Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിദ്ദിഖിന് പണി കിട്ടി; മുഹമ്മദ് കുഞ്ഞി രാജി വച്ചത് തവനൂരിൽ മത്സരിക്കാൻ; മലപ്പുറത്തെ നാല് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസിൽ തമ്മിൽ തല്ല് തുടങ്ങി; നിലമ്പൂരിനായും പോര്

സിദ്ദിഖിന് പണി കിട്ടി; മുഹമ്മദ് കുഞ്ഞി രാജി വച്ചത് തവനൂരിൽ മത്സരിക്കാൻ; മലപ്പുറത്തെ നാല് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസിൽ തമ്മിൽ തല്ല് തുടങ്ങി; നിലമ്പൂരിനായും പോര്

എം പി റാഫി

മലപ്പുറം: ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞിന്റെ രാജി മലപ്പുറത്തെ കോൺഗ്രസസ് രാഷ്ട്രീയത്തിൽ വീണ്ടും പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള മുഹമ്മദ്കുഞ്ഞിന്റെ രാജിയെ വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയാണ് പാർട്ടിക്കുള്ളിൽ നിന്നും വിലയിരുത്തുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് അരക്കിട്ടുറപ്പിക്കുകയാണ് ഇപ്പോഴത്തെ രാജിയുടെ ലക്ഷ്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ മലപ്പുറം ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിൽ ആരെല്ലാം മത്സരിക്കണമെന്ന ചർച്ചകളാണ് ഡിസിസി പ്രസിഡന്റിന്റെ രാജിയോടെ കോൺഗ്രസ്സ് തട്ടകങ്ങളിൽ സജീവമായിരിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ സീറ്റിനായി ചരടുവലി നടത്തുന്നതോടൊപ്പം ഗ്രൂപ്പിനുള്ളിൽ ചില നേതാക്കൾക്കു വേണ്ടിയുള്ള പരസ്പര ചരടു വലിയും നടക്കുന്നുണ്ട്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ മലപ്പുറത്തെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

കെപിസിസിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ നടക്കാനിരിക്കെയായിരുന്നു ഇ.മുഹമ്മദ്കുഞ്ഞിയുടെ രാജി. കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം രൂക്ഷമായി നിലനിന്നിരുന്ന മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു നേതൃത്വത്തിന് രാജി സമർപ്പിച്ചത്. തർക്കം പരിഹരിക്കുന്നതിന് നേൃത്വത്തിന്റെ ഇടപടലിൽ വീഴ്ചപറ്റിയെന്നും ചിലർ കൂടെനിന്ന് പാരപണിതതായും അദ്ദേഹം നേതാക്കളെ അറിയിച്ചു.

ലീഗ്-കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച സ്വന്തം പഞ്ചായത്തായ പോരൂരിൽ അടക്കം കനത്ത തോൽവി നേരിട്ടതും ജില്ലൽ മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുണ്ടായ സീറ്റിലെ വൻ കുറവും മുഹമ്മദ്കുഞ്ഞിയെ സമ്മർദത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കുഞ്ഞിയുടെ നിലപാട്. എന്നാൽ തവനൂർ നിയോജക മണ്ഡലത്തിൽ കണ്ണുവച്ചാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുഹമ്മദ്കുഞ്ഞി രാജി വച്ചതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള ആക്ഷേപം.

ജില്ലയിലെ കോൺഗ്രസിനുള്ള നാല് നിയോജക മണ്ഡലങ്ങളിൽ നിലമ്പൂർ, തവനൂർ എ ഗ്രൂപ്പിനും വണ്ടൂർ പൊന്നാനി ഐ ഗ്രൂപ്പിനുമാണ് നൽകിവന്നിരുന്നത്. എന്നാൽ കെ.ടി ജലീലിന്റെ തട്ടകമായ തവനൂരിൽ ഇത്തവണ കോൺഗ്രസിൽ നിന്നുള്ളകരുത്തരായ യുവ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് തിരിച്ചു പിടിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മുഹമ്മദ്കുഞ്ഞിയുടെ ഇപ്പോഴത്തെ രാജി. ടി.സിദ്ദീഖ്, വിടി ബൽറാം, വിഷ്ണുനാഥ് എന്നിവരുടെ പേരുകളായിരുന്നു കോൺഗ്രസിൽ നിന്നും ഉയർത്തിക്കാട്ടിയിരുന്നത്. ഇതിൽ ബൽറാമും വിഷ്ണുനാഥും സിറ്റിങ് എംഎൽഎമാരാണ്. അവർ തങ്ങളുടെ മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ സിദ്ദിഖിനായി കൂടുതൽ സാധ്യത.

എന്നാൽ മുഹമ്മദ്കുഞ്ഞി മത്സരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതോടെ സീറ്റ് നൽകാൻ എ ഗ്രൂപ്പ് നിർബന്ധിതരാകും. അങ്ങനെ സിദ്ദിഖിന്റെ മോഹങ്ങൾ തകരുകയും ചെയ്യും. കോഴിക്കോട് ജില്ലയേക്കാൾ മലപ്പുറത്തെ സീറ്റുകളിൽ ഒന്നിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് കരുക്കൾ നീക്കിയത്. ഇതാണ് കുഞ്ഞിയിലൂടെ അട്ടിമറിക്കപ്പെടുന്നത്. 2011ൽ തവനൂരിൽ മത്സരിക്കാൻ മുഹമ്മദ്കുഞ്ഞിക്ക് സാധ്യത ഏറിയിരുന്നെങ്കിലും മറ്റൊരു എ ഗ്രൂപ്പുകാരന് നറുക്ക് വീഴുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വിവി പ്രകാശായിരുന്നു കഴിഞ്ഞ തവണ തവനൂരിൽ കെ.ടി ജലീലിനെതിരെ മത്സരിച്ചിരുന്നത്.

ഇത്തവണ വിവി പ്രകാശനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് മത്സര രംഗത്തേക്ക് പ്രവേശിക്കാനായിരുന്നു മുഹമ്മദ് കുഞ്ഞിയുടെ നീക്കം. എന്നാൽ വിവി പ്രകാശൻ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ ഇതുവരെയും താൽപര്യം പ്രകടിപ്പിച്ചില്ല. പാർട്ടിയിലെ പ്രവർത്തന പരിചയവും രണ്ടു തവണ കെപിസിസി സെക്രട്ടറിയായി തുടരുന്ന ആളെന്ന നിലയിലും പാർലമെന്ററി സ്ഥാനത്തേക്ക് വരാനാണ് വിവി പ്രകാശിന്റെ താൽപര്യം. ഇങ്ങനെ വന്നാൽ മറ്റൊരാളെ ഡിസിസി പ്രസിന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഡിസിസി പ്രസിഡന്റിനു വേണ്ടി ഐ ഗ്രൂപ്പ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കെപിസിസിസി സെക്രട്ടറിയായ വിഎ കരീം മുതൽ പന്ത്രോളി മുഹമ്മദലി അടക്കമുള്ള നാല് ബ്ലോക്ക് പ്രസിഡന്റുമാരുടെ പേരുവരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.

എന്നാൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം ഇനി കൂടുതൽ കലങ്ങി മറിയുക നിയമസഭാ സീറ്റിനെ ചൊല്ലിയായിരിക്കും. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള രണ്ട് സീറ്റുകളിൽ ഒന്ന് വാങ്ങുകയോ വച്ചു മാറുകയോ ചെയ്യാനും സാധ്യതയുണ്ട്. മന്ത്രി അനിൽകുമാർ പ്രതിനിധീകരിക്കുന്ന വണ്ടൂർ ഇത്തവണ സംവരണ സീറ്റല്ലെങ്കിൽ മുഹമ്മദ്കുഞ്ഞിനു വേണ്ടി ഐ ഗ്രൂപ്പിൽ നിന്നും തിരിച്ചു വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുഹമ്മദ്കുഞ്ഞിന്റെ സ്വാധീന കേന്ദ്രവും സ്വന്തം മണ്ഡലം കൂടിയാണ് വണ്ടൂർ. എന്നാൽ തവനൂരിൽ മുസ്ലിം സ്ഥാനാർത്ഥിക്ക് ഏറെ സാധ്യതയുള്ളതിനാൽ തവനീരിനായിരിക്കും മുൻഗണന.

അതേസമയം അനിൽകുമാറിനെ മത്സര രംഗത്ത് നിന്നും മാറ്റുന്ന കാര്യം ഐ ഗ്രൂപ്പും അംഗീകരിക്കില്ല. നാലു സീറ്റിനപ്പുറം മുസ്ലിംലീഗ് നൽകില്ലെന്നതും കോൺഗ്രസിനകത്തെ പോര് ശക്തമാകാൻ കാരണമാകും. എന്നാൽ ഇടതു മുന്നണിയുടെ ശക്തി കേന്ദ്രമായ പൊന്നാനിയിൽ ഐ ഗ്രൂപ്പ് ശക്തമായ സ്ഥാനാർത്ഥിയെ കൊണ്ടു വന്നേക്കും. അതേസമയം മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ശൗക്കത്തിനെ എന്ത് വിലകൊടുത്തും നിമ്പൂരിൽ നിന്നും മത്സരിപ്പിക്കാനാണ് ആര്യാടന്റെ നീക്കം. ഇതിന് എ ഗ്രൂപ്പിൽ നിന്നു തന്നെ എതിർപ്പ് ശക്തമാണ്. ആര്യാടന്റെ ഒഴിവിലേക്ക് മകന് സീറ്റ് നൽകിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി അടക്കി ഇരുത്താനായിരിക്കും എ ഗ്രൂപ്പിന്റെ ശ്രമം. തുടർന്ന് സ്വന്തം മണ്ഡലമായ നിലമ്പൂരിൽ നിന്നും വിവി പ്രകാശിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുക എന്ന ലക്ഷ്യവും ഒരുവിഭാഗം എ ഗ്രൂപ്പുകാർക്കുണ്ട്. അങ്ങനെ വന്നാലും സിദ്ദിഖിന് മലപ്പുറത്ത് സീറ്റ് കിട്ടുകയില്ല.

എന്നാൽ ഹൈകമാന്റ് നിർദ്ദേശിക്കുകയാണെങ്കിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയും നിലമ്പൂരിനു വേണ്ടി രംഗത്തുണ്ടാകും. അതേസമയം ജോയിക്കു വേണ്ടി ക്രിസ്ത്യൻ സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലം ലീഗിൽ നിന്നും ചോദിക്കാനുള്ള നീക്കവുമുണ്ട്. കെ.എസ്.യു പ്രസിഡന്റിനെ മത്സരിപ്പിക്കണമെന്ന് രാഹുൽഗാന്ധി നിലപാട് കടുപ്പിക്കുകയാണെങ്കിൽ ചിത്രങ്ങൾ വീണ്ടും മാറിമറിയും. മുഹമ്മദ്കുഞ്ഞിന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി നിയമസഭാ സീറ്റ് അരക്കിട്ടുറപ്പിക്കാൻ തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. കോൺഗ്രസിൽ നിന്നുമുള്ള തിരിച്ചടിയും പാരയും ഉണ്ടായില്ലെങ്കിൽ നിയമസഭാ സീറ്റ് കുഞ്ഞിന് ഉറപ്പാണ്.

മുസ്ലിംലീഗുമായി അടുത്ത വ്യക്തി ബന്ധമുള്ള നേതാക്കളിൽ ഒരാളാണ് ഇ.മുഹമ്മദ്കുഞ്ഞി. ലീഗുമായുള്ള ബന്ധവും ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന പരിചയവും തനിക്ക് നിയമസഭയിലേക്ക് കരകയറാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ്കുഞ്ഞി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP