Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് വിടുമെന്ന സൂചന നൽകി വീരേന്ദ്രകുമാറും രംഗത്ത്; യുഡിഎഫിലെ ദുരനുഭവം എണ്ണിപ്പറഞ്ഞ് വാർത്താ സമ്മേളനം; പാലക്കാട്ടെ തോൽവി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; മുന്നണി വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിന്റേത്: ഉമ്മൻ ചാണ്ടി സർക്കാറിന് വീണ്ടും ആശങ്ക

യുഡിഎഫ് വിടുമെന്ന സൂചന നൽകി വീരേന്ദ്രകുമാറും രംഗത്ത്; യുഡിഎഫിലെ ദുരനുഭവം എണ്ണിപ്പറഞ്ഞ് വാർത്താ സമ്മേളനം; പാലക്കാട്ടെ തോൽവി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; മുന്നണി വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തിന്റേത്: ഉമ്മൻ ചാണ്ടി സർക്കാറിന് വീണ്ടും ആശങ്ക

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിൽ യുഡിഎഫിനും കോൺഗ്രസിനും കൂടുതൽ തലവേദന സൃഷ്ടിച്ച് ജനതാദൾ യുണൈറ്റഡായി മാറിയ വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും രംഗത്ത്. യുഡിഎഫ് മുന്നണിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പാർട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം വീരേന്ദ്രകുമാർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാടുണ്ടായ തോൽവിയെ കുറിച്ച് അന്വേഷിച്ച ആർ ബാലകൃഷ്ണ പിള്ള ചെയർമാനായ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നും ജെഡി(യു) സംസ്ഥാന അധ്യക്ഷൻ എം പി വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ നിന്നും അവഗണനയാണ് നേരിടേണ്ടി വന്നത്. ഇക്കാര്യത്തിൽ ആർഎസ്‌പിക്ക് നൽകിയ പരിഗണന പാർ്ട്ടിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയിലേത് സിറ്റിങ് സീറ്റാണെന്ന് പറഞ്ഞപ്പോൾ കൊല്ലത്തെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് ആർഎസ്‌പിക്ക് നൽകിയതെന്നും വീരേന്ദ്രകുമാർ പറഞ്ഞു. സോഷ്യലിസ്റ്റ് ജനത യുഡിഎഫിലെത്തിയതു കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് ജനത ദൾ എൽ.ഡി.എഫ് വിട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ സംസ്ഥാനം എൽ.ഡി.എഫ് ഭരിക്കുമായിരുന്നുവെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

പാലക്കാട്ടെ തോൽവിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നതിനുള്ള ബാധ്യത കോൺഗ്രസിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കയ്‌പേറിയ അനുഭവമായിരുന്നു. പാലക്കാട് മൽസരിക്കാൻ തന്നെ നിർബന്ധിച്ചത് കോൺഗ്രസ് നേതൃത്വമാണ്. തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ടെന്നും വീരേന്ദ്രകുമാർ പറഞ്ഞു. യുഡിഎഫിന്റെ സംഘടനാപരമായ സംവിധാനത്തിലും അവഗണനയാണ്. ഒരു ജില്ലയിലേയും യുഡിഎഫ് കൺവീനർ സ്ഥാനം ജെഡിയുവിന് ഇല്ല. ബാലകൃഷ്ണപിള്ള പോയപ്പോൾ കൊല്ലം കൺവീനർ സ്ഥാനം ആർ എസ് പിക്ക് കൊടുത്തുവെന്നും വീരേന്ദ്രകുമാർ കുറ്റപ്പെടുത്തി.

തങ്ങൾ ഇപ്പോൾ പ്രാദേശിക പാർട്ടിയല്ല. ദേശീയ പാർട്ടിയായ ജനതാദൾ യുണൈറ്റഡിന്റെ ഭാഗമാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി തീരുമാനമെടുക്കുക. ഇക്കാര്യം ജെഡിയു ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. ദേശീയ തലത്തിൽ ജനതാപരിവാർ യോജിച്ച് നീങ്ങുന്നതിന് ധാരണയായിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലും ചർച്ച ചെയ്ത് നിലപാടെടുക്കും. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനമമാണ് പാർട്ടി സ്വീകരിക്കുക. എൽഡിഎഫിലേക്ക് മടങ്ങി പോകുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. തെറ്റുതിരിത്തിയാൽ എൽഡിഎഫിലേക്ക് മടങ്ങി വരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങൾക്ക് തെറ്റുകൾ തിരുത്തുകയെന്നതല്ല, നിലപാടുകൾ പരിശോധിച്ചാണ് രാഷ്ട്രീയമാറ്റങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുകയെന്നായിരുന്നു മറുപടി. ഇതുസംബന്ധിച്ച ചർച്ചകളൊന്നും ഇപ്പോൾ നടന്നിട്ടില്ലെന്ന് വീരേന്ദ്രകുമാർ പറഞ്ഞു.

തങ്ങൾ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കുതന്നെ വോട്ടുചെയ്യുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. തൃശൂരിൽ പാർട്ടി പ്രവർത്തകന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും യുഡിഎഫ് നേതൃത്വവും കാര്യമായ പരിഗണന നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അടിസ്ഥാനശിലയായ മതേതരത്വം ബിജെപി. ഭരണത്തിന് കീഴിൽ അപകടത്തിലായിരിക്കുകയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തുന്നത്. ന്യൂനപക്ഷങ്ങൾക്കും മറ്റുമെതിരെ സംഘപരിവാർ നേതാക്കൾ ഇതുവരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ ബിജെപി.യുടെ എംപിമാർ തന്നെ പറയുകയാണ്. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയുന്നു. ഇതിനെതിരെ പുതിയൊരു രാഷ്ട്രീയ നീക്കം ഉണ്ടാവേണ്ടതുണ്ട്. ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി. വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ബിഹാറും ഉത്തർപ്രദേശുമാണ് അടുത്ത പരീക്ഷണശാലകൾ. ജനതാപരിവാർ ലയനം നടന്നതിനാൽ ഈ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധിച്ചുവരികയാണ്‌വീരേന്ദ്രകുമാർ പറഞ്ഞു.

ദേശീയ തലത്തിൽ ജനതാപരിവാർ പാർട്ടികൾ ഒരുമിച്ചതോടെ ജനതാദൾ എസും സോഷ്യലിസ്റ്റ് ജനതയും ജനതാദൾ യുണൈറ്റഡ് എന്ന ഏകീകൃത പാർട്ടിയായിട്ടുണ്ട്. ഇതോടെയാണ് എൽഡിഎഫിലേക്ക് തിരികെ വരാനുള്ള സാഹചര്യവും ഒരുങ്ങിയത്. ഇതോടെ ജനതാദൾ യുണൈറ്റഡ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ഉമ്മൻ ചാണ്ടി സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. സർക്കാരിന്റെ നിലനിൽപ്പിനെ പോലും ഇത് ബാധിക്കും. ജനതാ പരിവാർ ഉയർത്തുന്ന രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണ്. ദേവഗൗഡയുടെ നേതൃത്വത്തിലെ ജനതാദൾ യുവിന് നിയമസഭയിൽ നാല് പേരുടെ അംഗബലമുണ്ട്. ഇടതു പക്ഷത്ത് നിൽക്കുന്ന മാത്യു ടി തോമസ് പക്ഷം അവിടെ തന്നെ ഉറച്ചു നിൽക്കും. ഇതിന് പുറമേ രണ്ട് എംഎൽഎമാരും യുഡിഎഫിൽ നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ ഇടതുനേതാക്കൾ ക്ഷണിച്ചത് അനുസരിച്ച് വീരേന്ദ്രകുമാർ വിഭാഗം അനുകൂല നിലപാട് സ്വീകരിച്ചാൽ അത് ഉമ്മൻ ചാണ്ടി സർക്കാറിന് കടുത്ത ഭീഷണിയാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP