Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാൻ; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാർട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചയിൽ വീണ്ടും താരമാകുന്നത് മമ്മൂട്ടി തന്നെ

മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാൻ; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാർട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചയിൽ വീണ്ടും താരമാകുന്നത് മമ്മൂട്ടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ താരങ്ങൾ കേരളത്തിൽ സജീവ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. കെ ബി ഗണേശ് കുമാർ ആകട്ടെ മന്ത്രിയായും എംഎൽഎയായും ശോഭിച്ചു. ഇതിനൊക്കെ പിന്നാലെ സുരേഷ് ഗോപി രാജ്യസഭാ എംപിയാകുകയും ചെയ്തു. ഇപ്പോഴിതാ കേരളത്തിൽ രാജ്യസഭാ സീറ്റിലേക്ക് ഒഴിവു വന്ന സാഹചര്യത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പേരും സജീവമായി ചർച്ചയാകുന്നു.

മുൻ മന്ത്രി ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഇന്നലെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ സീറ്റിൽ ആർക്കാണ് നറുക്കു വീഴുക എന്ന ചർച്ച ഉയർന്നത്. ഈ ചർച്ചകളുടെ കൂട്ടത്തിലാണ് മെഗസ്സ്്റ്റാർ മമ്മൂട്ടിയുടെ പേര് ഉയർന്നു കേട്ടത്. കാലങ്ങളായി സിപിഎം സഹയാത്രികനാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിൽ സിപിഎമ്മിന് താൽപ്പര്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ വലിയ താൽപ്പര്യമുള്ളത്.

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയച്ചാൽ അത് രാഷ്ട്രീയമായും ഏറെ ഗുണകരമാകുമെന്നാണ് സിപിഎം കണക്കു കൂട്ടൽ. എന്നാൽ, സിനിമയുടെ തിരക്കിൽ നിൽക്കുന്ന മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കണോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. അതിനിടെ കെ.ടി.ഡി.സി. മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ട്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുൻതൂക്കം നൽകുന്നത്. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി.

ചാലക്കുടിയിൽനിന്ന് ഇടതുസ്വതന്ത്രനായി ലോക്സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാൻ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണ്. അതുകൊണ്ടു തന്നെ സിനിമാക്കാരുടെ പ്രതിനിധി എന്ന നിലയിലും മമ്മൂട്ടി രാജ്യസഭയിൽ എത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം. നേതൃത്വവുമായും അടുത്ത ബന്ധമുള്ള മമ്മൂട്ടി മുമ്പേ സിപിഎം. സഹയാത്രികനാണ്. സിപിഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്യൂണിക്കേഷൻസിന്റെ ചെയർമാനുമാണ്. ഡിവൈഎഫ്ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്. അതേസമയം സിനിമാ തിരക്കിലുള്ള നടന് രാജ്യസഭയിൽ എങ്ങനെ ശോഭിക്കാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പാർലമെന്റിൽ സിപിഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാർ മതിയെന്നു കേന്ദ്രനേതൃത്വം നിർദ്ദേശിച്ചാൽ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് സാധ്യതയുണ്ട്. യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പാർട്ടിക്ക് വേണ്ടി ശബ്ദിക്കുന്ന മുതിർന്ന നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നതു നല്ലതാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം. അങ്ങനെയെങ്കിൽ എം എ ബേബിക്ക് നറുക്ക് വീഴാനും സാധ്യത കൂടുതലാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയം.

കേരളത്തിൽ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിൽ രണ്ടെണ്ണത്തിൽ വിജയം നേടാനുള്ള അംഗബലം നിയമസഭയിൽ എൽ.ഡി.എഫിനുണ്ട്. അവ സിപിഎമ്മും സിപിഐയും പങ്കിടും. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം തർക്കത്തിലാണ്. 21 നാണു തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പിജെ കുര്യനെതിരെ എതിർപ്പുണ്ടെങ്കിലും അദ്ദേഹത്തിനു തന്നെയാണ് കൂടുതൽ സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP