Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിംലീഗും കോൺഗ്രസും തെറ്റിപ്പിരിഞ്ഞ പല പഞ്ചായത്തുകളിലും ഭരണം തുടരുന്നത് സി.പി.എം സഹകരണത്താൽ; ഉപതിരഞ്ഞെടുപ്പിലെ താൽക്കാലിക വെടിനിർത്തലും അവസാനിച്ചതോടെ യുഡിഎഫിലെ കക്ഷികൾ വീണ്ടും നേർക്കുനേർ; ഏറ്റവും ഒടുവിൽ ഭരണനഷ്ടം കരുവാരക്കുണ്ടിൽ; മലപ്പുറത്തെ ലീഗ്-കോൺഗ്രസ് ബന്ധം വീണ്ടും ആടി ഉലയുന്നു

മുസ്ലിംലീഗും കോൺഗ്രസും തെറ്റിപ്പിരിഞ്ഞ പല പഞ്ചായത്തുകളിലും ഭരണം തുടരുന്നത് സി.പി.എം സഹകരണത്താൽ; ഉപതിരഞ്ഞെടുപ്പിലെ താൽക്കാലിക വെടിനിർത്തലും അവസാനിച്ചതോടെ യുഡിഎഫിലെ കക്ഷികൾ വീണ്ടും നേർക്കുനേർ; ഏറ്റവും ഒടുവിൽ ഭരണനഷ്ടം കരുവാരക്കുണ്ടിൽ; മലപ്പുറത്തെ ലീഗ്-കോൺഗ്രസ് ബന്ധം വീണ്ടും ആടി ഉലയുന്നു

എം പി റാഫി

മലപ്പുറം: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ മലപ്പുറത്തെ യു.ഡി.എഫ് ബന്ധത്തിൽ വീണ്ടും വിള്ളൽ വന്നു തുടങ്ങി. മുസ്ലിംലീഗും കോൺഗ്രസും തെറ്റിപ്പിരിഞ്ഞ പല പഞ്ചായത്തുകളിലും സിപിഎമ്മുമായി സഹകരിച്ചാണ് ഭരണം പങ്കിടുന്നത്. ചില സ്ഥലങ്ങളിൽ ലീഗും സിപിഎമ്മും ആണെങ്കിൽ മറ്റു ചിലയിടത്ത് കോൺഗ്രസും സിപിഎമ്മുമായിരിക്കും ഭരണം പങ്കിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗും കോൺഗ്രസും ഒറ്റയ്ക്ക് മത്സരിച്ച നിരവധി പഞ്ചായത്തുകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനുള്ളിൽ പ്രശ്നങ്ങളെല്ലാം ഏറെക്കുറെ പരിഹരിച്ചിരുന്നു.

പരിഹാരമാകാത്ത സ്ഥലങ്ങളിൽ അതാത് കമ്മിറ്റികളെ മേൽഘടകം മരവിപ്പിക്കുകയോ പിരിച്ചു വിടുകയോ ചെയ്തിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ രണ്ടും കഴിഞ്ഞതോടെ ജില്ലയിലെ പല പഞ്ചായത്ത് ഭരണ സമിതികളിലും കലാപം ഉയർന്നു കഴിഞ്ഞു. അത്തരത്തിൽ അധികാര തർക്കത്തിന്റെയും യുഡിഎഫിലെ പടലപ്പിണക്കത്തിന്റെയും പേരിൽ കരുവാരക്കുണ്ട് പഞ്ചായത്തിലാണ് ഏറ്റവും ഒടുവിൽ ഭരണമാറ്റം ഉണ്ടായത്.

സിപിഎമ്മിനെ കോൺഗ്രസ് പിന്തുണച്ചതോടെ ഭരണമാറ്റമുണ്ടാകുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഭരണം നടത്തിയിരുന്ന മുസ്ലിം ലീഗിന് ഇതോടെ ഭരണം നഷ്ടമാവുകയും ചെയ്തു. സിപിഎമ്മിന് കോളടിച്ചെന്ന് മാത്രമല്ല പ്രസിഡന്റും വൈസ് പ്രസിഡന്റും സിപിഎമ്മിന് ലഭിക്കുകയും ചെയ്തു. ഇന്നലെയാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി സി.പി.എം സ്വതന്ത്രൻ മടത്തിൽ ലത്തീഫിനെയും വൈസ് പ്രസിഡന്റായി കെ ബിജിനയെയും കോൺഗ്രസ് പിന്തുണയോടെ തെരഞ്ഞെടുക്കുകയായിരുന്നു.

ഒക്ടോബർ ആദ്യത്തിൽ മുസ്ലിംലീഗ് ഭരിക്കുന്ന കരുവാരക്കുണ്ട് പഞ്ചായത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് നാടകീയതയ്ക്ക് തുടക്കം കുറിച്ചത്. അടുത്ത 22 മാസം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകാമെന്നും അതിന് ലീഗ് തയ്യാറാകുന്നില്ലെന്നുമാണ് കോൺഗ്രസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പഞ്ചായത്ത് മുസ്ലിംലീഗ് നേതൃത്വവും പറയുന്നത്. ഇഈ തർക്കം അവിശ്വാസത്തിലെത്തുകയായിരുന്നു.

അവിശ്വാസ നോട്ടീസിലും ഈ കാരമം കാണിച്ചിരുന്നു. അവിശ്വാസത്തിന് സിപിഎമ്മിന്റെ പിന്തുണ ലഭിച്ചതോടെ ഭരണ മാറ്റത്തിന് കളമൊരുങ്ങി. യു.ഡി.എഫ് സംവിധാനം ഉപേക്ഷിച്ച് കോൺഗ്രസും ലീഗും വെവ്വേറെ മത്സരിച്ച പഞ്ചായത്താണ് കരുവാരക്കുണ്ട്. 21 അംഗ ഭരമ സമിതിയിൽ മുസ്ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. സിപിഎമ്മിന് അഞ്ച് അംഗങ്ങളേയും ലഭിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും യു.ഡി.എഫ് സംവിധാനം കൊണ്ടുവരാൻ നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആരെ പ്രസിഡന്റാക്കുന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിലും തർക്കം ഉടലെടുത്തിരുന്നു.

ഒടുവിൽ കോൺഗ്രസ് അവിശ്വാസം കൊണ്ടുവരികയും സി.പി.എം പിന്തുണക്കുകയും ചെയ്തതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും 12 വീതം വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മിനു കോൺഗ്രസ് നിരുപാധിക പിന്തുണ നൽകുകയായിരുന്നു. യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനു ജില്ലാ നേതാക്കൾ അവസാന നിമിഷം വരെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. പഞ്ചായത്തിലെ വലിയെ ഒറ്റക്കക്ഷിയായ ലീദ് കഴിഞ്ഞ രണ്ടു വർഷം ഭരണം നടത്തിയിരുന്നു. പിന്നീട് യുഡിഎഫ് സംവിധാനം കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായപ്പോൾ തുടർന്നുള്ള ആദ്യ വർഷം പ്രസിഡന്റ് പദവി വേണമെന്ന് ലീഗും കോൺഗ്രസും ഒരുപോലെ വാശി പിടിക്കുകയായിരുന്നു. ഒടുവിൽ സമവായത്തിലെത്താതെയാണ് അവിശ്വാസവും ഭരണ മാറ്റം വരെയും ഉണ്ടായിരിക്കുന്നത്.

അതേസമയം കരുവാരക്കുണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ സിപിഎമ്മിനു പിന്തുണ നൽകിയതിനാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അറിയിച്ചു. മുന്നണി ബന്ധം നിലനിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിഡന്റ് പദവി പങ്കിടാനാണ് മിക്ക സ്ഥലങ്ങളിലും ഉണ്ടാക്കിയിട്ടുള്ള ധാരണ. ഇതിനുള്ള ചർച്ചകൾ പ്രാദേശിക യു.ഡി.എഫ് നേതാക്കൾ തുടങ്ങിയിട്ടുണ്ട്. പൊട്ടിത്തെറികൾ ഒഴിവാക്കാൻ കരുതലോടെയാണ് നേതൃത്വം ഇടപെടുന്നത്. തുലാസിൽ നിൽക്കുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിൽ കൂടി ഭരണമാറ്റത്തിനുള്ള സാധ്യതയുണ്ട്. മലപ്പുറം ജില്ലയിലെ ലീഗ്-കോൺഗ്രസ് ബന്ധം സുഖകരമല്ലാതെ മുന്നോട്ടു പോകുന്നത് യു.ഡി.എഫ് നേതാക്കൾക്കും തലവേദനയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP