Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് സിപിഎമ്മിനെ നയിക്കാൻ ബാലഗോപാൽ; വി എസ് പക്ഷത്തെ പൂർണ്ണമായും വെട്ടി കൊല്ലത്ത് പിണറായി വിജയന്റെ സമ്പൂർണ്ണ ആധിപത്യം

കൊല്ലത്ത് സിപിഎമ്മിനെ നയിക്കാൻ ബാലഗോപാൽ; വി എസ് പക്ഷത്തെ പൂർണ്ണമായും വെട്ടി കൊല്ലത്ത് പിണറായി വിജയന്റെ സമ്പൂർണ്ണ ആധിപത്യം

കൊല്ലം: സിപിഐ എം കൊല്ലം ജില്ല സെക്രട്ടറിയായി കെ എൻ ബാലഗോപാലി(52)നെ തെരഞ്ഞെടുത്തു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമാണ് ബാലഗോപാൽ. അങ്ങനെ കൊല്ലം ജില്ലാ സമ്മേളനത്തിലും സിപിഐ(എം) ഔദ്യോഗിക പക്ഷം പിടിമുറുക്കി.

ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ചെറിയ വിമർശനങ്ങളെത്തിയെങ്കിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ എതിർപ്പൊന്നും പ്രകടമായില്ല. പിണറായിയുടെ വിശ്വസ്തൻ ജില്ലാ സെക്രട്ടറിയായി. ജില്ലാ കമ്മറ്റിയും പിടിച്ചെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് വി എസ് ക്യാമ്പിൽ നിന്ന് ജെ മേഴ്‌സിക്കുട്ടി അമ്മ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ തോൽവി ഉറപ്പാകുമെന്ന തിരിച്ചറിവിൽ വി എസ് പക്ഷം തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി.

മുൻ എംപി. പി. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹൻ തുടങ്ങിയവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷം പരിഗണിച്ചെങ്കിലും ഒടുവിൽ ബാലഗോപാലിനെ തെരഞ്ഞെടുക്കുകയായിരുന്നു. പിണറായി വിജയന്റെ ഇടപെടൽ തന്നെയാണ് ഇതിന് കാരണം. ബാലഗോപാലിന്റെ യുവ നേതൃത്വം കൊല്ലത്ത് സിപിഎമ്മിന് കരുത്താകുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ വി എസ് അച്യുതാനന്ദന്റെ അനുയായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ വി എസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വി എസുമായി അകന്ന ബാലഗോപാൽ, പിന്നീട് ഒദ്യോഗികപക്ഷത്തേക്ക് മാറുകയായിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമല്ലാത്ത, ബാലഗോപാലിനെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലാ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എംകോം, എൽ എൽ ബി, എൽ എൽ എം. ബിരുദധാരിയാണ്. 1998 ലാണ് സംസ്ഥാന കമ്മിറ്റി അംഗമായത്. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി കെ നാരായണപ്പണിക്കരുടെയും ഒ വി രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എസ്എഫ്‌ഐയുടെയും, ഡിവൈഎഫ്‌ഐയുടെയും ദേശീയ പ്രസിഡണ്ടായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി 2006 മുതൽ 2010 വരെ പ്രവർത്തിച്ചു. കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്നു. ആശയാണ് ഭാര്യ. 43 അംഗ ജില്ല കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

നിലവിലെ ജില്ലാ കമ്മറ്റിയിൽനിന്ന് ഏഴുപേരെ ഒഴിവാക്കിയിട്ടുണ്ട്. പുതിയതായി എട്ടുപേരെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനസമിതി അംഗങ്ങളായ ജെ മേഴ്‌സികുട്ടിയമ്മ, പി രാജേന്ദ്രൻ, വരദരാജൻ എന്നിവരെ ഒഴിവാക്കി. ഇവർക്കുപുറമെ നെടുവത്തൂരിൽ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിച്ചതായി അന്വേഷണകമ്മീഷൻ കണ്ടെത്തിയ മുരളി മടന്തകോട്, പി ആനന്ദൻ, വിക്രമൻ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. എം എ രാജഗോപാൽ, പി കെ ഗോപൻ, എൻ ജഗദീഷൻ, ജി മുരളീധരൻ, പ്രസന്ന ഏണസ്റ്റ്, എസ് എൽ സജികുമാർ, പി കെ ബാലചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിൽ പുതിയതായി ഉൾപ്പെടുത്തി.

നിലവിലെ ജില്ലാ സെക്രട്ടറി കെ രാജഗോപാൽ അവതരിപ്പിച്ച 43 അംഗ പുതിയ കമ്മറ്റിയുടെ പാനൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടന്നാണ് രാജഗോപാൽ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP