Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു; ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രൻ; സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ: സിപിഐ - സി.പി.എം വാക്‌യുദ്ധം തുടരുന്നു

പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു; ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സം നിന്നത് കാനം രാജേന്ദ്രൻ; സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ: സിപിഐ - സി.പി.എം വാക്‌യുദ്ധം തുടരുന്നു

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിലെ പ്രമുഖ കക്ഷികൾ തമ്മിലുള്ള ഏറ്റമുട്ടൽ പുതിയ തലത്തിലേക്ക്. സഖ്യകക്ഷിയായ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സംസ്ഥാനത്ത് സിപിഐഎം വിരുദ്ധത സൃഷ്ടിക്കാൻ സിപിഐ ബോധപൂർവം ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. സിപിഐയിലെ ഒരുവിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നിൽ. അതേസമയം, ആ പാർട്ടിയുടെ മൊത്തത്തിലുള്ള പിന്തുണ ഈ നീക്കത്തിനില്ല. ഇക്കാര്യം മനസിലാക്കി വേണം പ്രതികരിക്കാനെന്നും കോടിയേരി നേതാക്കളെ ഓർപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സിപിഐ ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടക്കുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് കോടിയേരിയുടെ വിമർശനം. മൂന്നാർ കൈയേറ്റ വിഷയത്തിലും കടുത്ത വിമർശനമാണ് കോടിയേരി കാനത്തിനെതിരെ ഉന്നയിച്ചത്. സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂവകുപ്പിനെ ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങളിലേറെയും. എൽഡിഎഫ് നയമാണ് നടപ്പാക്കുന്നതെന്ന് സിപിഐ ആവർത്തിക്കുമ്പോഴും പട്ടയവിതരണം നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് കടുത്ത ഉദാസീനതയാണ് കാട്ടിയത്.

വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സിപിഐക്ക് ഇരട്ടത്താപ്പാണെന്നും യോഗത്തിൽ ആരോപണമുയർന്നു. കോടിയേരി ബാലകൃഷ്ണനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ ടാറ്റയുടെ കയ്യേറ്റമല്ലേ ആദ്യം ഒഴിപ്പിക്കേണ്ടതെന്ന് കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ സിപിഐഎം അംഗങ്ങൾ ചോദിച്ചിരുന്നു. വൻകിട കയ്യേറ്റം ഒഴിപ്പിക്കുന്നത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിച്ചു തന്നെ തുടങ്ങാമെന്ന പൊതുധാരണ ഉയർന്നപ്പോൾ അത് ബുദ്ധിമുട്ടാവുമെന്നും പിന്നീട് ടാറ്റയ്ക്ക് ഭൂമി സർക്കാര് അങ്ങോട്ട് കൊടുക്കേണ്ടി വരുമെന്നും കാനം പ്രതികരിച്ചതായി കോടിയേരി ചൂണ്ടിക്കാട്ടുന്നു.

അത്തരമൊരു നടപടി ബുദ്ധിമുട്ടാകുമെന്നാണ് അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകിയത്. എന്നാൽ, ഈ യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ, ഇക്കാര്യം മാത്രം ഒരിടത്തും വന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുന്നണിയിലെ ഇത്തരം എതിർപ്പുകളാണ് കയ്യേറ്റം ഒഴിപ്പിക്കൽ എങ്ങുമെത്താതെ നിൽക്കുന്നതിന് കാരണമെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. സർക്കാറിനേയോ ഇടുക്കിയിലെ മന്ത്രി എംഎം മണിയേയോ അറിയിക്കാതെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച റവന്യൂ വകുപ്പിന്റെ നടപടി അപലപനീയമാണ്. സിപിഐയുടെ വകുപ്പുകൾ ഏകാധിപതിയെ പോലെ പെരുമാറുകയാണ്.റവന്യൂ വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടിയേരി സംസ്ഥാന സമിതിയിൽ ചൂണ്ടിക്കാട്ടി.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റാണ് കയ്യേറ്റ വിഷയം സംസ്ഥാന സമിതിയിൽ കൊണ്ടുവന്നത്. വൻകിട കയ്യേറ്റങ്ങൾ ഒഴിവാക്കി ചെറുകിട കയ്യേറ്റങ്ങൾ മാത്രം ഒഴിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉയരുന്നത്. വൻകിടി കയ്യേറ്റക്കാർ സിപിഐയിലെ ചിലരെ കൂട്ടുപിടിക്കുന്നുവെന്നും സി.പി.എം ഇടുക്കി ജില്ലാ ഘടകം സംസ്ഥാന സമിതിയിൽ വിമർശനമുന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP