Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണി യുഡിഎഫ് വിട്ടത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കുമെന്ന ഉറപ്പിൽ; എൽഡിഎഫ് പ്രവേശനം അടുത്തപ്പോൾ എട്ടുകാലി മാമ്മൂഞ്ഞു ചമഞ്ഞ് സ്‌കറിയ തോമസ് രംഗത്ത്; മാണിയുടെ ചില എംഎൽഎമാരെ അടർത്തി മാണി വിരുദ്ധരുടെ കൂട്ടായ്മയെ ഒറ്റപ്പാർട്ടിയാക്കി യുഡിഎഫിൽ നിലനിർത്താൻ എതിർക്യാമ്പിലും നീക്കം

മാണി യുഡിഎഫ് വിട്ടത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കുമെന്ന ഉറപ്പിൽ; എൽഡിഎഫ് പ്രവേശനം അടുത്തപ്പോൾ എട്ടുകാലി മാമ്മൂഞ്ഞു ചമഞ്ഞ് സ്‌കറിയ തോമസ് രംഗത്ത്; മാണിയുടെ ചില എംഎൽഎമാരെ അടർത്തി മാണി വിരുദ്ധരുടെ കൂട്ടായ്മയെ ഒറ്റപ്പാർട്ടിയാക്കി യുഡിഎഫിൽ നിലനിർത്താൻ എതിർക്യാമ്പിലും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണി യുഡിഎഫ് വിട്ടത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കാം എന്ന ഉറപ്പിന്റെ പുറത്തെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. മാണിക്കെതിരെയുള്ള ബാർകോഴ അടക്കമുള്ള കേസുകൾ നിലനിൽക്കില്ല എന്ന അവസ്ഥ വന്നതോടെ എൽഡിഎഫ് പ്രവേശനത്തിന്റെ കളംഒരുങ്ങി വരുന്നതായാണ് സൂചന. ഈ അവസരം മുതലെടുത്താണ് കഴിഞ്ഞ ദിവസം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് സ്‌കറിയ തോമസ് രംഗത്തു വന്നത്. സ്‌കറിയ തോമസ് നൽകിയ നിർദ്ദേശ പ്രകാരം ഇന്നലെ മനോരമ ന്യൂസും തുടർന്ന് മറ്റ് ചാനലുകളും വാർത്ത നൽകിയത് ഈ നീക്കം മുൻകൂട്ടി കണ്ടാണ്.

ഇന്നലെ ചാനലുകൾ റിപ്പോർട്ട് ചെയ്തതു പോലൊരു നീക്കവും നടക്കുന്നില്ലെന്ന് ഉന്നത കേരള കോൺഗ്രസ്സ് നേതാക്കൾ മറുനാടനോട് വ്യക്തിമാക്കി. ''ഇടത് പ്രവേശനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നേരത്തെ പൂർത്തിയാക്കിയതാണ്. സമയമാകുമ്പോൾ അതു സംഭവിക്കും. ഇപ്പോൾ ചിലർ ശ്രമിക്കുന്നത് എട്ടുകാലി മാമ്മൂഞ്ഞാവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മാണി സാർ ഇടതു മുന്നണിയുമായി ചർച്ച ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എൽഡിഎഫുമായി ചർച്ച നടത്താൻ ഒരു മദ്ധ്യസ്ഥന്റെ ആവശ്യം തൽക്കാലം ആവശ്യമില്ല'' ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഉന്നത കേരള കോൺഗ്രസ്സ് നേതാവ് മറുനാടനോട് പറഞ്ഞ് ഇങ്ങനെയാണ്.

ഇന്നലെ പുറത്തുവന്ന വാർത്തകൾ പ്രകാരം കേരളാ കോൺഗ്രസിലെ ഛിന്നിച്ചിതറി കിടക്കുന്നവർ ചേർന്ന് കർഷക കൂട്ടായ്മ രൂപീകരിച്ചതിന് പിന്നിൽ കെ എം മാണിയെ എൽഡിഎഫ് ക്യാമ്പിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു. എന്നാൽ, ഇപ്പറഞ്ഞതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. കേരളാ കോൺഗ്രസുകളെ യോജിപ്പിക്കാനാണ് സ്‌കറിയ തോമസ് ശ്രമക്കുന്നതെന്ന വിധത്തിലായിരുന്നു വാർത്തകൾ. അതിന് മുൻകൈയെടുക്കുന്നതാകട്ടെ കോടികൾ വാങ്ങി സ്വന്തം പാർട്ടിയെ ആർ ബാലകൃഷ്ണ പിള്ളയ്ക്ക് വിൽക്കാൻ ശ്രമിച്ചു എന്ന ആരോപണ വിധേയനായ സ്‌കറിയ തോമസും.

പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ് എന്നിവരുടെ വിഭാഗങ്ങളെ ഉൾപ്പെടുത്താതെയാണ് കർഷക കൂട്ടായ്മ തുടങ്ങിയയത്. ഈപുതിയ മുന്നേറ്റത്തിൽ ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാനുള്ള നീക്കം സജീവമെന്നുമായിരുന്നു വാർ്ത്തകൾ. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തിലുണ്ട്. കർഷകരുടെ പ്രശ്‌നങ്ങളിൽ സജീവ ഇടപെടലിനുള്ള നീക്കം എന്നു പറയുമ്പോഴും കെ.എം. മാണിയുമായി സഹകരിക്കാൻ കഴിയുന്ന കേരളാ കോൺഗ്രസുകളുടെ യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. സിപിഎമ്മിന്റെ അറിവോടെയുള്ള ഈ നീക്കത്തിന് കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട് എന്ന വിധത്തിലായിരുന്നു വാർത്തകൾ.

സിപിഐയുടെ ശക്തമായ വിയോജിപ്പ് തുടരുന്നതിനിടെയാണ് കെ.എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ശ്രമം. അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ.എം. മാണിക്ക് അനുകൂലമാണെന്നും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും ദൗത്യത്തിനു ചുക്കാൻ പിടിക്കുന്ന ഇന്നലെ മനോരമയോട് സ്‌കറിയാ തോമസ് വ്യക്തമാക്കി. കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർകൂടി പങ്കെടുത്ത പ്രാരംഭ ചർച്ചകളും പലവട്ടം കഴിഞ്ഞുവെന്നും പറഞ്ഞു. എന്നാൽ, കർഷക കൂട്ടായ്മ ഉണ്ടെങ്കിലും അതിന് രാഷ്ട്രീയമായ ഏതെങ്കിലും നീക്കങ്ങളോട് യോജിപ്പില്ലെന്നാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

അതേസമയം കെ എം മാണി യുഡിഎഫ് വിട്ട് സ്വതന്ത്രമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ ഇടതു അനുഭാവം കൊണ്ട് തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുന്നണിയിൽ എടുക്കാമെന്ന ഇടതു നേതാക്കളുടെ ഉറപ്പിന്റെ പേരിലാണ് കേരളാ കോൺഗ്രസ് യുഡിഎഫ് പാളയം വിട്ടത്. ബാർകോഴ കേസിൽ നിന്നും തടിയൂരുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. ഇടതു സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഈ കേസിലെ കാര്യങ്ങളെല്ലാം മാണിക്ക് അനുകൂലമായാണ് നീങ്ങിയത്.

ഇടതു സർക്കാർ ഇപ്പോൾ നേരിടുന്ന കടുത്ത വിമർശനങ്ങൾ കെ എം മാണിക്കും കൂട്ടർക്കും അനുകൂലമായി മാറുമെന്നാണ് വിലയിരുത്തൽ. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ മുന്നണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ആലോചന. ഒരിക്കലും കിട്ടാത്ത കോട്ടയം ലോക്‌സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകി വിജയിക്കാനും കഴിയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മാണി മുന്നണിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ഏറെക്കാലമായി യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിച്ച കെഎം മാണി ഇപ്പോൾ രണ്ട് മുന്നണികളോടും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

ഇതിനിടെയാണ് സ്‌കറിയ തോമസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. കർഷക കൂട്ടായമ്മ എന്നു പറയുന്നതൊക്കെ വെറും തട്ടിപ്പിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ കെ എം മാണി വിരുദ്ധരുടെ കൂട്ടായമ്മയാണ് ഈ നീക്കത്തിന് പിന്നിൽ തന്നെ. യുഡിഎഫിലേക്ക് പാലമിട്ടവർ തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. അതുകൊണ്ട് തന്നെയാണ മാണി ഈ കൂട്ടായമ്മയുടെ ഭാഗമാകാതെ മാറി നിൽക്കുന്നതും. അതേസമയം കെ എം മാണി എൽഡിഎഫിലേക്ക് പോകുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം പാർട്ടിയിലുണ്ട്. ഇവരെ അടർത്തിയെടുത്ത് മാണിയെയും മകനെയും ഒറ്റപ്പെടുത്താനാനാണ് യുഡിഎഫിന്റെ ശ്രമവും. മാണിക്ക് പകരക്കാരനായി പി സി ജോർജ്ജിനെ മുന്നണിയിൽ എത്തിക്കാനും കോൺഗ്രസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്.

ജേക്കബ്, പിള്ള, പി സി ജോർജ്ജ്, ഫ്രാൻസിസ് ജോർജ്ജ് എന്നിവരെ ഒരു കുടക്കീഴിലാക്കി യുഡിഎഫിൽ എത്തിക്കാനാണ് നീക്കം. പി സി തോമസിനെയും ഈ കൂട്ടായ്മയുടെ ഭാഗമാക്കാൻ ശ്രമമുണ്ട്. എന്നാൽ, ഈ ശ്രമങ്ങൾ വിജയിക്കാൻ പോലും സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കറിയ തോമസ് എൽഡിഎഫിന് പുറത്താണ്. ഇവരെ മുന്നണിയിൽ എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ മാണിയുമായി ചേരേണ്ട അവസ്ഥയിലാണ് സ്‌കറിയ. അദ്ദേഹത്തെ കൂടെ സ്റ്റീഫൻ ജോർജ്ജാണ് മറ്റൊരു നേതാവ്. മാണിയുടെ പാർട്ടിലേക്ക് എത്തേണ്ട സാഹചര്യമുണ്ടായാൽ സ്‌കറിയക്ക് വേണ്ടത് വൈസ് ചെയർമാൻ സ്ഥാനമാണ്. അത് മാണി സമ്മതിക്കാനും സാധ്യതയുണ്ട്.

ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിലുള്ള വിശ്വാസം ഇടതുമുന്നണിക്ക് ഇതിനോടകം നഷ്ടമായിട്ടുണ്ട്. നേതാക്കൾ മാത്രമേയുള്ളൂ, അണികൾ ഇല്ലെന്ന ബോധ്യം എൽഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ മാണിയുമായി ഡീലുണ്ടാക്കിയത്. മാണിയെ കൂടെക്കൂട്ടിയാൽ മധ്യതിരുവിതാംകൂറിൽ കൂടുതൽ ശക്തരാകുകയും ചെയ്യം. അതുകൊണ്ടാണ് ബാർകേസ് പോലും ഇപ്പോൽ മെല്ലെപ്പോകുന്നത്. പതിയെ മാണിയുമായി അടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇടതു പാളയത്തിൽ മാണിയെ എത്തിക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ മുന്നണിയിൽ എന്തിനെയും എതിർക്കുന്ന സിപിഐയാണ് ഇതിന് വിലങ്ങുതടിയായി നിൽക്കുന്ന ഏക ഘടകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP