Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമാശ്ലീഹയെ കുന്തംകൊണ്ട് കുത്തിക്കീറിയത് ഓർമ്മിപ്പിച്ച് കോടിയേരി; വൈദികരെയും കന്യാസ്ത്രീകളെയും ഒന്നടങ്കവും കൊള്ളരുതാത്തവരും സദാചാരവിരുദ്ധരുമായി മുദ്രകുത്താനുള്ള പ്രചാരണങ്ങൾ സദുദ്ദേശ്യപരമല്ല; ന്യൂന പക്ഷ വിഭാഗങ്ങൾ രാജ്യത്താകമാനം നേരിടുന്ന പ്രശ്‌നങ്ങൾ ബിജെപി സൃഷ്ടിക്കുന്ന വർഗീയത മൂലമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തോമാശ്ലീഹയെ കുന്തംകൊണ്ട് കുത്തിക്കീറിയത് ഓർമ്മിപ്പിച്ച് കോടിയേരി; വൈദികരെയും കന്യാസ്ത്രീകളെയും ഒന്നടങ്കവും കൊള്ളരുതാത്തവരും സദാചാരവിരുദ്ധരുമായി മുദ്രകുത്താനുള്ള പ്രചാരണങ്ങൾ സദുദ്ദേശ്യപരമല്ല; ന്യൂന പക്ഷ വിഭാഗങ്ങൾ രാജ്യത്താകമാനം നേരിടുന്ന പ്രശ്‌നങ്ങൾ ബിജെപി സൃഷ്ടിക്കുന്ന വർഗീയത മൂലമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗികാരോപണമുൾപ്പടെയുള്ള വിഷയത്തിൽ ക്രൈസ്തവ സഭകൾ വെട്ടിലായിരിക്കുന്ന ഘട്ടത്തിൽ അവരെ വെള്ള പൂശി കോടിയേരി ബാലകൃഷ്ണൻ. ക്രൈസ്തവ സഭയിലെ വൈദീകരോ ബിഷപ്പോ നിയമ വിരുദ്ധമായുള്ള പ്രവർത്തനത്തതിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായ അന്വേഷണം വേണം. എന്നാൽ ക്രൈസ്തവ സഭയെ ആകമാനം കൊള്ളരുതാത്തവരാക്കുന്നത് സദുദ്ദേശകരമല്ലെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

ബിജെപി ഭരണം നിലവിൽ വന്ന ശേഷം ക്രിസ്ത്യൻ, മുസ്ലിം, ദളിത് വിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും എതിരായി പ്രചരണങ്ങൾ വർധിച്ചിട്ടേയുള്ളൂവെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നുണ്ട്. ചരിത്രം വളച്ചോടിച്ച് ബിജെപി നടത്തിയ പ്രചരണങ്ങൾ ഉയർത്തിക്കാട്ടിയാണ് കോടിയേരി അഭിപ്രായമുന്നയിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ക്രൈസ്തവർക്ക് പങ്കില്ലായിരുന്നുവെന്ന ബിജെപി നേതാവിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപിയക്കും ആർഎസ്എസിനും എതിരായി കോടിയേരിയുടെ രൂക്ഷ വിമർശനം. ചരിത്രം തിരുത്തിക്കുറിക്കുവാൻ വ്യാജ തെളിവുകൾ നിരത്തുകയാണ് ബിജെപി. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ വിഭാഗത്തിൽ പെട്ട കമ്മ്യൂണിസ്റ്റുകാരുടെ പട്ടിക നിരത്തിയായിരുന്നു കോടിയേരിയുടെ വിശദീകരണം.

ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച കോടിയേരിയുടെ ലേഖനത്തിന്റെ പൂർണ രൂപം:

'ക്രിസ്തുമതത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി കരുതുന്ന തോമാശ്ലീഹ ഇന്ത്യയുടെ മണ്ണിൽ കുത്തേറ്റു മരിച്ചത് പഴയ ചരിത്രം. അത് രണ്ടായിരം വർഷംമുമ്പ്. അതായത് എഡി 75ൽ. കേരളത്തിൽനിന്ന് മൈലാപുരിലെത്തിയപ്പോൾ തോമാശ്ലീഹയെ കുന്തംകൊണ്ട് കുത്തിക്കീറി കൊല്ലുകയായിരുന്നു. അന്ന് പുരണ്ട ആ ചോരക്കറ ഉണങ്ങാതിരിക്കാനുള്ള രാഷ്ട്രീയമാണ് മോദിസർക്കാരിനും ആർഎസ്എസിനും ബിജെപിക്കുമുള്ളത്. എന്നെല്ലാം ബിജെപി ഭരണം വന്നിട്ടുണ്ടോ അന്നെല്ലാം ക്രിസ്ത്യൻ, മുസ്ലിം, ദളിത് വിഭാഗങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കുമെതിരായ ആക്രമണങ്ങളും പീഡനങ്ങളും തരംതാഴ്‌ത്തൽ പ്രചാരണങ്ങളും വർധിച്ചിട്ടേയുള്ളൂ. ചരിത്രം വളച്ചൊടിക്കാനും ചരിത്രത്തിന് പുതിയ വ്യാജ തെളിവുകൾ ഔദ്യോഗിക പിൻബലത്തോടെ ചാർത്താനും തെറ്റായ ചരിത്രപാഠങ്ങൾ നിർമ്മിക്കാനും മോദിഭരണം ഇന്ത്യയിൽ തകൃതിയായി ശ്രമം നടത്തുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ക്രിസ്ത്യാനികൾക്ക് പങ്കില്ലെന്ന ബിജെപി നേതാവിന്റെ അഭിപ്രായത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

ന്യൂനപക്ഷ മതവിഭാഗക്കാർ രാജ്യസ്‌നേഹികളല്ലെന്ന് സ്ഥാപിക്കാനാണ് ഇത്തരം ആശയപ്രചാരണംകൊണ്ട് സംഘപരിവാർ ലക്ഷ്യമിടുന്നത്. ബിജെപിയുടെ മുതിർന്ന നേതാവും മുംബൈ നോർത്ത് എംപിയുമായ ഗോപാൽ ഷെട്ടിയാണ് വിദ്വേഷകരമായ പ്രസംഗം നടത്തിയത്. ബ്രിട്ടീഷുകാർ ക്രിസ്ത്യാനികളായിരുന്നുവെന്നും അതിനാൽ ഇന്ത്യയിലെ ക്രിസ്ത്യാനികളാരും ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്നുമുള്ള വിചിത്രചരിത്രമാണ് നിരത്തിയത്. ഇതൊരു ദേശീയ വിവാദമാവുകയും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനപോലും തള്ളിപ്പറയുകയും ചെയ്തു. എന്നിട്ടും ചരിത്രത്തെ അവഹേളിക്കുന്ന വർഗീയ വിദ്വേഷ പ്രസ്താവനയെ തള്ളിപ്പറയാൻ പ്രധാനമന്ത്രിയോ ബിജെപിയുടെ മറ്റ് നേതാക്കളോ തയ്യാറായില്ല.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാൽക്കാശിന്റെ സംഭാവന നൽകാത്ത പ്രസ്ഥാനമാണ് ആർഎസ്എസ്. ചില ഘട്ടങ്ങളിലാകട്ടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി പരസ്യമായി പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമൊക്കെ ധീരമായ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് മൂന്നുലക്ഷത്തോളമാണ് ക്രിസ്ത്യൻ ജനസംഖ്യ. എന്നിട്ടും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ധീരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത അനേകം നേതാക്കളെയും പോരാളികളെയും ആ സമൂഹം സംഭാവന ചെയ്തു. കോൺഗ്രസിന്റെ സ്ഥാപകൻ എ ഒ ഹ്യുംതന്നെ ബ്രിട്ടീഷുകാരനായ ക്രിസ്ത്യാനിയായിരുന്നുവല്ലോ.

സ്വാതന്ത്ര്യസമരകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും കേരളത്തിലെ നേതാക്കളെ നോക്കിയാൽ ആ നിലയിൽ ക്രൈസ്തവസമൂഹത്തിൽ ജനിച്ച അനേകം ഉജ്വല നേതാക്കളെ കാണാം. ടി എം വർഗീസ്, ടി വി തോമസ്, ആനി മസ്‌ക്രീൻ, അക്കാമ്മാ ചെറിയാൻ, കെ സി ജോർജ് അങ്ങനെ എത്രയെത്രപേർ. 1887ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാംവർഷിക സമ്മേളനത്തിൽ പങ്കെടുത്ത 607 പ്രതിനിധികളിൽ ഇന്ത്യക്കാരായ അനേകം ക്രൈസ്തവരുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടത്തിലും സംഭവങ്ങളിലും ക്രൈസ്തവ ജനവിഭാഗങ്ങളിൽപ്പെട്ടവരുടെ പങ്കാളിത്തമുണ്ടായിരുന്നു. ഉപ്പ് സത്യഗ്രഹത്തിനായുള്ള ദണ്ഡിയാത്രയ്ക്ക് മഹാത്മാഗാന്ധിയെ അനുഗമിച്ച സബർമതി ആശ്രമത്തിലെ 78 അന്തേവാസികളിൽ തിരുവല്ലയിൽനിന്നുള്ള മാർത്തോമ്മാ ക്രിസ്ത്യാനിയായ തേവർ ടൈറ്റസ് ടൈറ്റസും ഉൾപ്പെട്ടിരുന്നു.

ക്രൈസ്തവ ജനവിഭാഗത്തെ സ്വാതന്ത്ര്യസമരത്തിന്റെയും മിഷണറി പ്രവർത്തനത്തിന്റെയും മറവിൽ തരംതാഴ്‌ത്താനുള്ള ശ്രമം ഏറ്റവും ഹീനവും അപലപനീയവുമാണ്. മദർ തെരേസയെയും അവർ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെയും അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രചാരണത്തെ നിസ്സാരമായി തള്ളാവുന്നതല്ല. മദർ തെരേസയ്ക്ക് നൽകിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന ആർഎസ്എസിന്റെ ഡൽഹി പ്രചാർ പ്രമുഖ് രാജീവ് ടൂലിയുടെ ആവശ്യം തികഞ്ഞ വർഗീയ വിദ്വേഷ പ്രചാരണമാണ്.

മതപരിവർത്തനത്തിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും സംരക്ഷിക്കാനെന്ന മറവിൽ കുഞ്ഞുങ്ങളെ കച്ചവടം ചെയ്യുകയായിരുന്നുവെന്നുമുള്ള ഏറ്റവും നീചമായ അപവാദമാണ് വിശുദ്ധയായ മദർ തെരേസയ്‌ക്കെതിരെ ആർഎസ്എസ് നടത്തുന്നത്. 'മിഷണറീസ് ഓഫ് ചാരിറ്റി' റാഞ്ചിയിൽ നടത്തുന്ന നിർമൽ ഹൃദയ് അഭയകേന്ദ്രത്തിൽനിന്ന് പിഞ്ചുകുട്ടിയെ വിറ്റുവെന്ന കുറ്റം ചുമത്തി കന്യാസ്ത്രീയെയും ജീവനക്കാരിയെയും ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ആർഎസ്എസ് നേതാവിന്റെ പ്രസ്താവന. റാഞ്ചി സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഝാർഖണ്ഡിലെ ശിശുക്ഷേമസമിതിക്ക് ബിജെപി മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം നടക്കട്ടെ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ ഇതാണ് ക്രൈസ്തവസഭകൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ക്രൈസ്തവസഭയിലെ വൈദികരോ ബിഷപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിനിധികളോ നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായ അന്വേഷണവും നടപടിയും പൊലീസും നിയമസംവിധാനവും സ്വീകരിക്കണം. എന്നാൽ, ഏതെങ്കിലും ചില സംഭവങ്ങളുടെ പേരിൽ ക്രൈസ്തവസഭയെ ആകെയും വൈദികരെയും കന്യാസ്ത്രീകളെയും ഒന്നടങ്കവും കൊള്ളരുതാത്തവരും സദാചാരവിരുദ്ധരുമായി മുദ്രകുത്താനുള്ള പ്രചാരണങ്ങൾ സദുദ്ദേശ്യകരമല്ല. അതിനുപിന്നിൽ വർഗീയ വിദ്വേഷത്തിന്റെ അജൻഡയുണ്ട്. കുറ്റക്കാരെ രക്ഷിക്കാൻ ആരും ഇറങ്ങേണ്ട. എന്നാൽ, ചില സംഭവങ്ങളുടെ മറവിൽ ക്രൈസ്തവസഭകളെയും ജനവിഭാഗങ്ങളെയും തരംതാഴ്‌ത്താനുള്ള കുപ്രചാരണത്തിന്റെ മുനയൊടിക്കുകതന്നെ വേണം. രാജ്യത്തെ ജനസംഖ്യയുടെ രണ്ടരശതമാനം മാത്രം വരുന്ന ക്രൈസ്തവസമൂഹം രാജ്യത്തിനുവേണ്ടി ചെയ്ത സംഭാവനകൾ മറക്കാനാകാത്തതാണ്.

വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ആരോഗ്യമേഖലയുടെ വളർച്ചയ്ക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലും ക്രൈസ്തവസഭകളുടെയും മിഷണറിമാരുടെയും സേവനം സമാനതകളില്ലാത്തതാണ്. കൊൽക്കത്തയിലെത്തി ജീവകാരുണ്യപ്രവർത്തനത്തിൽ ലോകത്തിന് മാതൃകയായി മാറിയ മദർ തെരേസ ഇന്ത്യയുടെ അഭിമാനമുദ്രയാണ്. സംഘപരിവാർ ശക്തികൾ എതിർപ്പിന്റെ കുന്തമുനകൾ അവർക്കുനേരെ തിരിച്ചപ്പോൾ മദറിന്റെയും അവരുടെ മിഷണറി പ്രസ്ഥാനത്തിന്റെയും സംരക്ഷണത്തിന് മുന്നിൽനിന്നത് അന്ന് ബംഗാൾ ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവാണ്. നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ച ആ മഹതിയെ വെള്ളക്കുരങ്ങെന്ന് വിളിച്ച് അവഹേളിച്ച ആർഎസ്എസിന്റെ അതേതരത്തിലെ മറ്റൊരു വിദ്വേഷശബ്ദമാണ് ആർഎസ്എസ് ഡൽഹി പ്രമുഖിൽനിന്ന് കേൾക്കുന്നത്.

കത്തോലിക്കാ സഭയുടെ ലോകാധിപൻ ഫ്രാൻസിസ് മാർപാപ്പയുടെ 2017ലെ തെക്കുകിഴക്ക് ഏഷ്യ പര്യടനത്തിൽ ഇന്ത്യ ഇല്ലാതെ പോയത് മോദിസർക്കാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് കാരണമാണെന്നത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. മാർപാപ്പയ്ക്ക് ഇന്ത്യ സന്ദർശിക്കാൻ ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക അനുമതി വേണം. കത്തോലിക്കാ സഭയുടെ അധിപനായിരിക്കുമ്പോൾത്തന്നെ വത്തിക്കാൻ എന്ന രാഷ്ട്രത്തിന്റെ തലവൻകൂടിയാണ്. അതിനാലാണ് കേന്ദ്രസർക്കാരിന്റെ ക്ഷണം ഘടകമാകുന്നത്. ക്രൈസ്തവ സംഘടനകളും സഭാമേധാവികളും ഇന്ത്യാ സർക്കാരിന്റെ ഔദ്യോഗിക ക്ഷണത്തിനുവേണ്ടി കേന്ദ്രസർക്കാരിനെ പലവട്ടം സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്രഭരണത്തിന്റെ വർഗീയ വിദ്വേഷനയം കാരണം അവരുടെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു.

ഒരുകാലത്ത് പോരാട്ടത്തിന്റെയും പിന്നീട് പ്രതിലോമകരമായ പ്രവർത്തനത്തിന്റെയും ചരിത്രമുള്ള ക്രൈസ്തവസഭ, ദേശീയമായും സാർവദേശീയമായും ഏറെ മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലും വിമോചനപോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകാർക്കൊപ്പം ക്രൈസ്തവസഭാ മേധാവികളും വിശ്വാസികളും പങ്കുചേരുന്നുണ്ട്. ലോകത്ത് സമാധാനത്തിനായി ശബ്ദമുയർത്തുന്ന സമാരാധ്യനായ ലോകനേതാവാണ് ഫ്രാൻസിസ് മാർപാപ്പ. ക്രൈസ്തവസഭയുടെ അധിപൻ എന്നപോലെ സമാധാനത്തിന്റെ ദൂതനാണെന്ന സവിശേഷതയും മോദിഭരണക്കാർക്ക് ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്. ഇതിനുപുറമെ മാർപാപ്പയുടെ നവോത്ഥാന നിലപാടുകളും പുരോഗമനചിന്തയും പരക്കെ അംഗീകരിക്കപ്പെടുന്നതും സംഘപരിവാറിന് സുഖിക്കുന്നതുമല്ല. 2013ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ പുതിയ ചരിത്രം തീർക്കുകയാണ് അദ്ദേഹം.

യൂറോപ്പിന്റെ കുത്തക തകർത്താണ് ലാറ്റിനമേരിക്കയിൽനിന്ന് ഒരു പോപ്പുണ്ടായത്. ചെ ഗുവേരയുടെയും ഫിദൽ കാസ്‌ട്രോയുടെയും ഹ്യൂഗോ ഷാവേസിന്റെയും നാട്ടിൽനിന്നെത്തിയ പാപ്പ ദരിദ്രരുടെ മോചനത്തിനായാണ് ശബ്ദിക്കുന്നത്. അതിനാൽ ചെകുത്താൻ കുരിശ് കണ്ടതുപോലെ കമ്യൂണിസത്തെ കാണണമെന്ന പഴയകാല ചിന്താഗതി ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു. വിശപ്പ് മാറ്റാൻ കമ്യൂണിസം ലോകത്തിനാവശ്യമാണെന്ന് പാപ്പ പറഞ്ഞു. അപ്പോൾ ഈ പോപ്പിനെ കമ്യൂണിസ്റ്റായി ചിത്രീകരിച്ച് അമേരിക്കൻ മാധ്യമങ്ങളടക്കം ആക്രമിച്ചു. ക്യൂബയ്‌ക്കെതിരായി ദശകങ്ങളായി തുടർന്ന ഉപരോധം അവസാനിപ്പിക്കാൻ പാപ്പ ഇടപെടുകയും അതിന്റെകൂടി അടിസ്ഥാനത്തിൽ അമേരിക്കൻ പ്രസിഡന്റായിരിക്കെ ഒബാമ ഇടപെടുകയും ക്യൂബയുമായി സഹകരണകരാർ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, പുതിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഈ കരാർ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്.

പ്രപഞ്ചോൽപ്പത്തിയുടെ മഹാവിസ്‌ഫോടന സിദ്ധാന്തവും പരിണാമസിദ്ധാന്തവും പരിപൂർണമായി അംഗീകരിച്ച മാർപാപ്പയുടെ നിലപാടും ലോകത്തെ പിടിച്ചുകുലുക്കുന്നതാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് പറഞ്ഞ ഗലീലിയോയെ മതദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്തതടക്കമുള്ള കറുത്ത ഏടുകളുള്ളതാണ് ഈ സഭ. അവിടെയാണ് ഒറ്റയ്ക്ക് പ്രപഞ്ചം സൃഷ്ടിച്ച മാന്ത്രികനായി ആരും ദൈവത്തെ കരുതേണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമപ്പെടുത്തിയത്. ദൈവത്തെ നിഷേധിക്കാതെതന്നെ, ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഈ പാപ്പ.

ദരിദ്രരോടുള്ള പരിഗണനയിൽ ആഡംബരങ്ങളൊഴിവാക്കി ജീവിതത്തെ ലളിതമാക്കിയ മാർപാപ്പ തന്റെ യാത്രകളെ നാടിന്റെ സമാധാനത്തിനുവേണ്ടിയാണ് മാറ്റിവച്ചത്. ഇന്ത്യയെ അതിരറ്റ് സ്‌നേഹിക്കുന്ന പാപ്പയ്ക്ക് വിലക്ക് കൽപ്പിച്ച മോദിഭരണം, അത് ചെയ്തത് അവരുടെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷവിരുദ്ധനയം കാരണമാണ്. ബഹുസസ്ത്യൻസമൂഹത്തെയും അവരുടെ സഭകളെയും മിഷണറിമാരെയും തരംതാഴ്‌ത്തുന്ന ഹീനപ്രവർത്തനം നടത്തുന്നത്. ജനാധിപത്യവിശ്വാസികൾക്കും മനസ്സാക്ഷിയുള്ളവർക്കും ഇതിനുമുന്നിൽ നിശ്ശബ്ദരായിരിക്കാൻ കഴിയില്ല.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP