Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഎൽഎ ആയ മേയർ വികെസിക്ക് പകരം സിപിഐ(എം) ഇറക്കിയ ജനകീയ നേതാവിനെ തോൽപ്പിച്ച് ലീഗ് സ്ഥാനാർത്ഥിയുടെ വിജയം; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മലബാറിന്റെ മുസ്ലീങ്ങൾക്ക് സിപിഎമ്മിനേക്കാൾ വിശ്വാസം യുഡിഎഫിനെയെന്ന് സൂചന; മുസ്ലിം അനുകൂല മാറ്റം നിലനിർത്താൻ സിപിഐ(എം) കഷ്ടപ്പെടേണ്ടി വരും

എംഎൽഎ ആയ മേയർ വികെസിക്ക് പകരം സിപിഐ(എം) ഇറക്കിയ ജനകീയ നേതാവിനെ തോൽപ്പിച്ച് ലീഗ് സ്ഥാനാർത്ഥിയുടെ വിജയം; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മലബാറിന്റെ മുസ്ലീങ്ങൾക്ക് സിപിഎമ്മിനേക്കാൾ വിശ്വാസം യുഡിഎഫിനെയെന്ന് സൂചന; മുസ്ലിം അനുകൂല മാറ്റം നിലനിർത്താൻ സിപിഐ(എം) കഷ്ടപ്പെടേണ്ടി വരും

കെ വി നിരഞ്ജൻ

കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ടതിന് സമാനമായ ഇടതുതരംഗം തന്നെയയായിരുന്നു ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിലും കണ്ടത്. സംസ്ഥാനത്ത് ആകെ തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റിൽ 10ഉം എൽ.ഡി.എഫ് നേടി. മൂന്നു സീറ്റ് അവർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. പക്ഷേ കോഴിക്കോട്ട് സിപിഎമ്മുകാർ ശരിക്കും ഞെട്ടുകയായിരുന്നു. മുൻ മേയർ വി.കെ.സി മമ്മദ് കോയ എംഎ‍ൽഎ, കൗൺസിലർ സ്ഥാനം രാജിവച്ച അരീക്കാട് 41ാം വാർഡിലേക്കുള്ള കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ അട്ടിമറിവിജയം രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിരിക്കയാണ്.

ഏകീകൃത സിവിൽ കോഡിൽ മുസ്ലിം ലീഗും യുഡിഎഫും നടത്തിയ ഇടപെടലിനുള്ള മുസ്ലിം അംഗീകാരമായി ഇതിനെ കാണുന്നവരുണ്ട്. ഏകീകൃത സിവിൽ കോഡുമായി കേന്ദ്ര സർക്കാർ നീങ്ങുമ്പോൾ ഇടത് പക്ഷം മൗനത്തിലാണ്. ഏകീകൃത സിവിൽ കോഡിനെ അവർ തള്ളിപ്പറയുന്നില്ല. മുസ്ലിം ലീഗാകട്ടെ ഈ വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളേയും ഒരുമിച്ച് നിർത്തി പോരാട്ടത്തിനും തയ്യാറെടുക്കുന്നു. ഇത് തന്നെയാണ് കോഴിക്കോട്ടെ വികെസിയുടെ തട്ടകത്തിലും സിപിഎമ്മിന് വിനയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ മുസ്ലിം മനസ്സ് സിപിഎമ്മിനോട് അടുക്കുന്നത് ദൃശ്യമായിരുന്നു. പുതിയ സംഭവ വികാസങ്ങൾ ലീഗ് മേധാവിത്വം ഈ മേഖലയിൽ വീണ്ടും കൂടുന്നതിന്റെ സൂചനയാണുള്ളത്.

വെൽഫെയർ പാർട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ കൊടുത്തതും ഇടതിന് തിരിച്ചടിയായി.ഇതടക്കമുള്ള ശക്തമായ സാമുദകായിക ധ്രുവീകരണം മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ട്. ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളെ തുടർന്ന് മുസ്ലിം സമുദായത്തിൽ പൊതുവെയുണ്ടായ ഐക്യം തങ്ങൾക്ക് ഗുണം ചെയ്തുവെന്നാണ് മുസ്ലിം ലീഗ് കരുതുന്നത്.വെൽഫർപാർട്ടിയും, എസ്.ഡി.പി.ഐയും, കാന്തപുരം വിഭാഗവും അടക്കമുള്ളവർ ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെയാണ് പിന്തുണച്ചത്. അങ്ങനെയാണെങ്കിൽ കേരള ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മാറുന്ന ചിത്രത്തിന്റെ ഒരു ടെസ്റ്റ് ഡോസ് കൂടിയാവും ഈ ഉപതെരഞ്ഞെടുപ്പ്.

വികെസിയുടെ വാർഡിൽ 416 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിന്റെ ലീഗ് സ്വതന്ത്രൻ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ചെറുവണ്ണൂർ നല്ലളം പഞ്ചായത്ത് പ്രസിഡന്റും മുൻ കൗൺസിലറുമായ ടി. മൊയ്തീൻ കോയയെ തോൽപിച്ചത്. 2015ൽ ഷമീലിനെ വി.കെ.സി തോൽപിച്ചത് 202 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇതോടെ 75 അംഗ നഗരസഭയിൽ ഇടതു മുന്നണിയുടെ അംഗസംഖ്യ 47 ആയി കുറഞ്ഞു.എസ്.വി. സയ്യിദ്് മുഹമ്മദ് ഷമീൽ 2231 വോട്ട് നേടിയപ്പോൾ ടി. മൊയ്തീൻ കോയക്ക് 1815ഉം ബിജെപിയുടെ അനിൽകുമാറിന് 390ഉം വോട്ട് കിട്ടി. മൊത്തം അഞ്ച് ബൂത്തുകളിലും യു.ഡി.എഫിനുതന്നെയാണ് മേൽക്കൈ.

എസ്.എഫ്.ഐയുടെ ഗവ.ആർട്‌സ് കോളജ് മുൻചെയർമാനും സിപിഐ(എം) ബ്രാഞ്ചംഗവുമായിരുന്നു സയ്യിദ് മുഹമ്മദ് ഷമീൽ ലക്ഷദ്വീപിന്റെ ആദ്യ എംപി കെ. നല്ലകോയ തങ്ങളുടെ ചെറുമകനാണ്. ഈയിടെയാണ് ഇദ്ദേഹം മുസ്ലിം ലീഗ് അംഗത്വമെടുത്തത്. വി.കെ.സി. മമ്മദ് കോയ രാജിവച്ച ഒഴിവിൽ പാട്ടുംപാട്ടി ജയിക്കാമെന്നായിരുന്ന സിപിഎമ്മിന്റെ ആത്മവിശ്വാസം.വി.കെ.സിയുടെ 202 വോട്ടിന്റെ ഭൂരിപക്ഷവും കടന്ന് 416 വോട്ടിനുള്ള ലീഗ് സ്വതന്ത്രന്റെ മിന്നുന്ന വിജയത്തിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. പാർട്ടി പ്രവർത്തനം ദുർബലമായ വാർഡായാണ് അരീക്കാടിനെ സിപിഐ(എം) കണ്ടിരുന്നതെങ്കിലും ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്ഥാനമുള്ളതിനാൽ ഇടത് അനുകൂല വികാരം തുണയാകുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അവർ.

വി.കെ.സിയെപ്പോലെ സമാദരണീയനായ മുൻ ചെറുവണ്ണൂർനല്ലളം പഞ്ചായത്ത് പ്രസിഡന്റും മുൻ കൗൺസിലറുമായ ടി. മൊയ്തീൻ കോയയുടെ സ്ഥാനാർത്ഥിത്വവും തുണയാകുമെന്നായിരുന്നു ധാരണ. വി.കെ.സി മേയറാകുമെന്ന പ്രതീക്ഷ ഇടതിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ചെറുവണ്ണൂർനല്ലളം പഞ്ചായത്ത് കോർപറേഷനിൽ ലയിപ്പിച്ചശേഷമുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. നിരവധി ബിരുദങ്ങൾ നേടിയ വനിത എന്ന നിലയിൽ വാർത്തകളിലിടം നേടിയ നബീസ സൈതുവിനെ 236 വോട്ടിനാണ് പാർട്ടി ആദ്യ കോർപറേഷൻ ഇലക്ഷനിൽ വിജയിപ്പിച്ചെടുത്തത്. സിപിഎമ്മിലും ലീഗിലും കോൺഗ്രസിലും ഒരുപോലെ സ്വാധീനമുള്ള മുഹമ്മദ് ഷമീൽ 2015ൽ സ്ഥാനാർത്ഥിയായപ്പോൾതന്നെ അട്ടിമറി പ്രവചിച്ചവരുണ്ട്. പക്ഷേ യാഥാർത്ഥ്യമായത് ഇപ്പോൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP