Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതുമുന്നണിയിലേക്ക് പോകുമോ എന്നുള്ളത് ഭാവനാപരമായ ചോദ്യം; അതിനു ഞാനെന്തു പറയാൻ; ഭാവനകൾക്ക് മറുപടി വേണ്ടെന്ന് കെ എം മാണി; മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ എതിർക്കുമെന്ന നിലപാടിൽ ഉറച്ച് കാനം രാജേന്ദ്രനും; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ചർച്ചകൾ തുടരുന്നു; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കാൻ സിപിഎം

ഇടതുമുന്നണിയിലേക്ക് പോകുമോ എന്നുള്ളത് ഭാവനാപരമായ ചോദ്യം; അതിനു ഞാനെന്തു പറയാൻ; ഭാവനകൾക്ക് മറുപടി വേണ്ടെന്ന് കെ എം മാണി; മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ എതിർക്കുമെന്ന നിലപാടിൽ ഉറച്ച് കാനം രാജേന്ദ്രനും; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിൽ ചർച്ചകൾ തുടരുന്നു; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഎം. സംസ്ഥാന സമ്മേളന വേദിയിലെത്തിയതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി. ഇതു രാഷ്ട്രീയ കണ്ണോടെ കാണേണ്ട കാര്യമില്ല. എന്തിനാണ് എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയ വിവാദമാക്കുന്നത്. 

വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുന്ന പരിപാടികളിൽ ഞാൻ പങ്കെടുക്കാറുണ്ട്. 2013 ൽ സിപിഎം. സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് വിവാദങ്ങളില്ല.-മാണി പറയുന്നു. എന്നാൽ മാണിയെ ഇടതു മുന്നണിയിലെടുക്കാൻ സിപിഎം ശ്രമിച്ചാൽ അതിശക്തമായി എതിർക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. ഇക്കാര്യം സിപിഎം നേതാക്കളെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിക്കുകയും ചെയ്തു.

കാനവും സിപിഎം സെമിനാറിൽ പങ്കെടുത്തിരുന്നു. മാണിയെ എടുക്കുന്നതിനെതിരെ ചില പരോക്ഷ ഒളിയമ്പുകൾ അയക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാണി നിലപാട് വിശദീകരിക്കുന്നത്. ഇത്രയും കാലം കേരളാ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ആളാണു ഞാൻ. 50 വർഷം എംഎ‍ൽഎ ആയിരുന്നു. നിരവധി തവണ മന്ത്രിയായി. അപ്പോൾ കേരളാ രാഷ്ട്രീയത്തെക്കുറിച്ച് അൽപ്പമെങ്കിലും സംസാരിക്കണ്ടേ?. എനിക്കറിയാവുന്നത് പറയണം. അതിനാണു സെമിനാറിൽ പങ്കെടുക്കുന്നത്. കേരള രാഷ്ട്രീയത്തിൽ എക്കാലത്തും ഉറച്ച നിലപാടുകളാണു ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതിനു മാറ്റമൊന്നുമില്ല. ഇടതുമുന്നണിയിലേക്ക് പോകുമോ എന്നുള്ളത് ഭാവനാപരമായ ചോദ്യങ്ങളല്ലേ. അതിനു ഞാനെന്തു പറയാൻ. ഭാവനകൾക്ക് മറുപടി വേണ്ട-ഇങ്ങനെയാണ് മാണി മറുപടി നൽകുന്നത്. ഒരു പാർട്ടിയോടും അന്ധമായ വിരോധമില്ല. അമിതമായ അടുപ്പവുമില്ല. സിപിഎം. സെമിനാറിൽ പങ്കെടുക്കുന്നത് സ്വതന്ത്ര മനസോടെയാണ്.-മാണി പറയുന്നു.

സിപിഐയുടെ എതിർപ്പ് അവഗണിച്ചും മാണിയുടെ മുന്നണിപ്രവേശവുമായി സിപിഎം മുന്നോട്ടുപോകുന്നത് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ട്. ഇതിനിടെയാണ് സിപിഎം സമ്മേളന വേദിയിൽ മാണി എത്തിയത്. ഇതോടെ പുതിയ ചർച്ചകളും തുടങ്ങി. മാണിയെ പുകഴ്‌ത്തി സിപിഎം നേതാക്കളുമെത്തി. ഇതോടെ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തുമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചില എതിർപ്പുകൾ ഇപ്പോഴും ഉണ്ട്. ബാർകോഴ കേസിൽ കുടുങ്ങിയ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ വരെ സമ്മതിക്കാതിരുന്ന തങ്ങൾ എങ്ങനെ മാണിയുടെ ബജറ്റവതരണത്തിന് കൈയടിക്കുമെന്ന് അതേസമയം തന്നെ സിപിഎമ്മിൽ ഒരു വിഭാഗം ചോദിക്കുന്നുമുണ്ട്. എന്നാലും അറ്റകൈയ്ക്ക് മാണിയെ മുന്നണിയിലെടുക്കാതെ രക്ഷയില്ലെന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ടാൽ അത് ലോക് സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ പ്രകടനത്തെ ബാധിക്കുമെന്ന് ഇവരും സമ്മതിക്കുന്നു. അതുകൊണ്ട് മാണിയെ മുന്നണിയിൽ എടുക്കാനാണ് സിപിഎം ആലോചന. അതിനിടെ ചെങ്ങന്നൂരിലെ ഇടതുമുന്നണി ജയസാധ്യതകൾ കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്നതിനെ ആശ്രയിച്ചുകൂടിയായതുകൊണ്ട് മാണി പ്രവേശത്തിൽ സാവകാശം വേണമെന്ന അഭിപ്രായവും സിപിഎമ്മിൽ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് സിപിഎം സ്ഥാനാർത്ഥിത്വത്തിന് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്.

കോൺഗ്രസിൽ എം മുരളിയടക്കമുള്ളവരെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് പരാജയത്തിന് വഴിയൊരുക്കിയ ശോഭനാ ജോർജിന്റെ നിലപാടും ഇത്തവണ നിർണായകമാണ്. ഇതൊക്കെ പരിഗണിച്ചായിരിക്കും മാണിയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്.അതിനിടെയാണ് മാണി നിലപാടുകൾ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP