Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയിൽ പോപ്പുലർഫ്രണ്ട് നുഴഞ്ഞുകയറ്റങ്ങളുണ്ടായിട്ടുണ്ട്; അവയെ ചെറുക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് നൽകിയത് കർശന നിർദ്ദേശം; നുഴഞ്ഞുകയറ്റം വിദ്യാർത്ഥി സംഘടനകൾ വഴി; അഭിമന്യു വധത്തിനു മുൻപും വി എസ് സർക്കാർ ധീരമായ നിലപാട് തീവ്രവാദ സംഘടനകൾക്കെതിരെ സ്വീകരിച്ചിട്ടുണ്ട്; ഞങ്ങൾ ഒരുകാലത്തും മതമൗലികവാദികളുടെ പിന്തുണ സ്വീകരിച്ചിട്ടില്ല; പാർട്ടിയിലെ വർഗീയ നുഴഞ്ഞുകയറ്റങ്ങൾ തുറന്നു സമ്മതിച്ച് കോടിയേരി

പാർട്ടിയിൽ പോപ്പുലർഫ്രണ്ട് നുഴഞ്ഞുകയറ്റങ്ങളുണ്ടായിട്ടുണ്ട്; അവയെ ചെറുക്കാൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് നൽകിയത് കർശന നിർദ്ദേശം; നുഴഞ്ഞുകയറ്റം വിദ്യാർത്ഥി സംഘടനകൾ വഴി; അഭിമന്യു വധത്തിനു മുൻപും വി എസ് സർക്കാർ ധീരമായ നിലപാട് തീവ്രവാദ സംഘടനകൾക്കെതിരെ സ്വീകരിച്ചിട്ടുണ്ട്; ഞങ്ങൾ ഒരുകാലത്തും മതമൗലികവാദികളുടെ പിന്തുണ സ്വീകരിച്ചിട്ടില്ല; പാർട്ടിയിലെ വർഗീയ നുഴഞ്ഞുകയറ്റങ്ങൾ തുറന്നു സമ്മതിച്ച് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിലെ മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തുറന്നു സമ്മതിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി .ഐ പ്രവർത്തകർ നുഴഞ്ഞു കയറിയത് ശ്രദ്ധയിൽ പെട്ടത് കത്വ പീഡനത്തിന് പുറകേ കേരളത്തിൽ ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിലൂടെയാണ്. പിടിയിലായ പല പ്രതികളും പാർട്ടിയുടെ യുവജന ഘടകങ്ങളിലൊക്കെ ഇത്തരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. മനോരമ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിയിലെ നുഴഞ്ഞു കയറ്റം തുറന്നു സമ്മതിച്ചത്.

സി.പിഎമ്മിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നുഴഞ്ഞുകയറിയെന്ന ആക്ഷേപത്തെ കുറിച്ചുള്ള സുജിത് നായരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇങ്ങനെ: 'ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർ സമീപകാലത്ത് വിദ്യാർത്ഥി സംഘടനകൾ വഴിയും യുവജന സംഘടനകൾ വഴിയും നുഴഞ്ഞു കയറാൻ ശ്രമിച്ചിട്ടുണ്ട്.' കത്വ സംഭവത്തിനു പിന്നാലെ വർഗീയവികാരം ഇളക്കിവിടുന്ന പ്രചാരവേല സംഘടിപ്പിച്ചത് ആർഎസ്എസുകാരായ ആറുപേരടങ്ങുന്ന വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പായിരുന്നു. കലാപമുണ്ടാക്കാനുള്ള ആർഎസ്എസിന്റെ നീക്കമായിരുന്നു അത്. എസ്ഡിപിഐ ഈ സന്ദേശങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചപ്പോൾ എല്ലാ പാർട്ടികളിലും പെട്ടവർ അത് ഏറ്റെടുത്തു.

അങ്ങനെ അറസ്റ്റിലായ അഞ്ഞൂറോളം പേരിൽ കൂടുതലും എസ്ഡിപിഐക്കാരാണ്. കോൺഗ്രസുകാരും ലീഗുകാരുമെല്ലാം അതിലുണ്ട്. ഒപ്പം സിപിഎമ്മിന്റെ അനുഭാവികളും. ഇവരുടെ പാർട്ടിബന്ധം പരിശോധിച്ച പൊലീസ് റിപ്പോർട്ടിൽ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തുടർന്ന് ഞങ്ങളതു ഗൗരവമായി പരിശോധിച്ചു. അന്വേഷണത്തിൽ മനസ്സിലായത് അതിൽ ചിലർ നേരത്തേ എസ്ഡിപിഐ ബന്ധമുള്ളവരാണെന്നാണ്. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് ആ വാട്സാപ് പ്രചാരവേല ഏറ്റെടുത്തത്.മറ്റു പാർട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതു സംഭവിച്ചത്. പൊലീസിന്റെ ശക്തമായ ഇടപെടലാണു വാട്സാപ് ഹർത്താൽ വഴിയുള്ള വർഗീയ കലാപനീക്കം പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തിന് കോപ്പുകുട്ടിയവരുിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ല. അനുഭാവികൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പെട്ടവരെ ശ്രദ്ധയിൽപ്പെട്ടതോടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വധത്തിന് പിന്നാലെ എസ്ഡിപിഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ വൻതോതിൽ കാംപയിനുമായി സിപിഎം രംഗത്തു വന്നിട്ടുണ്ടെന്നും. എന്നാൽ പ്രവാചക നിന്ദയുടെ പേരിൽ ന്യുമാൻ കോളജിലെ അദ്ധ്യാപകനായ ജോസഫിന്റെ കൈവെട്ടിയപ്പോൾ അന്ന് വി എസ് സർക്കാർ കാട്ടിയത് ധീരമായ നടപടിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വർഷത്തെ യുഡിഎഫ് ഭരണത്തിൽ കോൺഗ്രസ് സർക്കാരാണ് പോപ്പുലർ ഫ്രണ്ട് പോലെയുള്ള വർഗീയ ശക്തികൾക്ക് വേരുറപ്പിക്കാൻ അവസരമൊരുക്കിയത്. യുഡി എഫ് സർക്കാരിന്റെ തണലിൽ പല രൂപത്തിൽ അവർ വളരുകയും പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. കൈവെട്ടു കേസിനെതിരെ എൽഡിഎഫ് സർക്കാരെടുത്ത നിലപാടിനോടുള്ള അമർഷം പ്രകടിപ്പിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ യുഡിഎഫിനെയാണു സഹായിച്ചത്. അതിനു പ്രത്യുപകാരമായി പല കേസുകളും ഒഴിവാക്കിക്കൊടുത്തു. ആ അഞ്ചുവർഷം അവസരമായി ഉപയോഗിച്ച് അവർ വളരുകയും എല്ലാ പാർട്ടികൾക്കിടയിലേക്കും നുഴഞ്ഞുകയറാൻ ആരംഭിക്കുകയും ചെയ്തു.

സിപിഎമ്മിലേക്കുള്ള ഇത്തരം മതമൗലികവാദികളുടെ പ്രവർത്തനം തടയിടാൻ എല്ലാ ജില്ലാ കമ്മിറ്റികൾക്കും കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. നുഴഞ്ഞുകയറ്റ ആക്ഷേപം അഭിമന്യുവധവുമായി ബന്ധപ്പെട്ടുമുണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വാർത്തകൾ പ്രത്യേകം പരിശോധിക്കുകയാണ്. ഇതിൽ പെട്ട ചിലർ ഇടക്കാലത്ത് എസ്എഫ്ഐയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ശ്രമിച്ചു എന്നാണല്ലോ ആക്ഷേപം. ഇതിൽ എത്രമാത്രം വസ്തുതയുണ്ടെന്ന് അന്വേഷിക്കാൻ ജില്ലാ കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ ആരേയും വെറുതെ എടുക്കില്ല എന്നാൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പോലെയുള്ള സംഘടനകളിൽ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകാറുണ്ട്. ആ സാധ്യതയാണ് പോപ്പുലർ ഫ്രണ്ട ്പ്രവർത്തകർ ഉപയോഗപ്പെടുത്തിയതെന്നും കോടിയേരി പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ അവിശുദ്ധ സഖ്യം

തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം സംഘടനകളുമായി സഖ്യമുണ്ടെന്നുള്ള പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണ്. അവരുടെ അംഗങ്ങൾ ആർക്കെങ്കിലുമൊക്കെ ഇങ്ങോട്ടു പിന്തുണ പ്രഖ്യാപിക്കുന്ന രീതിയുണ്ട്. അതിലെ അപകടം തിരിച്ചറിഞ്ഞ് സ്ഥാനം രാജിവയ്ക്കാൻ സിപിഎം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണ ആശ്രയിച്ചു മാത്രം നിലനിൽപുള്ള സ്ഥാനങ്ങൾ വേണ്ടെന്നാണു തങ്ങൾ തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ചെങ്ങന്നൂരിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിട്ടുണ്ടെന്ന ലേഖകന്റെ ചോദ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

ലീഗുമായി അവിശുദ്ധ സഖ്യം

മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമസഭയിലേക്ക് ജയിച്ചുവന്ന സിപിഎം സ്വതന്ത്രരിൽ പലരും എസ്ഡിപിഐക്കു താങ്ങും തണലുമായവരാണെന്ന ഗുരുതരമായ ആരോപണവും ലീഗ് ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായി. അവരാരുംതന്നെ എസ്ഡിപിഐയുടെ പിന്തുണ തേടിയവരോ, ആ പാർട്ടിയുടെ പിന്തുണ ലഭിച്ചവരോ ആയിരുന്നില്ല. ബോധപൂർവം ലീഗ് വ്യാജപ്രചാരണം നടത്തുകയായിരുന്നു. യുഡിഎഫിലുള്ള തങ്ങളെ കിട്ടാത്തതുകൊണ്ട് മുസ്ലിം വോട്ടുകൾ നേടിയെടുക്കാൻ ഭീകരവാദ ശക്തികളുമായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ബന്ധത്തിന്റെ ബാക്കിപത്രമാണ് അഭിമന്യുവധം എന്നുവരെ ലീഗ് ആരോപിക്കുന്നുണ്ട്.

1985 മുതൽ സിപിഎം എടുത്തുവരുന്ന നയം, ജാതിമത ശക്തികളുമായി ഒരു കൂട്ടുകെട്ടുമില്ലെന്നതാണ്. അധികാരത്തിനു വേണ്ടിയാണെങ്കിൽ മുസ്ലിം ലീഗുമായിത്തന്നെ കൂട്ടുകൂടാമായിരുന്നല്ലോ? ലീഗ് തന്നെ ഒരു മതമൗലികവാദി പാർട്ടിയാണ്. അതുകൊണ്ടാണ് അവരുമായി ബന്ധപ്പെടാത്തത്. ലീഗുമായി കൂടാത്ത ഞങ്ങൾ തിരഞ്ഞെടുപ്പു ജയിക്കാനായി ജനപിന്തുണയില്ലാത്ത ഇത്തരക്കാരുമായി കൂടുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എസ്. ഡി പി.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്ത കേസിൽ യുഎപിഎ ചുമത്തുന്ന കാര്യങ്ങൾ ആരോപണമായി ഉയർന്നിരുന്നെങ്കിലും ഈ രീതികൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് കോടിയേരിയുടെ വാദം. ഭീകരപ്രവർത്തനത്തിനെതിരെ ഇതു ചുമത്തണം. കൈവെട്ടുകേസിൽപെട്ടവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാൽ എൻഐഎ കേസ് ഏറ്റെടുക്കേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം പ്രതികരിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP