Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടിവിട്ടു പോയ കെ എസ് ബിമലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എത്തി; തെറ്റുകൾ തിരുത്തി ശക്തമായ മുന്നേറ്റത്തിനുള്ള ചുവടുവയ്പാകുമോ കോടിയേരിയുടെ നീക്കങ്ങൾ

പാർട്ടിവിട്ടു പോയ കെ എസ് ബിമലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എത്തി; തെറ്റുകൾ തിരുത്തി ശക്തമായ മുന്നേറ്റത്തിനുള്ള ചുവടുവയ്പാകുമോ കോടിയേരിയുടെ നീക്കങ്ങൾ

കോഴിക്കോട്: കോഴിക്കോടിന്റെ വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന കെ എസ് ബിമലിന് നാടിന്റെ അന്ത്യാഞ്ജലി. നിലവിലെ മാർക്‌സിസ്റ്റ് ധാരകളോട് കലഹിച്ച് സിപിഎമ്മിനോടു വിടപറഞ്ഞ ബിമലിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തിയത് പാർട്ടിക്ക് ശുഭസൂചകമാണെന്നാണ് രാഷ്ട്രീയവൃത്തങ്ങളുടെ വിലയിരുത്തൽ.

ഇടതുപക്ഷത്തിന്റെ പുത്തനുണർവ്വിലൂടെ മാത്രമേ പുതിയ വിപ്ലവ സാധ്യതകൾ വിരിയുകയുള്ളുവെന്ന് ഉറച്ചുവിശ്വസിച്ച വ്യക്തിയാണ് കെ എസ് ബിമൽ. അതിനാലാണ് ആർഎംപി അടക്കമുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുമ്പോഴും അതിൽ നിന്നൊക്കെ വ്യത്യസ്തമായ പുതിയ ഇടത് അന്വേഷണങ്ങളിലേയ്ക്കും ബിമൽ തിരിഞ്ഞത്.

നിലവിലെ ചട്ടക്കൂടുകളിൽ നിന്നൊക്കെ പുറത്തുവന്ന് പാർട്ടിയും ജനങ്ങളിലേക്ക് കൂടുതൽ അടുക്കണമെന്നുള്ള മോഹമാണ് ജീവിതപ്പാതയിൽ ബിമലിൻെ മുന്നോട്ടു നയിച്ചത്. റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടർന്ന് വിമത പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിന്റെ ഭാഗമായി സിപിഐ.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ പ്രധാനിയായിരുന്നു ബിമൽ. പുറത്താക്കുമ്പോൾ സിപിഐ.എം എടച്ചേരി ലോക്കൽ കമ്മറ്റി അംഗമായിരുന്നു. തുടർന്ന് ജനാധിപത്യവേദി, മാസ് മൂവ്‌മെന്റ് ഫോർ സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് (മാസ്) എന്നീ സംഘടനകൾ രൂപീകരിച്ച് തന്റെ പ്രവർത്തനമണ്ഡലം വിപുലമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ടി പി വധത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ അകറ്റി നിർത്തിയിരുന്ന നിരവധി ജനവിഭാഗങ്ങൾ മലബാർ മേഖലയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ആർഎംപിയുമായി സഹകരിച്ചു പ്രവർത്തിച്ചവരെയൊക്കെ എതിർചേരിയിൽ തന്നെയാണ് സിപിഐ(എം) പ്രതിഷ്ഠിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ബിമലിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കോടിയേരി തന്നെ എത്തിയതിന് കൂടുതൽ രാഷ്ട്രീയ മാനങ്ങൾ കൈവരുന്നത്.

ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോകുകയാണെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ഇത്തരത്തിൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണു പാർട്ടിയുടെ നീക്കം. മുമ്പെന്നപോലെ ജന ങ്ങളുടെ ശക്തമായ പിന്തുണ ആർജിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് മൃദുസമീപനങ്ങൾ സഹായകമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടിന് യുഡിഎഫിനോടു പരാജയപ്പെട്ടെങ്കിലും കിട്ടിയ നാൽപ്പതിനായിരത്തിൽപ്പരം വോട്ടുകൾ ഉറച്ചവോട്ടുകളാണെന്ന വിശ്വാസം സിപിഎമ്മിനുണ്ട്. ഭരണവിരുദ്ധ വികാരവോട്ടുകൾ ഭിന്നിച്ചിട്ടും രാജഗോപാലിനു വ്യക്തിപരമായി വോട്ടുകൾ ലഭിച്ചിട്ടും 40,000ൽപ്പരം വോട്ട് സഹതാപതരംഗത്തിലും മണ്ഡലത്തിൽ നിന്നു ലഭിച്ചു എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാവുന്ന ഘടകം തന്നെയാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

എന്തായാലും അടിസ്ഥാന തത്വങ്ങളിൽ നിലയുറപ്പിച്ച് ജനങ്ങളിലേക്കു കൂടുതൽ ഇറങ്ങിച്ചെന്ന് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വരുംദിവസങ്ങളിൽ നടത്താനാണ് സിപിഎമ്മിൽ ധാരണയായിരിക്കുന്നത്. കോടിയേരിക്കൊപ്പം സിപിഐ(എം) നേതാക്കളായ പി മോഹനൻ, എം ബി രാജേഷ് എന്നിവരും ബിമലിന് അന്താ്യഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.

കേരളത്തിലെ വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന ബിമൽ സാശ്രയ കോളേജുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചു. ബാലസംഘത്തിലൂടെ പൊതുരംഗത്തെത്തിയ ബിമൽ 1999 മുതൽ മൂന്ന് വർഷം എസ്.എഫ്.ഐ കോഴിക്കോട് ജില്ലാപ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽസെക്രട്ടറിയായും ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ടി പി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് സ്വീകരിച്ച നിലപാടുകളുടെ ഭാഗമായാണ് സിപിഐ എമ്മിൽ നിന്നും പുറത്താക്കിയത്. പിന്നീട് ജനാധിപത്യവേദി എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതിനിടയിലാണ് അർബുദബാധയെ തുടർന്ന് ചികിത്സതേടുന്നത്. പോണ്ടിച്ചേരിയിലെ ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അദ്ധ്യാപികയായ സൂര്യയാണ് ഭാര്യ രണ്ടു മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP