Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് പക്ഷത്തെ ഒരു പാർട്ടി കൂറുമാറുമെന്ന് കെപിഎ മജീദ്; ലീഗ് നേതാവിന്റെ മനസ്സിലുള്ളത് സിപിഐയോ? കേട്ടത് ഏറ്റവും വലിയ രാഷ്ട്രീയ തമാശയെന്ന് കാനം രാജേന്ദ്രൻ

ഇടത് പക്ഷത്തെ ഒരു പാർട്ടി കൂറുമാറുമെന്ന് കെപിഎ മജീദ്; ലീഗ് നേതാവിന്റെ മനസ്സിലുള്ളത് സിപിഐയോ? കേട്ടത് ഏറ്റവും വലിയ രാഷ്ട്രീയ തമാശയെന്ന് കാനം രാജേന്ദ്രൻ

കണ്ണൂർ: ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന് മുസ്‌ളീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തി വരികയാണെന്നും മജീദ് പറഞ്ഞു.

അർഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാൽ ഈ പാർട്ടി ഉടൻ തന്നെ യു.ഡി.എഫിന്റെ ഭാഗമാവും. ഇക്കാര്യത്തിൽ തന്റെ പ്രവചനം തെറ്റില്ലെന്നും മജീദ് കൂട്ടിച്ചേർത്തു. സിപിഐയെ യു.ഡി.എഫിലേക്ക് മജീദ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. യുഡിഎഫിൽ നിന്ന് ഒരു കക്ഷിയെയും അടർത്തിയെടുക്കാൻ സിപിഐ(എം) ശ്രമിക്കേണ്ടതില്ലെന്നും കെപിഎ മജീദ് കണ്ണൂർ പാനൂരിൽ പറഞ്ഞു. യുഡിഎഫ് വടക്കൻ മേഖലാ ജാഥയിൽ സംസാരിക്കുകയായിരുന്നു മജീദ്

അതിനിടെ മജീദിന്റെ പ്രസ്താവന ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്ഥിരബുദ്ധിയുള്ള ആരും ഇത് വിശ്വസിക്കില്ലെന്നും യുഡിഎഫിൽ നിന്ന് കക്ഷികൾ കൊഴിഞ്ഞു പോകുമെന്ന ഭീഷണിയിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്നും കാനം പറഞ്ഞു. പാർട്ടി കോൺഗ്രസ് ചേർന്ന് രാഷ്ട്രീയ നയം വിശദീകരിച്ചിട്ടേ ഉള്ളൂ. ഈ സാഹചര്യത്തിൽ സിപിഐ മുന്നണി മാറുമെന്നത് വെറും സ്വപ്‌നമാണെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു.

അതേസമയം, മജീദിന്റെ പ്രസ്താവന രാഷ്ട്രീയ ഗതികേടിന്റെ പര്യായമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വവും പറഞ്ഞു. പ്രസ്താവനകൾ നടത്തുന്‌പോൾ മജീദ് പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ പ്രധാന പാർട്ടിയാണ് സിപിഐ. ഇടതുപക്ഷത്തു ശക്തിയായി നിലകൊള്ളുന്ന സിപിഐ ഏതെങ്കിലും പദവി മോഹിച്ചു യു.ഡി.എഫിൽ പോകുമെന്ന് രാഷ്ട്രീയം അറിയുന്ന ആരും പറയില്ല. ദേശീയാടിസ്ഥാനത്തിൽ വീക്ഷണമുള്ള പാർട്ടിയാണിത്. അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്ന യു.ഡി.എഫിന്റെ ഭാഗമാകും സിപിഐ എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. കെ.പി.എ മജീദിനോട് ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹം രാഷ്ട്രീയം പറയുമ്പോൾ ഗൃഹപാഠം ചെയ്യുന്നത് നല്ലതാണെന്നും ബിനോയ് പറഞ്ഞു.

അതേസമയം ഇടതു മുന്നണിയിൽ വീർപ്പു മുട്ടി കഴിയുകയാണ് സിപിഐ എന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. സിപിഎമ്മുമായി പല കാര്യങ്ങളിലും സിപിഐക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP