Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ നയതന്ത്ര മികവ് തുണയായി; മലപ്പുറത്തും കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകും; അഹമ്മദിന് പകരക്കാരനാകുന്നത് ദേശീയ രാഷ്ട്രീയത്തിൽ ലീഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ; ഇനി നയരൂപീകരണത്തിന് പാണക്കാട് തങ്ങൾക്കും വിപുലമായ അധികാരങ്ങൾ

രാഷ്ട്രീയ നയതന്ത്ര മികവ് തുണയായി; മലപ്പുറത്തും കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർത്ഥിയാകും; അഹമ്മദിന് പകരക്കാരനാകുന്നത് ദേശീയ രാഷ്ട്രീയത്തിൽ ലീഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ; ഇനി നയരൂപീകരണത്തിന് പാണക്കാട് തങ്ങൾക്കും വിപുലമായ അധികാരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തന കേന്ദ്രം ഇന്ദ്രപ്രസ്ഥമാകും. ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുമ്പോഴും കേരളത്തിലെ മുസ്ലിം ലീഗിലും കുഞ്ഞാലിക്കുട്ടി തന്നെയാണ് രണ്ടാമൻ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശങ്ങൾ കുഞ്ഞാലിക്കുട്ടിയിലൂടെയാകും ഇനി ദേശീയ തലത്തിൽ നടപ്പാക്കാൻ പോവുക. ഇ അഹമ്മദിനെ പോലെ ദേശീയ രാഷ്ട്രീയത്തിൽ മുന്നിലെത്താനുള്ള നയതന്ത്രമികവ് കുഞ്ഞാലിക്കുട്ടിക്കുണ്ട്. അറബ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്ക് തിരഞ്ഞെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയെന്നാണ് വിലയിരുത്തൽ.

ഇന്നലെ ചെന്നൈയിൽ ചേർന്ന ലീഗ് യോഗം പാർട്ടി ഭരണഘടനയിൽ രണ്ടു സുപ്രധാന മാറ്റങ്ങൾ വരുത്തി. ഓർഗനൈസിങ് സെക്രട്ടറി എന്ന പദവി പുതുതായി സൃഷ്ടിക്കാൻ തീരുമാനിച്ചതാണ് അതിലൊന്ന്. അങ്ങനെ, നിലവിലെ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ആദ്യ ഓർഗനൈസിങ് സെക്രട്ടറിയാവുകയും ചെയ്തു. രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സ്ഥാനം ഇനി മുതൽ അലങ്കരിക്കുക ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കും എന്നൊരു ഭേദഗതിയും ഭരണഘടനയിലുണ്ടാക്കി. നിലവിൽ ദേശീയ പ്രസിഡന്റാണ് ആ പദവിയിലെത്തിയിരുന്നത്. ഹൈദരലി തങ്ങളെ ദേശീയതലത്തിൽ പാർട്ടിയുടെ പ്രധാന പദവികളിലൊന്നിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഇനി ദേശീയ തലത്തിലെ നയരൂപീകരണത്തിലും അവസാന വാക്ക് പാണക്കാട് തങ്ങൾ തന്നെയാകും.

മലപ്പുറത്ത് തിരഞ്ഞെടുപ്പു തീയതി വരുന്നതുവരെ ഒന്നും വിട്ടുപറയാൻ ലീഗ് നേതൃത്വം തയാറല്ല. എട്ടു വർഷത്തോളം ദേശീയ അധ്യക്ഷപദവിയിൽ തിളങ്ങിയ ഇ.അഹമ്മദിന്റെ അസാന്നിധ്യം അറിയിക്കാതെ ന്യൂഡൽഹിയിലെ രാഷ്ട്രീയവേദികളിൽ ലീഗിന്റെ ശബ്ദമാകുകയെന്ന വെല്ലുവിളി കുഞ്ഞാലിക്കുട്ടിക്ക് കാര്യക്ഷ്മമായി നിർവ്വിക്കാനാകുമെന്നാണ് വിലയിരുത്തൽ. കെ.എം.സീതി സാഹിബും സി.എച്ച്.മുഹമ്മദ് കോയയും ഇരുന്ന കസേരയിലേക്കാണു കുഞ്ഞാലിക്കുട്ടി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോക്‌സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ, അദ്ദേഹം പ്രതിനിധീകരിക്കുന്ന വേങ്ങര നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.

ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായതു പി.വി.അബ്ദുൽ വഹാബിന്റെ ട്രഷറർ പദവിയാണ്. സംസ്ഥാന സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം എന്നീ പദവികൾ മാത്രമാണു പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. നിലവിലെ ദേശീയ സെക്രട്ടറിമാരിലൊരാൾ ട്രഷറർ ആകുമെന്നായിരുന്നു സൂചനകളെങ്കിലും ഒടുവിൽ വഹാബിനെ ആ സ്ഥാനത്തേക്കു നിശ്ചയിക്കുകയായിരുന്നു. ദേശീയ സെക്രട്ടറിയായ എംപി.അബ്ദുസ്സമദ് സമദാനി ആ പദവിയിൽ തുടരും.

കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി തുടരുന്നതിനിടെയാണ് ചെന്നൈയിൽ ഞായറാഴ്ചചേർന്ന മുസ്ലിംലീഗ് ദേശീയ പ്രവർത്തക സമിതിയോഗം അദ്ദേഹത്തെ പുതിയ സ്ഥാനമേൽപ്പിച്ചത്. ഇ. അഹമ്മദിന്റെ മരണത്തെത്തുടർന്ന് മലപ്പുറം ലോക്സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിതന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അതോടെ ഇ. അഹമ്മദിന്റെ പകരക്കാരനായി അദ്ദേഹം എത്താനുള്ള സാധ്യതയുമേറി. ദേശീയഭാരവാഹികളെ തീരുമാനിച്ചതോടെ മലപ്പുറത്തെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പാർട്ടിതലചർച്ചകളും ഉടൻ തുടങ്ങും. കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സന്നദ്ധനാണെങ്കിൽ ലീഗിന് സ്ഥാനാർത്ഥിനിർണയം എളുപ്പമാകും. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ആവർത്തിക്കുന്ന അദ്ദേഹം സ്ഥാനാർത്ഥിയാകാനുള്ള സാധ്യത സജീവമാക്കുകയാണ്.

ഇതുവരെ അഖിലേന്ത്യാ ട്രഷറർ സ്ഥാനത്തുണ്ടായിരുന്നെങ്കിലും ദേശീയതലത്തിൽ കുഞ്ഞാലിക്കുട്ടി കാര്യമായി ഇടപെട്ടിരുന്നില്ല. സോണിയാഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധം കുഞ്ഞാലിക്കുട്ടിക്കുണ്ട്. മലപ്പുറത്ത് നിന്ന് ജയിച്ച് ലോക്സഭയിലെത്തിയാൽ സംസ്ഥാനരാഷ്ട്രീയത്തിൽ കാര്യമായ നഷ്ടങ്ങളില്ലാതെ കുഞ്ഞാലിക്കുട്ടിക്ക് ദേശീയതലത്തിൽ ബലപരീക്ഷണം നടത്താനാകും.

സംസ്ഥാനത്ത് എൽ.ഡി.എഫ്. സർക്കാരിന് നാലുവർഷംകൂടി കാലാവധിയുണ്ട്. അതിനിടെ ദേശീയതലത്തിൽ ചുവടുറപ്പിക്കാനായില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചെത്താം. ദേശീയ ജനറൽസെക്രട്ടറി സ്ഥാനത്തുള്ളതിനാൽ കേരളത്തിനകത്തും പുറത്തും കുഞ്ഞാലിക്കുട്ടി തന്നെയാകും പാർട്ടിയിലെ അമരക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP