Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭരണപക്ഷത്തെ കലാപങ്ങളെ നിരീക്ഷിക്കുന്നുണ്ട്; ആയാറാം ഗയാറാം മുന്നണിയില്ല ഇടതുപക്ഷം; രാഷ്ട്രീയ നിലപാട് നോക്കിയാകും തീരുമാനം; ജോർജിനെ പുറത്താക്കാൻ സർക്കാരിന് ഭയമെന്നും കോടിയേരി

ഭരണപക്ഷത്തെ കലാപങ്ങളെ നിരീക്ഷിക്കുന്നുണ്ട്; ആയാറാം ഗയാറാം മുന്നണിയില്ല ഇടതുപക്ഷം; രാഷ്ട്രീയ നിലപാട് നോക്കിയാകും തീരുമാനം; ജോർജിനെ പുറത്താക്കാൻ സർക്കാരിന് ഭയമെന്നും കോടിയേരി

തലശേരി: യുഡിഎഫിലെ കലാപം സംസ്ഥാനത്തെ ഭരണതകർച്ചയിലേക്കാണ് നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു എംഎൽഎ വെല്ലുവിളിച്ചാൽ അതിന് മുന്നിൽ വിറങ്ങലിച്ചു നിൽകുന്ന ഭരണമാണ് കേരളത്തിലുള്ളത്. ഒരാഴ്ചയായി ഉദ്യോഗസ്ഥന്മാരൊന്നും പ്രവർത്തിക്കുന്നില്ല. ഭരണംസ്തംഭിച്ചിരിക്കുകയാണെന്നും സെക്രട്ടറിയറ്റിൽ നാഥനില്ലാത്ത നിലയാണെന്നും കോടിയേരി പറഞ്ഞു. തലശേരിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്നവർക്കും പോവുന്നവർക്കും കയറി ഇരിക്കാവുന്ന മുന്നണിയല്ല എൽഡിഎഫ്. വ്യക്തമായ രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണിത്. അഴിമതിക്കെതിരായ പോരാട്ടമാണ് എൽഡിഎഫ് നടത്തുന്നത്. അഴിമതിക്കെതിരായ സമരത്തിൽ ആരൊക്കെ നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചാവും ഓരോരുത്തരോടുമുള്ള ഭാവി നിലപാട്. അഴിമതിക്കെതിരായ പോരാട്ടമാണ് പിസി ജോർജ് ഉദ്ദേശിക്കുന്നതെങ്കിൽ യുഡിഎഫിൽ നിന്ന് പുറത്തുവരട്ടെ. യുഡിഎഫിൽ നിന്നുകൊണ്ട് എന്ത് അഴിമതിവിരുദ്ധസമരമാണ് സാധ്യമാവുക. പിസി ജോർജ് രാഷ്ട്രീയനിലപാടെടുത്ത് പുറത്തുവന്നാൽ അപ്പോൾ എൽഡിഎഫ് ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു.

മന്ത്രിപദവിയുള്ള സർക്കാർ ചീഫ് വിപ്പാണ് സർക്കാരിനെതിരെ യുഡിഎഫിനുള്ളിൽ നിന്ന് കാലപത്തിന് നേതൃത്വം നൽകുന്നത്. ഇതിന്റെ ഫലമായി യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും ശിഥിലമായിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ തകർച്ചക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. സർക്കാരിന് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ വേണമെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊള്ളൂ എന്നാണ് ചീഫ് വിപ്പ് വെല്ലുവിളിക്കുന്നത്. കേരളകോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി നിർദേശിക്കപ്പെട്ടയാളാണ് ചീഫ് വിപ്പ്. അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരളകോൺഗ്രസും ആവശ്യപ്പെടുന്നു.

കേരള കോൺഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രിയും യുഡിഎഫും അംഗീകരിക്കുന്നില്ല. ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ യുഡിഎഫിൽ തുടരാൻ കഴിയാത്ത സ്ഥിതിയാണ് കേരളകോൺഗ്രസിന്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെയില്ലാത്ത അത്യഗാധമായ പ്രതിസന്ധിയിലേക്കാണ് സർക്കാർ ചെന്നുപെട്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാവട്ടെ പിസി ജോർജിനെ പൂർണമായി സംരക്ഷിക്കുന്നു. പിസി ജോർജിനെതിരെ എന്തെങ്കിലും നടപടിയെടുത്താൽ പിസി ജോർജ് സർക്കാരിനെ നടുകടലിലേക്ക് എറിയും. ഇപ്പോൾ പിസി ജോർജും കെഎം മാണിയുമാണ് നടുകടലിലായിരിക്കുന്നത്. സർക്കാർ തന്നെ നടുകടലിലാവും എന്നതുകൊണ്ടാണ് ഉമ്മൻ ചാണ്ടി പിസി ജോർജിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്.

ഉമ്മൻ ചാണ്ടിയുടെ കാർമികത്വത്തിൽ നടന്ന എല്ലാഅധാർമിക പ്രവർത്തനവും പിസി ജോർജ് പുറത്തുകൊണ്ടുവരുമെന്ന ഭയത്തിലാണ് ചീഫ് വിപ്പിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി അറച്ചുനിൽകുന്നത്. മുഖ്യമന്ത്രി പ്രതിസന്ധിയിൽപെട്ട എല്ലാഘട്ടത്തിലും സംരക്ഷകനായിട്ടായിരുന്നു പിസി ജോർജ് രംഗത്തുവന്നത്. പാമോയിൽകേസിൽ കോടതിവിധിയുണ്ടായപ്പോൾ ജഡ്ജിയെ പാക്കിസ്ഥാൻ ചാരനെന്ന് വിളിച്ച് ആക്ഷേപിച്ചു. പാമോയിൽകേസിൽ തുടർനടപടിസ്വീകരിക്കാൻ ആ ജഡ്ജിക്ക് സാധ്യമാകാത്ത സ്ഥിതി സൃഷിക്കുകയും രാഷ്ട്രപതിക്ക് വരെ ഉമമൻചാണ്ടിക്ക് വേണ്ടി കത്തയക്കുകയും ചെയ്ത വ്യക്തിയാണ് പിസി ജോർജ്.

പ്രതിപക്ഷത്തുള്ള ഒരു എംഎൽഎയെ ചാക്കിൽകയറ്റി ഭരണപക്ഷത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടിയോടൊപ്പം എല്ലാനടപടിയും സ്വീകരിച്ചതും പിസി ജോർജാണ്. സോളാർ കുംഭകോണത്തിൽ ഉമ്മൻ ചാണ്ടിക്കുള്ള അനിഷേധ്യമായ പങ്ക് അറിയുന്ന വ്യക്തിയാണ് പിസിജോർജ്. പിസി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയാൽ ബാർ കുംഭകോണം സംബന്ധിച്ച എല്ലാതെളിവുകളും വിജിലൻസിന് മുന്നിലെത്തും. ഈ സാഹചര്യത്തിൽ പിസി ജോർജിനെ തൊടാനുള്ള ധൈര്യം കേരളത്തിലെ യുഡിഎഫിനില്ലെന്നും കോടിയേരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP