഞു. പി സി ജോർജ്ജിന് താൻ കത്ത് കൈമാറിയിട്ടില്ല. പി.സി ജോർജ്ജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മറ്റുള്ളവരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ആരുടേയും രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി ബലിയാടാകാൻ ഇല്ല. അതുകൊണ്ട് തന്നെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് ഇല്ലെന്നും സരിതാ നായർ പറഞ്ഞു.

താൻ എഴുതിയ യഥാർഥ കത്ത് ഇന്നു വൈകിട്ട് പുറത്തുവിടും. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കത്ത് തന്റേതല്ലെന്നും അതു തന്റെ കൈപ്പടയല്ലെന്നും തെളിയിക്കാനാണിതെന്ന് സരിത പറഞ്ഞു. എന്നാൽ കത്തിലെ ഉള്ളടക്കം ആരേയും കാണിക്കില്ല. കത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെ. കത്തിനു പിന്നിൽ പി.സി.ജോർജാണെന്ന് 80 ശതമാനം വിശ്വസിക്കുന്നു. കത്തിന്റെ പേരിൽ വിലപേശിയിട്ടില്ലെന്നും സരിത പറഞ്ഞു. പി.സി. ജോർജ് പറഞ്ഞതിൽ ഒരു വാസ്തവുമില്ലെന്നും സരിത കൂട്ടിച്ചേർത്തു. ജോർജിനെ താൻ കണ്ടിരുന്നു. ഒരു രാഷ്ട്രീയ നേതാവു പറഞ്ഞതനുസരിച്ചാണ് കണ്ടത്. തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് സംശയിച്ചു. അതിനാൽ സഹകരിച്ചില്ലെന്നും സരിത പറഞ്ഞു. ഈ ഗൂഢാലോചനയിൽ പങ്കെടുത്തവർ ആരായാലും അവരെ പൊതുമധ്യത്തിൽ കൊണ്ടുവരും. കത്തിനു പിന്നിൽ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സരിത പറഞ്ഞു.

ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവട്ടെയെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഹിഡൺ അജണ്ടയുമായാണ് പി.സി.ജോർജ് മുന്നോട്ടു പോകുന്നത്. ജോർജ് കേരളാ കോൺഗ്രസിൽ അഭയം തേടിയെത്തിയതായിരുന്നുവെന്നും ആരോപണത്തിന് പിന്നിൽ നടക്കുന്നത് ഗുണ്ടാ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയമാണെന്നും ജോസ്.കെ.മാണി ആഞ്ഞടിച്ചു. പി.സി.ജോർജ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആൻോ ആന്റണിയെയും തന്നെയും പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും ജനങ്ങളാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂരിനെതിരെയും പി.സി.ജോർജ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

പി.സി. ജോർജ് ഒറ്റുകാരനും രാഷ്ട്രീയ വഞ്ചകനുമാണ്. ഒപ്പംനിന്ന മുന്നണികളെ വഞ്ചിച്ച ചരിത്രമാണ് ജോർജിനുള്ളത്. യുഡിഎഫും കേരള കോൺഗ്രസും ചില തീരുമാനങ്ങളെടുക്കുന്നത് തടയാനാണ് ജോർജിന്റെ ശ്രമം. ആരോപണങ്ങൾ കൊണ്ടുവന്ന സമയംപോലും ആസൂത്രിതമാണ്. സരിതയുടെ പേരിൽ പ്രചരിക്കുന്ന കത്തിനു പിന്നിൽ ജോർജാണോയെന്ന ചോദ്യത്തിനു കൂട്ടിവായിച്ചാൽ മതിയെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി.

പി.സി.ജോർജിനു വേണമെങ്കിൽ പാർട്ടിയിൽ നിന്നു പോകാം. ആരും തടസ്സം നിൽക്കുന്നില്ല. ആദ്യം ചൊല്ലിക്കൊടുക്കും, പിന്നെ തല്ലിക്കൊടുക്കും, എന്നിട്ടേ നടപടിയുള്ളൂ. എത്ര വലിയ ബോംബു വേണമെങ്കിലും പൊട്ടിക്കട്ടെ. അർഹനായ ആളെ മറികടന്നാണ് ഷോണിനെ യൂത്ത് ഫ്രണ്ട് നേതൃത്വത്തിലെത്തിച്ചത്. ജോർജ് ആവശ്യപ്പെട്ടിട്ടാണ് മകന് ആ സ്ഥാനം നൽകിയതെന്നും ജോസ് കെ. മാണി പറഞ്ഞു. സരിത നായരുമായി തനിക്ക് ബന്ധമില്ല. ഒരിക്കൽ ഉദ്ഘാടനത്തിനു ക്ഷണിക്കാൻ സരിത വന്നിരുന്നു. എന്നാൽ ഡയറി പരിശോധിച്ച് അസൗകര്യമാണെന്ന് പറഞ്ഞുവെന്നും ജോസ് കെ.മാണി പറഞ്ഞു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അസൂത്രിതമായാണ് കത്ത് പുറത്തുവന്നത്. വ്യക്തി താൽപ്പര്യത്തോടെയുള്ള നീചമായ രാഷ്ട്രീയമാണ് ഇത്. ഇതിനെ കുറിച്ച് അന്വേഷണം വേണം. സിബിഐയല്ല അതിന് മുകളിലുള്ള ആരെങ്കിലും അന്വേഷിച്ചാലും തനിക്ക് പ്രശ്‌നമില്ല. ഇക്കാര്യത്തിൽ ഡിജിപിക്ക് ഉടൻ പരാതി നൽകും. കത്തിന്റെ വസ്തുതയേയും യാഥാർത്ഥ്യത്തേയും കുറിച്ച് മാദ്ധ്യമങ്ങൾ അന്വേഷിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇനിയും ഇത്തരത്തിലുള്ള കെട്ടുകഥകൾ പുറത്ത് വരും. അതൊന്നും കണ്ട് കേരളാ കോൺഗ്രസുകാർ പേടിച്ചു പോവുമെന്ന് ആരും കരുതരുത്. പാർട്ടിയുടെ തീരുമാനങ്ങളുമായി കേരളാ കോൺഗ്രസ് മുന്നോട്ട് പോവുക തന്നെ ചെയ്യും. ബഌക്ക്‌മെയിൽ രാഷ്ട്രീയത്തിന്റെ അവസാന ഇര താനാവണം. സരിതയുടെ കത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിന് പരാതി നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. കത്തിനെ കുറിച്ച് സിബിഐ അന്വേഷണമാണ് ജോർജ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സിബിഐ അല്ല അതിന് മുകളിൽ ഏതെങ്കിലും ഏജൻസിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്ന് ജോസ് കെ.മാണി പറഞ്ഞു.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടേതെന്ന പേരിൽ പുറത്ത് വന്ന കത്തിൽ ധനമന്ത്രി കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താൻ മാണിയോട് സൂചന നൽകിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നുമാണ് പിസി ജോർജ് രാവിലെ പറഞ്ഞത്. സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്ത സമയത്താണ് താൻ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായതെന്നും ജോർജ് പറഞ്ഞിരുന്നു. താൻ വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തിൽ ഉണ്ടായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും ജോർജ് പറയുകയും ചെയ്തു.

അതിനിടെ, സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ പത്തനംതിട്ട ജയിലിൽവച്ച് എഴുതിയ കത്ത് പൊലീസ് കണ്ടെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സോളാർ കമ്മീഷൻ സരിതയുടെ കത്ത് തെളിവായി സ്വീകരിക്കണം. യുഡിഎഫിന് കെട്ടുറപ്പ് നഷ്ടമായി. പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത്‌നിന്ന് പുറത്താക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം ഇതുവരെ യുഡിഎഫ് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെ എം മാണി എന്തിനാണ് യുഡിഎഫിൽ തുടരുന്നതെന്നും കോടിയേരി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP