Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേതാക്കളുടെ പെട്ടിയെടുപ്പിന് ഔദ്യോഗിക പരിവേഷം നൽകി വി എം സുധീരൻ..! ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ സർക്കാർ മാതൃകയിൽ കെപിസിസിക്ക് പ്രോട്ടോക്കോൾ ഓഫീസർ; ഹൈക്കമാൻഡ് നേതാക്കളുടെ പെട്ടി ചുമക്കാൻ ഭാഗ്യം സിദ്ധിച്ചത് വിശ്വസ്തൻ മണക്കാട് സുരേഷിന്

നേതാക്കളുടെ പെട്ടിയെടുപ്പിന് ഔദ്യോഗിക പരിവേഷം നൽകി വി എം സുധീരൻ..! ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ സർക്കാർ മാതൃകയിൽ കെപിസിസിക്ക് പ്രോട്ടോക്കോൾ ഓഫീസർ; ഹൈക്കമാൻഡ് നേതാക്കളുടെ പെട്ടി ചുമക്കാൻ ഭാഗ്യം സിദ്ധിച്ചത് വിശ്വസ്തൻ മണക്കാട് സുരേഷിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കമാണ്ട് നേതാക്കൾ തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാ സൗകര്യവും ഒരുക്കി നൽകിയിരുന്നത് നെയ്യാറ്റിൻകര സനലായിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഏവരേയും ഞെട്ടിച്ച് നെയ്യാറ്റിൻകര സനൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി. ഹൈക്കമാണ്ട് നേതാക്കളുടെ പ്രത്യേക വാൽസല്യം തന്നെയായിരുന്നു ഇതിന് പിന്നിൽ. പാലോട് രവി, വി എസ് ശിവകുമാർ, ആർ വി രാജേഷ്, മണക്കാട് സുരേഷ് തുടങ്ങിയ നേതാക്കൾ നോട്ടമിട്ടിരുന്ന പദവിയാണ് നെയ്യാറ്റൻകര സനൽ ഏറെ പാടുപെടാതെ കൈയിലാക്കിയത്. ഇതിന് മിന്നിലെ മാന്ത്രികത കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പോലും അത്ഭുതപ്പെടുത്തി. നേതാക്കളെ നന്നായി നോക്കുന്നതിൽ ഫലമുണ്ടെന്ന തിരിച്ചറിവും ഉണ്ടായി.

സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചെടുക്കുന്ന തീരുമാനം പോലും ഹൈക്കമാണ്ട് അംഗീകരിക്കുന്നില്ല. ഗ്രൂപ്പിന് അതീതമായി നിൽക്കുകയെന്ന വാദാമുയർത്തിയാണ് ഹൈക്കമാണ്ട് ഇതെല്ലാം ചെയ്യുന്നത്. അപ്പോഴും ഹൈക്കമാണ്ടിന് താൽപ്പര്യമുള്ളവരെ കൈവിടുന്നുമില്ല. അതായത് തിരുവനന്തപുരത്ത് എത്തുന്ന ഹൈക്കമാണ്ട് പ്രതിനിധികളെ നന്നായി നോക്കിയാൽ സ്ഥാനമാനം ഉറപ്പ്. നെയ്യാറ്റിൻകര സനൽ ഡിസിസി അധ്യക്ഷനാകുമ്പോൾ നേതാക്കളെ സ്വീകരിക്കലിനും ഔദ്യോഗിക പരിവേഷം നൽകുകയാണ് കെപിസിസി അധ്യക്ഷൻ. ഡൽഹിയിൽ നിന്ന് വിമാനത്താവളത്തിലെത്തുന്നവരുടെ പെട്ടിയെടുത്ത് ഹോട്ടലിലെത്തിച്ച് കാര്യങ്ങൾ നോക്കനൊരു പദവി. അത് തിരുവനന്തപുരം ജില്ലയിലെ തന്റെ വിശ്വസ്തന് നൽകുക കൂടി ചെയ്യുകയാണ് സുധീരൻ.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രോട്ടോകോൾ ഓഫീസർമാരുണ്ട്. എന്നാൽ രാജ്യത്തൊരിടത്തും രാഷ്ട്രീയ പാർട്ടിക്ക് ഈ വിഭാഗമില്ല. സർക്കാർ തലത്തിൽ ഭരണഘടനാ അനുസരിച്ചുള്ള അംഗീകാരവും ബഹുമാനവും അത് അർഹിക്കുന്നവർക്ക് ഉറപ്പാക്കുകയാണ് പ്രോട്ടോകോൾ ഓഫീസർമാരുടെ ജോലി. ഔദ്യോഗിക പരിപാടികൾക്കും മറ്റും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥനും വിഭാഗവുമാണ് ഇത്. ഈ പേരിലാണ് കെപിസിസിയിൽ പുതിയ വിഭാഗത്തെ സുധീരൻ സൃഷ്ടിക്കുന്നത്. അതിന്റെ തലവനായി കെപിസിസി സെക്രട്ടറിയും തന്റെ വിശ്വസ്തനും കൂടിയായ മണക്കാട് സുരേഷിനെ നിയോഗിക്കുകയും ചെയ്തു. ഹൈക്കമാണ്ട് നേതാക്കളുമായി മണക്കാട് സുരേഷിന് അടുപ്പമുണ്ടാക്കാനും അതിലൂടെ ഉയർച്ചയും ലക്ഷ്യമി്ട്ടാണ് സുധീരന്റെ നീക്കമെന്നാണ് കോൺഗ്രസിനുള്ളിലെ വിമർശനം. കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാണ്ട് നേതാക്കളോട് പരാതി പറയാനെത്തുന്നവരെ തിരിച്ചറിയുകയെന്ന ലക്ഷ്യവും ഇതിനുണ്ടത്രേ.

കെപിസിസി. നടത്തുന്ന പരിപാടികളുടെ ഏകോപനം, പ്രചരണം, അതിഥികളെ സ്വീകരിക്കൽ, അവരുടെ യാത്രാപരിപാടികൾ സജ്ജീകരിക്കൽ തുടങ്ങിയ ചുമതലകളാണ് പ്രോട്ടോകോൾ ഓഫീസറായി മണക്കാട് സുരേഷിന് നിർവ്വഹിക്കാനുള്ളത്. അതായത് കേന്ദ്ര നേതാക്കളുടെ സർവ്വ ചലനവും സുധീരന്റെ വിശ്വസ്തൻ നിർവ്വഹിക്കും. ഹൈക്കമാണ്ട് പ്രതിനിധികളുടെ അടുത്തേക്ക് എ-ഐ ഗ്രൂപ്പ് മാനജർമാർ എത്തുന്നത് തടയാനാണ് ഇതെന്നാണ് വിമർശനം. ഇതിന് വേണ്ടി മാത്രമാണ് ഇതുവരെയില്ലാത്ത പദവിയുണ്ടാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയിൽ പോലും ചർച്ച ചെയ്യാതെ ഇത്തരത്തിലൊരു നിയമനം നടത്താനുള്ള അധികാരം കെപിസിസിക്കുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഏതായാലും മണക്കാട് സുരേഷിന്റെ നിയമനം അടുത്ത രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ആരോടും ആലോചിക്കാതെ തന്നിഷ്ടം കാട്ടാൻ സുധീരനെ അനുവദിക്കില്ലെന്നാണ് ഉയരുന്ന അഭിപ്രായം.

തിരുവനന്തപുരം ഡിസിസി പിടിക്കാൻ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ പോരായിരുന്നു. എ ഗ്രൂപ്പിനായി പലോട് രവിയായിരുന്നു പ്രധാനമായും മുന്നിൽ നിന്നത്. ശശി തരൂരിന്റെ പേരു പോലും ചർച്ചയായിരുന്നു. ഐ ഗ്രൂപ്പിൽ നിന്ന് യുവ നേതാവ് ആർ വി രാജേഷിന് തരൂരിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ഐ ഗ്രൂപ്പ് ലേബലിൽ നെയ്യാറ്റിൻകര സനൽ അധ്യക്ഷനായപ്പോൾ പൊളിഞ്ഞത് മണക്കാട് സുരേഷിനെ പ്രസിഡന്റാക്കാനുള്ള സുധീരന്റെ നീക്കം കൂടിയായിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പിടി മുറുക്കാനുള്ള തന്ത്രമായും മണക്കാട് സുരേഷിന്റെ നിയമനത്തെ ഗ്രൂപ്പ് മാനേജർമാർ വിലയിരുത്തുന്നുണ്ട്. തനിക്കൊപ്പം നിൽക്കുന്ന നേതാക്കളെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സുധീരൻ നൽകുന്നത്.

കോൺഗ്രസിൽ ജി കാർത്തികേയന്റെ അതി വിശ്വസ്തനായിരുന്നു മണക്കാട് സുരേഷ്. കാർത്തികേയന്റെ മരണത്തെ തുടർന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും ചരടുവലിച്ചു. എന്നാൽ ശബരിനാഥൻ സ്ഥാനാർത്ഥിയാകാൻ എത്തിയതോടെ അത് പൊളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകൾ നോട്ടമിട്ടെങ്കിലും അത് നടന്നുമില്ല. കാർത്തികേയന്റെ പേരിലാണ് കെപിസിസിയുടെ സെക്രട്ടറിയുമായത്. എന്നാൽ കാർത്തികേയന്റെ വിയോഗത്തോടെ എ-ഐ ഗ്രൂപ്പുകൾക്ക് മണക്കാട് സുരേഷിനോടുള്ള താൽപ്പര്യം കുറഞ്ഞു. ഇതോടെ സുധീരന്റെ വിശ്വസ്തനായ സുരേഷ് മാറി. തിരുവനന്തപുരം ജില്ലയിലെ സുധീര പക്ഷത്തിന്റെ മുഖമാണ് മണക്കാട് സുരേഷ്. പ്രോട്ടോക്കോൾ ഓഫീസറായി ഉയർത്തുന്നതിലൂടെ തന്റെ വിശ്വസ്തനാണ് സുരേഷെന്ന് സുധീരനും പരസ്യമാക്കുകയാണ്.

പുനഃസംഘടനയിലേക്ക് കടക്കുകയാണ് കെപിസിസി. സുധീരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത ശ്രമം. പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ നേതാക്കൾ പ്രകടിപ്പിക്കുന്നതും ഈ സാഹചര്യത്തിലായിരുന്നു. ഇതോടെ ഹൈക്കമാണ്ട് ഇടപെട്ടു. പാർട്ടിയുടെ മുന്നോട്ട് പോക്കിന് രാഷ്ട്രീയ കാര്യ സമിതിയേയും നിയോഗിച്ചു. എല്ലാ കാര്യവും രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്നായിരുന്നു ഹൈക്കമാണ്ടിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിൽ മണക്കാട് സുരേഷിന്റെ നിയമനം പോലും ഈ സമിതി ചർച്ച ചെയ്യണം. അത് സുധീരൻ ചെയ്തിട്ടില്ലെന്ന വിമർശനമാകും എ-ഐ ഗ്രൂപ്പുകൾ ഉയർത്തുക.

ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ യുവനേതാക്കളും സുരേഷിന് നൽകുന്ന അമിത പരിഗണനയിൽ സുധീരനോട് നീരസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP