Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൽക്കാലം സ്റ്റാറ്റസ് കോ തുടരും; ഏറെ വേട്ടയാടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് ; ഇനിയും ഭയപ്പെടുത്താമെന്ന് കരുതേണ്ട; അന്തിമ നിലപാട് എടുക്കാതെ കെഎം മാണി; മുന്നണി മാറ്റത്തിൽ ഉൾപാർട്ടി ചർച്ച തുടരും

തൽക്കാലം സ്റ്റാറ്റസ് കോ തുടരും; ഏറെ വേട്ടയാടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് ; ഇനിയും ഭയപ്പെടുത്താമെന്ന് കരുതേണ്ട; അന്തിമ നിലപാട് എടുക്കാതെ കെഎം മാണി; മുന്നണി മാറ്റത്തിൽ ഉൾപാർട്ടി ചർച്ച തുടരും

കോട്ടയം : കേരളാ കോൺഗ്രസ് എം തൽക്കാലം സ്റ്റാറ്റസ് കോ തുടരും. ഇടതുമുന്നണിയിലേക്കുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെങ്കിലും തൽ്ക്കാലം എടുത്തുചാടില്ല. കേരള കോൺഗ്രസ് എം .മുന്നണി പ്രവേശം സംബന്ധിച്ച പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴും കെഎം മാണി വീക്ഷണത്തിന്റെ എഡിറ്റോറിയലിന്റെ വികാരം ഉള്ളിലൊതുക്കിയാണ് സംസാരിച്ചത്്്. ഏറെ വേട്ടയാടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്നും ഇനിയും ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നുമായിരുന്നു കെഎം മാണി പറഞ്ഞത്്. കേരള രാഷ്ട്രീയത്തിൽ ഏറെ വേട്ടയാടപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും കേരളാ കോൺഗ്രസാണ്. പാർട്ടിയുടെ വളർച്ചയിൽ അസൂയ ഉള്ളവരാണ് അപകീർത്തിപ്പെടുത്തുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം യുക്തമായ സമയത്ത് എടുക്കുമെന്നും മാണി വിശദീകരിച്ചു.

സിപിഎമ്മുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണയിൽ എത്തിയതോടെ ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും ചേർന്നത്. രാവിലെ ചേർന്ന ഉന്നതാധികാരം സമിതിയിൽ മുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകൾ നടന്നു. എന്നാൽ നിലവിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായൽ അത് പാർട്ടിയിൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് വിലയിരുത്തലാണ് ഉയർന്നു വന്നത്.

ഈ സാഹചര്യത്തിലാണ് തൽക്കാലം ഒറ്റയ്ക്ക് തന്നെ മുന്നോട്ട് പോകാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചത്. എന്നാൽ ഉന്നതാധികാര സമിതിക്ക് ശേഷം ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ മുന്നണി പ്രവേശം കാര്യമായി ചർച്ച ചെയ്തില്ല. കാർഷിക പ്രശ്നങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം നടത്താനുള്ള തീരുമാനം മാത്രമാണ് ഉണ്ടായത്. എന്നാൽ ഇടതു പക്ഷത്തേക്ക് പാർട്ടി പോകുമെന്ന സൂചന എല്ലാവർക്കും മാണി നൽകിയിട്ടുണ്ട്.

കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ കേരളാ കോൺഗ്രസ് (എം) സ്റ്റീയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 23ന് കോട്ടയത്ത് ട്രെയിൻ തടയൽ സമരം നടത്തും. 30ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ കൂട്ട ധർണ്ണ നടത്തും.

കർഷകരുടെ ജീവിതം വഴിമുട്ടുന്ന തരത്തിൽ കാർഷിക പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. വിലക്കയറ്റം മൂലം ജനജീവിതം ദു:സ്സഹമായിരിക്കുകയാണ്. ഒരു കിലോ അരിയുടെ വില 48 രൂപ ആയി ഉയർന്നിരിക്കുന്നു. മാർക്കറ്റിൽ ഫലപ്രദമായി ഇടപെട്ട് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. എംപിമാർ, എം.എൽ.മാർ നേതാക്കൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയെ കാണുക. 17ന് കേരളത്തിലെത്തുമ്പോൾ കാണാനുള്ള അനുമതി ചോദിച്ച് പാർട്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പരിഹരിക്കേണ്ട വിഷയങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP