Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഘർവാപ്പിസും സോളാറും ബാർകോഴയും ഇടതുമുന്നണിയുടെ ആയുധങ്ങൾ; മുഖ്യമന്ത്രിയുടെ രാജിക്കായി വീണ്ടും സമരം; മത പരിവർത്തനത്തിനെതിരെ ക്യാംപയിൻ; മാണിക്കെതിരെ നിയമപോരാട്ടവും

ഘർവാപ്പിസും സോളാറും ബാർകോഴയും ഇടതുമുന്നണിയുടെ ആയുധങ്ങൾ; മുഖ്യമന്ത്രിയുടെ രാജിക്കായി വീണ്ടും സമരം; മത പരിവർത്തനത്തിനെതിരെ ക്യാംപയിൻ; മാണിക്കെതിരെ നിയമപോരാട്ടവും

തിരുവനന്തപുരം: സോളാർ കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ഇടതുമുന്നണി തീരുമാനം. സോളാർ കേസന്വേഷിക്കുന്ന സോളാർ കമ്മീഷൻ മുഖ്യമന്ത്രിയെ വിസ്തരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി അഞ്ചിന് ഇടതുമുന്നണി സെക്രട്ടേറിയറ്റ് ധർണ്ണ നടത്തും. വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനും തീരുമാനമായിട്ടുണ്ട്.

സോളാർ ജുഡീഷ്യൽ കമ്മീഷൻ മുഖ്യമന്ത്രിയെ വിസ്തരിക്കാൻ തീരുമാനിച്ചത് കേസിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിന്റെ തെളിവാണെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തും. സോളാർ വിഷയം സജീവമായി ചർച്ചയാക്കാനാണ് നീക്കം.

മതപരിവർത്തനത്തിനെതിരെയും ക്യാംപയിൻ ശക്തിപ്പെടുത്തും. ഓരോ വ്യക്തിക്കും തന്റെ ഇഷ്ടാനുസരണം മതം അവലംബിക്കാനും അനുവർത്തിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണ ഘടന അവകാശം നല്കുന്നു. നിർബന്ധിത മതപരിവർത്തനം കുറ്റകരമാണ്. അതുകൊണ്ട് തന്നെ, ആർഎസ്എസ് പിന്തുണയിൽ ഇപ്പോൾ നടക്കുന്ന നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങൾ നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് ഇടതുമുന്നണി നിലപാട്.

സമൂഹത്തിൽ ചേരിതിരിവും അസ്വസ്ഥതയും ശൃഷ്ടിക്കുന്ന വർഗീയ ഇടപെടലുകൾക്കെതിരെ ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കേണ്ട ഘട്ടമാണിതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർഎസ്എസും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഒത്തുകളിയാണ് ഘർവാപ്പസിയെന്ന സിപിഐ(എം) നിലപാടിനോട് ഇടത് മുന്നണിയോഗവും യോജിച്ചു. ഈ സാഹചര്യത്തിലാണ് മതപരിവർത്തനത്തിനെതിരെ ഇടതുമുന്നണി പ്രചരണവുമായി രംഗത്ത് വരുന്നത്.

ബാർ കോഴ കേസിൽ കെഎം മാണിക്കെതിരായ നിയമ പോരാട്ടം ശക്തിപ്പെടുത്താനും തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ധാരണയായി. നേരത്തെ കോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ട് ഇടത് കൺവീനർ വൈക്കം വിശ്വൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എഫ്‌ഐആർ സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ഈ ആവശ്യം നിരസിച്ചു. പിന്നീട് പ്രഥമദൃഷ്ട്യാ മാണിക്കെതിരായ ആരോപണം നിലനിൽക്കുന്നുവെന്ന കണ്ടെത്തലിൽ വിജിലൻസ് കേസ് എടുത്തു. ഈ സാഹചര്യത്തിലാണ് കോടതിയെ വീണ്ടും സമീപിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്. 

കെബി ഗണേശ് കുമാർ നിയമസഭയിൽ പൊതുമരമാത്ത് വകുപ്പിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇടതുമുന്നണി വിലയിരുത്തി. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ഇടതുമുന്നണി ആവശ്യപ്പെട്ടു. റബ്ബർ കർഷകരുടെ സമരത്തിന് പിൻതുണ നൽകാനും ഇടതുമുന്നണി യോഗം തീരുമാനിച്ചു.

കേരള കോൺഗ്രസിലെ പി.സി. തോമസ്, സ്‌കറിയ തോമസ് വിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനാൽ യോജിപ്പിലെത്തുംവരെ അവരെ മുന്നണിയോഗത്തിൽ പങ്കെടുപ്പിക്കില്ലെന്ന് നേതൃത്വം അറിയിച്ചു. ഇരുവിഭാഗവും ഇന്നും രണ്ട് ഗ്രൂപ്പായാണ് എകെജി സെന്ററിൽ എത്തിയത്. ഇരുവരേയും തിരിച്ചയച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP