Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി തന്ത്രം മാറ്റിയതോടെ ആശങ്കയിലായത് കോൺഗ്രസ്; ഇതുവരെ സംരക്ഷിച്ച ധനമന്ത്രിയുടെ ചതിക്ക് പ്രതികാരം ചെയ്യണമെന്ന് പൊതുവികാരം; കേസിൽ കുറ്റപത്രം നൽകി മാണിയെ പ്രതിരോധത്തിലാക്കാൻ ആലോചന; വേണ്ടി വന്നാൽ മുന്നണി വിടാൻ ഒരുങ്ങി മാണി

മാണി തന്ത്രം മാറ്റിയതോടെ ആശങ്കയിലായത് കോൺഗ്രസ്; ഇതുവരെ സംരക്ഷിച്ച ധനമന്ത്രിയുടെ ചതിക്ക് പ്രതികാരം ചെയ്യണമെന്ന് പൊതുവികാരം; കേസിൽ കുറ്റപത്രം നൽകി മാണിയെ പ്രതിരോധത്തിലാക്കാൻ ആലോചന; വേണ്ടി വന്നാൽ മുന്നണി വിടാൻ ഒരുങ്ങി മാണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ ബിജു രമേശ് ആരോപണം ഉന്നയിച്ച് കോൺഗ്രസ് മന്ത്രിമാർക്കെതിരെ കേസെടുക്കാൻ വിജിലൻസ് തയ്യാറാകാത്ത ഘട്ടത്തിൽ ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കേരളാ കോൺഗ്രസ് രംഗത്തെത്തിയതോടെ യുഡിഎഫും സർക്കാറും കടുത്ത സമ്മർദ്ദത്തിൽ. അതിലെല്ലാം ഉപരി കോൺഗ്രസ് നേതൃത്വമാണ് പ്രതിസന്ധിയിലാകുന്നത്. ബാർ കോഴയിൽ ആരോപണം ഉയർന്നപ്പോൾ തന്നെ കെഎം മാണിയെ കൈവിടണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മാണിയെ സംരക്ഷിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാനും അവസരം ഒരുക്കി. ഇതിപ്പോൾ മാണിക്ക് അടിക്കാൻ വടികൊടുത്തത് പോലെയായെന്നാണ് കോൺഗ്രസിന്റെ നിലപാട്.

ബജറ്റ് അവതരിപ്പിച്ചതോടെ മാണി പ്രതിരോധവം വിട്ടു. ആക്രമണം തുടങ്ങി. പക്ഷേ പ്രതിപക്ഷത്തിന് എതിരെയായിരുന്നില്ല ആരോപണങ്ങൾ. മറിച്ച് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി. ബാർ കോഴയിലെ ഗൂഡാലോചന തന്ത്രം പോലും കോൺഗ്രസിലാണ് നടന്നതെന്ന് മാണി സൂചന നൽകി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ മാണിയുടെ നിലപാടിനെ ചതിയെന്നാണ് എ ഗ്രൂപ്പുകാർ വിശദീകരിക്കുന്നത്. പ്രതിസന്ധി സമയത്ത് ഒപ്പം നിന്ന മുഖ്യമന്ത്രിയെ മാണി എല്ലാ അർത്ഥിത്തിലും വഞ്ചിച്ചു. ഇതിന് ശക്തമായ മറുപടി നൽകണമെന്നാണ് ആവശ്യം. ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ വിജിലൻസിനെ കൊണ്ട് കോടതിയിൽ കുറ്റപത്രം നൽകിക്കാനും പ്രതിപ്പട്ടികയിൽ ധനമന്ത്രിയെ ഉൾപ്പെടുത്താനുമാണ് നീക്കം. വിജിലൻസിനെ കൊണ്ട് നിരന്തരം ചോദ്യം ചെയ്യിപ്പിച്ച് മാണിയെ പ്രതിസന്ധിയിലാക്കണമെന്നാണ് ആവശ്യം.

അതിനിടെ കോൺഗ്രസ് തന്നോട് പിണങ്ങിയെന്ന് മാണിയും തിരിച്ചറിയുന്നു. ഇടതുപക്ഷത്തേക്ക് കൂടുമാറാനുള്ള നീക്കങ്ങൾ ആലോചനയിലുണ്ട്. ബാർ കോഴയിൽ യുഡിഎഫിൽ ഗൂഡാലോചന നടന്നുവെന്ന് വരുത്തി തീർത്തുള്ള മുന്നണി മാറ്റമാണ് ലക്ഷ്യം. ചീഫ് വിപ്പ് പിസി ജോർജിനെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ ഇതിനുള്ള പ്രത്യക്ഷ ശ്രമങ്ങളിലേക്ക് കടക്കും. മാണി മന്ത്രി സ്ഥാനം രാജിവയ്ക്കുക. ബാർ കോഴയിൽ തീരുമാനം വരും വരെ അത് തുടരും. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എടുക്കുന്നതിൽ എതിർപ്പുണ്ടാകില്ല. മാണി മുഖ്യമന്ത്രിയാകുമെന്നതിനാലാണ് നേരത്തെ കേരളാ കോൺഗ്രസിനെ സിപിഐ എതിർത്തിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് ഈ എതിർപ്പ് കുറയ്ക്കുകയും ചെയ്യാം. അങ്ങനെയുള്ള കണക്കൂകൂട്ടലിൽ വരും ദിനങ്ങളിൽ ചർച്ച സജീവമാകും. അതുകൊണ്ട് തന്നെ ഇസ്റ്റർ കഴിഞ്ഞുള്ള ദിനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ അതി നിർണ്ണായകമാണ്.

ബിജുവിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരെ മാത്രം വിജിലൻസ് കേസ് എടുക്കുകയും മറ്റുള്ളവർക്ക് അത് ബാധകമല്ലാതാകുകയും ചെയ്തത് എങ്ങനെയാണെന്ന ചോദ്യമാണ് മാണി ഉയർത്തുന്നത്. ഇടതു പക്ഷത്ത് താനെത്തുന്ന് തടയാനുള്ള കോൺഗ്രസ് ഗൂഡാലോചനയാണ് കേസ് എന്ന് സ്ഥാപിക്കും. റവന്യൂ മന്ത്രി അടൂർ പ്രകാശും ബിജു രമേശും തമ്മിലെ ബന്ധുത്വവും മാണി ഉയർത്തും. എല്ലാത്തിനും രമേശ് ചെന്നിത്തലയുടെ പിന്തുണയുണ്ടായിരുന്നു. പിസി ജോർജ്ജിനേയും കൂട്ടി നടത്തിയ നീക്കം ഭരണം നിലനിർത്താനുള്ള കള്ളക്കളിയായിരുന്നു. നിയമം നിയമത്തിന്റെ വഴിക്കാണെങ്കിൽ എന്തുകൊണ്ട് ബാബുവും ചെന്നിത്തലയും ശിവകുമാറും പ്രതിയായില്ല. അതിൽ തന്നെ എല്ലാമുണ്ടെന്ന വാദം മാണി ഉയർത്തും. ബജറ്റ് അവതരണത്തിന് ശേഷം ജോർജ് നടത്തിയ നീക്കങ്ങളാണ് എല്ലാം ബോധ്യപ്പെടുത്തിയത്. അതുകൊണ്ട് യുഡിഎഫ് വിടുന്നുവെന്നാകും വിശദീകരണം.

ഇടതു പക്ഷത്തേക്ക് പോകാൻ പിജെ ജോസഫിനും താൽപ്പര്യമാണ്. സിപിഎമ്മിന്റെ മനസ്സ് കേരളാ കോൺഗ്രസിന് അനുകൂലമാക്കിയാൽ ഇടതു പക്ഷത്തേക്ക് ചേക്കേറാനാകുമെന്നാണ് വിലയിരുത്തൽ. പി.സി. ജോർജിനെ നീക്കുന്നതിലുള്ള കാലതാമസം കേരളാ കോൺഗ്രസിനെ തകർക്കാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നും മാണിവിഭാഗം കരുതുന്നു. ജോർജിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേരളാ കോൺഗ്രസാണെന്നും അതു നടപ്പാക്കാൻ മുഖ്യമന്ത്രിക്കു കഴിയുന്നില്ലെങ്കിൽ കടുത്ത തീരുമാനം എടുക്കേണ്ടിവരുമെന്ന സൂചനകളും മാണിവിഭാഗം നൽകുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പും അരുവിക്കര തെരഞ്ഞെടുപ്പും ആസന്നമായ വേളയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ എന്നതാണ് ഭരണ മുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

കോടിയേരി ബാലകൃഷ്ണൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ യുഡിഎഫിൽ നിന്നും ഘടകകക്ഷികളെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. സോഷ്യലിസ്റ്റ് ജനത, ആർഎസ്‌പി തുടങ്ങിയ കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മാണിയുടെ നീക്കങ്ങളേയും സിപിഐ(എം) അനുകൂല മനസ്സോടെ കാണുമെന്നാണ് മാണി വിഭാഗത്തിന്റെ പ്രതീക്ഷ. പക്ഷേ എല്ലാത്തിലും കരുതലുണ്ടാകും. ഏതായാലും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ പുറത്താക്കുന്ന കാര്യത്തിലെ തീരുമാനം വരുന്നതുവരെ കാത്തിരിക്കും. അതിനപ്പുറത്തേക്ക് ചർച്ചകൾ യുഡിഎഫുമായി മാണി നടത്തില്ല.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP