Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജിലൻസിന്റെ ഇരട്ട മുഖം പൊളിച്ചു കാട്ടാൻ കേരളാ കോൺഗ്രസ്; ഒരു പന്തിയിലെ രണ്ട് വിളമ്പിനെതിരെ പ്രതികരിച്ച് നേതാക്കൾ; എക്‌സൈസ് മന്ത്രിക്കെതിരെ കേസ് എടുക്കാത്തതിൽ ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യം

വിജിലൻസിന്റെ ഇരട്ട മുഖം പൊളിച്ചു കാട്ടാൻ കേരളാ കോൺഗ്രസ്; ഒരു പന്തിയിലെ രണ്ട് വിളമ്പിനെതിരെ പ്രതികരിച്ച് നേതാക്കൾ; എക്‌സൈസ് മന്ത്രിക്കെതിരെ കേസ് എടുക്കാത്തതിൽ ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്താത്തിനെ പരസ്യമായി വിമർശിച്ച് കേരളാ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മാണി അടക്കം നാല് മന്ത്രിമാർ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയിട്ടും മാണിക്കെതിരെ മാത്രം കേസെടുത്തതാണ് കേരളാ കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിൽ കേരളാ കോൺഗ്രസിന് കടുത്ത എതിർപ്പുണ്ടെന്നും പരസ്യമായി രംഗത്തെത്തുമെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വാർത്താസമ്മേളനം വിളിച്ച് ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ചു. മാണിക്ക് മറ്റൊരു നീതിയും എങ്ങനെയെന്നാണ് കേരളാ കോൺഗ്രസ് ഉന്നയിച്ചു.

ഇത് കൂടാതെ ബാർ ആരോപണത്തിൽ തനിക്കെതിരെ മാത്രം കേസെടുത്തതിൽ ശക്തമായ പ്രതിഷേധവുമായി മാണിയും രംഗത്തെത്തി. തന്റെ പേരിൽ കേസെടുത്തത് അനാവശ്യമാണ്. നിയമപരമായും ധാർമികമായും കേസെടുക്കാൻ ബാധ്യത ഇല്ലായിരുന്നു. തെളിവില്ലാത്ത കാര്യത്തിനു കേസെടുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കെ.എം.മാണി പറഞ്ഞു. ബാർകോഴ ഗൂഢാലോചനയ്ക്കു പിന്നിലെ മുഖ്യസൂത്രധാരനെ അറിയാമെന്നും മന്ത്രി കെ.എം.മാണി വെളിപ്പെടുത്തി. ഒരു ചാനൽ അഭിമുഖത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.

കെഎം മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ച ഉടനേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഉടൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്വിക്ക് വെരിഫിക്കേഷന് കത്ത് നൽകിയതും മാണി ബാർ കോഴക്കേസിൽ പ്രതിയായതും. എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നിലപാട്. പിന്നീട് കുറച്ചു കൂടി ഗൗരവത്തോടെ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ ആക്ഷേപമുയർത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ആരോഗ്യമന്ത്രി വി എസ് ശ്ിവകുമാറിനേയും പ്രതിക്കൂട്ടിലാക്കി.

അപ്പോൾ വീണ്ടും വി എസ് അച്യുതാനന്ദൻ കത്ത് നൽകിയിരുന്നു. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട ശബ്ദരേഖയും നൽകി. പക്ഷേ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രണ്ടാമത് നൽകി നൽകിയ കത്ത് വിജിലൻസ് തള്ളി. വി എസ് നൽകിയ ശബ്ദരേഖ വ്യക്തമല്ലെന്ന് വിജിലൻസ് വിലയിരുത്തി. പരാതികൾക്ക് ആധികാരികതയില്ലെന്നും വിജിലൻസ് കണ്ടെത്തി. ഇതോടെയാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിലും എത്തിയത്. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പായി കണ്ടാണ് മാണി വിഭാഗം നേതാക്കൾ കണ്ടതും പ്രതികരണവുമായി രംഗത്തെത്തിയതും.

ഇപ്പോഴത്തെ പോലെ ഇതേ കാരണങ്ങൾ പറഞ്ഞ് മാണിക്ക് എതിരായ പരാതിയും വിജിലൻസിന് തള്ളാമായിരുന്നു. അതുണ്ടായില്ല. അവിടെ നിയമമായിരുന്നു പ്രധാനം. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യം വന്നപ്പോൾ എല്ലാം മറ്റൊന്ന്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ധനമന്ത്രി കെ എം മാണി. തന്നോട് കാണിച്ച നീതികേടിൽ മന്ത്രിസഭാ യോഗത്തിൽ ആഞ്ഞടിക്കാനും കേരളാ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് കേരളാ കോൺഗ്രസ്. ഭരണം താങ്ങി നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പാർട്ടി. എന്നിട്ടും തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നു. അതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലൻസ് കേസും എഫ്‌ഐആറുമെല്ലാം ഇട്ടതെന്ന് അന്ന് തന്നെ കേരളാ കോൺഗ്രസിന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ബാബുവിനേയും ചെന്നിത്തലയേും ശിവകുമാറിനേയും രക്ഷിക്കാൻ വിജിലൻസ് ന്യായങ്ങൾ കണ്ടെത്തി. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പാണ്. ഘടക കക്ഷികളെ തകർക്കാനുള്ള ബോധപൂർവ്വമായ കോൺഗ്രസ് നടത്തുന്നതെന്ന് പുതിയ സംഭവത്തിലൂടെ തെളിഞ്ഞെന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ ഇരട്ട നടപടിക്കെതിരെ മാണി തന്നെ പരസ്യമായി രംഗത്ത് വരും. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും ഇസ്റ്ററുമെല്ലാം വിശ്വാസിയെന്ന നിലയിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് മാത്രമാണ് മാണി കടുത്ത പ്രതികരണത്തിന് മുതിരാതെ ഇരിക്കുന്നത്. അതിന് ശേഷം ഈ അനീതിക്കെതിരെ ആഞ്ഞടിക്കും.

അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് കേസ് എടുക്കുന്നത്. ധനമന്ത്രിയായ മാണിക്ക് എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ബാറിന് വേണ്ടി മാണിക്ക് കോഴ നൽകിയെന്ന ആരോപണം അഴിമതിയുടെ പരിധിയിൽ വരില്ല. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി തന്നെ മാണിക്കെതിരായ പരാതി വിജിലൻസിന് തള്ളമായിരുന്നു. അതുണ്ടായില്ല. എന്നാൽ എക്‌സൈസ് മന്ത്രിക്കെതിരെ ഉത്തരവാദിത്തപ്പെട്ട ബാറുടമ പരാതി നൽകിയിട്ടും രാഷ്ട്രീയക്കാരുടെ രീതിയിലായിരുന്നു വിജിലൻസിന്റെ പ്രതികരണം. ബാർ വിഷയത്തിൽ എക്‌സൈസ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നാൽ അത് അഴിമതിയുടെ നിഴലിൽ വരും. കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണം. പക്ഷേ ഇവിടെ അതുണ്ടായില്ല. ഇതു തന്നെയാണ് മാണിയുടെ ക്ഷോഭത്തിന് കാരണം.

ധനമന്ത്രി കെ.എം മാണിക്ക് പുറമെ മൂന്ന് മന്ത്രിമാർക്കെതിരെകൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കത്ത് നൽകിയത്. ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലെ സംഭാഷണങ്ങൾ ഉൾപ്പെട്ട ശബ്ദരേഖയും അദ്ദേഹം കത്തിനൊപ്പം നൽകിയിരുന്നു. ക്വക്ക് വെരിഫിക്കേഷന് ഉത്തരവിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ക്വിക്ക് വെരിഫിക്കേഷനിൽ എന്തെങ്കിലും തെളിവു കിട്ടിയാൽ മൂന്നു പേരെയും പ്രതികളാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അതിന് പോലും നിൽക്കണ്ടെന്ന് വിജിലൻസിന് നിർദ്ദേശമെത്തി. ഇതോടെ വിഎസിന്റെ കത്ത് തള്ളി. മജിസ്‌ട്രേട്ടിന് മുന്നിൽ ബിജു രമേശ് നൽകിയ മൊഴിയിൽ കാര്യമായൊന്നുമില്ല. അതിൽ മന്ത്രി ബാബുവിന് എതിരെ മാത്രമേ പരാമർശങ്ങൾ ഉള്ളൂ. അതുകൊണ്ട് ചെന്നിത്തലയും ശിവകുമാറും സുരക്ഷിതരാകും. ഇതെല്ലാം കണക്കിലെടുത്താണ് വിഎസിന്റെ കത്ത് തള്ളിയത്. വിഎസിന്റെ കത്ത് പ്രകാരമാണെങ്കിൽ മൂന്ന് പേരേയും സംശയ നിഴലിൽ നിർത്തേണ്ടി വരും.

ഈ നടപടിയിൽ തെറ്റൊന്നും മാണി കാണുന്നില്ല. പക്ഷേ എന്തുകൊണ്ട് ഈ നിയമപരിരക്ഷ തനിക്ക് കിട്ടിയില്ലെന്നാണ് മാണി ഉയർത്തുന്ന ചോദ്യം. കേസിൽ പ്രതിയാക്കാനും തിടുക്കം കാട്ടി. ആധികാരകമല്ലെന്ന് വിജിലൻസ് ഇപ്പോൾ പറയുന്ന തെളിവുകൾ മാത്രമാണ് നേരത്തെ തനിക്കെതിരെയും ഉണ്ടായിരുന്നത്. എന്നിട്ടും വിജിലൻസിന് വലിയ ഉത്സാഹമായിരുന്നു. ചീഫ് വിപ്പ് പിസി ജോർജ്ജുമായി നടത്തിയ ആഭ്യന്തര മന്ത്രിയുടെ ഗൂഡാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് മാത്രം നീതി നിഷേധിച്ചതിനെ പൊതു സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് മാണിയുടെ തീരുമാനം. ഇത് മുന്നണിക്ക് പ്രതിസന്ധിയായാലും കുഴപ്പമില്ലെന്നാണ് കേരളാ കോൺഗ്രസിന്റേയും നിലപാട്. പിസി ജോർജ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്ന് അറിയാൻ വേണ്ടി മാത്രമുള്ള കാത്തിരിപ്പിലാണ് മാണി.

മുന്നണിയിൽ നിന്ന് കടുത്ത അവഗണന നേരിടേണ്ടി വന്നു. ഇനിയും ഈ അപമാനം സഹിക്കാൻ കഴിയില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാണി അറിയിച്ചിട്ടുണ്ട്. ബാർ കോഴയിൽ തനിക്കെതിരെ യുഡിഎഫിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന് തെളിയിക്കാൻ പറ്റിയ അവസരമാണിതെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP